Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള എണ്ണ-വാതക മേഖലയിലെ സിഇഒമാരും വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഗോള തലത്തിലുള്ള എണ്ണ-വാതക മേഖലയിലെ സിഇഒമാരും വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

പര്യവേക്ഷണം, ലൈസന്‍സ് നല്‍കല്‍ നയം, വാതക മാര്‍ക്കറ്റിംഗ്, കല്‍ക്കരി ബെഡ് മീഥെയ്ന്‍ നയങ്ങള്‍, കല്‍ക്കരി വാതകമാക്കല്‍, ഇന്ത്യന്‍ ഗ്യാസ് എക്സ്ചേഞ്ചിലെ സമീപകാല പരിഷ്‌കാരങ്ങള്‍ തുടങ്ങി എണ്ണ-വാതക മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച പരിഷ്‌കാരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇത്തരം പരിഷ്‌കാരങ്ങള്‍ എണ്ണ-വാതക മേഖലയില്‍ ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കാനുള്ള  ലക്ഷ്യങ്ങള്‍ക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എണ്ണ മേഖലയെക്കുറിച്ച് സംസാരിക്കവേ വരുമാനം എന്നതില്‍ നിന്ന് ഉല്‍പ്പാദനം പരമാവധിയാക്കല്‍ എന്നതിലേക്ക് ലക്ഷ്യം പുനഃക്രമീകരിച്ചതായി അദ്ദേഹം പറഞ്ഞു. അസംസ്‌കൃത എണ്ണയ്ക്കായുള്ള സംഭരണ ശേഷി വര്‍ധിപ്പിക്കണമെന്നും ശ്രീ മോദി പറഞ്ഞു. രാജ്യത്ത് പ്രകൃതി വാതകത്തിന്റെ ആവശ്യം ക്രമാതീതമായി വര്‍ധിക്കുന്നു. പൈപ്പ് ലൈനുകള്‍, നഗരത്തിലെ വാതക വിതരണം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍ ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള നിലവിലെ വാതക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും അവയുടെ സാധ്യതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

2016 മുതല്‍ ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകള്‍ എണ്ണ-വാതക മേഖല നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാന്‍ വളരെയധികം സഹായിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ തുറന്ന മനസോടെ സ്വീകരിക്കുകയും ശുഭാപ്തി വിശ്വാസം സൂക്ഷിക്കുകയും അവസരങ്ങള്‍ തുറന്ന് നല്‍കുകയും ചെയ്യുന്ന നാടാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ ആശയങ്ങളും വീക്ഷണങ്ങളും ആധുനികതയും ഇവിടെ കൊണ്ടുവരുന്നതായും വ്യക്തമാക്കി. പ്രധാനമന്ത്രി രാജ്യത്തെ എണ്ണ-വാതക മേഖലകളില്‍ പര്യവേക്ഷണം നടത്തുന്നതിന് സഹകരിക്കാന്‍ സിഇഒമാരെ ക്ഷണിച്ചു.

റോസ്നെഫ്റ്റ് ചെയര്‍മാനും സിഇഒയുമായ ഡോ. ഇഗോര്‍ സെചിന്‍, സൗദി അറാംകോ പ്രസിഡന്റും സിഇഒയുമായ അമീന്‍ നാസര്‍, ബ്രിട്ടീഷ് പെട്രോളിയം സിഇഒ ബെര്‍ണാര്‍ഡ് ലൂണി, ഐഎച്ച്എസ് മാര്‍ക്കിറ്റ് വൈസ് ചെയര്‍മാന്‍ ഡോ. ഡാനിയല്‍ യെര്‍ഗിന്‍, ഷ്ളംബര്‍ഗര്‍ ലിമിറ്റഡ് സിഇഒ ഒലീവിയല്‍ ലേ പഞ്ച്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി, വേദാന്ത ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ തുടങ്ങി എണ്ണ-വാതക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

ഊര്‍ജ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലും ചെലവ് കുറച്ച് ഊര്‍ജം ലഭ്യമാക്കുന്നതിലും ഊര്‍ജ സുരക്ഷയിലും ഈ മേഖലയിലെ മുന്‍നിരക്കാര്‍ ഗവണ്‍മെന്റിനെ അഭിനന്ദിച്ചു. ശുദ്ധമായ ഊര്‍ജം പ്രദാനം ചെയ്യുന്നതിനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അവര്‍ അഭിനന്ദിച്ചു. ഇന്ത്യ വേഗത്തില്‍ ശുദ്ധമായ ഊര്‍ജത്തിനുള്ള സാങ്കേതിക വിദ്യ ആവിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ നേതാക്കള്‍ ഇത് ആഗോള ഊര്‍ജ വിതരണ ശൃംഖലയ്ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സുസ്ഥിരവും നീതിപൂര്‍വവുമായ ഊര്‍ജ വിതരണത്തെക്കുറിച്ച് സംസാരിച്ച നേതാക്കള്‍ മേഖലയുടെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കുമായുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവച്ചു.