വിശിഷ്ട വ്യക്തികളെ,
ആദരണീയരേ,
ഈ പ്രത്യേക പരിപാടിയിലേക്ക് ഊഷ്മളവും ഹൃദയംഗമവുമായി ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എന്റെ സുഹൃത്തായ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഈ പരിപാടിയിൽ സഹ-അധ്യക്ഷനാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ഇന്ന്, സുപ്രധാനവും ചരിത്രപരവുമായ ഒരു കരാറിലേക്ക് എത്തിച്ചേരുന്നതിന് നാമെല്ലാവരും സാക്ഷിയായി.
വരും കാലങ്ങളിൽ, ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ ഫലപ്രദമായ ഒരു മാധ്യമമായി ഇത് മാറും.
ആഗോള കണക്റ്റിവിറ്റിയ്ക്കും വികസനത്തിനും ഇത് സുസ്ഥിരമായ ദിശാബോധം നൽകും.
ഈ ഉദ്യമത്തിൽ
ബഹുമാനപ്പെട്ട പ്രസിഡന്റ് ബൈഡൻ,
ബഹുമാനപ്പെട്ട, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ,
ബഹുമാനപ്പെട്ട പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്,
ബഹുമാനപ്പെട്ട പ്രസിഡന്റ് മാക്രോൺ,
ബഹുമാനപ്പെട്ട, ചാൻസലർ ഷോൾസ്,
ബഹുമാനപ്പെട്ട, പ്രധാനമന്ത്രി മെലോണി,
ബഹുമാനപ്പെട്ട, പ്രസിഡന്റ് വോൺ ഡെർ ലെയ്ൻ
എന്നിവർക്ക് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.
സുഹൃത്തുക്കളെ,
ശക്തമായ കണക്റ്റിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളും മനുഷ്യ സംസ്കാരത്തിന്റെ പുരോഗതിയുടെ അടിസ്ഥാന സ്തംഭങ്ങളായി വർത്തിക്കുന്നു.
ഇന്ത്യ അതിന്റെ വികസന യാത്രയിൽ ഈ മേഖലകൾക്ക് ഉയർന്ന മുൻഗണന നൽകിയിട്ടുണ്ട്.
ഭൗതിക അടിസ്ഥാനസൗകര്യങ്ങൾക്ക് പുറമേ, സാമൂഹിക, ഡിജിറ്റൽ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളിലേക്ക് അഭൂതപൂർവമായ നിക്ഷേപം നടത്തുന്നുണ്ട്.
ഈ ശ്രമങ്ങളിലൂടെ നാം വികസിത ഇന്ത്യയ്ക്കായുള്ള ശക്തമായ അടിത്തറ പാകുകയാണ്.
ഗ്ലോബൽ സൗത്തിലെ പല രാജ്യങ്ങളുടെയും വിശ്വസ്ത പങ്കാളി എന്ന നിലയിൽ, ഊർജം, റെയിൽവേ, ജലം, ടെക്നോളജി പാർക്കുകൾ തുടങ്ങിയ മേഖലകളിൽ ഞങ്ങൾ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
ഈ ഉദ്യമങ്ങളിൽ ഉടനീളം, ആവശ്യകത അടിസ്ഥാനമാക്കിയുള്ളതും സുതാര്യവുമായ സമീപനത്തിന് ഞങ്ങൾ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വിടവ് കുറയ്ക്കുന്നതിൽ PGII യിലൂടെ നമുക്ക് കാര്യമായ സംഭാവന നൽകാൻ കഴിയും.
സുഹൃത്തുക്കളെ,
പ്രാദേശിക അതിർത്തികളായല്ല ഇന്ത്യ അതിന്റെ ബന്ധം അളക്കുന്നത്.
എല്ലാ പ്രദേശങ്ങളുമായും ബന്ധം വർദ്ധിപ്പിക്കുക എന്നത് ഇന്ത്യയുടെ സുപ്രധാന മുൻഗണനാ വിഷയമാണ്.
പരസ്പര വ്യാപാരം മാത്രമല്ല, വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള ഉറവിടമാണ് കണക്റ്റിവിറ്റിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
കണക്റ്റിവിറ്റി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ, ഇനി സൂചിപ്പിക്കുന്നത് പോലെയുള്ള ചില അടിസ്ഥാന തത്ത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്:
അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കൽ.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കൽ.
കടബാധ്യതയ്ക്ക് പകരം സാമ്പത്തിക ഭദ്രത പ്രോത്സാഹിപ്പിക്കൽ.
കൂടാതെ എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പാലിക്കൽ.
ഇന്ന് നാം കണക്റ്റിവിറ്റിയുടെ ഒരു വലിയ സംരംഭം ഏറ്റെടുക്കുമ്പോൾ, വരും തലമുറകളുടെ സ്വപ്നങ്ങൾ വികസിപ്പിക്കാനുള്ള വിത്തുകളാണ് നാം വിതയ്ക്കുന്നത്.
ഈ ചരിത്ര നിമിഷത്തിൽ എല്ലാ നേതാക്കൾക്കും ഞാൻ എന്റെ ആശംസകൾ അറിയിക്കുകയും, എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
NS
Sharing my remarks at the Partnership for Global Infrastructure and Investment & India-Middle East-Europe Economics Corridor event during G20 Summit. https://t.co/Ez9sbdY49W
— Narendra Modi (@narendramodi) September 9, 2023