Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമില്‍ എണ്ണക്കിണറില്‍ സ്ഫോടനവും തീപ്പിടിത്തവും: സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി


ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ അസമിലെ ടിന്‍സുകിയ ജില്ലയിലുള്ള ബാഗ്ജാന്‍-5 നമ്പര്‍ എണ്ണക്കിണറില്‍ സ്ഫോടനവും തീപ്പിടിത്തവുമുണ്ടായതിനെ തുടര്‍ന്നുള്ള സാഹചര്യം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു.

അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, അസം മുഖ്യമന്ത്രി ശ്രീ. സര്‍വാനന്ദ സോനോവല്‍, മറ്റു കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

2020 മേയ് 27ന് ഈ എണ്ണക്കിണറില്‍നിന്ന് അനിയന്ത്രിതമായി വാതക ചോര്‍ച്ച ആരംഭിച്ചു. ഇതു തടയാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് 2020 ജൂണ്‍ ഒന്‍പതിനു തീപ്പിടിത്തമുണ്ടായത്. ചുറ്റുപാടും താമസിക്കുന്ന കുടുംബങ്ങളെ സംസ്ഥാന ഗവണ്‍മെന്റും ഓയില്‍ ഇന്ത്യ ലിമിറ്റഡും ചേര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. സഹായത്തിന് അര്‍ഹമെന്നു ജില്ലാ ഭരണകൂടം തിരിച്ചറിഞ്ഞ 1610 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 30,000 രൂപ വീതം അനുവദിച്ചു.

ദൗര്‍ഭാഗ്യകരമായ സംഭവം നിമിത്തമുള്ള പ്രതിസന്ധിവേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനെ പിന്‍തുണയ്ക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ദുരിതത്തിലായ കുടുംബങ്ങള്‍ക്കു സഹായം ലഭ്യമാക്കാനും അവരെ പുനരധിവസിപ്പിക്കാനും കേന്ദ്ര ഗവണ്‍മെന്റിനു പ്രതിബദ്ധതയുണ്ടെന്ന് അസം മുഖ്യമന്ത്രിയിലൂടെ അസം ജനതയ്ക്കു പ്രധാനമന്ത്രി ഉറപ്പുനല്‍കി. പഠനം ഭാവിയിലേക്ക് ഉപകാരപ്പെടുമെന്നതിനാല്‍ തീപ്പിടത്തത്തെ കുറിച്ചു പഠിച്ചു രേഖപ്പെടുത്താന്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള ശേഷിവര്‍ധനയും അനുഭവജ്ഞാനവും നമ്മുടെ സ്ഥാപനങ്ങള്‍ തന്നെ ആര്‍ജിക്കേണ്ടതുണ്ട്.

എണ്ണക്കിണറില്‍നിന്നു വാതകം ചോരുന്നതു തടയാന്‍ ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധരുടെ സഹായത്തോടെ വിശദമായ പദ്ധതി തയ്യാറാക്കിയതായി യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. സമയബന്ധിതമായി ഇതു നടപ്പാക്കിവരികയാണ്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ച് 2020 ജൂലൈ ഏഴാകുമ്പോഴേക്കും ചോര്‍ച്ച അടയ്ക്കാനുള്ള പ്രവര്‍ത്തനമാണു നടക്കുന്നത്.