Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമിലെ നംരൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി വി എഫ്‌ സി എൽ) നിലവിലുള്ള സ്ഥലത്ത് ഒരു പുതിയ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ കോംപ്ലക്സ് നംരൂപ് IV ഫെർട്ടിലൈസർ പ്ലാന്റ് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി


അസമിലെ നംരൂപിലുള്ള ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിവിഎഫ്‌സിഎൽ) നിലവിലുള്ള സ്ഥലത്ത് 12.7 ലക്ഷം മെട്രിക് ടൺ (എൽഎംടി) വാർഷിക യൂറിയ ഉൽപാദന ശേഷിയുള്ള ഒരു പുതിയ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. 2012 ലെ പുതിയ നിക്ഷേപ നയപ്രകാരവും, 2014 ഒക്ടോബർ 7ന് കൊണ്ടുവന്ന ഭേദഗതികൾ പ്രകാരവും, സംയുക്ത സംരംഭം (ജെ വി) വഴി 70:30 ബാധ്യത-ഓഹരി (Debt-Equity) അനുപാതത്തിൽ 10,601.40 കോടി രൂപയാണ് ഇതിന്റെ ആകെ പദ്ധതി ചെലവ്. നംരൂപ്-IV പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി പ്രതീക്ഷിക്കുന്ന മൊത്ത സമയക്രമം 48 മാസമാണ്.

കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ (DPE) മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന പരിധികളിൽ ഇളവ് നൽകിക്കൊണ്ട് നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിന്റെ (NFL) 18% ഓഹരി പങ്കാളിത്തത്തിനും മന്ത്രിസഭ അംഗീകാരം നൽകി; നംരൂപ്-IV ഫെർട്ടിലൈസർ പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു ഇന്റർ-മിനിസ്റ്റീരിയൽ കമ്മിറ്റി (IMC) രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.

നിർദ്ദിഷ്ട സംയുക്ത സംരംഭത്തിൽ, ഓഹരി ക്രമം ഇപ്രകാരമായിരിക്കും:

(i) അസം ​ഗവൺമെന്റ്: 40%

(ii) ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡ് (BVFCL): 11%

(iii) ഹിന്ദുസ്ഥാൻ ഉർവാരക് & രസായൻ ലിമിറ്റഡ് (HURL): 13%

(iv) നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് (NFL): 18%

(v) ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL): 18%

BVFCL ന്റെ ഓഹരി പങ്കാളിത്തം മൂർത്തമായ ആസ്തി (Tangible Assets)കൾക്ക് പകരമായിരിക്കും.

ഈ പദ്ധതി രാജ്യത്തെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയിലെ, ആഭ്യന്തര യൂറിയ ഉൽപാദന ശേഷി വർദ്ധിപ്പിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബിഹാർ, പശ്ചിമ ബംഗാൾ, കിഴക്കൻ ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വർദ്ധിച്ചുവരുന്ന യൂറിയ വളങ്ങളുടെ ആവശ്യകത ഇത് നിറവേറ്റും. നംരൂപ്-IV യൂണിറ്റിന്റെ സ്ഥാപനം കൂടുതൽ ഊർജ്ജക്ഷമതയുള്ളതായിരിക്കും. പ്രദേശത്തെ ജനങ്ങൾക്ക് നേരിട്ടും അല്ലാതെയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വഴികളും ഇത് തുറക്കും. രാജ്യത്ത് യൂറിയയിൽ സ്വയംപര്യാപ്തത എന്ന കാഴ്ച്ചപ്പാട് കൈവരിക്കാൻ ഇത് സഹായിക്കും.

***

SK