Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ  പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അസം പോലീസ് രൂപകല്‍പ്പന ചെയ്ത ‘അസം കോപ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന് പരിപാടിയില്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കുകയും ചെയ്തു. ക്രൈം ആന്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ട്രാക്കിംഗ് സിസ്റ്റത്തിന്റെ (സി.സി.ടിഎന്‍.എസ്) ഡാറ്റാബേസില്‍ നിന്നും വാഹന്‍ ദേശീയ രജിസ്റ്ററില്‍ നിന്നും കുറ്റാരോപിതരേയും വാഹനങ്ങളേയും തിരയുന്നതിന് ആപ്പ് സൗകര്യമൊരുക്കും.

സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഗുവാഹത്തി ഹൈക്കോടതി അതിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അനുഭവം കാത്തുസൂക്ഷിക്കാനും പുതിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി  ഉത്തരവാദിത്തമുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് അടുത്ത നടപടി സ്വീകരിക്കാനുള്ള സമയമാണിതെന്നും പറഞ്ഞു. ” ഗുവാഹത്തി ഹൈക്കോടതിക്ക് അതിന്റേതായ പൈതൃകവും സ്വത്വവുമുണ്ട്”, അയല്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശും നാഗാലാന്‍ഡും ഉള്‍പ്പെടുന്ന ഏറ്റവും വലിയ അധികാരപരിധിയാണ് ഗുവാഹത്തി ഹൈക്കോടതിയുടേതെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2013 വരെ, ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയില്‍ ഏഴ് സംസ്ഥാനങ്ങളുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഴുവന്‍ സമ്പന്നമായ ചരിത്രവും ജനാധിപത്യ പൈതൃകവും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതും ഉയര്‍ത്തിക്കാട്ടി. ഈ ചരിത്രപരമായ അവസരത്തില്‍, അസമിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാകെയും, പ്രത്യേകിച്ച് നിയമ സമൂഹത്തെയും  പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നത്തെ ബാബാസാഹെബ് ജയന്തിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഡോ.അംബേദാക്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സമത്വത്തിന്റെയും കെട്ടുറപ്പിന്റെയും ഭരണഘടനാ മൂല്യങ്ങളാണ് ആധുനിക ഇന്ത്യയുടെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഇന്ത്യയുടെ അഭിലാഷ സമൂഹത്തെക്കുറിച്ച് നടത്തിയ വിശദമായ വിവരണം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ പൗരന്മാരുടെ അഭിലാഷങ്ങള്‍ അതിരുകളില്ലാത്തതാണെന്നും ജനാധിപത്യത്തിന്റെ സ്തംഭമെന്ന നിലയില്‍ ഈ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ശക്തവും സവേദാത്മകവുമായ പങ്ക് വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശക്തവും ഊര്‍ജസ്വലവും ആധുനികവുമായ ഒരു നിയമസംവിധാനം കെട്ടിപ്പടുക്കണമെന്നതാണ് ഭരണഘടന നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. നിയമനിര്‍മ്മാണ സഭ (ലെജിസ്ലേറ്റീവ്), നീതിന്യായ വ്യവസ്ഥ (ജുഡീഷ്യറി), എക്‌സിക്യൂട്ടീവ് എന്നിവയുടെ സംയുക്ത ഉത്തരവാദിത്തത്തിന് അടിവരയിട്ട പ്രധാനമന്ത്രി കാലഹരണപ്പെട്ട നിയമങ്ങള്‍ നിര്‍ത്തലാക്കിയതിന്റെ ഉദാഹരണങ്ങളും നല്‍കി. ”നാം ആയിരക്കണക്കിന് പുരാതന നിയമങ്ങള്‍ റദ്ദാക്കി, അനുവര്‍ത്തനങ്ങള്‍ കുറച്ചു”, അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള 2000 ത്തോളം നിയമങ്ങളും 40,000 ലധികം അനുവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതായി അദ്ദേഹം അറിയിച്ചു. അതോടൊപ്പം വ്യാപാരത്തിലെ പല വ്യവസ്ഥകളും കുറ്റവിമുക്തമാക്കിയത് കോടതികളിലെ കേസുകളുടെ എണ്ണവും കുറച്ചു.

”ഗവണ്‍മെന്റേ ജുഡീഷ്യറിയോ ഏതോ ആയിക്കോട്ടെ, ഓരോ സ്ഥാപനത്തിന്റേയും കര്‍ത്തവ്യവും അതിന്റെ ഭരണഘടനാപരമായ ബാദ്ധ്യതയും സാധാരണ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജീവിതം സുഗമമാക്കുന്നതിനുള്ള ശക്തമായ ഉപകരണമായി സാങ്കേതികവിദ്യ ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, സാദ്ധ്യമായ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ സമ്പൂര്‍ണ വിനിയോഗം ഗവണ്‍മെന്റ് ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. ഡി.ബി.ടി (നേരിട്ടുള്ള ബാങ്ക് കൈമാറ്റം), ആധാര്‍, ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ എന്നിവയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ പദ്ധതികളും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന മാധ്യമമായി മാറിയെന്ന് പറഞ്ഞു. രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്ക് ഭാരമാകുന്നതിലേക്ക് നയിച്ച സ്വത്തവകാശ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്ന് പ്രധാനമന്ത്രി സ്വാമിത്വ യോജനയെ സ്പര്‍ശിച്ചുകൊണ്ട്, അദ്ദേഹം എടുത്തുപറഞ്ഞു. അവ്യക്തമായ സ്വത്തവകാശത്തിന്റെ പ്രശ്‌നം വികസിത രാജ്യങ്ങള്‍ പോലും കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളുടെ ഡ്രോണ്‍ മാപ്പിംഗും ലക്ഷക്കണക്കിന് പൗരന്മാര്‍ക്കുള്ള ആസ്തി കാര്‍ഡ് വിതരണവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇത് സ്വത്തുമായി ബന്ധപ്പെട്ട കേസുകള്‍ കുറയ്ക്കുകയും പൗരന്മാരുടെ ജീവിതം സുഗമമാക്കുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ നീതിന്യായ നിര്‍വഹണ വ്യവസ്ഥയെ നവീകരിക്കാന്‍ സാങ്കേതികവിദ്യയില്‍ പരിധിയില്ലാത്ത സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഇ-കോര്‍ട്ട് മിഷന്റെ മൂന്നാം ഘട്ടത്തെക്കുറിച്ചും സമ്മേളനത്തില്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ കാര്യക്ഷമത കൊണ്ടുവരാന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനുള്ള ആഗോള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ” നിര്‍മ്മിത ബുദ്ധിവഴി സാധാരണ പൗരനുള്ള നീതി സുഗമമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നാം ശ്രമിക്കണം”, പ്രധാനമന്ത്രി പറഞ്ഞു.

ബദല്‍ തര്‍ക്ക പരിഹാര സംവിധാനത്തെക്കുറിച്ച് സംസാരിക്കവേ, വടക്കുകിഴക്കന്‍ മേഖലയിലെ സമ്പന്നമായ പ്രാദേശിക പരമ്പരാഗത ബദല്‍ തര്‍ക്ക പരിഹാര സംവിധാനത്തെ പ്രധാനമന്ത്രി സ്പര്‍ശിച്ചു. ആചാര നിയമങ്ങളെക്കുറിച്ചുള്ള 6 പുസ്തകങ്ങള്‍ ഹൈക്കോടതി പ്രസിദ്ധീകരിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു. ഈ പാരമ്പര്യങ്ങള്‍ നിയമവിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പൗരന്മാര്‍ക്കിടയില്‍ രാജ്യത്തെ നിയമങ്ങളെ കുറിച്ചുള്ള ശരിയായ അറിവും ധാരണയുമാണ് സുഗമമായ നീതിയുടെ നിര്‍ണായക ഘടകമെന്നും അത് പൗരന്മാര്‍ക്കിടയില്‍ രാജ്യത്തേയും അതിന്റെ സംവിധാനത്തേയും കുറിച്ചുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ പ്രാപ്യമാക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ നിയമങ്ങളുടെയും ലളിതമായ പതിപ്പ് സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ശ്രീ മോദി അറിയിച്ചു. ”ലളിതമായ ഭാഷയില്‍ നിയമങ്ങള്‍ തയ്യാറാക്കാനാണ് ശ്രമം, ഈ സമീപനം നമ്മുടെ രാജ്യത്തെ കോടതികള്‍ക്ക് വളരെയധികം സഹായകമാകും”, അദ്ദേഹം പറഞ്ഞു. ഓരോ പൗരനും അവരുടെ സ്വന്തം ഭാഷയില്‍ ഇന്റര്‍നെറ്റ് പ്രാപ്യമാക്കുന്നതിന് സഹായിക്കാന്‍ ലക്ഷ്യമിടുന്ന ഭാഷിണി പോര്‍ട്ടലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കോടതികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിസ്സാര കുറ്റങ്ങള്‍ക്ക് വര്‍ഷങ്ങളോളം തടവില്‍ കഴിയുകന്നവരോടും പണമോ വിഭവമോ ഇല്ലാത്തവരുമായവരോടും ഗവണ്‍മെന്റും ജുഡീഷ്യറിയും സംവേദനക്ഷമത കാണിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയായിട്ടും കുടുംബങ്ങള്‍ സ്വീകരിക്കാന്‍ തയാറാകാത്തവരുടെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം തടവുകാരെ മോചിപ്പിക്കാന്‍ സഹായിക്കുന്നതിനായി സംസ്ഥാനത്തിന് കേന്ദ്രം സാമ്പത്തിക സഹായം കൈമാറുന്നതിനും തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

”ധര്‍മ്മത്തെ സംരക്ഷിക്കുന്നവരെ ധര്‍മ്മവും സംരക്ഷിക്കും” ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇത് നമ്മുടെ ധര്‍മ്മം ആണെന്നും രാജ്യം ആണ് സര്‍വ്വപ്രധാനം എന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നതിനും അദ്ദേഹം അടിവരയിട്ടു. ഈ വിശ്വാസമാണ് രാജ്യത്തെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

അസം ഗവര്‍ണര്‍ ശ്രീ ഗുലാബ് ചന്ദ് കതാരിയ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരണ്‍ റിജി്ജു, സുപ്രീം കോടതി ജസ്റ്റിസ് ഹൃഷികേശ് റോയ്, ഗുവാഹത്തി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സന്ദീപ് മെഹ്ത്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
ഗുവാഹത്തി ഹൈക്കോടതി 1948-ലാണ് സ്ഥാപിതമായത്. മണിപ്പൂര്‍,മേഘായല, ത്രിപുര എന്നിവയ്ക്ക് പ്രത്യേക ഹൈക്കോടതികള്‍ സൃഷ്ടിച്ച 2013 മാര്‍ച്ച് വരെ അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നീ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പൊതു കോടതിയായി ഇത് പ്രവര്‍ത്തിച്ചു, ഇപ്പോള്‍ ഗുവാഹത്തിയില്‍ പ്രിന്‍സിപ്പല്‍ സീറ്റും കൊഹിമ (നാഗാലാന്‍ഡ്), ഐസ്വാള്‍ (മിസോറാം), ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്) എന്നിവിടങ്ങളില്‍ മൂന്ന് സ്ഥിരം ബെഞ്ചുകളുമായി അസം, നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്.

 

 

***

ND