Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അലിഗഢ് സര്‍വകലാശാല ശതാബ്ദി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

അലിഗഢ് സര്‍വകലാശാല ശതാബ്ദി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


അലിഗഢ് മുസ്ലീം സര്‍വകലാശാല ചാന്‍സലര്‍ ബഹുമാനപ്പെട്ട ഡോ. സയ്യിദ്‌ന മുഫദ്ദല്‍ സൈഫുദ്ദീന്‍ സാഹിബ്, വിദ്യാഭ്യാസ മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ജി, വിദ്യാഭ്യാസ സഹ മന്ത്രി ശ്രീ. സഞ്ജയ് ഥോത്രെ ജി, വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ ജി, പ്രഫസര്‍മാരെ, ജീവനക്കാരെ, പരിപാടിയില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് എ.എം.യു. വിദ്യാര്‍ഥികളെ, ലക്ഷക്കണക്കിനു പൂര്‍വ വിദ്യാര്‍ഥികളെ, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെ, സുഹൃത്തുക്കളെ, നമസ്‌കാരം.

നുറു വര്‍ഷത്തെ ചരിത്രത്തിനിടെ എ.എം.യു. ദശലക്ഷക്കണക്കിനു ജീവിതങ്ങള്‍ കൊത്തിയെടുക്കുകയും ആധുനികവും ശാസ്‌ത്രോന്‍മുഖവുമായ മനോഭാവം പകര്‍ന്നുനല്‍കുകയും ചെയ്തു. അതു സമൂഹത്തിനും രാജ്യത്തിനുമായി സംഭാവനകള്‍ അര്‍പ്പിക്കാനുള്ള പ്രചോദനം സൃഷ്ടിച്ചു. എല്ലാവരുടെയും പേരുകള്‍ പരാമര്‍ശിക്കാന്‍ സമയം തികയില്ല. എ.എം.യുവിന്റെ വ്യക്തിത്വം അഥവാ ഈ അംഗീകാരത്തിന്റെ അടിസ്ഥാനം ഈ സ്ഥാപനം ആരംഭിക്കുന്നതിന് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ആധാരമാക്കിയ മൂല്യങ്ങളാണ്. ഈ നൂറു വര്‍ഷത്തിനിടെ രാജ്യത്തെ സേവിച്ച ഓരോ വിദ്യാര്‍ഥിയെയും അധ്യാപകനെയും പ്രഫസറെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,
കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ലോകത്തെ പല രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി എ.എം.യു. പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉര്‍ദുവിലും അറബിയിലും പേര്‍ഷ്യന്‍ ഭാഷകളിലും ഇസ്ലാമിക സാഹിത്യത്തിലും നടക്കുന്ന ഗവേഷണം ഇസ്ലാമിക ലോകവുമായുള്ള ഇന്ത്യയുടെ സാംസ്‌കാരിക ബന്ധത്തിനു നവ ഊര്‍ജം പകരുന്നു. ഇവിടെ ഏതാണ്ട് ആയിരം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഈ വിദ്യാര്‍ഥികള്‍ക്ക് ഇവിടെനിന്നു ലഭിക്കുന്നതു നല്ല ഓര്‍മകളാണെന്നും രാജ്യത്തെ മികച്ച ഓര്‍മകളാണെന്നും ഉറപ്പാക്കേണ്ടതും അവരുടെ രാജ്യങ്ങളെ അപേക്ഷിച്ച് ഈ രാജ്യത്തിന്റെ കരുത്താണ് അതെന്ന തിരിച്ചറിവും ഉറപ്പാക്കേണ്ടതുമായ ഉത്തരവാദിത്തംകൂടി എ.എം.യുവിന് ഉണ്ട്. കാരണം എ.എം.യുവിലെ അനുഭവങ്ങളെ അവര്‍ ഇന്ത്യയെന്ന രാജ്യത്തിന്റെ സ്വത്വമായി കരുതും. എന്നിരിക്കെ, നിങ്ങളുടെ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം ഇരട്ടിക്കുകയാണ്.

സുഹൃത്തുക്കളെ,
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വേര്‍തിരിവു കൂടാതെ വികസനം ലഭിക്കുന്ന പാതയിലാണു രാജ്യം ഇപ്പോള്‍ മുന്നേറുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും അതോടൊപ്പം മികച്ച ഭാവിയും പൗരന് ഉറപ്പാക്കുന്ന പാതയിലൂടെയാണു രാജ്യം ഇന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. മതപരമായ കാരണങ്ങളാല്‍ ആരും പിന്നിലാക്കപ്പെടാത്തതും മുന്നോട്ടു കുതിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉള്ളതും എല്ലാവര്‍ക്കും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുന്നതുമായ പാതയിലൂടെയാണു രാജ്യം ഇന്നു നീങ്ങുന്നത്. അതിന് അടിസ്ഥാനം ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസ്യത’ എന്നതാണ്. ഈ ദൃഢനിശ്ചയം രാജ്യത്തിന്റെ ലക്ഷ്യങ്ങളിലും നയങ്ങളിലും പ്രതിഫലിക്കുന്നു. ദരിദ്രര്‍ക്കായി ഇന്നു രാജ്യം രൂപപ്പെടുത്തുന്ന പദ്ധതികള്‍ മതമോ വിശ്വാസമോ തടസ്സമായി നില്‍ക്കാതെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തു മുസ്ലിം പെണ്‍മക്കള്‍ വിദ്യാഭ്യാസം പാതിവഴി നിര്‍ത്തുന്നതിന്റെ നിരക്ക് 70 ശതമാനം ആയിരുന്ന കാലമുണ്ടായിരുന്നു. ഇതു മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കും വലിയ തടസ്സമായിരുന്നു. 70 ശതമാനത്തിലേറെ മുസ്ലിം പെണ്‍മക്കള്‍ക്കു പഠിക്കാന്‍ സാധിക്കാത്ത സാഹചര്യം 70 വര്‍ഷമായി നിലനില്‍ക്കുകയായിരുന്നു. ആ ഘട്ടത്തിലാണു സ്വച്ഛ് ഭാരത് ദൗത്യം ആരംഭിക്കുകയും ഗ്രാമങ്ങളില്‍ ശൗചാലയം നിര്‍മിക്കുകയും ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ ഗവണ്‍മെന്റ് നിര്‍മിച്ചു. ഇന്നു രാജ്യത്തെ സ്ഥിതിയെന്താണ്? നേരത്തേ പഠനം പാതിവഴി നിര്‍ത്തിയിരുന്നത് 70 ശതമാനം മുസ്ലിം പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു.
നേരത്തേ ലക്ഷക്കണക്കിനു മുസ്ലിം പെണ്‍കുട്ടികള്‍ ശൗചാലയം ഇല്ലാത്തതിനാല്‍ പഠനം ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റം വരികയാണ്. മുസ്ലിം പെണ്‍കുട്ടികള്‍ പഠനം പാതിവഴി ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനായി കേന്ദ്ര ഗവണ്‍മെന്റ് പരമാവധി ശ്രമങ്ങള്‍ നടത്തിവരികയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴി നിര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കായി അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ‘ബ്രിഡ്ജ് കോഴ്‌സ്’ നടത്തിവരുന്നുണ്ട്. മറ്റൊരു നല്ല കാര്യംകൂടി എനിക്കറിയാന്‍ കഴിഞ്ഞു. എ.എം.യുവിലെ വിദ്യാര്‍ഥിനികളുടെ എണ്ണം 35 ശതമാനമായി ഉയര്‍ന്നു. ഞാന്‍ നിങ്ങളെയെല്ലാം അഭിനന്ദിക്കുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ഗവണ്‍മെന്റ് ഏറെ ശ്രദ്ധ നല്‍കിവരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഒരു കോടി മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കു ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ് നല്‍കിക്കഴിഞ്ഞു.

സുഹൃത്തുക്കളെ,
എ.എം.യു. സ്ഥാപിച്ചതിനു പിന്നിലെ ഒരു ലക്ഷ്യം ലിംഗ വിവേചനം ഉണ്ടാവരുത് എന്നതും എല്ലാവര്‍ക്കും തുല്യാവകാശം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക എന്നതും രാജ്യത്തിന്റെ വികസനത്തിന്റെ നേട്ടം എല്ലാവര്‍ക്കും ലഭിക്കുക എന്നതുമാണ്. ബീഗം സുല്‍ത്താനാണ് സ്ഥാപക ചാന്‍സലര്‍ എന്നതു മുതല്‍ ഈ മികവ് എ.എം.യുവിനുണ്ട്. നൂറു വര്‍ഷം മുന്‍പ് അത് എത്ര ഗൗരവമേറിയ ജോലിയായിരുന്നു എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ആധുനിക മുസ്ലിം സമൂഹം സ്ഥാപിക്കുകയെന്ന അക്കാലത്ത് ആരംഭിച്ച ശ്രമം മുത്തലാഖ് എന്ന ദുരാചാരം നീക്കുക വഴി രാജ്യം മുന്നോട്ടു കൊണ്ടുപോയി.

സുഹൃത്തുക്കളെ,
ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വഴി എ.എം.യു. പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ നിങ്ങളുടെ സര്‍വകലാശാലയില്‍ പഠിപ്പിക്കപ്പെടുന്നുണ്ട്. ഒരു വിദ്യാര്‍ഥിക്കു ശാസ്ത്രത്തിലും ചരിത്രത്തിലും താല്‍പര്യമുണ്ടെങ്കില്‍ എന്തിന് ഒരു വിഷയം മാത്രമേ പഠിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കണം? ഇതാണു പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിലൊന്ന്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ ആവശ്യകതകളും താല്‍പര്യങ്ങളും കണക്കിലെടുത്താണ് അതു തയ്യാറാക്കിയത്. രാജ്യതാല്‍പര്യത്തിനു മുന്‍ഗണന നല്‍കാന്‍ നമ്മുടെ യുവത്വം പ്രതിജ്ഞാബദ്ധമാണ്. രാജ്യം നേരിടുന്ന വെല്ലുവിളികളെ അവന്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളിലൂടെ പരിഹരിക്കുകയാണ്. യുക്തിഭദ്രമായ ചിന്തയും ശാസ്ത്രീയമായ കാഴ്ചപ്പാടുമാണ് അവര്‍ പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങള്‍.

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീക്ഷകള്‍ക്കു മുന്‍ഗണന നല്‍കുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ പരിസ്ഥിതി ലോകത്തിലെ ആധുനിക വിദ്യാഭ്യാസ സംവിധാനമാക്കാന്‍ നാം ശ്രമിക്കുകയും ചെയ്യുന്നു. പഠനം നിര്‍ത്താനും പുനരാരംഭിക്കാനും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള സാധ്യത തങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് എളുപ്പത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും. പഠനം ഓരോ ഘട്ടത്തില്‍ അവസാനിപ്പിക്കുമ്പോഴും സാക്ഷ്യപത്രങ്ങള്‍ നല്‍കുകയും ചെയ്യും. കോഴ്‌സ് ഫീസ് മുഴുവനായി അടയ്ക്കുന്നതിനെ കുറിച്ചു വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാതാവുകയും ചെയ്യും.

സുഹൃത്തുക്കളെ,

ഉന്നത വിദ്യാഭ്യാസത്തിനു കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്യുന്നു എന്ന് ഉറപ്പു വരുത്താനും സീറ്റുകള്‍ വര്‍ധിപ്പിക്കാനും ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരികയാണ്. 2014ല്‍ രാജ്യത്ത് 16 ഐ.ഐ.ടികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 23 എണ്ണമുണ്ട്. 2014ല്‍ രാജ്യത്ത് ഒന്‍പത് ഐ.ഐ.ഐ.ടികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 25 ഐ.ഐ.ഐ.ടികള്‍ ഉണ്ട്. 2014ല്‍ നമുക്കു 13 ഐ.ഐ.എമ്മുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 20 ഐ.ഐ.എമ്മുകള്‍ ഉണ്ട്. വൈദ്യശാസ്ത്ര പഠനത്തിലും ഏറെ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. ആറു വര്‍ഷം മുന്‍പുവരെ ഏഴ് എ.ഐ.ഐ.എം.എസ്സുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ, 22 എണ്ണമുണ്ട്. ഓണ്‍ലൈനായിട്ടോ ഓഫ്‌ലൈനായിട്ടോ ആകട്ടെ, വിദ്യാഭ്യാസം എല്ലാവര്‍ക്കും തുല്യമായി ലഭിക്കണം. അത് എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിക്കുകയും വേണം. ആ ലക്ഷ്യത്തിനായി നാം പ്രവര്‍ത്തിക്കുകയാണ്.

സുഹൃത്തുക്കളെ,

എ.എം.യു. 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ യുവ പങ്കാളികളായ നിങ്ങളില്‍നിന്നു ഞാന്‍ ചിലതുകൂടി പ്രതീക്ഷിക്കുന്നുണ്ട്. 100 വര്‍ഷം തികയ്ക്കുന്ന ഈ വേളയില്‍ എന്തുകൊണ്ട് എ.എം.യുവിന്റെ 100 ഹോസ്റ്റലുകള്‍ക്ക് ഓരോ പാഠ്യേതര പ്രവര്‍ത്തനം നടത്തിക്കൂടാ? ഈ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷവുമായി ബന്ധിപ്പിക്കപ്പെടണം. എ.എം.യുവിനു വലിയ തോതില്‍ നൂതനവും ഗവേഷണോന്മുഖവുമായ പ്രതിഭ സ്വന്തമായി ഉണ്ടെന്നിരിക്കെ, എന്തുകൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചു ഗവേഷണം നടത്തുകയും അവരെക്കുറിച്ച് അറിയാത്ത കാര്യങ്ങള്‍ രാജ്യത്തിനു മുന്‍പില്‍ കൊണ്ടുവരികയും ചെയ്തുകൂടാ? ചില വിദ്യാര്‍ഥികള്‍ക്ക് ഈ മഹാന്‍മാരുടെ ജന്‍മസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കുടുംബങ്ങളുമായി ബന്ധപ്പെടാനും സാധിക്കും. ചില വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ സ്രോതസ്സുകളെ ആശ്രയിക്കണം. ഉദാഹരണത്തിന്, 75 ഹോസ്റ്റലുകള്‍ക്ക് ഓരോ ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനിയെ കുറിച്ചു പഠിച്ചു ഗവേഷണ രേഖകള്‍ തയ്യാറാക്കാം. അതുപോലെ, 25 ഹോസ്റ്റലുകള്‍ക്കു വനിതകളായ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചു ഗവേഷണം നടത്താം.

രാജ്യത്തിനായി എ.എം.യു. വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന മറ്റൊരു കാര്യമുണ്ട്. രാജ്യത്തു വിലപ്പെട്ട പൗരാണിക കയ്യെഴുത്തു പ്രതികളുണ്ട്. അവ നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആ രേഖകള്‍ ലോകത്തിനു മുന്‍പാകെ എത്തിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചാല്‍ നല്ലതാണ്. പുതിയ ഇന്ത്യ നിര്‍മിക്കുന്നതിനായി കൂടുതല്‍ പങ്കാളിത്തമുണ്ടാവാന്‍ എ.എം.യുവിലെ വന്‍ പൂര്‍വ വിദ്യാര്‍ഥി ഗണത്തോടു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സ്വാശ്രയ ഇന്ത്യ എന്ന പദ്ധതി വിജയമാക്കാന്‍, പ്രാദേശിക ഉല്‍പാദനമെന്ന ആശയം വിജയമാക്കാന്‍, ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി എ.എം.യുവില്‍നിന്നും എ.എം.യു. പൂര്‍വ വിദ്യാര്‍ഥികളില്‍നിന്നും ആശയങ്ങള്‍ ലഭിക്കുന്നത് എനിക്കു സന്തോഷമുള്ള കാര്യമാണ്.

സുഹൃത്തുക്കളെ,

സമൂഹത്തില്‍ പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ ഉണ്ട്; അതു സ്വാഭാവികവുമാണ്. എന്നാല്‍ രാഷ്ട്ര താല്‍പര്യത്തിന്റെ കാര്യം വരുമ്പോള്‍ മറ്റു ഭിന്നതകള്‍ മാറ്റിവെക്കാന്‍ സാധിക്കണം. ഈ മനോഗതിയുമായി നിങ്ങള്‍ യുവ സഹപ്രവര്‍ത്തകരെല്ലാം മുന്നേറുമ്പോള്‍ നമുക്കു നേടിയെടുക്കാന്‍ സാധിക്കാത്ത ലക്ഷ്യങ്ങളില്ല. വിദ്യാഭ്യാസമായാലും സാമ്പത്തിക വികസനം ആയാലും മെച്ചപ്പെട്ട ജീവിതമായാലും അവസരങ്ങളായാലും സ്ത്രീകളുടെ അവകാശങ്ങളായാലും സുരക്ഷ ആയാലും ദേശീയത ആയാലുമൊക്കെ ഓരോ പൗരനും ആവശ്യമായ കാര്യങ്ങളാണ്. നമ്മുടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ താല്‍പര്യങ്ങള്‍ നിമിത്തം വിയോജിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ. എത്രയോ സ്വാതന്ത്ര്യ സമര സേനാനികള്‍ ഇവിടെ രൂപപ്പെട്ടിട്ടുണ്ട് എന്നതിനാല്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍വെച്ച് ഇക്കാര്യം പറയേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അവര്‍ ഈ മണ്ണില്‍ പിറന്നവരാണ്. ആ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും കുടുംബവും സാമൂഹിക, പ്രത്യയശാസ്ത്ര പ്രതിബദ്ധതയും സ്വന്തം കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. എന്നാല്‍, അടിമത്തത്തില്‍നിന്നു സ്വാതന്ത്ര്യം നേടുക എന്ന കാര്യത്തിലേക്ക് എല്ലാ ആശയങ്ങളും ഇഴുകിച്ചേര്‍ന്നു.

സുഹൃത്തുക്കളെ,

പുതിയ ഇന്ത്യയെ കുറിച്ചുള്ള വീക്ഷണത്തെ കുറിച്ചു ഞാന്‍ സംസാരിക്കുമ്പോള്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനം രാഷ്ട്രീയക്കണ്ണിലൂടെ കാണരുത് എന്നതു പ്രധാനമാണ്. ഇത്തരമൊരു വലിയ കാര്യത്തിനായി നാം ഒരുമിക്കുമ്പോള്‍ തടസ്സം സൃഷ്ടിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടാവാം. അത്തരം ഘടകങ്ങള്‍ ലോകത്തില്‍ എല്ലാ സമൂഹങ്ങളിലും കാണാന്‍ സാധിക്കും. ഇതു തങ്ങളുടേതായ താല്‍പര്യങ്ങളുള്ള ചില വ്യക്തികളാണ്. തങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ എല്ലാ തന്ത്രങ്ങളും പയറ്റും. മോശം പ്രചരണം നടത്തുകയും ചെയ്യും. എന്നാല്‍, നവീന ഇന്ത്യ സൃഷ്ടിക്കുക എന്നതു നമ്മുടെ ലക്ഷ്യമായി മാറുമ്പോള്‍ അത്തരം ആള്‍ക്കാര്‍ക്കുള്ള ഇടം ചുരുങ്ങിവരും.

സുഹൃത്തുക്കളെ,

രാഷ്ട്രീയത്തിനു കാത്തിരിക്കാം; പക്ഷേ, സമൂഹത്തിനു സാധിക്കില്ല. രാജ്യത്തിന്റെ വികസനം വൈകിക്കാന്‍ കഴിയില്ല. സമൂഹത്തിലെ ഏതു വിഭാഗത്തിലെയും ദരിദ്രനു കാത്തിരിക്കാന്‍ സമയമില്ല. സ്ത്രീകള്‍ക്കും ദുരിതം പേറുന്നവര്‍ക്കും ഇരകള്‍ക്കും ചൂഷിതര്‍ക്കും വികസനത്തിനായി കാത്തിരിക്കാന്‍ കഴിയില്ല. എല്ലാറ്റിനുമുപരി നമ്മുടെ യുവാക്കള്‍ക്ക്, നിങ്ങള്‍ക്കെല്ലാം, കാത്തിരിക്കാന്‍ ഇഷ്ടമുണ്ടായിരിക്കില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ വിലപ്പെട്ട സമയം അഭിപ്രായ വ്യത്യാസങ്ങള്‍ നിമിത്തം നഷ്ടമായി. ഇനി നഷ്ടപ്പെടുത്താന്‍ സമയമില്ല. ഒരേ ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാവരും ചേര്‍ന്നു സ്വാശ്രയത്വമാര്‍ന്ന പുതിയ ഇന്ത്യ കെട്ടിപ്പടുക്കണം.

സുഹൃത്തുക്കളെ,
ഒരു നൂറ്റാണ്ടു മുന്‍പേ, അതായത് 1920ല്‍ യുവാക്കള്‍ക്കു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതാനും സമര്‍പ്പിക്കാനും ത്യാഗം ചെയ്യാനും അവസരമുണ്ടായിരുന്നു. ആ തലമുറയുടെ ശ്രമങ്ങളുടെയും ത്യാഗത്തിന്റെയും ഫലമായി 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വാശ്രയമായ നവീന ഇന്ത്യയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള അവസരം ഇപ്പോഴത്തെ യുവതലമുറയില്‍പ്പെട്ട നിങ്ങള്‍ക്ക് ഉണ്ട്. അത് 1920 ആണെങ്കില്‍ ഇത് 2020 ആണ്. 1920 കഴിഞ്ഞ് 27 വര്‍ഷം പിന്നിട്ടപ്പോഴാണു രാജ്യം സ്വതന്ത്രമായത്. 2020 കഴിഞ്ഞുള്ള 27 വര്‍ഷം, അതായത് 2020 മുതല്‍ 2047 വരെയുള്ള കാലം നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.

2047ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിനു നിങ്ങളും സാക്ഷികളായിരിക്കും. എന്നു മാത്രമല്ല, ഈ 27 വര്‍ഷംകൊണ്ടു നവീന ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതില്‍ നിങ്ങളും പങ്കാളികളായിരിക്കും. നിങ്ങള്‍ ഓരോ നിമിഷവും രാജ്യത്തെക്കുറിച്ചു ചിന്തിക്കണം; ഓരോ തീരുമാനത്തിലും രാജ്യമെന്ന ചിന്ത ഉള്‍പ്പെടുത്തണം; നിങ്ങള്‍ കൈക്കൊള്ളുന്ന ഓരോ തീരുമാനവും ദേശതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

സ്വാശ്രയ ഇന്ത്യയെന്ന സ്വപ്‌നം നമുക്കൊരുമിച്ച് സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. നമുക്കൊന്നിച്ചു രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്. എ.എം.യു. 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഞാന്‍ നിങ്ങളെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുകയാണ്. നൂറു വര്‍ഷത്തിനിടെ ഈ സ്ഥാപനത്തിന്റെ കീര്‍ത്തി വര്‍ധിപ്പിക്കാനായി നിരന്തരം പരിശ്രമിച്ച മഹാന്‍മാരോടുള്ള ആദരവു ഞാന്‍ പ്രകടിപ്പിക്കുകയാണ്. ഇന്നത്തെ വിശുദ്ധമായ ഈ അവസരത്തില്‍ ഭാവിക്കായി ഞാന്‍ ഒരിക്കല്‍ക്കൂടി ആശംസ നേരുന്നു. ലോകം മുഴുവനുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേരുന്നു. അവര്‍ക്കു ഞാന്‍ നല്ല ഭാവി നേരുന്നു. എ.എം.യുവിന്റെ ശോഭനമായ ഭാവിക്കായി ആശംസ നേരുന്നതോടൊപ്പം നിങ്ങളുടെ വികസനത്തിലും നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലും ഈ ഗവണ്‍മെന്റ് ഒരു വീഴ്ചയും വരുത്തില്ലെന്നു ഞാന്‍ ഉറപ്പുനല്‍കുന്നു.
ഈ വിശ്വാസത്തോടെ, വളരെ വളരെ നന്ദി.

കുറിപ്പ്: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ തര്‍ജമയാണ് ഇത്. ഹിന്ദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.