Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയോധ്യയിലെ ലത മങ്കേഷ്കർ ചത്വരത്തിന്റെ സമർപ്പണവേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

അയോധ്യയിലെ ലത മങ്കേഷ്കർ ചത്വരത്തിന്റെ സമർപ്പണവേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ അയോധ്യയിൽ ലത മങ്കേഷ്കർ ചത്വരം സമർപ്പണച്ചടങ്ങിനെ അഭിസംബോധനചെയ്തു. സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ഓരോ ഇന്ത്യക്കാരനും ആദരവോടെയും സ്നേഹത്തോടെയും കാണുന്ന ലതാ ദീദിയുടെ ജന്മദിനം പ്രധാനമന്ത്രി ആചരിച്ചു. ചന്ദ്രഘണ്ട മാതാവിനെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന്റെ മൂന്നാം ദിവസവും അദ്ദേഹം ആചരിച്ചു. ആരായുന്നവർ കഠിനമായ സാധനയിലൂടെ കടന്നുപോകുമ്പോൾ, ചന്ദ്രഘണ്ട മാതാവിന്റെ കൃപയാൽ അവന്/അവൾക്ക് ദിവ്യസ്വരങ്ങൾ അനുഭവിക്കാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തെ മുഴുവൻ തന്റെ ദിവ്യമായ ശബ്ദം കൊണ്ട് അത്ഭുതപ്പെടുത്തിയ സരസ്വതിമാതാവിനെ പിന്തുടരുന്നവരിൽ ഒരാളായിരുന്നു ലതാജി. ലതാജി സാധകം ചെയ്തു; നമുക്കെല്ലാം അനുഗ്രഹം ലഭിച്ചു!”- പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ ലത മങ്കേഷ്കർ ചത്വരത്തിൽ സ്ഥാപിച്ചിരിക്കുന്ന സരസ്വതിമാതാവിന്റെ കൂറ്റൻ വീണ സംഗീതപരിശീലനത്തിന്റെ പ്രതീകമായി മാറുമെന്നു ശ്രീ മോദി പറഞ്ഞു. ചത്വരസമുച്ചയത്തിലെ തടാകത്തിലെ ഒഴുകുന്ന വെള്ളത്തിൽ മാർബിളിൽ തീർത്ത 92 വെളുത്ത താമരകൾ ലതാജിയുടെ ആയുസിനെ പ്രതിനിധാനംചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നവീനമായ ഈ ശ്രമത്തിന് ഉത്തർപ്രദേശ് ഗവണ്മെന്റിനെയും അയോധ്യ വികസന അതോറിറ്റിയെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും എല്ലാ ഇന്ത്യക്കാർക്കുംവേണ്ടി ലതാജിക്കു ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിക്കുകയുംചെയ്തു. “അവരുടെ ജീവിതത്തിൽനിന്നു നമുക്കു ലഭിച്ച അനുഗ്രഹങ്ങൾ അവരുടെ ശ്രുതിമധുരമായ ഗാനങ്ങളിലൂടെ വരുംതലമുറകളിലും അടയാളപ്പെടുത്താൻ ഞാൻ ശ്രീരാമനോടു പ്രാർഥിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു. ലതാ ദീദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട നിരവധി വൈകാരികവും സ്നേഹോഷ്മളവുമായ ഓർമകളിലേക്കു തിരിഞ്ഞുനോക്കവേ, അവരോടു സംസാരിക്കുമ്പോഴെല്ലാം അവരുടെ ശബ്ദത്തിൽ അലിഞ്ഞിരിക്കുന്ന മധുരിമ തന്നെ മയക്കാറുണ്ടായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. “ദീദി പലപ്പോഴും എന്നോടു പറയാറുണ്ടായിരുന്നു, ‘മനുഷ്യൻ പ്രായം കൊണ്ടല്ല, കർമം കൊണ്ടാണ് അറിയപ്പെടുന്നത്. രാജ്യത്തിനുവേണ്ടി എത്രയധികം ചെയ്യുന്നുവോ അത്രയും വലുതാണ് അവൻ!’ എന്ന്”- പ്രധാനമന്ത്രി അനുസ്മരിച്ചു. “അയോധ്യയിലെ ലത മങ്കേഷ്കർ ചത്വരവും അവരുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള എല്ലാ ഓർമകളും രാഷ്ട്രത്തോടുള്ള കടപ്പാടിനെക്കുറിച്ചു മനസ‌ിലാക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നു ഞാൻ വിശ്വസിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമിപൂജയ്ക്കുശേഷം ലതാ ദീദിയിൽനിന്നു പ്രധാനമന്ത്രിക്കു ലഭിച്ച ഫോൺ കോളിനെക്കുറിച്ച് ഓർത്തുകൊണ്ട്, ഒടുവിൽ വികസനം പുരോഗമിക്കുന്നതിൽ ലതാ ദീദി വളരെയേറെ സന്തോഷം പ്രകടിപ്പിച്ചിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ലതാ ദീദി ആലപിച്ച ‘മൻ കി അയോധ്യ തബ് തക് സൂനി, ജബ് തക് റാം ന ആയേ’ എന്ന ഗാനം അനുസ്മരിച്ച പ്രധാനമന്ത്രി, അയോധ്യയിലെ മഹാക്ഷേത്രത്തിലേക്കുള്ള ശ്രീരാമന്റെ ആസന്നമായ ആഗമനത്തെക്കുറിച്ചു പരാമർശിച്ചു. കോടിക്കണക്കിനു ജനങ്ങൾക്കിടയിൽ രാമനെ പ്രതിഷ്ഠിച്ച ലതാ ദീദിയുടെ പേര് ഇപ്പോൾ വിശുദ്ധ നഗരമായ അയോധ്യയുമായി ശാശ്വതമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘രാം ചരിത് മാനസ്’ ഉദ്ധരിച്ച പ്രധാനമന്ത്രി “രാം തേ അധിക്, രാം കർ ദാസ” എന്നു ചൊല്ലി. അതായതു ഭഗവാൻ വരുന്നതിനുമുമ്പു ശ്രീരാമന്റെ ഭക്തർ എത്തിച്ചേരുന്നു എന്നർഥം. അതിനാൽ, അവരുടെ സ്മരണയ്ക്കായി നിർമിച്ച ലത മങ്കേഷ്കർ ചത്വരം മഹത്തായ ക്ഷേത്രം പൂർത്തിയാകുന്നതിനുമുമ്പ് ഉയർന്നുവന്നു. അയോധ്യയുടെ അഭിമാനമായ പൈതൃകത്തിന്റെ പുനഃസ്ഥാപനവും നഗരത്തിലെ വികസനത്തിന്റെ പുതിയ പ്രഭാതവും ഉയർത്തിക്കാട്ടി, ശ്രീരാമൻ നമ്മുടെ നാഗരികതയുടെ പ്രതീകമാണെന്നും നമ്മുടെ സദാചാരം, മൂല്യങ്ങൾ, അന്തസ്, കടമ എന്നിവയുടെ ജീവസുറ്റ പ്രതീകമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “അയോധ്യമുതൽ രാമേശ്വരംവരെ, രാജ്യത്തെ ‌ഓരോ അണുവിലും ശ്രീരാമൻ ലയിച്ചിരിക്കുന്നു”- ശ്രീ മോദി കൂട്ടിച്ചേർത്തു. ശ്രീരാമന്റെ അനുഗ്രഹത്തോടുകൂടിയ ക്ഷേത്രത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നതുകണ്ടു രാജ്യം മുഴുവൻ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ സാംസ്കാരികപ്രാധാന്യമുള്ള വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നിലാണു ലത മങ്കേഷ്കർ ചത്വരം വികസിപ്പിച്ചത് എന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. രാം കി പൈഡിക്കു സമീപമാണു ചത്വരം സ്ഥിതിചെയ്യുന്നത്. ഇതു സരയു പുണ്യനദിക്കടുത്താണ്. “ലതാ ദീദിയുടെ പേരിൽ ചത്വരം നിർമിക്കാൻ ഇതിലും നല്ല സ്ഥലം വേറെ ഏതാണ്?” പ്രധാനമന്ത്രി ചോദിച്ചു. നിരവധി യുഗങ്ങൾക്കുശേഷം അയോധ്യ ശ്രീരാമനെ മുറുകെപ്പിടിച്ചതുമായി സാമ്യപ്പെടുത്തി, ലതാ ദീദിയുടെ കീർത്തനങ്ങൾ നമ്മുടെ മനസിനെ ശ്രീരാമനിൽ ലയിപ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ശ്രീ രാമചന്ദ്ര കൃപാലു ഭജ് മൻ, ഹരൻ ഭവ ഭയ ദാരുണം’ എന്ന മാനസ മന്ത്രമാകട്ടെ, അതല്ലെങ്കിൽ മീരാഭായിയുടെ ‘പായോ ജി മൈനേ റാം രത്തൻ ധൻ പായോ’ പോലുള്ള കീർത്തനങ്ങളാകട്ടെ; ബാപ്പുവിന്റെ പ്രിയപ്പെട്ട ‘വൈഷ്ണവ് ജൻ’ ആകട്ടെ, അതല്ലെങ്കിൽ ‘തും ആശാ വിശ്വാസ് ഹമാരേ റാം’ പോലെയുള്ള മധുരമായ ഈണങ്ങളാകട്ടെ; അതെല്ലാം ജനങ്ങളുടെ മനസിൽ ഇടം നേടി. ലതാ ജിയുടെ ഗാനങ്ങളിലൂടെ നിരവധി ഇന്ത്യക്കാർ ശ്രീരാമനെ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “ലതാ ദീദിയുടെ ദിവ്യമായ ശബ്ദത്തിലൂടെ ശ്രീരാമന്റെ അമാനുഷികഗീതികൾ നാം അനുഭവിച്ചറിഞ്ഞു”- ശ്രീ മോദി കൂട്ടിച്ചേർത്തു. ലതാ ദീദിയുടെ സ്വരത്തിൽ ‘വന്ദേമാതരം’ എന്ന വിളി കേൾക്കുമ്പോൾ ഭാരതമാതാവിന്റെ വിശാലമായ രൂപം നമ്മുടെ കൺമുന്നിൽ പ്രത്യക്ഷപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ലതാ ദീദിക്കു പൗരത്വകർത്തവ്യങ്ങളെക്കുറിച്ച് എപ്പോഴും ബോധ്യമുണ്ടായിരുന്നതുപോലെ, ഈ ചത്വരം അയോധ്യയിൽ താമസിക്കുന്നവർക്കും കർത്തവ്യത്തോടുള്ള അർപ്പണബോധത്തിനായി അയോധ്യയിൽ വരുന്നവർക്കും പ്രചോദനം നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഈ ചത്വരം, ഈ വീണ എന്നിവ അയോധ്യയുടെ വികസനത്തെയും അയോധ്യയുടെ പ്രചോദനത്തെയും കൂടുതൽ പ്രതിധ്വനിപ്പിക്കും.”- പ്രധാനമന്ത്രി പറഞ്ഞു. ലതാ ദീദിയുടെ പേരിലുള്ള ഈ ചത്വരം കലാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നവർക്കു പ്രചോദനമേകുന്ന സ്ഥലമായി പ്രവർത്തിക്കുമെന്നും ശ്രീ മോദി പറഞ്ഞു. ആധുനികതയിലേക്കു നീങ്ങുമ്പോഴും അതിന്റെ വേരുകളുമായി ബന്ധപ്പെട്ടുനിൽക്കുമ്പോഴും ഇന്ത്യയുടെ കലയും സംസ്കാരവും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുന്നതിനെ ഇത് ഓർമപ്പെടുത്തും. “ഇന്ത്യയുടെ കലയും സംസ്കാരവും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുക എന്നതു നമ്മുടെ കടമയാണ്”- ശ്രീ മോദി കൂട്ടിച്ചേർത്തു. ആയിരം വർഷം പഴക്കമുള്ള ഇന്ത്യയുടെ പൈതൃകത്തിൽ അഭിമാനിക്കുന്നതോടൊപ്പം ഇന്ത്യയുടെ സംസ്കാരം വരും തലമുറകൾക്കു കൈമാറാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. “ലതാ ദീദിയുടെ സ്വരങ്ങൾ ഈ രാജ്യത്തിന്റെ ഓരോ അണുവിനെയും വരും കാലങ്ങളിൽ കൂട്ടിയിണക്കും”- അദ്ദേഹം പറഞ്ഞു.

-ND-