Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയോദ്ധ്യ വികസന പദ്ധതി അവലോകനം ചെയ്ത് പ്രധാനമന്ത്രി

അയോദ്ധ്യ വികസന പദ്ധതി അവലോകനം ചെയ്ത് പ്രധാനമന്ത്രി


അയോദ്ധ്യാ വികസന പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവലോകനം ചെയ്തു. അയോദ്ധ്യാവികസനത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വിവരിച്ചു.

ആത്മീയ കേന്ദ്രം, ആഗോള വിനോദസഞ്ചാര കേന്ദ്രം, സുസ്ഥിര സ്മാര്‍ട്ട് നഗരം എന്നീ നിലകളിലാണ് അയോദ്ധ്യയുടെ വികസനം വിഭാവനം ചെയ്യുന്നത്.

അയോദ്ധ്യയില്‍ എത്തപ്പെടുന്നതിനുള്ള സംവിധാനങ്ങള്‍ മികവുറ്റതാക്കുന്നതിനായി, വരാനിരിക്കുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ വിപുലീകരണം, ബസ് സ്റ്റേഷന്‍, റോഡുകള്‍, ദേശീയ പാതകള്‍ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ഭക്തര്‍ക്കുള്ള താമസസൗകര്യം, ആശ്രമങ്ങള്‍ക്കും മഠങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വിവിധ സംസ്ഥാന ഭവനുകള്‍ക്കുമുള്ള ഇടം എന്നിവയുള്‍പ്പെടെയുള്ള, വരാനിരിക്കുന്ന, ഗ്രീന്‍ഫീല്‍ഡ് പട്ടണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. വിനോദസഞ്ചാര സൗകര്യ കേന്ദ്രം, ലോക നിലവാരത്തിലുള്ള മ്യൂസിയം എന്നിവയും നിര്‍മിക്കും.

സരയു നദിയുടെയും ചുറ്റുമുള്ള മലനിരകളുടെയും പരിസരങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സരയു നദിയിലൂടെ  യാനങ്ങളുടെ പതിവുള്ള സഞ്ചാരവും സവിശേഷതയാക്കും.

സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മതിയായ പരിഗണന നല്‍കുന്നതുള്‍പ്പെടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി നഗരം വികസിപ്പിക്കും. സ്മാര്‍ട്ട് നഗര അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗിച്ച് ഗതാഗത നിര്‍വഹണവും ആധുനിക രീതിയില്‍ നടപ്പാക്കും.

ഓരോ ഇന്ത്യക്കാരന്റെയും സാംസ്‌കാരിക ബോധത്തില്‍ പതിഞ്ഞ നഗരമായാണ് അയോദ്ധ്യയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അയോദ്ധ്യ നമ്മുടെ പാരമ്പര്യങ്ങളില്‍ ഏറ്റവും മികച്ചതും നമ്മുടെ വികസന പരിവര്‍ത്തനത്തിന്റെ മികവും വെളിവാക്കണം.

അയോദ്ധ്യ ആത്മീയവും ശ്രേഷ്ഠവുമാണ്. ഈ നഗരത്തിലെ മാനവിക മൂല്യങ്ങള്‍ അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളുമായി വിളക്കിച്ചേര്‍ക്കണം. അത് വിനോദ സഞ്ചാരികളും തീര്‍ഥാടകരും ഉള്‍പ്പെടെ ഏവര്‍ക്കും പ്രയോജനപ്രദമാകും.

ജീവിതത്തിലൊരിക്കലെങ്കിലും അയോദ്ധ്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വരും തലമുറകള്‍ക്ക് അനുഭവപ്പെടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അയോദ്ധ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഭാവികൂടി കണക്കിലെടുത്തു തുടരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അയോദ്ധ്യയുടെ അടുത്ത വികസനക്കുതിപ്പിലേക്കുള്ള ആക്കം കൂട്ടാന്‍ സമയമായിരിക്കുന്നു. അയോദ്ധ്യയുടെ സ്വത്വം ആഘോഷിക്കേണ്ടതും നൂതന മാര്‍ഗങ്ങളിലൂടെ അതിന്റെ സാംസ്‌കാരിക ഊര്‍ജ്ജസ്വലത നിലനിര്‍േത്തണ്ടതും നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്. 

ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവ് ശ്രീരാമന് ഉണ്ടായിരുന്നതുപോലെ, പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ മികച്ച പങ്കാളിത്ത മനോഭാവത്തോടെ അയോദ്ധ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിന്റെ വികസനത്തിന് നമ്മുടെ സമര്‍ത്ഥരായ ചെറുപ്പക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ദിനേശ് ശര്‍മ, മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.