Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

അമേരിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി 2022 മെയ് 24-ന് ടോക്കിയോയിൽ വച്ച്  ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തി.  ഉഭയകക്ഷി പങ്കാളിത്തത്തിന് ആഴവും ആക്കവും  കൂട്ടുന്ന കാര്യമായ ഫലങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത് .

2021 സെപ്തംബറിൽ വാഷിംഗ്ടൺ ഡിസിയിൽ നേരിട്ട് കാണുകയും അതിനുശേഷം നടന്ന ജി 20 , കാലാവസ്ഥാ ഉച്ചകോടികളിൽ സംവദിക്കുകയും ചെയ്ത രണ്ട് നേതാക്കൾ തമ്മിലുള്ള പതിവ് ഉന്നതതല സംഭാഷണത്തിന്റെ തുടർച്ചയാണ് ഈ കൂടിക്കാഴ്ച . ഏറ്റവും ഒടുവിൽ 2022 ഏപ്രിൽ 11-ന് ഇരുവരും  ഒരു വെർച്വൽ ഇടപെടൽ നടത്തി.

ഇന്ത്യ-യുഎസ് സമഗ്ര സ്ട്രാറ്റജിക് ഗ്ലോബൽ പാർട്ണർഷിപ്പ് ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ച, ചട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത എന്നിവയ്ക്ക് അടിവരയിടുന്നു. ഉഭയകക്ഷി അജണ്ടയിൽ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു.

ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജം, എസ്എംഇകൾ, അടിസ്ഥാനസൗകര്യം  തുടങ്ങിയ ഒരുപോലെ മുൻഗണനയുള്ള മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപ പിന്തുണ നൽകുന്നത് തുടരാൻ യുഎസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനെ പ്രാപ്തമാക്കുന്ന നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

 ഇന്ത്യ-യു.എസ്.  സഹകരണം സുഗമമാക്കുന്നതിന്  ഇന്ത്യയിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന്റെയും യു.എസ്. നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെയും നേതൃത്വത്തിൽ  ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ്  സംരംഭം. , നിർമ്മിത ബുദ്ധി , ക്വാണ്ടം കമ്പ്യൂട്ടിംഗ്, 5ജി /6ജി , ബയോടെക്, ബഹിരാകാശം, സെമികണ്ടക്ടറുകൾ  തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും ഗവൺമെന്റുകൾ , അക്കാദമിക്, വ്യവസായം എന്നിവ തമ്മിൽ അടുത്ത ബന്ധം സ്ഥാപിക്കാൻ  ഇരുപക്ഷവും സഹകരിക്കും. 

പ്രതിരോധ, സുരക്ഷാ സഹകരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി അജണ്ടയുടെ നിർണായക സ്തംഭമാണെന്ന് ചൂണ്ടിക്കാട്ടി, സഹകരണം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്ന് ഇരുപക്ഷവും ചർച്ച ചെയ്തു. ഈ സാഹചര്യത്തിൽ, ഇരു രാജ്യങ്ങൾക്കും പരസ്പര പ്രയോജനകരമാകുന്ന മേക്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ പദ്ധതികൾ എന്നിവയ്ക്ക് കീഴിൽ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കാൻ യുഎസ് വ്യവസായങ്ങളെ  പ്രധാനമന്ത്രി ക്ഷണിച്ചു.

ആരോഗ്യമേഖലയിലെ  തങ്ങളുടെ വർദ്ധിച്ചുവരുന്ന സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, വാക്സിനുകളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വികസനത്തിന് കാരണമായ സംയുക്ത ബയോമെഡിക്കൽ ഗവേഷണം തുടരുന്നതിനായി ഇന്ത്യയും യുഎസ്എയും ദീർഘകാല വാക്സിൻ ആക്ഷൻ പ്രോഗ്രാം  2027 വരെ നീട്ടി.

ഇരു രാജ്യങ്ങളിലെയും   ജനങ്ങളൾ  തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്, പരസ്പര പ്രയോജനം ലഭിക്കുന്ന ഉന്നത വിദ്യാഭ്യാസ സഹകരണങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ദക്ഷിണേഷ്യയും ഇന്തോ-പസഫിക് മേഖലയും ഉൾപ്പെടെയുള്ള പരസ്പര താൽപ്പര്യമുള്ള പ്രാദേശിക വിഷയങ്ങളിൽ നേതാക്കൾ വീക്ഷണങ്ങൾ കൈമാറി, സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള തങ്ങളുടെ പങ്കിട്ട കാഴ്ചപ്പാട് വീണ്ടും ഉറപ്പിച്ചു.

ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (ഐപിഇഎഫ്) ആരംഭിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും അതത് ദേശീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് അയവുള്ളതും ഉൾക്കൊള്ളുന്നതുമായ ഐപിഇഎഫ് രൂപപ്പെടുത്തുന്നതിന് എല്ലാ പങ്കാളി രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രസ്താവിച്ചു.

നേതാക്കൾ തങ്ങളുടെ ഉപയോഗപ്രദമായ സംഭാഷണം തുടരാനും ഇന്ത്യ-യുഎസ് പങ്കാളിത്തം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാട് പിന്തുടരാനും സമ്മതിച്ചു.

–ND–