യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശം, സൈനികേതര ആണവരംഗം, സംശുദ്ധ ഊർജം, സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി തുടങ്ങിയ പ്രധാന മേഖലകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിലുണ്ടായ ഗണ്യമായ പുരോഗതി അവർ ക്രിയാത്മകമായി വിലയിരുത്തി.
ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി 2024 സെപ്റ്റംബറിൽ അമേരിക്കൻ സന്ദർശനം നടത്തിയതുൾപ്പെടെ, പ്രസിഡന്റ് ബൈഡനുമായുള്ള വിവിധ കൂടിക്കാഴ്ചകൾ അനുസ്മരിച്ച പ്രധാനമന്ത്രി, ശാശ്വതമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിനു പ്രസിഡന്റ് ബൈഡൻ നൽകിയ സംഭാവനകളെ അഭിനന്ദിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവൻ തനിക്കു കൈമാറിയ പ്രസിഡന്റ് ബൈഡന്റെ കത്തിനെ വളരെയധികം വിലമതിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനും ആഗോള നന്മയ്ക്കുമായി രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള വളരെയടുത്ത സഹകരണം തുടരാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
***
SK
It was a pleasure to meet the US National Security Advisor @JakeSullivan46. The India-US Comprehensive Global Strategic Partnership has scaled new heights, including in the areas of technology, defence, space, biotechnology and Artificial Intelligence. Look forward to building… pic.twitter.com/GcU5MtW4CV
— Narendra Modi (@narendramodi) January 6, 2025