Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കന്‍ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

s20170625110143

അമേരിക്കന്‍ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


വാഷിങ്ടണ്‍ ഡിസിയില്‍വെച്ച് 20 പ്രമുഖ അമേരിക്കന്‍ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.

സി.ഇ.ഒമാരെ സ്വാഗതംചെയ്ത പ്രധാനമന്ത്രി, ലോകം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയെ ഗൗരവത്തോടെ കാണുന്നതായി നിരീക്ഷിച്ചു. ഉല്‍പാദനം, വാണിജ്യം, വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള കുതിപ്പിനെ ലോകമാകെ താല്‍പര്യപൂര്‍വം വീക്ഷിക്കുന്നതിനുള്ള കാരണം യുവത്വമേറിയ ജനതയും വര്‍ധിച്ചുവരുന്ന മധ്യവര്‍ഗവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യാ ഗവണ്‍മെന്റ് ജനജീവിതത്തിന്റെ മേന്മ ഉയര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇതിന് ആഗോള പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു സാധ്യമാക്കുന്നതിനായി ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറയ്ക്കുകയും പരമാവധി ഭരണം സാധ്യമാക്കുകയും ചെയ്യുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നതെന്നും ശ്രീ. മോദി പറഞ്ഞു.

അടുത്തിടെ 7000 പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഗവണ്‍മെന്റിനു സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള മാനദണ്ഡത്തിലേക്ക് ഉയരാനുള്ള ഇന്ത്യയുടെ ശ്രമമാണ് ഇതില്‍നിന്നു വെളിപ്പെടുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രവര്‍ത്തനക്ഷമത, സുതാര്യത, വളര്‍ച്ച, എല്ലാവര്‍ക്കും നേട്ടം എന്നിവയ്ക്ക് ഗവണ്‍മെന്റ് കല്‍പിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വര്‍ഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളുടെ ഫലമായി ജി.എസ്.ടി. യാഥാര്‍ഥ്യമാകുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയില്‍ പഠനവിധേയമാക്കാന്‍ പോലും സാധിച്ചേക്കുംവിധം സങ്കീര്‍ണമാണ് അതു നടപ്പാക്കിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കു ഗൗരവമേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മാത്രമല്ല അതിവേഗം അവ നടപ്പാക്കാന്‍കൂടി സാധിക്കുമെന്നാണ് ഇതു വെളിവാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നയപരമായ കാര്യങ്ങളില്‍ മുന്‍കൈ എടുക്കുന്നതിനും വ്യാപാരം എളുപ്പമാക്കുന്നതിനായി അടുത്തിടെ നടപടികള്‍ കൈക്കൊണ്ടതിനും പ്രധാനമന്ത്രിയെ സി.ഇ.ഒമാര്‍ അഭിനന്ദിച്ചു. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, നൈപുണ്യവികസനം, കറന്‍സി നോട്ട് അസാധുവാക്കല്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിനു നല്‍കുന്ന ഊന്നല്‍ തുടങ്ങിയ പദ്ധതികളെ പല സി.ഇ.ഒമാരും പ്രകീര്‍ത്തിച്ചു. നൈപുണ്യവികസനത്തിലും വിദ്യാഭ്യാസ മുന്നേറ്റങ്ങളിലും പങ്കാളികളാവാന്‍ പല സി.ഇ.ഒമാരും താല്‍പര്യം പ്രകടിപ്പിച്ചു. തങ്ങളുടെ കമ്പനികള്‍ ഇന്ത്യയില്‍ നടപ്പാക്കിവരുന്ന സ്ത്രീശാക്തീകരണം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനം, ഊര്‍ജസുരക്ഷ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
സമാപനമായി, സി.ഇ.ഒമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. നാളെ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്നു സൂചിപ്പിച്ച അദ്ദേഹം, ഇന്ത്യയും യു.എസും ഒരേ മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്നുവെന്ന് ഓര്‍മിപ്പിച്ചു. അമേരിക്കയുടെ കരുത്തു വര്‍ധിച്ചാല്‍ സ്വാഭാവികമായും അത് ഇന്ത്യക്കു ഗുണം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കരുത്തുറ്റ അമേരിക്ക ലോകത്തിനു ഗുണം ചെയ്യുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീശാക്തീകരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, സ്റ്റാര്‍ട്ടപ്പുകള്‍, പുതുമയാര്‍ന്ന പദ്ധതികള്‍ എന്നിവയ്ക്കായി അദ്ദേഹം സി.ഇ.ഒമാരുടെ പിന്‍തുണ തേടി. ശുചിത്വപദ്ധതിളെയും ഉല്‍പന്നങ്ങളെയും സാങ്കേതികവിദ്യയെയും സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആവശ്യവുമായി കൂട്ടിയിണക്കണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണു തനിക്കേറ്റവും പ്രധാനമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.