Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലുള്ള ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സംയുക്ത പ്രസ്ഥാവന

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലുള്ള ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സംയുക്ത പ്രസ്ഥാവന


2016 സെപ്റ്റംബര്‍ 14, 15 തീയതികളില്‍ ഔദോഗിക സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അഷറഫ് ഗനിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഇന്ന് രാഷ്ട്രപതിയെയും സന്ദര്‍ശിക്കുന്നുണ്ട്.

പ്രസിഡന്റ് ഗനിയുമായി നടന്ന കൂടി കാഴ്ചയില്‍ 2015 ഡിസംബറിലും ഇക്കൊല്ലം ജൂണിലും യഥാക്രമം കാബൂളിലേയ്ക്കും ഹെറാത്തിലേയ്ക്കും താന്‍ നടത്തിയ സന്ദര്‍ശങ്ങള്‍ പ്രധാനമന്ത്രി സ്‌നേഹത്തോടെ സ്മരിച്ചു. ഈ രണ്ട് സന്ദര്‍ശനങ്ങളിലും തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും അഫ്ഗാന്‍ പ്രസിഡന്റുമായി അവിടെ വച്ചും, പിന്നീട് 2016 മേയില്‍ ടെഹ്‌റാനില്‍ വച്ചും, 2016 ജൂണില്‍ താഷ്ഖണ്ഡില്‍ വച്ചും നടത്തിയ ചര്‍ച്ചകള്‍ വിലപ്പെട്ടവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ എല്ലാത്തലങ്ങളിലും നടക്കുന്ന മുറപ്രകാരമുള്ള കൂടിയാലോചനകളില്‍ സന്തുഷ്ടിപ്രകടിപ്പിച്ച ഇരുനേതാക്കളും, തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും എല്ലാവിധത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ഇതാണെന്ന് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള അഫ്ഗാനിസ്ഥാന്റെ സ്വന്തം ശ്രമങ്ങളെ ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ഉഭയകക്ഷി വികസന സഹകരണം സഹായിച്ചിട്ടുണ്ടെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന്‍ -ഇന്ത്യ സൗഹൃദ അണക്കെട്ട്, പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം തുടങ്ങിയവ സുപ്രധാന നാഴികക്കല്ലുകളാണെന്നതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. 2016 ആഗസ്റ്റ് 22 ന് സ്റ്റോറെ പാലസിന്റെ സംയുക്ത ഉദ്ഘാടനം വീഡിയോ ലിങ്കുവഴി നിര്‍വഹിക്കവെ തങ്ങളുടെ അഫ്ഗാന്‍ സഹോദരി സഹോദരന്‍മാര്‍ക്കൊപ്പം ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ ഉറപ്പോടെ നിലകൊള്ളുന്നുവെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന്റെ പ്രധാന്യം പ്രസിഡന്റ് എടുത്തു പറഞ്ഞു.

ഏകീകൃതവും, പരമാധികാരമുള്ളതും, സമാധാനപരവും, ഭദ്രവും, സമ്പല്‍സമൃദ്ധവുമായ ഒരു ജനാധിപത്യ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ ശാശ്വത പിന്‍തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നൈപുണ്യ വികസനം, വനിതാ ശാക്തീകരണം, ഊര്‍ജ്ജം അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ അഫ്ഗാനിസ്ഥാന് കൂടുതല്‍ ആവശ്യങ്ങളുണ്ടെങ്കില്‍ അവ പരിഗണിക്കുന്നതിന് ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു. തൊട്ടടുത്ത അയല്‍വാസിയും അഫ്ഗാനിസ്ഥാന്റെയും അവിടത്തെ ജനങ്ങളുടെ സുഹൃത്തുമായ ഇന്ത്യ ഇതിലേയ്ക്കായി ഒരു ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക നിലവാരം പുലര്‍ത്തുന്നതും താങ്ങാവുന്ന വിലയുള്ളതുമായ ഔഷധങ്ങള്‍ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാന് നല്‍കുന്നതിനും, പരസ്പരം യോജിച്ച കരാറിലൂടെ സൗരോര്‍ജ്ജ രംഗത്തെ സഹകരണത്തിനുമുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വച്ചു.

മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ഇരു നേതാക്കളും രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിനായി ഭീകരവാദവും അക്രമവും മേഖലയില്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയിലും പുറത്തും സമാധാനം, ഭദ്രത, പുരോഗതി എന്നിവയ്ക്ക് നേരെയുള്ള ഏറ്റവും വലിയ ഏക ഭീഷണി ഈ പ്രതിഭാസമാണെന്നതില്‍ അവര്‍ യോജിപ്പ് പ്രകടിപ്പിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെ വിവേചനം കൂടാതെ ഉന്‍മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞു കൊണ്ട്, ഭീകര പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന സ്‌പോണ്‍സര്‍ഷിപ്പും, പിന്‍തുണയും, സുരക്ഷിത അഭയസ്ഥാനങ്ങളും വിഹാര കേന്ദ്രങ്ങളും അവസാനിപ്പിക്കാന്‍ അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും ലക്ഷ്യമിടുന്നവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരോടും അവര്‍ ആഹ്വാനം ചെയ്തു. തന്ത്രപ്രധാനമായ ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ സഹകരണ കരാറില്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള പ്രതിരോധ സഹകരണത്തിനും സുരക്ഷ ശക്തിപ്പെടുത്തലിനും ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുമുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യം ഇരു നേതാക്കളും ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സ്ട്രാറ്റാജിക് പാര്‍ണര്‍ഷിപ്പ് കൗണ്‍സിലും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും അടുത്ത് തന്നെ സമ്മേളിച്ച്, വ്യത്യസ്ഥ മേഖലകളിലെ സഹകരണം സംബന്ധിച്ച നാല് സംയുക്ത ഗ്രൂപ്പുകളുടെ ശുപാര്‍ശകള്‍ അവലോഹനം ചെയ്യും.

പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ സിവില്‍, വാണിജ്യ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച കരാറിലുണ്ടായ ധാരണ, കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിലെ ഉടമ്പടിയിലെ ഒപ്പുവയ്ക്കല്‍ ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലെ സഹകരണവുമായി ബന്ധപ്പെട്ട ധാരണാപത്രം തുടങ്ങിയവയില്‍ നേതാക്കള്‍ തൃപ്തി രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനും ഇന്ത്യയും ഇറാനും 2016 മേയില്‍ ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ വേഗത്തിലുള്ള നടത്തിപ്പിലൂടെ ചാബാഹര്‍ തുറമുഖത്തിന്റെ ഉപയോഗം ഈ മൂന്ന് രാജ്യങ്ങള്‍ തമ്മിലും മേഖലയുമായുള്ള ബന്ധപ്പെടല്‍ വര്‍ദ്ധിക്കുമെന്നും ഊന്നി പറഞ്ഞു. വ്യവസായ, ബിസിനസ്സ് രംഗത്ത് നിന്നുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ പ്രധാന കക്ഷികളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത ഫോറം രൂപീകരിക്കാന്‍ ഈ മൂന്ന് രാജ്യങ്ങളും അടുത്തിടെ കൈക്കൊണ്ട തീരുമാനത്തെ നേതാക്കള്‍ അഭിനന്ദിച്ചു.

അഫ്ഗാനിസ്ഥാന്റെ സമാധാനവും ഭദ്രതയും വികസനവും പരിപോഷിപ്പിക്കാന്‍ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ഉള്‍പ്പെടുത്തികൊണ്ട് മേഖലയിലെ മറ്റ് രാജ്യങ്ങളുമായും, അന്താരാഷ്ട്ര സംഘടനകളുമായും മറ്റുമുള്ള ആശയ വിനിമയം വര്‍ദ്ധിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യ -ഇറാന്‍ – അഫ്ഗാനിസ്ഥാന്‍ ത്രികക്ഷി കൂടിയാലോചനകളുടെ ഫലത്തെ അവര്‍ അഭിനന്ദിച്ചു. ഒപ്പം ന്യൂയോര്‍ക്കില്‍ ഈ മാസം പുനരാരംഭിക്കുന്ന ഇന്ത്യ – യു.എസ്. – അഫ്ഗാനിസ്ഥാന്‍ കൂടിയാലോചനകളെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാവിധത്തിലും അഫ്ഗാനിസ്ഥാനെ സഹായിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹമായി ഇന്ത്യ തുടര്‍ന്നും ഇടപെടുമെന്നും പ്രധാനമന്ത്രി പ്രസിഡന്റിനെ ധരിപ്പിച്ചു.

വരുന്ന ഡിസംബര്‍ 24 ന് അമൃത്‌സറില്‍ നടക്കാനിരിക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ – ഇസ്താംമ്പൂള്‍ മന്ത്രിതല ചര്‍ച്ചയുടെയും ഒക്‌ടോബര്‍ 5 ന് നടക്കാനിരിക്കുന്ന ബ്രസല്‍സില്‍ സമ്മേളനത്തിന്റെയും പ്രാധാന്യം നേതാക്കള്‍ എടുത്തു പറഞ്ഞു. ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയമായ ”വെല്ലുവിളികള്‍ നേരിടല്‍ സമൃദ്ധി കൈവരിക്കല്‍” എന്നതിന് ഉചിതമാണ് അമൃത്‌സറിനെ വേദിയാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അമൃത്‌സര്‍ മന്ത്രിതലയോഗം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിനെ ക്ഷണിച്ചു. പ്രസിഡന്റ് ക്ഷണം സ്വീകരിച്ചു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക അവസരങ്ങളെ കുറിച്ച് ഇന്ത്യന്‍ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് മുന്നില്‍ പ്രസിഡന്റ് എടുത്തുകാട്ടും. ”രാഷ്ട്രീയ അക്രമങ്ങളുടെയും ആഗോള ഭീകരതയുടെയും അഞ്ചാം തിര” എന്ന വിഷയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് സംഘടിപ്പിക്കുന്ന പ്രഭാഷണം അദ്ദേഹം നിര്‍വ്വഹിക്കും.