Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാനിലെ ഹെറാത്തിലുള്ള അഫ്ഗാന്‍ – ഇന്ത്യാ സൗഹൃദ അണക്കെട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം

അഫ്ഗാനിലെ ഹെറാത്തിലുള്ള അഫ്ഗാന്‍ – ഇന്ത്യാ സൗഹൃദ അണക്കെട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം


ധീരതയ്ക്ക് നിലവാരമുണ്ടാക്കിയ ഒരു ജനതയുടെ ആദരം സ്വീകരിക്കാന്‍, ഇന്ത്യയോട് കടല്‍ പോലെ സ്‌നേഹം സൂക്ഷിക്കുന്ന നിങ്ങളെ കാണുവാന്‍ വീണ്ടും അഫ്ഗാനിലേയ്ക്ക് തിരികെ എത്തിയതില്‍ എനിക്ക് അനല്പമായ ആഹ്ലാദമുണ്ട്. അഫാഗാന്റെ പുരോഗതിയിലേയ്ക്കുള്ള മറ്റൊരു ചുവടാണ് ഇത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അഭിമാനകരമായ ബന്ധത്തിലെ വികാരനിര്‍ഭരമായ ചരിത്ര നിമിഷമാണിത്.

ഈ അണക്കെട്ടിന് അഫ്ഗാന്‍ – ഇന്ത്യാ സൗഹൃദ ഡാം എന്ന പേരു നല്കിയതിനും എന്നെ ഈ ചടങ്ങിനു ക്ഷണിച്ചതിനും പ്രിയപ്പെട്ട പ്രസിഡന്റ്, അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു. അഫ്ഗാന്റെ ഈ മഹാമനസ്‌കതയുടെ മുന്നില്‍ ഞങ്ങള്‍ ശിരസ് നമിക്കുന്നു. നദികളാണ് ലോകത്തിന് മഹാ സംസ്‌കാരങ്ങളെ സംഭാവന ചെയ്തത്. നദികളുടെ ഒഴുക്കിനനുസരിച്ചാണ് മനഷ്യര്‍ പുരോഗതിയിലേയ്ക്ക് മുന്നേറിയത്. പരിശുദ്ധ ഖുറാനില്‍ നദി പറുദീസായിലെ മുഖ്യ ബിംബമാണത്. ഇന്ത്യയിലെ പൗരാണിക ഗ്രന്ഥങ്ങളില്‍ നദികളാണ് ഞങ്ങളുടെ രാജ്യത്തെ നിര്‍വചിച്ചത്. നദികള്‍ ഞങ്ങളുടെ രാജ്യത്ത് ജീവന്റെ ഉറവിടങ്ങളാണ്. അഫ്ഗാനിലെ ഒരു പഴഞ്ചെല്ല് ഇങ്ങനെയാണ് – കാബൂളില്‍ സ്വര്‍ണം ഇല്ലെങ്കിലും മഞ്ഞ് ഉണ്ടായിരിക്കട്ടെ. കാരണം കൃഷിയെയും ജീവിതത്തെയും നിലനിര്‍ത്തുന്ന നദികളെ പോറ്റുന്നത് മഞ്ഞാണ്. അതിനാല്‍ നാം ഇന്ന് ഇവിടെ കൃഷിയിടങ്ങളെ നനയ്ക്കുകയും വീടുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു വന്‍ പദ്ധതി മാത്രമല്ല ആരംഭിക്കുന്നത്, മറിച്ച് ഇതിലൂടെ ഒരു പ്രവിശ്യയെ പുനരുജ്ജീവിപ്പിക്കുകയാണ്, പ്രതീക്ഷകളെ പുനസ്ഥാപിക്കുകയാണ്, അഫ്ഗാനിസ്ഥാന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുകയാണ് ചെയ്യുന്നത്. ഈ ഡാം വൈദ്യുതിയുടെ മാത്രം ഉത്പാദന കേന്ദ്രമല്ല, അതോടൊപ്പം ശുഭപ്രതീക്ഷയുടെയും അഫ്ഗനിസ്ഥാന്റെ ഭാവിയെക്കുറിച്ചുള്ള വിശ്വാസത്തിന്റെയും ഊര്‍ജ്ജ സ്രോതസ് കൂടിയാകുന്നു

ഈ പ്രവിശ്യയിലെ 640 ഗ്രാമങ്ങളിലെ വയലേലകളെ നനയ്ക്കുക മാത്രമല്ല ഈ ഡാമിന്റെ ദൗത്യം, ഈ മേഖലയിലെ 250000 ഭവനങ്ങളില്‍ ഇത് പ്രകാശം എത്തിക്കുകയും ചെയ്യും. കഴിഞ്ഞ ഡിസംബറില്‍ കാബൂളില്‍ നിങ്ങളുടെ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക എന്ന ബഹുമതി എനിക്ക് ലഭിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അഫ്ഗാനിസ്ഥാന്റെ ഭാവി രൂപപ്പെടുത്തിയ ഈ രാജ്യത്തെ ജനങ്ങള്‍ നടത്തിയ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ് അത്. വേനല്‍ കാലത്തെ ഈ ദിനത്തില്‍ ഹെറാത്തില്‍ നാം ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത് സമ്പദ്‌സമൃദ്ധമായ ഭാവി കരുപ്പിടിപ്പിക്കാനുള്ള അഫ്ഗാനിസ്ഥാന്റെ നിശ്ചയദാര്‍ഢ്യത്തെ ആദരിക്കാനും ആഘോഷിക്കാനുമാണ്. അഫ്ഗാനും ഇന്ത്യയും 1970 കളില്‍ കണ്ട സ്വപ്‌നമാണിത്. നഷ്ടപ്പെട്ട പതിറ്റാണ്ടുകള്‍ നമ്മോട് പറയുന്നത് യുദ്ധം നടത്തിയ സംഹാര താണ്ഡവത്തെ കുറിച്ചാണ്. ആ യുദ്ധം അഫ്ഗാന്‍ ഉണ്ടാക്കിയതല്ല. പക്ഷെ ആ യുദ്ധം അഫ്ഗാനിലെ മുഴുവന്‍ തലമുറയുടെയും ഭാവി കവര്‍ന്നു കളഞ്ഞു. പിന്നീട് 2001 ല്‍ പുതിയ പ്രഭാതം വിടര്‍ന്നപ്പോള്‍ നാം വീണ്ടും ഈ പദ്ധതി പുനരാരംഭിച്ചു.

നാം ക്ഷമിച്ചു, സഹിച്ചു, ധൈര്യവും വിശ്വാസവും വീണ്ടെടുത്തു. ഭീഷണികളെയും അക്രമത്തെയും നേരിട്ടു, ദൂരങ്ങളും പ്രതിബന്ധങ്ങളും മറികടന്നു. മരണത്തിന്റെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ശക്തികള്‍ക്ക് സമൂഹത്തില്‍ നിലനില്പ്പ് ഇല്ല എന്ന സന്ദേശമാണ് ധീരരായ അഫ്ഗാന്‍ ജനത ഇന്ന് ലോകത്തത്തോട് ഉറക്കെ പറയുന്നത്. അഫ്ഗാന്‍ ജനതയുടെ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും പാതയില്‍ ഭീകരര്‍ക്ക് സ്ഥാനമില്ല. പഴങ്ങളും കുങ്കുമവും സമൃദ്ധമായി വിളയുന്ന നമ്മുടെ രാജ്യത്തിന്റെ കൃഷിയിടങ്ങളില്‍ നദീജലം ഒഴുകി വീണ്ടും പച്ചപ്പ് തെളിയും. ഇരുണ്ട രാത്രികളെ തള്ളി നീക്കിയ ഭവനങ്ങളില്‍ പ്രതീക്ഷയുടെ ഊര്‍ജ്ജം പ്രകാശിക്കും. സ്്ത്രീ പുരുഷന്്മാര്‍ വീണ്ടും മനസമാധാനത്തോടെ പാടത്ത് കൃഷിക്കിറങ്ങും. തോക്കുകളുടെ ഭാരം കൊണ്ട് കുനിഞ്ഞ ആ ചുമലുകളില്‍ കലപ്പകള്‍ സ്ഥാനം പിടിക്കും. അവ കൃഷിയിടങ്ങളെ ഹരിതാഭമാക്കും. വിദ്യാര്‍ത്ഥികള്‍ വീണ്ടും വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ അവസരങ്ങളുടെയും ഭാവി സാധ്യതകളില്‍ വിശ്വസിക്കും.

കവിതകള്‍ എഴുതുന്ന ഒരു പെണ്‍കുട്ടിക്കും ഇനിയൊരിക്കലും ഇവിടെ വേദനയുമായി ജീവിക്കേണ്ടി വരില്ല. ജലാലുദ്ദീന്‍ റൂമിയുടെ നഗരമായ ഈ ഹെറാത്ത് വീണ്ടും ഉദാത്തമായ മഹത്വത്തിലേയ്ക്ക് ഉയര്‍ത്തെണീല്ക്കും. പശ്ചിമ, ദക്ഷിണ, മധ്യ ഏഷ്യയുടെ കവാടമായ ഈ നഗരം എല്ലാ പ്രവിശ്യകളെയും യോജിപ്പിക്കുന്ന ഐശ്വര്യത്തിന്റെ കേന്ദ്രമായി മാറും. ഈ നഗര ഭരണാധികാരികളോട,് അഫ്ഗാന്‍ ഗവണ്‍മെന്റിനോട,് ഇവിടുത്തെ ജനങ്ങളോട് നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ക്ഷമയ്ക്ക്, ധാരണയ്ക്ക് എന്റെ അഗാധമായ ആദരവ് ഞാന്‍ അറിയിക്കുന്നു.

ഈ അണക്കെട്ട് വെറും കട്ടകളും ചാന്തും കൊണ്ട് നിര്‍മ്മിച്ചതല്ല. നമ്മുടെ, അഫ്ഗാന്‍ ജനതയുടെയും ഇന്ത്യക്കാരുടെയും പരസ്പര സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും നെഞ്ചുറപ്പിലാണ് ഇതിന്റെ നിര്‍മ്മിതി. ആത്മാഭിമാനത്തിന്റെ ഈ നിമിഷത്തില്‍ ഈ രാജ്യത്തിനും ജനത്തിനും അവരുടെ ശോഭനമായ ഭാവിക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നാം ഒരു നിമിഷം ആദരം അര്‍പ്പിക്കുന്നു. അവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. നമ്മുടെ ജനങ്ങളുടെ രക്തവും വിയര്‍പ്പും കണ്ണുനീരും വീണു നനഞ്ഞതാണ് ഈ മണ്ണ്. ഇവിടെ നാം അനശ്വരമായ ഒരു ബന്ധം സ്ഥാപിക്കുന്നു. ഈ ദ്വീപിന്റെ മണ്ണില്‍ നാം അത് വരച്ച് ചേര്‍ക്കുന്നു. അത് നമ്മില്‍ പൗരാണികമായ മറ്റൊരു ബന്ധത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. ഈ മേഖലയും ഇന്ത്യയും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധത്തിന്റെ ഓര്‍മ്മകള്‍. വേദ കാലം മുതല്‍ ഹരിരുദ് നദിയുമായി നമ്മുടെ ചരിത്രത്തിന് ബന്ധമുണ്ട്. ഇന്ന് ഹരിരുദ് നദിയെ ഭാവി പുരോഗതിയിലേയ്ക്ക് ഒന്നിച്ചു നീങ്ങുന്നതിനുള്ള നമ്മുടെ പ്രതിജ്ഞയുടെ പ്രതീകമായി ലോകം കാണുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചിഷ്തി ഷെരിഫ് നമ്മെ ഒന്നിപ്പിച്ചതു പോലെ ഈ സൗഹൃദ അണക്കെട്ട് നമ്മെ ഐക്യത്തില്‍ ഒന്നിപ്പിക്കട്ടെ.

കാരണം, ഇവിടെ നിന്നാണ് ചിഷ്തി സില്‍സില അഥവ ചിഷ്തി പാരമ്പര്യം ഇന്ത്യയിലേയ്ക്കു വന്നത്. അതിന്റെ മഹത്തായ പാരമ്പര്യങ്ങളും പഠനങ്ങളും ഇന്നും ആജ്മീറിലെയും ഡല്‍ഹിയിലെയും ഫത്തേപ്പൂര്‍ സിക്രിയിലെയും ദര്‍ഗ്ഗകളില്‍ മാറ്റൊലി കൊള്ളുന്നു. എല്ലാ വിശ്വാസ സംഹിതകളിലെയും മനുഷ്യരെ അത് സ്‌നേഹത്തിന്റെ സമാധാനത്തിന്റെ ശാന്തിയുടെ സന്ദേശം കൊണ്ട് , സമസ്ത സൃഷ്ടികളോടും ഉള്ള ബഹുമാനം കൊണ്ട്, സര്‍വ മതങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തിക്കൊണ്ട്, മാനവസേവനത്തിലൂടെ അതിലേയ്ക്ക് ആകര്‍ഷിക്കുന്നു. ഈ മൂല്യങ്ങള്‍ ഇന്ത്യക്കാര്‍ക്കും അഫ്ഗാന്‍കാര്‍ക്കും അറിയാം. ഭീകരവാദമോ അക്രമമോ അല്ല, മറിച്ച് സ്‌നേഹകാവ്യം തുളുമ്പുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആത്മീയ പാരമ്പര്യമുള്ള ഒരു രാജ്യമായി ഇത് അഫ്ഗാനിസ്ഥാനെ നിര്‍വചിക്കുന്നു. ഈ മൂല്യങ്ങളാണ്് അഫ്ഗാന്‍ ജനതയ്ക്ക് ക്ഷമയും സഹനശീലവും നല്കിയത്.

ഈ പാതയിലൂടെയാണ് അഫ്ഗാന്‍ ജനത സഞ്ചരിച്ചത്. വിശ്വാസദാര്‍ഢ്യം കൊണ്ട് അവര്‍ക്ക് ഈ ഭൂമിയിലുള്ള മറ്റേതൊരു ജനതയെക്കാളും അവരുടെ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന്‍ സാധിക്കും. ഇവിടെ ഈ മൂല്യങ്ങളുടെ അടിത്തറയിലാണ് അഫ്ഗാനിസ്ഥാന്‍ ജനതയും ഇന്ത്യന്‍ ജനതയും പരസ്പരം കണ്ടുമുട്ടുന്നത്. ഇന്ത്യയില്‍ വന്ന പ്രഥമ ചിഷ്തി പുണ്യപുരുഷനായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്തിപറഞ്ഞു, മനുഷ്യര്‍ക്ക് ഊര്‍ജ്ജ സ്രോതസായ സൂര്യനോട്, നദിയുടെ മഹാമനസ്‌കതയോട്, ഭൂമിയുടെ ആതിഥ്യത്തോട് സ്‌നേഹം വേണമെന്ന്. അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ തന്റെ പൂര്‍വികരുടെ രാജ്യവും അതിന്റെ സൗന്ദര്യവും ഉണ്ടായിരുന്നിരിക്കണം.

കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ കാബൂളില്‍ വന്നപ്പോള്‍ നിങ്ങള്‍ എനിക്കു നല്കിയ ഊഷ്മളമായ വരവേല്‍പ്പ് നിങ്ങളുടെ ഹൃദയത്തിന്റെ കാരുണ്യമായിരുന്നു. അന്ന് നിങ്ങളുടെ തെളിഞ്ഞ കണ്ണുകളില്‍ ഇന്ത്യയോടുള്ള സ്‌നേഹമായിരുന്നു ഞാന്‍ കണ്ടത്. നിങ്ങളുടെ പുഞ്ചിരിയില്‍ ഈ ബന്ധത്തിന്റെ ആഹ്ലാദമാണ് ഞാന്‍ കണ്ടത്. നിങ്ങളുടെ ആലിംഗനത്തിന്റെ ദൃഢതയില്‍ നമ്മുടെ സൗഹൃദത്തിന്റെ വിശ്വാസം ഞാന്‍ അനുഭവിച്ചു. ആ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഇന്ത്യ വീണ്ടും അഫ്ഗാന്‍ ജനതയുടെ മഹത്വം ദര്‍ശിച്ചു. ഈ നാടിന്റെ സൗന്ദര്യം ദര്‍ശിച്ചു, ഈ രാഷ്ട്രത്തിന്റെ സൗഹൃദം കണ്ടു. ഇന്ന് ഞാന്‍ ഇവിടെ നിന്നു മടങ്ങുമ്പോള്‍ എന്റെ മനസില്‍ കൃതജ്ഞതയും 1.25 ദശലക്ഷം അഫ്ഗാന്‍ ജനതയോടുള്ള ആദരവുമാണ്. അതിനാല്‍ ഞാന്‍ വീണ്ടും നമ്മുടെ പങ്കാളിത്ത പ്രതിജ്ഞ പുതുക്കുന്നു.

നമ്മുടെ പങ്കാളിത്തത്തിലൂടെ നാം വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. നമ്മുടെ ഗ്രാമീണ സഹങ്ങള്‍ക്കായി ആരോഗ്യ കേന്ദ്രങ്ങളും ജലസേചന സൗകര്യങ്ങളും ഒരുക്കി. അഫ്ഗാനിസ്ഥാന്റെ ഭാവിയുടെ ഉത്തരവാദിത്വംഏറ്റെടുക്കുന്നതിന് സ്ത്രീകളെയും യുവാക്കളെയും നൈപുണ്യപരിശീലനവും വിദ്യാഭ്യാസവും വഴി ശാക്തീകരിച്ചു. നിങ്ങളുടെ രാജ്യത്തിന്റെ അകലം കുറയ്ക്കുന്നതിന് സരഞ്ജ് മുതല്‍ ദലാറം വരെ പുതിയ റോഡു നിര്‍മ്മിക്കാന്‍ നാം കൈകോര്‍ത്തു.നിങ്ങളടെ വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് നമ്മള്‍ പവര്‍ ലൈനുകള്‍ വലിച്ചു. ഇറാനിലെ ചാബഹാര്‍ പോര്‍ട്ടില്‍ ഇന്ത്യ നടത്തുന്ന നിക്ഷേപം അഫ്ഗാനിസ്ഥാന് ലോകത്തിലേയ്ക്ക് പുരോഗതിയിലേയ്ക്ക് പുതിയ ഒരു പാത തുറക്കും. ഇതിനായി ഞങ്ങള്‍ മൂവരും നിങ്ങളുടെ പ്രസിഡന്റ് ഗാനിയും ഞാനും ഇറാന്‍ പ്രസിഡന്റ് റൂഹാനിയുമായി ഒരു കരാര്‍ ഒപ്പു വച്ചുകഴിഞ്ഞു. അഫ്ഗാന്‍ ഇറാന്‍ ഇന്ത്യ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ചാബഹാര്‍ ട്രേഡ് ആന്‍ഡ് ട്രാന്‍സിറ്റ് എഗ്രിമെന്റ്.

നമ്മുടെ പ്രവര്‍ത്തനം അഫാഗാനില്‍ മുഴുവനായി വ്യാപിപ്പിക്കും. മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും ഇതിന്റെ സത്ഫലങ്ങള്‍ ലഭിക്കും. കാരണം ഭൂമിശാസ്ത്ര പ്രത്യേകതകള്‍ക്കും പാഷ്തൂണ്‍, തജാക്ക്, ഉസ്ബക്ക്, ഹസാരാ തുടങ്ങിയ വംശീയതകള്‍ക്കും മധ്യേ അഫ്ഗാനിസ്ഥാന്‍ ഒരു രാഷ്ട്രമായി ജീവിക്കണം, വളരണം. ജനങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ ബാഹ്യശക്തികള്‍ക്ക് വളരാന്‍ സഹായമാകും. നാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നാം ശക്തിയും വിശ്വാസവും ആര്‍ജ്ജിക്കും.

ഇന്ത്യന്‍ ജനത ആക്രമിക്കപ്പെട്ടപ്പോള്‍ ധീരരായ അഫ്ഗാന്‍കാര്‍ അവരെ സ്വന്തമെന്ന പോലെ കാത്തുരക്ഷിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാന്‍ അഫ്ഗാന്‍ ജനത അവര്‍ക്കു ചുറ്റും സ്വയം അഗ്നിവലയം തീര്‍ത്തു. ഇത് നിങ്ങളുടെ ഹൃദയ മാന്യതയും സൗഹൃദത്തിലെ ശക്തിയും മൂലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയ അന്നു മുതല്‍ ഞാന്‍ ഇതിന് സാക്ഷിയാണ്. അന്ന് ഹെറാത്ത് നഗരത്തിലെ ഞങ്ങളുടെ കോണ്‍സുലേറ്റില്‍ തീവ്രവാദി ആക്രമണം ഉണ്ടായി. ധീരരായ അഫ്ഗാന്‍ പടയാളികള്‍ ഞങ്ങളുടെ സൈനികര്‍ക്കൊപ്പം നിന്ന് അനേകരുടെ ജീവന്‍ രക്ഷിച്ചു, വന്‍ ദുരന്തം ഒഴിവാക്കി.

പ്രിയപ്പെട്ട പ്രസിഡന്റ്,

അഫ്ഗാനിസ്ഥാന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും ആഗ്രഹമാണ്. അത് അഫ്ഗാന്‍ ജനതയോടു ഞങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്‌നേഹവും ആരാധനയും മൂലമാണ്. നിങ്ങളുടെ ജനാധിപത്യം ആഴത്തില്‍ വേരൂന്നി വളരണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജനത ഒന്നിച്ചു നില്ക്കണമെന്ന്, നിങ്ങളുടെ സമ്പദ്ഘടന പുരോഗതി പ്രാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കലകള്‍, സംസ്‌കാരം, കവിത പുഷ്‌കലമാകണം. നിങ്ങളുടെ ക്രിക്കറ്റ് താരങ്ങള്‍ ടെസ്റ്റ് കളിക്കാരുടെ നിരയിലെത്തണം. അഫ്ഗാന്‍ ജയിക്കുമ്പോള്‍ ലോകം കുറെക്കൂടി സുന്ദരവും സുരക്ഷിതവുമാകും. മൂല്യങ്ങള്‍ അഫ്ഗാനെ നിര്‍വചിക്കുമ്പോള്‍ തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും പിന്തിരിയും.

തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും നിങ്ങളുടെ അതിര്‍ത്തിക്കുപ്പുറം നില്ക്കുമെന്നോ, ഞങ്ങളുടെ അതിര്‍ത്തിയില്‍ അവസാനിക്കുമെന്നോ ഞങ്ങള്‍ കരുതുന്നില്ല. ലോകമെങ്ങും അസ്വസ്ഥത പടരുന്ന ഈ നാളുകളില്‍ ലോകത്തിന് അഫ്ഗാന്‍ ജനത നയിച്ച ഐതിഹാസിക സമരം മറക്കാനാവില്ല. ഇന്ത്യ അത് ഒരിക്കലും മറക്കില്ല. എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.

ഞാന്‍ ആവര്‍ത്തിക്കുന്നു, നിങ്ങളുടെ സൗഹൃദം ഞങ്ങള്‍ക്ക് ബഹുമതിയാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്.

ഇന്ത്യയുടെ കഴിവുകള്‍ക്ക് പരിമിതികള്‍ ഉണ്ടാവാം, പക്ഷെ ഞങ്ങളുടെ പ്രതിജ്ഞാബദ്ധത അതിരുകളില്ലാത്തതാണ്. ഞങ്ങളുടെ വിഭവങ്ങള്‍ പരിമിതമാവാം. പക്ഷെ ഞങ്ങളുടെ ഇഛാശക്തി അനന്തമാണ്. പലര്‍ക്കും വാഗ്ദാനങ്ങള്‍ സൂര്യാസ്തമയം വരെ മാത്രം. പക്ഷെ, ഞങ്ങളുടെ സൗഹൃദം കാലാതിവര്‍ത്തിയാണ്. ഭൂമിശാസ്ത്രവും രാഷ്ട്രിയവും മാത്രമാണ് ഞങ്ങളുടെ പ്രതിബന്ധം. പക്ഷെ ഞങ്ങള്‍ക്ക് ലക്ഷ്യം നേടാന്‍ ഞങ്ങളുടെതായ മാര്‍ഗ്ഗങ്ങളുണ്ട്. ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം വലുതാണ്. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ഞങ്ങളെ നയിക്കുന്നു.

നിങ്ങളുടെ ഭാവിയെ കുറിച്ച് ആരെല്ലാം സംശയിച്ചാലും അഫ്ഗാന്‍ ജനത തെരഞ്ഞെടുത്തിരിക്കുന്ന അവരുടെ ഭാഗഥേയത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല. ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ നല്ല ഉറപ്പാണ്. അതിനായി അഫ്ഗാനിസ്ഥാനുവേണ്ടി, അന്താരാഷ്ട്ര പ്രാദേശിക വേദികളില്‍ ഞങ്ങള്‍ ശബ്ദിക്കും. സമാധാനപൂര്‍ണവും, അഭിവൃദ്ധിപ്പെടുന്നതും, സമഗ്രവും ജനാധിപത്യപരവുമായ ഏക രാഷ്ട്രമായി വളരാന്‍ അഫ്ഗാനിസ്ഥാനും അവകാശമുണ്ട്. അതിനായി ഭാവിയില്‍ അഫ്ഗാനിസ്ഥാന്റെ ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളില്‍, നഗരങ്ങളില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.

എന്തെല്ലാം സംഭവിച്ചാലും പ്രകാശത്തിലാകട്ടെ ഇരുളിലാകട്ടെ, ഹെറാത്തിന്റെ മഹാനായ സൂഫി കവി ഹക്കിം ജാമി പറഞ്ഞതു പോലെ സൗഹൃദത്തിന്റെ ഊഷ്മളതയും ഇളം കാറ്റും സന്തോഷവും ഞങ്ങള്‍ എപ്പോവും അനുഭവിക്കുന്നു.

നിങ്ങളുടെ ആദരവിന് ഈ സ്‌ന്േഹത്തിന് സൗഹൃദത്തിന് ഒരിക്കല്‍ കൂടി നന്ദി.

നന്ദി.