അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം 2023 മേയ് 18 രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 47-ാമത് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായാണ് അന്താരാഷ്ട്ര മ്യൂസിയം പ്രദർശനം സംഘടിപ്പിക്കുന്നത്. ‘മ്യൂസിയങ്ങള്‍, സുസ്ഥിരതയും, ക്ഷേമവും’ എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ പ്രമേയം. മ്യൂസിയങ്ങള്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക നയതന്ത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി മാറാന്‍ കഴിയുന്ന തരത്തില്‍ മ്യൂസിയം പ്രൊഫഷണലുകളുമായി മ്യൂസിയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ആശയവിനിമയം ആരംഭിക്കുന്നതാണ് മ്യൂസിയം എക്‌സ്‌പോയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളില്‍ വരാനിരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ വെര്‍ച്വല്‍ നടപ്പാതയും (വാക്ക്ത്രൂ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വര്‍ത്തമാനകാല രൂപീകരണത്തിന് സംഭാവന നല്‍കിയ ഇന്ത്യയുടെ ഭൂതകാലവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങള്‍, വ്യക്തിത്വങ്ങള്‍, ആശയങ്ങള്‍, നേട്ടങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സമഗ്രമായ പരിശ്രമമാണ് ഈ മ്യൂസിയം.
അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോയുടെ ഭാഗ്യ ചിഹ്‌നം, എ ഡേ അറ്റ് ദി മ്യൂസിയം എന്ന ഗ്രാഫിക് നോവല്‍, ഇന്ത്യന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറി, കര്‍ത്തവ്യ പാതയുടെ പോക്കറ്റ് മാപ്പ്, മ്യൂസിയം കാര്‍ഡുകള്‍ എന്നിവ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും ചെയ്യും.
ചെന്നപട്ടണം കലാ ശൈലിയില്‍ മരം കൊണ്ട് നിര്‍മ്മിച്ച നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ സമകാലിക പതിപ്പാണ് അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോയുടെ ഭാഗ്യ ചിഹ്‌നം. ദേശീയ മ്യൂസിയം സന്ദര്‍ശിക്കുന്ന ഒരു കൂട്ടം കുട്ടികളെ മ്യൂസിയത്തില്‍ ലഭ്യമായ വിവിധ തൊഴില്‍ അവസരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് ചിത്രീകരിക്കുന്നതാണ് ഗ്രാഫിക് നോവല്‍. ഇന്ത്യന്‍ മ്യൂസിയങ്ങളുടെ സമഗ്രമായ സര്‍വേയാണ് ഡയറക്ടറി ഓഫ് ഇന്ത്യ മ്യൂസിയങ്ങള്‍. വിവിധ സാംസ്‌കാരിക ഇടങ്ങളെയും സ്ഥാപനങ്ങളെയും ഉയര്‍ത്തികാണിക്കുന്നതും അതോടൊപ്പം ഈ ഐക്കണിക് പാതകളുടെ ചരിത്രത്തിന്റെ രൂപരേഖയുമുള്ളതാണ് കര്‍ത്തവ്യ പാതയുടെ പോക്കറ്റ് മാപ്പ്. രാജ്യത്തുടനീളമുള്ള ഐക്കണിക് മ്യൂസിയങ്ങളുടെ മുഖചിത്രങ്ങളുള്ള 75 കാര്‍ഡുകളുടെ ഒരു കൂട്ടമാണ് മ്യൂസിയം കാര്‍ഡുകള്‍, ഓരോ കാര്‍ഡിലും മ്യൂസിയങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും മ്യൂസിയങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഒരു നൂതനാശയ മാര്‍ഗ്ഗമാണിത്.
ലോകമെമ്പാടുമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നിന്നും മ്യൂസിയങ്ങളില്‍ നിന്നുമുള്ള അന്താരാഷ്ട്ര പ്രതിനിധികളുടെ പങ്കാളിത്തത്തിനും പരിപാടി സാക്ഷ്യം വഹിക്കും.
ND
***