പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മന്ത്രിതലയോഗത്തെ അഭിസംബോധന ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, അന്താരാഷ്ട്ര ഊർജ ഏജൻസി സ്ഥാപിതമായതിന്റെ 50-ാം വാർഷികത്തിനു പ്രധാനമന്ത്രി അഭിനന്ദനമറിയിക്കുകയും ഈ യോഗത്തിനു കൂട്ടായ അധ്യക്ഷതവഹിച്ച അയർലൻഡിനും ഫ്രാൻസിനും നന്ദി അറിയിക്കുകയും ചെയ്തു.
സുസ്ഥിരവളർച്ചയ്ക്ക് ഊർജസുരക്ഷയുടെയും സുസ്ഥിരതയുടെയും ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഒരുദശാബ്ദത്തിനുള്ളിൽ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽനിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും ചൂണ്ടിക്കാട്ടി. ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാക്കി ഇത് ഇന്ത്യയെ മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതേ കാലയളവിൽ ഇന്ത്യയുടെ സൗരോർജശേഷിയിൽ 26 മടങ്ങു വളർച്ച രേഖപ്പെടുത്തിയതായും രാജ്യത്തിന്റെ പുനരുപയോഗ ഊർജശേഷി ഇരട്ടിയാക്കിയതായും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഈ വിഷയത്തിൽ സമയപരിധിക്കു മുമ്പായി ഞങ്ങളുടെ പാരീസ് പ്രതിബദ്ധതകൾ മറികടന്നു” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകജനസംഖ്യയുടെ 17 ശതമാനവും ഇന്ത്യയിലാണെന്നും ലോകത്തിലെ ഏറ്റവും വലിയ ഊർജലഭ്യതാസംരംഭങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ ആഗോളതലത്തിൽ ആകെയുള്ളതിന്റെ 4% മാത്രമാണെന്നും എടുത്തുപറഞ്ഞു. കൂട്ടായതും സജീവവുമായ സമീപനം സ്വീകരിച്ചു കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. “അന്താരാഷ്ട്ര സൗരസഖ്യംപോലുള്ള സംരംഭങ്ങൾക്ക് ഇന്ത്യ ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്. ഞങ്ങളുടെ ‘മിഷൻ ലൈഫ്’ കൂട്ടായ സ്വാധീനത്തിനായി ഗ്രഹസൗഹൃദജീവിതശൈലിക്കായുള്ള തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘ഉപഭോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം നടത്തുക’ എന്നത് ഇന്ത്യയുടെ പരമ്പരാഗതജീവിതരീതിയുടെ ഭാഗമാണ്” – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി-20 അധ്യക്ഷകാലയളവിൽ ആഗോള ജൈവ ഇന്ധനസഖ്യം ആരംഭിച്ചതിനെക്കുറിച്ചു പരാമർശിക്കവേ, ഈ സംരംഭത്തെ പിന്തുണച്ചതിന് അന്താരാഷ്ട്ര ഊർജ ഏജൻസിക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഏതൊരു സ്ഥാപനത്തിന്റെയും വിശ്വാസ്യതയും കഴിവും വർധിപ്പിക്കുന്ന ഉൾച്ചേർക്കലിലേക്കു ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി, പ്രതിഭയും സാങ്കേതികവിദ്യയും പുതുമയും നൂതനത്വവും കൊണ്ടുവരാൻ കഴിയുന്ന 140 കോടി ഇന്ത്യൻ പൗരന്മാരെക്കുറിച്ചു പരാമർശിച്ചു. “ഞങ്ങൾ ഓരോ ദൗത്യത്തിലും വ്യാപ്തിയും വേഗതയും അളവും ഗുണനിലവാരവും കൊണ്ടുവരുന്നു”- ഇന്ത്യ വലിയ പങ്കുവഹിക്കുന്നത് അന്താരാഷ്ട്ര ഊർജ ഏജൻസിക്കു വളരെയധികം ഗുണം ചെയ്യുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗം ഉപസംഹരിക്കവേ, അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മന്ത്രിതലയോഗത്തിനു വിജയാശംസകൾ നേർന്ന പ്രധാനമന്ത്രി, നിലവിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പുതിയവ സൃഷ്ടിക്കുന്നതിനും ഈ വേദി പ്രയോജനപ്പെടുത്താൻ അഭ്യർഥിക്കുകയും ചെയ്തു. “നമുക്കു സംശുദ്ധവും ഹരിതാഭവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ലോകം കെട്ടിപ്പടുക്കാം” – ശ്രീ മോദി ഉപസംഹരിച്ചു.
Sharing my remarks at the International Energy Agency’s Ministerial Meeting. https://t.co/tZrgrjdkJC
— Narendra Modi (@narendramodi) February 14, 2024
***
–NK–
Sharing my remarks at the International Energy Agency’s Ministerial Meeting. https://t.co/tZrgrjdkJC
— Narendra Modi (@narendramodi) February 14, 2024