Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അധ്യാപക ദിനത്തലേന്ന് പ്രധാനമന്ത്രി സ്‌കൂള്‍ കുട്ടികളുമായി സംവദിച്ചു



അധ്യാപക ദിനത്തലേന്നായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യമെമ്പാടമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നെ അവതാരകരായ വിശിഷ്ട ചടങ്ങില്‍, ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 125 രൂപ, പത്ത് രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാജ്യത്തെ സെക്കന്‍ഡറി തലത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകളെ പ്രദര്‍ശിപ്പിച്ചും പരിപോഷിപ്പിച്ചും വിദ്യാഭ്യാസത്തില്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പദ്ധതിയായ കലാ ഉത്സവ് വെബ്‌സൈറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

അധ്യാപക ദിനത്തലേന്ന് സ്‌കൂള്‍ കുട്ടികളുമായി സംവദിക്കുന്നതില്‍ പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് തന്റെ ആമുഖ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. തന്റെ വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ വഴിയാണ് ഒരു അധ്യാപകന്‍ അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജന്മം നല്‍കുന്നത് അമ്മയാണെങ്കിലും അധ്യാപകനാണ് യഥാര്‍ത്ഥത്തില്‍ ജീവിതം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകനും വിദ്യാര്‍ഥിക്കും, പരസ്പരം അതുല്യ പ്രധാന്യമാണുള്ളതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. വിവിധ കുട്ടികളുമായി തങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങളെ പറ്റി അധ്യാപകര്‍ എഴുതണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ എല്ലാ വിദ്യാര്‍ഥികളെയും പ്രാധാന്യമുള്ളവരായി കരുതണമെന്നും പഠനത്തില്‍ മികവുകാട്ടുന്നവരെ മാത്രമല്ല, എല്ലാവരെയും ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിനെ അനുസ്മരിച്ച പ്രധാനമന്ത്രി, ഡോ. കലാം ഒരധ്യാപകനായി ഓര്‍മ്മിക്കപ്പെടാനാണ് ആഗ്രഹിച്ചതെന്നും പറഞ്ഞു. ഡോ. കലാമിന് അധ്യാപനത്തോട് അഭിനിവേശമുണ്ടായിരുന്നെന്നും തന്റെ ജീവിത്തിന്റെ അന്ത്യ നിമിഷങ്ങള്‍ വരെയും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന എന്‍ജിനിയര്‍മാരെയും, ഡോക്ടര്‍മാരെയും, ശാസ്ത്രജ്ഞരെയും സൃഷ്ടിക്കാന്‍ സഹായിക്കുന്ന മഹാന്മാരായ അധ്യാപകര്‍ ഇന്ത്യയ്ക്ക് ഇന്നുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. റോബോട്ടുകളെ സൃഷ്ടിക്കുന്നത് ഒഴിവാക്കി, ഒരു മുഴുവന്‍ തലമുറയെ പരിപോഷിപ്പിക്കുകയാകണം അധ്യാപകരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി, സഹമന്ത്രിമാരായ ശ്രീ ഉപേന്ദ്ര ഖുശ്വാഹ, ശ്രീ രാം ശങ്കര്‍ കത്തേരിയ, ശ്രീ ജയന്ത് സിന്‍ഹ എന്നിവരും സന്നിഹിതരായിരുന്നു.