Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടല്‍ ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ട


അടല്‍ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ലക്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാര്‍, മറ്റ് വിശിഷ്ടവ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു.

സദ്ഭരണ ദിനത്തില്‍ തന്നെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ അടല്‍ജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതും ആകസ്മികമാണെന്നു തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രൗഢഗംഭീരമായ ഈ പ്രതിമ ലോക്ഭവനില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് മികച്ച ഭരണത്തിനും പൊതുസേവനത്തിനും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടല്‍ജിക്ക് സമര്‍പ്പിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനത്തിന് വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായിരുന്ന ലക്‌നൗവില്‍ തന്നെ തറക്കല്ലിടാനുള്ള അവസരം തനിക്ക് ലഭിച്ച വിശേഷഭാഗ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തെ ഖണ്ഡങ്ങളായി കാണാന്‍ കഴിയില്ലെന്നും അതിനെ സമ്പൂര്‍ണ്ണമായി തന്നെ കാണണമെന്നും അടല്‍ജി പറയാറുണ്ടായിരുന്നതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഗവണ്‍മെന്റിനെ സംബന്ധിച്ചും മികച്ച ഭരണത്തിനും ഇത് സത്യമാണ്. പ്രശ്‌നങ്ങളെ പൂര്‍ണ്ണമായി, സമ്പൂര്‍ണ്ണമായി ചിന്തിക്കാതെ നല്ല ഭരണം സാദ്ധ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ ആരോഗ്യ പരിരക്ഷയിലെ പ്രവര്‍ത്തനം, താങ്ങാവുന്ന ആരോഗ്യപരിരക്ഷ വിപുലീകരിക്കല്‍, വിതരണഭാഗത്തെ ഇടപെടലുകള്‍ അതായത് ഈ മേഖലയിലെ ഓരോ ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ വിതരണം ഉറപ്പാക്കുകയും മിഷന്‍ മാതൃകയില്‍ ഇടപെടലുമുള്‍പ്പെടെ ആരോഗ്യമേഖലയില്‍ തന്റെ ഗവണ്‍മെന്റിന്റെ രൂപരേഖ പ്രധാനമന്ത്രി അക്കമിട്ടു നിരത്തി. സ്വച്ഛ് ഭാരത് മുതല്‍ യോഗ വരെയും, ഉജ്വല മുതല്‍ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് വരെയും ഇതെല്ലാം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആയുര്‍വേദത്തിന്റെ പ്രോത്സാഹനവും- ഇത്തരത്തിലുള്ള ഓരോ മുന്‍കൈകളും രോഗങ്ങളുടെ പ്രതിരോധത്തില്‍ സുപ്രധാനമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയില്‍ 1.25 ലക്ഷത്തിലേറെ സൗഖ്യകേന്ദ്രങ്ങളുടെ നിര്‍മാണം പ്രതിരോധ ആരോഗ്യപരിരക്ഷയ്ക്ക് പ്രധാനമാണ്. നേരത്തെതന്നെ രോഗത്തിന്റെ സൂചന കണ്ടെത്തുന്നതിലൂടെ ഈ കേന്ദ്രങ്ങള്‍ ചികിത്സയ്ക്ക് വളരെയധികം സഹായകരമായിത്തീരും. ആയുഷ്മാന്‍ ഭാരതിലൂടെ രാജ്യത്തെ ഏകദേശം 70 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. ഇതില്‍ ഏകദേശം 11 ലക്ഷത്തോളം യു.പിയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ശുചിത്വവും ആരോഗ്യസൗകര്യങ്ങളും ഗ്രാമഗ്രാന്തരങ്ങളില്‍ ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് ആരംഭിച്ച പ്രവര്‍ത്തനം യു.പിയിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള വലിയ കാല്‍വെപ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം മികച്ച ഭരണം എന്നു പറഞ്ഞാല്‍ എല്ലാവരെയും കേള്‍ക്കുക, എല്ലാ പൗരന്മാരിലും സേവനങ്ങള്‍ എത്തപ്പെടുക, ഓരോ ഇന്ത്യാക്കാരനും അവസരങ്ങള്‍ ലഭിക്കുക, ഓരോ പൗരനും സുരക്ഷിതത്വ ബോധമുണ്ടാകുകയും ഗവമെന്റിന്റെ ഓരോ സംവിധാനവും ലഭ്യമാകുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ അവകാശങ്ങള്‍ക്ക് നമ്മള്‍ വലിയ ഊന്നല്‍ നല്‍കി. ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് നമുക്ക് നമ്മുടെ കടമകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും തുല്യ ഊന്നല്‍ നല്‍കണമെന്നാണ്, അദ്ദേഹം പറഞ്ഞു. അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എപ്പോഴും നമ്മള്‍ ഒന്നിച്ചാണ് ഓര്‍ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച വിദ്യഭ്യാസം, വിഭ്യാഭ്യാസം ലഭ്യമാകുകയെന്നതു നമ്മുടെ അവകാശമാണ്. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ, നമ്മുടെ അദ്ധ്യാപകരോടുള്ള ബഹുമാനം എന്നിവയില്‍ നമുക്ക് ഉത്തരവാദിത്തങ്ങളുണ്ട്. നമ്മള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുകയും നമ്മുടെ ലക്ഷ്യങ്ങള്‍ നേടുകയും വേണം. അതായിരിക്കണം സദ്ഭരണദിനത്തിലെ നമ്മുടെ പ്രതിജ്ഞ. ഇതാണ് ജനങ്ങളുടെ പ്രതീക്ഷ, ഇതാണ് അടല്‍ജിയുടെ ജീവചൈതന്യവുമെന്നു വ്യക്തമാക്കിയാണു പ്രധാനമന്ത്രി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

******