Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടി’ന് കീഴിലുള്ള സംവിധാനങ്ങള്‍ക്കു പണം ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര തല പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം


കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടെന്ന ദേശീയാടിസ്ഥാനത്തിലുള്ള കേന്ദ്രതല പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പദ്ധതിയനുസരിച്ച് പലിശയിളവിലൂടെയും സാമ്പത്തിക പിന്‍തുണയിലൂടെയും വിളവെടുപ്പു കഴിഞ്ഞുള്ള പരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യത്തിനും സാമൂഹിക കാര്‍ഷിക ആസ്തിക്കുമായുള്ള വിജയപ്രദമായ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി ഇടക്കാല, ദീര്‍ഘകാല വായ്പാ സൗകര്യം ലഭ്യമാകും. പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍ (പി.എ.സി.എസ്.), മാര്‍ക്കറ്റിംഗ് സഹകര സൊസൈറ്റികള്‍, കര്‍ഷക വിള സംഘടനകള്‍ (എഫ്.പി.ഒകള്‍), സ്വയംസഹായ സംഘങ്ങള്‍ (എസ്.എച്ച്.ജി), കര്‍ഷകര്‍, സംയുക്ത ബാദ്ധ്യതാ ഗ്രൂപ്പുകള്‍ (ജെ.എല്‍.ജി), വിവിധോദ്ദേശ്യ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, മൊത്തത്തിലുള്ള അടിസ്ഥാനസൗകര്യ ദാതാക്കള്‍, കേന്ദ്ര/സംസ്ഥാന ഏജന്‍സികള്‍ അല്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നിവയ്ക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം കോടി രൂപയുടെ വരെ വായ്പകള്‍ ലഭ്യമാക്കും.

ഈ വര്‍ഷം 10,000 കോടി രൂപയില്‍ തുടങ്ങി അടുത്ത ഓരോ സാമ്പത്തിക വര്‍ഷവും 30,000 കോടി രൂപ വീതം നാലു വര്‍ഷം കൊണ്ടായിരിക്കും വായ്പകള്‍ വിതരണം ചെയ്യുന്നത്.

ഈ ധനസഹായ സൗകര്യത്തിന് കീഴില്‍ വരുന്ന എല്ലാ വായ്പകള്‍ക്കും പ്രതിവര്‍ഷം 2 കോടി രൂപയുടെ പരിധിവരെ 3% വീതം പലിശയിളവ് ഉണ്ടായിരിക്കും. പരമാവധി ഏഴു വര്‍ഷം ഈ പലിശയിളവു ലഭിക്കും. തുടര്‍ന്ന് സൂക്ഷ്മ, ചെറുകിട സംരഭങ്ങളിലെ രണ്ടു കോടി രൂപയുടെ വരെ വായ്പയുള്ള യോഗ്യരായ ഋണബാധിതര്‍ക്ക് വായ്പാ ഉറപ്പ് ഫണ്ടി( ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട്)ന് കീഴിലുള്ള ധനസഹായ സൗകര്യത്തില്‍ നിന്നു വായ്പാ ഉറപ്പ് പരിരക്ഷ ലഭിക്കും. ഈ പരിരക്ഷയ്ക്കുള്ള ഫീസ് ഗവണ്‍മെന്റ് നല്‍കും. എഫ്.പി.ഒകളുടെ കാര്യത്തില്‍ വായ്പാ ഉറപ്പ് കാര്‍ഷിക, സഹകരണ കര്‍ഷക ക്ഷേമ വകുപ്പിന് കീഴിലുള്ള എഫ്.പി.ഒ പ്രോത്സാഹന പദ്ധതിയില്‍ നിന്നായിരിക്കും ലഭ്യമാവുക.

ഇന്ത്യാ ഗവണ്‍മെന്റിന്റെ മൊത്തം ബജറ്ററി സഹായമായി ഇതിന് നല്‍കുന്നത് 10,736 കോടി രൂപയായിരിക്കും.

ഈ സാമ്പത്തിക സംവിധാനത്തില്‍ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി ഏറ്റവും കുറഞ്ഞത് ആറുമാസം മുതല്‍ പരമാവധി 2 വര്‍ഷം വരെ വ്യത്യസ്തമായ രീതിയിലായിരിക്കും.
കൃഷിക്കും കൃഷി സംസ്‌ക്കരണാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും ഔപചാരിക വായ്പാ സൗകര്യം ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ഗ്രാമീണമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റ(എം.ഐ.എസ്.)ത്തിന്റെ വേദിയിലൂടെയായിരിക്കും കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ട് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത്. ഇത് യോഗ്യതയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ ഫണ്ട് പ്രകാരമുള്ള വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് സഹായകമാവും. വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കിലെ സുതാര്യത, പലിശ ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതി വിശദാംശങ്ങള്‍, വാഗ്ദാനം ചെയ്യുന്ന ഉറപ്പായ വായ്പ, പരിമിതമായ രേഖകള്‍, അതിവേഗ അംഗീകാരത്തിനുള്ള നടപടികള്‍ ഒപ്പം മറ്റ് പദ്ധതികളിലെ നേട്ടങ്ങളുമായുള്ള സംയോജിപ്പിക്കല്‍ തുടങ്ങിയ ഗുണങ്ങള്‍ ഓണ്‍ലൈന്‍ വേദിയിലൂടെ ലഭിക്കും.

യഥാസമയ നിരീക്ഷണത്തിനും കാര്യക്ഷമമായ പ്രതികരണങ്ങള്‍ക്കുമായി ദേശീയ, സംസ്ഥാന, ജില്ലാതല നിരീക്ഷണ സമിതകള്‍ രൂപീകരിക്കും.

2020 സാമ്പത്തിക വര്‍ഷം മുതല്‍ 2029 സാമ്പത്തിക വര്‍ഷം വരെ (10 വര്‍ഷം) ആയിരിക്കും ഈ പദ്ധതിയുടെ കാലാവധി.