Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അക്കൗണ്ടന്റ്‌സ് ജനറല്‍ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ നാളെ (2019 നവംബര്‍ 21) നടക്കുന്ന അക്കൗണ്ടന്റ് ജനറല്‍മാരുടെയും, ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍മാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ രാജ്യത്തുടനീളമുള്ള എ.ജി മാരേയും, ഡെപ്യൂട്ടി എ.ജി മാരേയും അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി ശ്രീ. നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്യും.

‘ഡിജിറ്റല്‍ ലോകത്ത് ഓഡിറ്റിംഗും, അഷ്വറന്‍സും പരിവര്‍ത്തനവിധേയമാകുമ്പോള്‍’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഇതുവരെയുള്ള അനുഭവങ്ങളുടെയും പാഠങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് വകുപ്പിന്റെ അടുത്ത ഏതാനും വര്‍ഷത്തേക്കുള്ള പാത നിര്‍ണ്ണയിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഡാറ്റകള്‍ നിയന്ത്രിക്കപ്പെടുന്ന അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നയ, ഭരണ നിര്‍വ്വഹണ രംഗത്ത് വകുപ്പിനെ സാങ്കേതിക വിദ്യയാല്‍ എങ്ങനെ പരിവര്‍ത്തിപ്പിക്കാമെന്നതിനെ കുറിച്ച് പാനല്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും.

ഒരു IA & AD – ഒരു സംവിധാനം നടപ്പിലാക്കിക്കൊണ്ട് ഓഡിറ്റ് പ്രക്രിയയെ വകുപ്പ് ആഭ്യന്തരമായി കമ്പ്യൂട്ടര്‍വത്കരിച്ച് വരികയാണ്. ഇന്ററാക്ടീവ് അക്കൗണ്ട്‌സുകളിലൂടെയും, ഡിജിറ്റല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലൂടെയും ഓഡിറ്റ് ചെയ്യേണ്ട യൂണിറ്റുകളുടെ സന്ദര്‍ശനം പരമാവധി ഒഴിവാക്കുന്നതിലേക്കാണ് വകുപ്പ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓഡിറ്റര്‍മാരുടെ വൈജ്ഞാനിക അടിത്തറ വിപുലപ്പെടുത്താനും എപ്പോള്‍ വേണമെങ്കിലും വികസിപ്പിക്കാവുന്ന വിവരസാങ്കേതികവിദ്യ അധിഷ്ഠിതമായ ടൂള്‍ കിറ്റുകള്‍ വികസിപ്പിച്ചെടുക്കാനും ശ്രമങ്ങള്‍ നടന്നുവരികയാണ്.

സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന പുതുയുഗത്തിലെ ഇന്ത്യയില്‍ ഓഡിറ്റിംഗ് രംഗത്ത് ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ ഓഡിറ്റ്‌സ് ആന്റ് അക്കൗണ്ട്‌സ് വകുപ്പ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുകയാണ്.

***