Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


കര്‍ഷകരുടെ ജീവിതം ഭദ്രമാക്കാനുള്ള മറ്റൊരു വലിയ ശ്രമത്തില്‍, ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍വെച്ചു പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

60 വയസ്സു തികയുമ്പോള്‍ മൂവായിരം രൂപ മിനിമം പെന്‍ഷന്‍ ലഭ്യമാക്കുകവഴി ഈ പദ്ധതി അഞ്ചു കോടി ചെറുകിട, ഇടത്തരം കര്‍ഷകരുടെ ജീവിതം ഭദ്രമാക്കും.
കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ തേടുന്നവര്‍ക്കുമായുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

60 വയസ്സു തികയുന്ന ചെറുകിട കച്ചവടക്കാര്‍ക്കും സ്വയം തൊഴിലുകാര്‍ക്കും 3,000 രൂപ പെന്‍ഷന്‍ ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി.

ഈ പദ്ധതി മൂന്നു കോടിയോളം ചെറുകിട കര്‍ഷകര്‍ക്കു ഗുണകരമായിത്തീരും.
കരുത്തുറ്റ ഗവണ്‍മെന്റ് നല്‍കിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

‘പുതിയ ഗവണ്‍മെന്റ് രൂപീകൃതമായാല്‍ രാജ്യത്തെ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പി.എം. കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നു ഞാന്‍ പറഞ്ഞിരുന്നു. രാജ്യത്താകമാനമുള്ള ആറര കോടിയോളം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ ഇപ്പോള്‍ നിക്ഷേപിച്ചുകഴിഞ്ഞു. ഝാര്‍ഖണ്ഡിലെ എട്ടു ലക്ഷത്തോളം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 250 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്.’

‘വികസനം നാം മുന്‍ഗണന നല്‍കുന്ന കാര്യമാണെന്നു മാത്രമല്ല, നമ്മുടെ പ്രതിബദ്ധത കൂടിയാണ്. ഓരോ ഇന്ത്യക്കാരനും സാമൂഹിക സുരക്ഷയുടെ കവചം തീര്‍ക്കാനുള്ള ശ്രമത്തിലാണു നമ്മുടെ ഗവണ്‍മെന്റ്’, പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.
‘സഹായം ഏറ്റവും കൂടുതല്‍ ആവശ്യമായവരുടെ ചങ്ങാതിയായി മാറുകയാണ് ഗവണ്‍മെന്റ്. ഈ മാര്‍ച്ച് മുതല്‍ അസംഘടിത മേഖലയിലെ കോടിക്കണക്കിനു തൊഴിലാളികള്‍ക്കായി ഇതേ രീതിയിലുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കി.’
‘ശ്രമയോഗി മനധന്‍ യോജനയില്‍ 32 ലക്ഷം തൊഴിലാളികള്‍ ചേര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയിലും പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയിലും 22 കോടി പേര്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 30 ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ ഝാര്‍ഖണ്ഡുകാരാണ്. ആയുഷ്മാന്‍ ഭാരത് യോജന വഴി 44 ലക്ഷം ദരിദ്ര രോഗികള്‍ക്കു നേട്ടമുണ്ടായി. ഇതില്‍ മൂന്നു ലക്ഷം പേര്‍ ഝാര്‍ഖണ്ഡുകാരാണ്.’
ശാക്തീകരണം ലക്ഷ്യമിട്ട് രാജ്യത്താകമാനം ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള മേഖലകളില്‍ ആരംഭിക്കുന്ന 462 ഏകലവ്യ വിദ്യാലയങ്ങള്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തല വിദ്യാഭ്യാസം അതതു മേഖലകളിലെ പട്ടികവര്‍ഗ വിദ്യര്‍ഥികള്‍ക്കു ലഭ്യമാക്കുന്നതിനാണ് ഈ വിദ്യാലയങ്ങള്‍ ഊന്നല്‍ നല്‍കുക.

‘ഈ ഏകലവ്യ വിദ്യാലയങ്ങള്‍ ഗോത്രവര്‍ഗ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മാധ്യമം എന്ന നിലയ്ക്കു മാത്രമല്ല, കായിക, നൈപുണ്യ വികസനത്തിനുള്ള സൗകര്യവും പ്രാദേശിക കലകളും സംസ്‌കാരവും സംരക്ഷിക്കാനുള്ള സൗകര്യവും ഉള്ള കേന്ദ്രങ്ങള്‍ എന്ന നിലയില്‍ക്കൂടി പ്രവര്‍ത്തിക്കും. ഈ വിദ്യാലയങ്ങളില്‍ ഓരോ ഗോത്രവര്‍ഗ വിദ്യാര്‍ഥിക്കുമായി ഗവണ്‍മെന്റ് ഒരു ലക്ഷത്തിലേറെ രൂപ ചെലവിടും.’
സാഹിബ്ഗഞ്ചില്‍ മള്‍ട്ടി-മോഡല്‍ ഗതാഗത ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.

‘ഇന്ന് എനിക്ക് സാഹിബ്ഗഞ്ച് മള്‍ട്ടി-മോഡല്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനുള്ള അവസരവും ലഭിച്ചു. ഇതു കേവലം മറ്റൊരു പദ്ധതിയല്ല; മറിച്ച് ഈ മേഖലയ്ക്കാകെ പുതിയ ഒരു ഗതാഗത സാധ്യത ലഭ്യമാക്കുകയാണ്. ഈ ജലപാത ഝാര്‍ഖണ്ഡിനെ മുഴുവന്‍ രാജ്യവുമായി മാത്രമല്ല, വിദേശ രാജ്യങ്ങളുമായിപ്പോലും ബന്ധിപ്പിക്കും. ഈ ടെര്‍മിനലില്‍നിന്ന് ഗോത്രവര്‍ഗക്കാരായ സഹോദരീ സഹോദരന്‍മാര്‍ക്കും ഇവിടത്തെ കര്‍ഷകര്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ രാജ്യത്താകമാനമുള്ള വിപണികളിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കും’, പ്രധാനമന്ത്രി പറഞ്ഞു.

ഝാര്‍ഖണ്ഡിലെ പുതിയ വിധാന്‍ സഭ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
‘സംസ്ഥാനം രൂപീകൃതമായി രണ്ടു ദശാബ്ദത്തോളം പിന്നിടുമ്പോള്‍ ഇന്നു ജനാധിപത്യത്തിന്റെ ദേവാലയം ഝാര്‍ഖണ്ഡില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഝാര്‍ഖണ്ഡ് ജനതയുടെ സുവര്‍ണഭാവിയുടെ അടിത്തറ പാകുന്നതും ഇപ്പോഴത്തേതും ഭാവിയിലെയും തലമുറകളുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നതുമായ വിശുദ്ധ ഇടമാണ് ഈ കെട്ടിടം’. സെക്രട്ടേറിയറ്റിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ പ്രധാനമന്ത്രി പൗരന്‍മാരോട് ആഹ്വാനം ചെയ്തു.

2019 സെപ്റ്റംബര്‍ 11നു തുടക്കമിട്ട സ്വച്ഛതാ ഹീ സേവാ പദ്ധതിയെക്കുറിച്ചു പരാമര്‍ശിക്കവേ പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്നലെ രാജ്യത്തു സ്വച്ഛതാ ഹീ സേവാ പ്രചരണം ആരംഭിച്ചു. ഈ പ്രചരണം അനുസരിച്ച് ഒക്ടോബര്‍ രണ്ടോടെ നമുക്കു വീടുകൡലും വിദ്യാലയങ്ങളിലും ഓഫീസുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ 150ാമതു ജന്‍മവാര്‍ഷിക ദിനമായ ഒക്ടോബര്‍ രണ്ടിനു നമുക്ക് ആ പ്ലാസ്റ്റിക് ശേഖരം നീക്കംചെയ്യേണ്ടതുണ്ട്.’