Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ശ്രീ രാജീവ് ഗാന്ധി

ഒക്ടോബര്‍ 31, 1984 - ഡിസംബര്‍ 2, 1989 | കോണ്‍ഗ്രസ് (ഐ)

ശ്രീ രാജീവ് ഗാന്ധി


നാല്‍പതാം വയസ്സില്‍ അധികാരമേറ്റ രാജീവ് ഗാന്ധി ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും ഒരുപക്ഷേ, രാഷ്ട്രത്തലവന്‍മാരെ തെരഞ്ഞെടുക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമായിരിക്കും. അദ്ദേഹത്തിന്റെ അമ്മ ശ്രീമതി ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിപദമേറുമ്പോള്‍ ശ്രീ രാജീവ് ഗാന്ധിയെ അപേക്ഷിച്ച് എട്ടു വയസ്സു കൂടുതലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തനായ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാകട്ടെ, 58-ാം വയസ്സിലാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെന്ന നിലയ്ക്ക്, 17 വര്‍ഷം നീ ഭരണസാരഥ്യത്തിനു തുടക്കമിട്ടത്.

പുതിയ തലമുറയുടെ കടന്നുവരവിന്റെ തുടക്കക്കാരനെന്ന നിലയില്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ജനപിന്തുണയാണ് ശ്രീ ഗാന്ധിക്കു ലഭിച്ചത്. തന്റെ അമ്മ വെടിയേറ്റു മരിച്ചതിന്റെ ദു:ഖം അടങ്ങുംമുന്‍പേ തന്നെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ അദ്ദേഹം സന്നദ്ധനായി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും ആകെ തെരഞ്ഞെടുപ്പു നടന്ന 508 സീറ്റുകളില്‍ 401 എണ്ണത്തില്‍ വിജയിക്കാന്‍ സാധിക്കുകയും ചെയ്തു. തൊട്ടു മുന്‍പു നടന്ന ഏഴു തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ലഭിക്കാത്തത്ര ഭൂരിപക്ഷമാണു കോണ്‍ഗ്രസിന് അത്തവണ ലഭിച്ചത്.

എഴുന്നൂറു ദശലക്ഷം ഇന്ത്യക്കാരുടെ അനിഷേധ്യ നേതാവെന്ന നിലയ്ക്കുള്ള തുടക്കം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. വൈകിയ പ്രായത്തില്‍, ഒട്ടും താല്‍പര്യമില്ലാതെ ശ്രീ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രവേശത്തിനാണ് അംഗീകാരം ലഭിച്ചതെന്നതും സവിശേഷതയാണ്. നാലു തലമുറകളായി, സ്വാതന്ത്ര്യ സമരകാലത്തും പിന്നീടും രാജ്യത്തെ സേവിച്ചുവന്നിരുന്ന കുടുംബത്തിലെ ഇളംതലമുറക്കാരനായിരുന്നെങ്കിലും അദ്ദേഹത്തിനു രാഷ്ട്രീയത്തില്‍ തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല.

1944 ഓഗസ്റ്റ 20ന് ബോംബെയിലാണ് ശ്രീ രാജീവ് ഗാന്ധി പിറന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും മുത്തച്ഛന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിനു കേവലം മൂന്നു വയസ്സു മാത്രമേ ഉായിരുന്നുള്ളൂ. ആ സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ലഖ്‌നൗവില്‍നിന്നു ഡെല്‍ഹിയിലേക്കു താമസം മാറ്റി. ശ്രീ ഗാന്ധിയുടെ പിതാവ് ഫിറോസ് ഗാന്ധി എം.പിയാകുകയും നിര്‍ഭയനും കഠിനാധ്വാനിയുമായ പാര്‍ലമെന്റേറിയനെന്ന പേരു സമ്പാദിക്കുകയും ചെയ്തു. മുത്തച്ഛനോടൊപ്പം തീന്‍മൂര്‍ത്തി ഹൗസിലായിരുന്നു രാജീവ് ഗാന്ധി ബാല്യം ചെലവിട്ടത്. ഇന്ദിരാഗാന്ധിയായിരുന്നു വീട്ടുകാരിയായി അവിടെ കാര്യങ്ങള്‍ നടത്തിയിരുന്നത്. കുറച്ചുകാലം ഡെറാഡൂണിലെ വെല്‍ഹം പ്രേപിലെ സ്‌കൂളില്‍ പഠിച്ചശേഷം ഹിമാലയന്‍ താഴ്‌വരകളിലുള്ള ഡൂണ്‍ സ്‌കൂളിലേക്കു മാറി. അവിടെവച്ച് അദ്ദേഹത്തിനു ചില ആജീവനാന്ത സുഹൃത്തുക്കളെ ലഭിച്ചു. വൈകാതെ അനുജന്‍ സഞ്ജയ് കൂടി പഠനത്തിനായി അവിടെയെത്തുകയും ചെയ്തു.

സ്‌കൂള്‍ പഠനത്തിനുശേഷം കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നെങ്കിലും പെട്ടെന്നു തന്നെ ലന്‍ ഇംപീരിയല്‍ കോളജിലേക്കു മാറി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സായിരുന്നു പഠിച്ചത്. പിന്നീടു പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, പരീക്ഷയ്ക്കായി കഷ്ടപ്പെട്ടു പഠിക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു.

രാഷ്ട്രീയം തൊഴിലായി തെരഞ്ഞെടുക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ലെന്നു വ്യക്തം. ശ്രീ ഗാന്ധിയുടെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ പുസ്തക അലമാരകളില്‍ കൂടുതലും സയന്‍സ്, എന്‍ജിനീയറിംഗ് പുസ്തകങ്ങളായിരുന്നുവെന്നും തത്വചിന്ത, രാഷ്ട്രീയം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ നന്നേ കുറവായിരുന്നു എന്നുമാണ്. സംഗീതത്തോട് അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. പാശ്ചാത്യസംഗീതവും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവും ആധുനിക സംഗീതവും ഇഷ്ടപ്പെട്ടിരുന്നു. ഫോട്ടോഗ്രഫിയും അമച്വര്‍ റേഡിയോയുമായിരുന്നു മറ്റു രണ്ടു താല്‍പര്യങ്ങള്‍.

വിമാനയാത്രയോട് അദ്ദേഹത്തിന് അങ്ങേയറ്റത്തെ അഭിനിവേശമായിരുന്നു. ഇംഗ്ലണ്ടില്‍നിന്നു മടങ്ങിയെത്തിയ ഉടന്‍ ഡെല്‍ഹി ഫ്‌ളൈയിങ് ക്ലബിന്റെ പ്രവേശന പരീക്ഷ പാസായി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാന്‍ തീരുമാനിച്ചു. വൈകാതെ പൊതുമേഖലാ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായി ചേര്‍ന്നു.

കേംബ്രിജില്‍ പഠിക്കവേ, അവിടെ ഇംഗ്ലീഷ് പഠിക്കുകയായിരുന്ന ഇറ്റാലിയന്‍ പെണ്‍കുട്ടി സോണിയ മെയ്‌നോയെ കണ്ടുമുട്ടിയിരുന്നു. 1968ല്‍ അവര്‍ ഡെല്‍ഹിയില്‍ വച്ചു വിവാഹിതരായി. മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ന്യൂഡെല്‍ഹിയില്‍ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ചുറ്റുവട്ടത്തും നടക്കുന്ന രാഷ്ട്രീയ കോലാഹലങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ അവരുടെ ജീവിതം സ്വകാര്യത നിറഞ്ഞതായിരുന്നു.

പക്ഷേ, 1980ല്‍ ഉണ്ടായ വിമാനാപകടത്തില്‍ സഹോദരന്‍ സഞ്ജയ് മരിക്കാനിടയായതു കാര്യങ്ങള്‍ മാറിമറിയാനിടയാക്കി. രാഷ്ട്രീയത്തിലിറങ്ങാനും അമ്മയെ സഹായിക്കാനുമുള്ള സമ്മര്‍ദ്ദമേറി. പുറത്തുനിന്നും അകത്തുനിന്നുമുയര്‍ന്ന വെല്ലുവിളികള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പിടിച്ചുനിന്നെങ്കിലും വൈകാതെ സമ്മര്‍ദ്ദത്തിനു കീഴടങ്ങേിവന്നു. അനുജന്‍ സഞ്ജയ് മരിക്കുമ്പോള്‍ പ്രതിനിധാനം ചെയ്തിരുന്ന അമേതിയില്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം തയ്യാറായി. നല്ല ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1982 നവംബറില്‍ ഇന്ത്യ, ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളിയപ്പോള്‍ സ്‌റ്റേഡിയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കേതുണ്ടായിരുന്നു. നിര്‍മാണ ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നുണ്ടെന്നും പാളിച്ചകള്‍ കൂടാതെ ഗെയിസ് അരങ്ങേറുമെന്നും ഉറപ്പിക്കാന്‍ നിയുക്തനായത് ശ്രീ ഗാന്ധിയായിരുന്നു. ഈ വെല്ലുവിളി വിജയിപ്പിക്കുകവഴി കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള കഴിവും ഏകോപനശേഷിയുമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അതേസമയം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടിക്ക് ഊര്‍ജം പകരാനും സംഘടനാ സംവിധാനം കുറ്റമറ്റതാക്കാനും കാണിച്ച ചുറുചുറുക്കും ശ്രദ്ധേയമായി. പിന്നീടു നേരിടേണ്ടിവന്ന പരീക്ഷണഘട്ടങ്ങളില്‍ ഇത്തരം കഴിവുകളാണ് അദ്ദേഹത്തെ തുണച്ചത്.

1984 ഓഗസ്റ്റ് 31ന് അമ്മ കൊല്ലപ്പെട്ട ദാരുണ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായി ഒരേസമയം ചുമതലയേല്‍ക്കാന്‍ നിര്‍ബന്ധിതനായത്. ജീവിതത്തില്‍ അതിദാരുണമായ സാഹചര്യം നേരിടുന്ന അവസരത്തില്‍ ഉന്നതമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടിവന്ന അനുഭവം അദ്ദേഹത്തിനു മാത്രമേ ഉണ്ടായിക്കാണൂ. എന്നാല്‍ വ്യക്തിപരമായ ദു:ഖം നിയന്ത്രിക്കാനും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുമുള്ള മനക്കരുത്തും ആത്മസംയമനവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശ്രീ ഗാന്ധി രാജ്യത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റം വരെ ക്ഷീണംമറന്നു യാത്ര ചെയ്തു. പലപ്പോഴും ഭൂമിയുടെ ചുറ്റളവിനേക്കാള്‍ ദൂരം സഞ്ചരിച്ചു. 250 പൊതുയോഗങ്ങളിലായി ദശലക്ഷക്കണക്കിനു പേരെ അഭിസംബോധന ചെയ്തു.

ആധുനിക ചിന്തകള്‍ വച്ചുപുലര്‍ത്തുകയും യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ശ്രീ ഗാന്ധിക്ക് ഉന്നത സാങ്കേതികവിദ്യയില്‍ പരിജ്ഞാനവും അതിയായ താല്‍പര്യവുമുണ്ടായിരുന്നു. അദ്ദേഹം ആവര്‍ത്തിക്കാറുള്ളതുപോലെ, ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ, 21-ാം നൂറ്റാണ്ടിലേക്കു നീളുന്ന ഭാസുരമായ ഭാവിയുടെ ചാലകശക്തിയാകുകയെന്ന ലക്ഷ്യവും ശ്രീ ഗാന്ധിക്കുണ്ടായിരുന്നു.