സാമൂഹ്യ-സാമ്പത്തിക വികസനത്തിനായി ധര്‍മയുദ്ധം നടത്തുകയും ഇന്ത്യയുടെ അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്ന ശ്രീ എച്ച്.ഡി.ദേവഗൗഡ, 1933 മെയ് 18ന്, കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ ഹോളനരസിപുര താലൂക്കില്‍ പെട്ട ഹരദനഹള്ളിയിലാണു ജനിച്ചത്.
സിവില്‍ എന്‍ജിനീയറിങ് ഡിപ്‌ളോമ കരസ്ഥമാക്കിയ അദ്ദേഹം 20-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1953ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1962 വരെ പ്രവര്‍ത്തനം തുടര്‍ന്നു. മധ്യവര്‍ഗ കാര്‍ഷിക കുടുംബാംഗമായ ശ്രീ ഗൗഡ ഒരു കൃഷിക്കാരന്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ അനുഭവിച്ചുകൊണ്ടാണു വളര്‍ന്നത്. ദരിദ്രരായ കര്‍ഷകര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേിയും പൊരുതുന്ന ഒരു യോദ്ധാവിനെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തില്‍ വളര്‍ത്തിയെടുത്തു.
ജനാധിപത്യ സംവിധാനത്തില്‍ താഴെത്തട്ടില്‍നിന്നു പടിപടിയായി കയറിവരികയായിരുന്നു ശ്രീ ഗൗഡ. ആഞ്ജനേയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും ഹോളനരസിപൂര താലൂക്ക് വികസന ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്ന കാലത്തുതന്നെ ജനമനസ്സുകളില്‍ അദ്ദേഹം ഇടം പിടിച്ചിരുന്നു.
സമൂഹത്തില്‍ നിലകൊള്ളുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍, അദ്ദേഹം സ്വപ്‌നം കാണുന്നതു സമത്വസുന്ദരമായ ഒരു ഉട്ടോപ്യന്‍ സ്റ്റേറ്റാണ്. 28ാം വയസ്സില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രീ ഗൗഡ 1962ല്‍ കര്‍ണാടക നിയമസഭാംഗമായതു മുതല്‍ വിജയത്തിന്റെ പാതയില്‍ തന്നെയായിരുന്നു. നല്ല പ്രാസംഗികനെന്ന നിലയില്‍ സഭയിലെ മുതിര്‍ന്ന അംഗങ്ങളുടെ പോലും അംഗീകാരം നേടിയെടുത്തു. ആദ്യത്തെ തവണയ്ക്കു പിറകെ, ഹോളനരസിപൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നു തവണകൂടി- 1967-71ല്‍ നാലാം നിയമസഭയിലേക്കും 1972-77ല്‍ അഞ്ചാം നിയമസഭയിലേക്കും 1978-83ല്‍ ആറാം നിയമസഭയിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1972 മാര്‍ച്ച് മുതല്‍ 1976 മാര്‍ച്ച് വരെയും 1976 നവംബര്‍ മുതല്‍ 1977 ഡിസംബര്‍ വരെയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വഹിച്ച സേവനം പ്രകീര്‍ത്തിക്കപ്പെട്ടു.
ആറാം നിയമസഭയിലെ അംഗത്വം ശ്രീ ദേവഗൗഡ 1982 നവംബര്‍ 22നു രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ്, എട്ട് നിയമസഭകളുടെ കാലത്ത് അദ്ദേഹം പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചു. ജലസേചനമന്ത്രിയായിരിക്കെ ഒട്ടേറെ ജലസേചന പദ്ധതികള്‍ ആരംഭിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജലസേചന വകുപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്ന കാരണത്താല്‍ 1987ല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. വായിക്കാനും അതുവഴി അറിവു സമ്പാദിക്കാനുമാണ് അദ്ദേഹം ജയില്‍വാസം ഉപയോഗപ്പെടുത്തിയത്. പുസ്തകങ്ങള്‍ വായിക്കുകയും അതോടൊപ്പം സഹതടവുകാരായിരുന്ന പ്രമുഖ വ്യക്തിത്വങ്ങളുമായി ഇടപഴകാന്‍ അവസരം ലഭിക്കുകയും ചെയ്തത് ശ്രീ ഗൗഡയുടെ വ്യക്തിത്വത്തെയും കാഴ്ചപ്പാടിനെയും രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു. നിശ്ചയദാര്‍ഢ്യമേറിയ വ്യക്തിത്വം ആര്‍ജിച്ചുകൊണ്ടായിരുന്നു ജയിലില്‍നിന്നുള്ള തിരിച്ചുവരവ്.
1991ല്‍ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍- വിശിഷ്യാ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടി. ഇത് ശ്രീ ഗൗഡയോടുള്ള ആദരവു വര്‍ധിപ്പിച്ചു. പാര്‍ലമെന്റിന്റെയും പാര്‍ലമെന്ററി സ്ഥാപനങ്ങളുടെയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ചതിനും അദ്ദേഹം ശ്ലാഘിക്കപ്പെട്ടു.
ജനതാ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. 1994ല്‍ ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റുമായി. അതേവര്‍ഷം പാര്‍ട്ടിയെ കര്‍ണാടകയില്‍ അധികാരത്തിലെത്തിച്ചതിനു പിന്നിലെ ചാലകശക്തി മറ്റാരുമായിരുന്നില്ല. തുടര്‍ന്ന് ജനതാദളിന്റെ ലജിസ്ലേറ്റീവ് പാര്‍ട്ടി തലവനായി തെരഞ്ഞെടുക്കപ്പെടുകയും ഡിസംബര്‍ 11ന് 14-ാമതു മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. പിന്നീട് രാമനഗര്‍ മണ്ഡലത്തില്‍നിന്നു മല്‍സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ശ്രീ ഗൗഡ നിയമസഭാംഗമായത്.
സജീവ രാഷ്ട്രീയത്തിലുള്ള അനുഭവജ്ഞാനവും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനവും കര്‍ണാടകം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ഹൂബ്ലിയിലെ ഈദ്ഗാഹ് സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരിക വഴി അദ്ദേഹത്തിന്റെ രാഷ്ട്രീയ കൗശലം വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിന്റെ കയ്യിലായിരുന്ന ആ ഭൂമി രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രബിന്ദുകൂടി ആയിത്തീര്‍ന്നിരുന്നു. ഈ പ്രശ്‌നത്തില്‍ സമാധാനപരമായ തീരുമാനമുണ്ടാക്കുന്നതില്‍ ശ്രീ ദേവഗൗഡ വിജയിച്ചു.
1995 ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ഫോറം ഓഫ് ഇന്‍ര്‍നാഷണല്‍ ഇക്കണോമിസ്റ്റ്‌സില്‍ അദ്ദേഹം പങ്കെടുത്തു. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും മധ്യപൂര്‍വ രാഷ്ട്രങ്ങളിലേക്കും നടത്തിയ യാത്രകള്‍ അര്‍പ്പണബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുണ്ടാകുന്ന നേട്ടങ്ങളുടെ തെളിവാണ്. സിംഗപ്പൂര്‍ സന്ദര്‍ശനം വഴി ഏറെ വിദേശനിക്ഷേപമെത്തിക്കാനായത് ബിസിനസ് കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കുശാഗ്രബുദ്ധി വെളിപ്പെടുത്തുന്നതായിരുന്നു.
1970കള്‍ മുതല്‍ സുഹൃത്തുക്കളും ശത്രുക്കളുമൊക്കെ രാഷ്ട്രീയത്തില്‍ മാത്രം മുഴുകിക്കഴിയുന്ന അദ്ദേഹത്തിന്റെ രീതിയെ നിരീക്ഷിച്ചുവരികയാണ്. തന്റെ രാഷ്ട്രീയം ജനങ്ങളുടെ രാഷ്ട്രീയം തന്നെയാണെന്നും ജനങ്ങളാല്‍ ചുറ്റപ്പെട്ടുകഴിയുമ്പോഴും അവര്‍ക്കായി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴുമാണു താന്‍ സന്തുഷ്ടനാകുന്നതെന്നും ശ്രീ ഗൗഡ വ്യക്തമാക്കുന്നു.
1989ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ജനതാപാര്‍ട്ടി വിഭാഗത്തിന് ആകെ മല്‍സരിച്ച 222 സീറ്റുകളില്‍ രെണ്ണം മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മല്‍സരിച്ച രണ്ടു സീറ്റുകളും നഷ്ടപ്പെട്ട ശ്രീ ഗൗഡ ആദ്യമായി പരാജയത്തിന്റെ കയ്പറിഞ്ഞതും അത്തവണയായിരുന്നു. രാഷ്ട്രീയത്തിലെ സൗഭാഗ്യങ്ങളും ചാഞ്ചല്യങ്ങളും വ്യക്തമായി അറിയുന്ന നേതാവാണ് അദ്ദേഹം.
തെരഞ്ഞെടുപ്പു പരാജയം, നഷ്ടപ്പെട്ട അംഗീകാരവും അധികാരവും തിരിച്ചുപിടിക്കാന്‍ മാത്രമല്ല, തന്റെ രാഷ്ട്രീയപ്രവര്‍ത്തന ശൈലി പുന:പരിശോധനയ്ക്കു വിധേയമാക്കാന്‍ തന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കര്‍ണാടകയില്‍ മാത്രമല്ല ഡെല്‍ഹിയിലും കൂടുതല്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും രാഷ്ട്രീയ എതിരാളികളുമായുള്ള പല തര്‍ക്കങ്ങളും മറക്കാന്‍ തയ്യാറാകുകയും ചെയ്തു. ലളിതമായ ജീവിതരീതിയും സാധാരണക്കാരന്റെ ജീവിതചിത്രവുമുള്ള വ്യക്തിത്വത്തിന് ഉടമയാണെങ്കിലും കാര്യങ്ങള്‍ നടത്തിയെടുക്കാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനുമുള്ള ശേഷി അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ചെറിയ ജോലികള്‍ ഏറ്റെടുത്തു നടത്തിയിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു ശ്രീ ഗൗഡ. ഏഴു വര്‍ഷം സ്വതന്ത്രനായി രാഷ്ട്രീയ മണ്ഡലത്തില്‍ നിലകൊതുനിമിത്തം പാര്‍ട്ടിരാഷ്ട്രീയത്തെ പുറത്തുനിന്നു കണ്ടു മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജോലിയോട് അഭിനിവേശം പുലര്‍ത്തുന്ന അദ്ദേഹത്തിനു ചുറ്റും സഭാ ലൈബ്രറിയിലെ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂട്ടിയിട്ടിരിക്കുന്നതു കാണാം.
ശ്രീ ദൊഡ്ഡ ഗൗഡയുടെയും ശ്രീമതി ദേവമ്മയുടെയും മകനായി പിറന്ന ശ്രീ ദേവഗൗഡ തന്റെ കാര്‍ഷിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന വ്യക്തിയാണ്. ശ്രീമതി ചെന്നമ്മയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. നാല് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ് ഈ ദമ്പതികള്‍ക്കുള്ളത്.
ആണ്‍മക്കളില്‍ ഒരാള്‍ കര്‍ണാടകയില്‍ എം.എല്‍.എയാണ്. മറ്റൊരാള്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിതര, ബി.ജെ.പി. ഇതര പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാം മുന്നണി നേതൃത്വവും അതുവഴി പ്രധാനമന്ത്രിപദവും ശ്രീ ദേവഗൗഡയെ തേടിയെത്തുകയായിരുന്നു. പ്രധാനമന്ത്രിയാകുന്നതിനുവേണ്ടി അദ്ദേഹം ഒരു ശ്രമവും നടത്തിയിരുന്നില്ല.
1996 മെയ് 30ന് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാണ് അദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.