Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ശ്രീ അടല്‍ ബിഹാരി വാജ്‌പേയി

മെയ് 16, 1996 - ജൂണ്‍ 1, 1996 | ഭാരതീയ ജനതാ പാര്‍ട്ടി

ശ്രീ അടല്‍ ബിഹാരി വാജ്‌പേയി


ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാംതവണ ചുമതലയേറ്റു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സി(എന്‍.ഡി.എ.)ന്റെ പ്രതിനിധിയായാണ് അധികാരമേറ്റത്. 1996ല്‍ കുറച്ചു നാളത്തേക്കു പ്രധാനമന്ത്രിപദം വഹിച്ചിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം അടുത്തടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിപദമേറിയ ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം.

മുതിര്‍ന്ന പാര്‍ലമെന്റേറിയനായ വാജ്‌പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിനിടെ ഒന്‍പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തിലും അദ്ദേഹത്തിനു റെക്കോഡ് ഉണ്ട്‌.

പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ്, പ്രധാനപ്പെട്ട വിവിധ സ്റ്റാന്റിംങ് കമ്മിറ്റികളുടെ ചെയര്‍മാന്‍ തുടങ്ങിയ പദവികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

ബാല്യം മുതല്‍ക്കേ ദേശീയ കാഴ്ചപ്പാട് പിന്‍തുടര്‍ന്നിരുന്ന അദ്ദേഹം ബ്രിട്ടീഷ് കോളനിഭരണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയപ്രവേശം നടത്തിയത്. രാഷ്ട്രമീമാംസയും നിയമവും പഠിക്കുന്ന വിദ്യാര്‍ഥിയെന്ന നിലയില്‍, കോളജ് വിദ്യാഭ്യാസത്തിനിടെ വിദേശകാര്യങ്ങളില്‍ താല്‍പര്യമെടുത്തു തുടങ്ങി. ഈ താല്‍പര്യം ജീവിതത്തിലിങ്ങോളം നിലനിര്‍ത്തുകയും ഇന്ത്യയെ വിവിധ ബഹുരാഷ്ട്രസഭകളിലും ഉഭയരാഷ്ട്ര ചര്‍ച്ചകളിലും പ്രതിനിധാനം ചെയ്യുമ്പോള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

പത്രപ്രവര്‍ത്തകനായാണു ജീവിതം തുടങ്ങിയതെങ്കിലും ഭാരതീയ ജനസംഘത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ 1951ല്‍ തൊഴില്‍ ഉപേക്ഷിച്ചു. എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയുടെ ആദ്യകാല രൂപമാണ് ഭാരതീയ ജനസംഘം. ശ്രദ്ധേയനായ കവി കൂടിയായ അദ്ദേഹത്തിനു കമ്പമുള്ള മറ്റു കാര്യങ്ങള്‍ സംഗീതവും പാചകവുമാണ്.

മധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ ഒരു സാധാരണ സ്‌കൂള്‍ അധ്യാപക കുടുംബത്തില്‍ 1924 ഡിസംബര്‍ 25നു ജനിച്ച വാജ്‌പേയിയുടെ പൊതുജീവിതത്തിലെ വളര്‍ച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയകൗശലത്തോടും ഇന്ത്യന്‍ ജനാധിപത്യത്തോടും കടപ്പെട്ടിരിക്കുന്നു. ദശാബ്ദങ്ങള്‍ക്കകം ലോകത്തെക്കുറിച്ചുള്ള ഉദാരമായ കാഴ്ചപ്പാടുകള്‍കൊണ്ടും ജനാധിപത്യമൂല്യങ്ങളോടുള്ള അര്‍പ്പണ മനോഭാവംകൊണ്ടും സ്വീകാര്യനായ നേതാവായി അദ്ദേഹം വളര്‍ന്നു. സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക തുല്യതയുടെയും ശക്തനായ വക്താവായ വാജ്‌പേയി, രാഷ്ട്രങ്ങള്‍ക്കിടയില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കുന്നതും മുന്നോട്ടു കുതിക്കുന്നതും അഭിവൃദ്ധി നിറഞ്ഞതുമായ കരുത്തുറ്റ ഇന്ത്യ രൂപീകൃതമാകുമെന്ന ദൃഢമായ വിശ്വാസം പുലര്‍ത്തുന്നു.

സ്വയം നവീകൃതമാകുന്നതും അടുത്ത ആയിരം വര്‍ഷത്തേക്കുള്ള വെല്ലുവിളികള്‍ നേരിടാന്‍ സജ്ജവുമായ, 5000 വര്‍ഷത്തെ സംസ്‌കാരത്തിന്റെ ചരിത്രമുള്ള ഇന്ത്യക്കു വേണ്ടിയാണ്‌ അദ്ദേഹം നിലകൊള്ളുന്നത്.

ഇന്ത്യയെ മാത്രം സ്‌നേഹിക്കുകയും രാജ്യത്തിനായി സ്വയം അര്‍പ്പിക്കുകയും ചെയ്തതിനും അര നൂറ്റാണ്ടിലേറെക്കാലമായി രാജ്യത്തിനും സമൂഹത്തിനും നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ചും രാമത്തെ പരമോത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1994ല്‍ അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും നല്ല പാര്‍ലമെന്റേറിയനായി തെരഞ്ഞടുത്തു. പ്രശസ്തിപത്രത്തില്‍ ഇങ്ങനെ പറയുന്നു: ‘അടല്‍ജി കഴിവുറ്റ ദേശീയ നേതാവാണ്, പണ്ഡിതനായ രാഷ്ട്രീയക്കാരനാണ്, നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനാണ്, കരുത്തനായ പ്രഭാഷകനാണ്, കവിയും എഴുത്തുകാരനുമാണ്, പത്രപ്രവര്‍ത്തകനാണ്; ഇതിനൊക്കെയപ്പുറം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണ്. അടല്‍ജി ഉയര്‍ത്തിക്കാട്ടുന്നത്
സാധാരണക്കാരുടെ ആഗ്രഹങ്ങളാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എല്ലായ്‌പ്പോഴും ദേശീയതയെ മുറുകെ പിടിച്ചുകൊണ്ടുള്ളതാണ്.’