ജനങ്ങളോടു താല്പര്യമുള്ള ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ സുതാര്യതയും ഉത്തരവാദിത്തബോധവുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ചുവിശ്വസിക്കുന്നു. സുതാര്യതയും ഉത്തരവാദിത്തബോധവും ജനങ്ങളെ ഗവണ്മെന്റുമായി അടുപ്പിക്കുന്നെന്നു മാത്രമല്ല, അവരെ തുല്യതയോടെ കാണുകയും അവരെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന നടപടിയുടെ ഭാഗമാക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
നാലു തവണ മുഖ്യമന്ത്രിപദത്തില്‍ ഇരുന്നപ്പോഴും തുറന്നതും സുതാര്യവുമായ ഗവണ്മെന്റ് എന്ന ആശയത്തോടു ശക്തമായ പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ നരേന്ദ്ര മോദി ശ്രദ്ധിച്ചിരുന്നു. എ.സി. ചേംബറുകളിലല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലാണു നിയമങ്ങളും നയങ്ങളും പിറന്നുവീണത്. കൈക്കൊള്ളാനിരിക്കുന്ന നയങ്ങളുടെ കരടുരൂപം ജനങ്ങളുടെ പ്രതികരണവും അഭിപ്രായങ്ങളും ലഭിക്കാനായി ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരുന്നു. അതേസമയം, ‘ഗരീബ് കല്യാണ്‍ മേള’ പോലുള്ള പദ്ധതികള്‍ വികസനത്തിന്റെ ഫലം ചുവപ്പുനാടയില്‍ കുരുങ്ങാതെ നേരിട്ടു ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായകമാകുകയും ചെയ്തു. മറ്റൊരു ഉദാഹരണം ഇ-ഗവേണന്‍സ് സൗകര്യം ഉപയോഗപ്പെടുത്തി, ജനങ്ങള്‍ക്കു സമയബന്ധിതമായി സേവനം ഉറപ്പാക്കുന്ന ‘ഏകദിന ഗവേണന്‍സ്’ പദ്ധതിയാണ്. സിറ്റിസണ്‍സ് ചാര്‍ട്ടറിനു കീഴില്‍ വരുന്ന എല്ലാ സേവനങ്ങള്‍ക്കും വ്യവസ്ഥയുണ്ടാക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം.
സുതാര്യത ഉറപ്പാക്കാനുള്ള നരേന്ദ്ര മോദിയുടെ ദൃഢപ്രതിജ്ഞയും അതു നടപ്പാക്കിയെടുക്കാനുള്ള പ്രതിജ്ഞാബദ്ധതയും സൂചിപ്പിക്കുന്നത് തുറന്നതും സുതാര്യവും ജനങ്ങളില്‍ കേന്ദ്രീകൃതവുമായ ഗവണ്മെന്റിന്റെ കാലഘട്ടം ഇന്ത്യക്കു ലഭിക്കുന്നു എന്നാണ്.