Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ആദ്യ വാര്‍ഷിക വേളയില്‍ വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ആദ്യ വാര്‍ഷിക വേളയില്‍ വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയില്‍, വിദ്യാഭ്യാസ-നൈപുണ്യവികസന വിദഗ്ധരെയും രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധനചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അഭിസംബോധന. വിദ്യാഭ്യാസ മേഖലയിലെ വിവിധ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.

പുതിയ വിദ്യാഭ്യാസ നയം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നാട്ടുകാരെയും വിദ്യാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. കോവിഡ്-19 വെല്ലുവിളിയേറിയ സാഹചര്യത്തില്‍പോലും പുതിയ വിദ്യാഭ്യാസ നയം സാക്ഷാത്കരിക്കുന്നതിന് അധ്യാപകര്‍, പ്രൊഫസര്‍മാര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ നടത്തിയ കഠിനാധ്വാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ‘സ്വാതന്ത്ര്യാമൃത മഹോത്സവ’ വര്‍ഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഈ സുപ്രധാന കാലയളവില്‍ പുതിയ വിദ്യാഭ്യാസ നയം വലിയ പങ്കുവഹിക്കുമെന്ന് പറഞ്ഞു. ഇന്നു നമ്മുടെ യുവാക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തെയും ദിശയെയും ആശ്രയിച്ചാണ്് നമ്മുടെ ഭാവി പുരോഗതിയും വളര്‍ച്ചയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ദേശീയ വികസന ‘മഹായജ്ഞ’ത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരി വരുത്തിയ മാറ്റങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എങ്ങനെയാണ് സാധാരണമായി മാറിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദിക്ഷ പോര്‍ട്ടലില്‍ 2300 കോടിയിലധികം ഹിറ്റുകള്‍ ലഭിച്ചത് ദിക്ഷ, സ്വയം തുടങ്ങിയ പോര്‍ട്ടലുകളുടെ സ്വീകാര്യത ചൂണ്ടിക്കാട്ടുന്നു. 

ചെറുപട്ടണങ്ങളില്‍ നിന്നുള്ള യുവാക്കളുടെ മുന്നേറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ അത്തരം പട്ടണങ്ങളില്‍ നിന്നുള്ള യുവാക്കള്‍ നടത്തിയ മികച്ച പ്രകടനത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ മേഖലയിലെ അവരുടെ നേതൃത്വം എന്നിവയില്‍ യുവാക്കളുടെ ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. യുവതലമുറയ്ക്ക് അവരുടെ സ്വപ്നങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യം ലഭിക്കുകയാണെങ്കില്‍ അവരുടെ വളര്‍ച്ച പരിധികളില്ലാതെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യുവാക്കള്‍ അവരുടെ വ്യവസ്ഥിതിയും ലോകവും അവരുടെ തന്നെ നിബന്ധനകളനുസരിച്ച് തീരുമാനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കെട്ടുപാടുകളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും മോചനവും വേണം. യുവാക്കള്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കുമൊപ്പം രാജ്യവും പൂര്‍ണമനസോടെയുണ്ടെന്ന് പുതിയ വിദ്യാഭ്യാസ നയം ഉറപ്പ് നല്‍കുന്നു. ഇന്ന് തുടക്കം കുറിച്ച നിര്‍മിത ബുദ്ധി പരിപാടി വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്തുള്ളതാണ്. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥയ്ക്ക് അത് വഴിയൊരുക്കുകയും ചെയ്യും. അതുപോലെ, ദേശീയ ഡിജിറ്റല്‍ വിദ്യാഭ്യാസ രൂപകല്‍പ്പനയും (എന്‍ഡിഇഎആര്‍) ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറവും (എന്‍ഇറ്റിഎഫ്) രാജ്യമെമ്പാടും ഡിജിറ്റല്‍ സാങ്കേതിക ചട്ടക്കൂടു സൃഷ്ടിക്കുന്നതില്‍ വളരെ ദൂരം മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ സുതാര്യതയും സമ്മര്‍ദ്ദമില്ലായ്മയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നയങ്ങളുടെ തലത്തില്‍ സുതാര്യതയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ അവസരങ്ങളില്‍ ഈ സുതാര്യത കാണാമെന്നും അദ്ദേഹം പറഞ്ഞു. പല മടങ്ങുള്ള പ്രവേശന-നിര്‍ഗമന അവസരങ്ങള്‍, ഒരു ക്ലാസ്സിലും ഒരു കോഴ്‌സിലും മാത്രം തുടരണമെന്ന നിയന്ത്രണത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കുന്നവയാണ്. അതുപോലെ, ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് സമ്പ്രദായവും വിപ്ലവകരമായ മാറ്റം കൊണ്ടുവരും. പഠനമേഖലയും വിഷയങ്ങളും തിരഞ്ഞെടുക്കുന്നതില്‍ ഇത് വിദ്യാര്‍ത്ഥിക്ക് ആത്മവിശ്വാസം പകരും. ‘പഠന നിലവാരം വിശകലനം ചെയ്യുന്നതിനുള്ള ഘടനാപരമായ വിലയിരുത്തല്‍’ (സഫല്‍) പരീക്ഷാഭയം ഇല്ലാതാക്കും. ഈ പുതിയ പദ്ധതികള്‍ക്ക് ഇന്ത്യയുടെ ഭാഗധേയം മാറ്റാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

പ്രാദേശിക ഭാഷ പഠനമാധ്യമമാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്, മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളേജുകള്‍ ഹിന്ദി, തമിഴ്, തെലുങ്ക്,  മറാത്തി, ബംഗ്ലാ എന്നീ 5 ഇന്ത്യന്‍ ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കുന്നതിന് തുടക്കം കുറിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. എന്‍ജിനിയറിങ് കോഴ്സ് 11 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തു. മാതൃഭാഷ പഠനമാധ്യമമാക്കുന്നത്, പാവപ്പെട്ട, ഗ്രാമീണ, ഗോത്രവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരും. പ്രാഥമിക വിദ്യാഭ്യാസത്തില്‍ പോലും മാതൃഭാഷ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇന്ന് തുടക്കം കുറിച്ച വിദ്യപ്രവേശ് പരിപാടി അതിനു വലിയ പങ്കുവഹിക്കും. ഇന്ത്യയുടെ ആംഗ്യഭാഷയ്ക്ക്, ഇതാദ്യമായി ഭാഷാവിഷയത്തിന്റെ പദവി ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഭാഷയായും പഠിക്കാന്‍ കഴിയും. 3 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിന് ആംഗ്യഭാഷ ആവശ്യമാണ്. ഇത് ഇന്ത്യന്‍ ആംഗ്യഭാഷയ്ക്ക് ഉത്തേജനം നല്‍കുമെന്നും ദിവ്യാംഗരെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അധ്യാപകരുടെ നിര്‍ണായക പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപവല്‍ക്കരണഘട്ടം മുതല്‍ നടപ്പാക്കല്‍ വരെ അധ്യാപകര്‍ സജീവമായി പങ്കെടുത്തുവെന്നു വ്യക്തമാക്കി. ഇന്നു തുടക്കം കുറിച്ച നിഷ്ത 2.0, അധ്യാപകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്‍കുന്നതാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ വകുപ്പിന് നല്‍കാനും കഴിയും.

പ്രധാനമന്ത്രി തുടക്കം കുറിച്ച അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം പ്രവേശന-നിര്‍ഗമന അവസരങ്ങള്‍ നല്‍കും. ആദ്യ വര്‍ഷ എന്‍ജിനിയറിങ് പരിശീലനം പ്രാദേശിക ഭാഷകളില്‍ നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. തുടങ്ങാനിരിക്കുന്ന സംരംഭങ്ങളില്‍ ഒന്നാം തരം വിദ്യാര്‍ത്ഥികള്‍ക്കായുള്ള കളികള്‍ അടിസ്ഥാനമാക്കിയ മൂന്ന് മാസത്തെ സ്‌കൂള്‍ തയ്യാറെടുപ്പ് മൊഡ്യൂളായ വിദ്യപ്രവേശും ഉള്‍പ്പെടുന്നു. സെക്കന്‍ഡറി തലത്തില്‍ ഒരു വിഷയമായി ഇന്ത്യന്‍ ആംഗ്യഭാഷയും ഉള്‍പ്പെടുത്തും. എന്‍സിഇആര്‍ടി രൂപകല്‍പ്പന ചെയ്ത അധ്യാപക പരിശീലനത്തിന്റെ സംയോജിത പരിപാടി നിഷ്ത 2.0; സിബിഎസ്ഇ സ്‌കൂളുകളിലെ 3, 5, 8 ഗ്രേഡുകള്‍ക്കായുള്ള യോഗ്യത അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ ചട്ടക്കൂടായ സഫല്‍ (പഠനനില വിശകലനം ചെയ്യുന്നതിനുള്ള ഘടനാപരമായ വിലയിരുത്തല്‍); നിര്‍മിത ബുദ്ധിക്കായി സമര്‍പ്പിച്ചിരിക്കുന്ന വെബ്സൈറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ദേശീയ ഡിജിറ്റല്‍ വിദ്യാഭ്യാസ രൂപകല്‍പ്പന (എന്‍ഡിഇഎആര്‍), ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറം (എന്‍ഇറ്റിഎഫ്) എന്നിവയ്ക്കും തുടക്കം കുറിച്ചു.