Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി 2016 ജൂലൈ മുപ്പത്തിയൊന്നാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നിങ്ങള്‍ക്ക് നമസ്‌ക്കാരം. ഇന്ന് രാവിലെ എനിക്ക് ഡല്‍ഹി നിവാസികളായ കുറച്ചു ചെറുപ്പക്കാരോടൊപ്പം ചിലവഴിക്കാനുള്ള അവസരം ഉണ്ടായി. വരുംദിവസങ്ങളില്‍ ദേശവാസികളായ എല്ലാ യുവാക്കളും ഒളിംമ്പിക്‌സ് കളികളുടെ ആവേശോല്‍സാഹങ്ങളുടെ നിറങ്ങളില്‍ മുങ്ങുമെന്ന് ഞാന്‍ കരുതുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ കളികളുടെ ഏറ്റവും വലിയ മാമാങ്കം തുടങ്ങുന്ന കാര്യം നമുക്കെല്ലാം അറിയാമല്ലോ? ‘റിയോ’ നമ്മുടെ കാതുകളില്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കും. ലോകം മുഴുവന്‍ ഗെയിംസില്‍ മുഴുകും. ലോകത്തെ ഓരോ രാഷ്ട്രവും സ്വന്തം കളിക്കാരുടെ പ്രകടനങ്ങളില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും. നിങ്ങളും അതുപോലെയായിരിക്കുമെന്ന് കരുതുന്നു. ഇപ്രാവശ്യം ഗെയിംസില്‍ ഉന്നതമായ പ്രതീക്ഷകളാണ് നാം വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ ‘റിയോ’ ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ കളിക്കാരന്റെയും ഉത്സാഹവും ആവേശവും വര്‍ദ്ധിപ്പിക്കുക എന്നുള്ളത് 125 കോടി ഇന്ത്യാക്കാരുടെയും കര്‍ത്തവ്യമാണ്. ഇന്ന് ഡല്‍ഹിയില്‍ ഭാരതസര്‍ക്കാര്‍ ‘റണ്‍ ഫോര്‍ റിയോ’ (റിയോയ്ക്കുവേണ്ടി കൂട്ടഓട്ടം). കളിക്കൂ ജീവിക്കൂ, കളിക്കൂ തിളങ്ങൂ എന്നീ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. വരുംദിവസങ്ങളില്‍ നാം ഓരോരുത്തരും എവിടെയാണെങ്കിലും നമ്മുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ എന്തെങ്കിലും തീര്‍ച്ചയായും ചെയ്യണം. ഒളിംമ്പിക്‌സ്‌വരെ എത്തുന്ന ഓരോ കായികതാരവും കഠിനമായ പരിശ്രമങ്ങള്‍ക്കുശേഷമാണ് ഇവിടെ എത്തുന്നത് ; ഒരുതരത്തില്‍ കഠിനതപസ്യകള്‍ക്കു ശേഷംമാത്രമാണ്. ആഹാരത്തിനോട് അമിതതാല്പര്യം ഉള്ളവര്‍ക്ക് അതുപോലും ഉപേക്ഷിക്കേണ്ടിവരുന്നു. ശൈത്യകാലത്ത് സുഖനിദ്ര ആഗ്രഹിക്കുന്നവര്‍ പോലും പരിശീലനാര്‍ത്ഥം കിടക്ക വിട്ട് മൈതാനങ്ങളില്‍ എത്തേണ്ടിവരും. കായികതാരങ്ങള്‍ മാത്രമല്ല, അവരുടെ രക്ഷകര്‍ത്താക്കളും തങ്ങളുടെ മക്കളുടെ കായികരംഗത്തെ ഉന്നമനത്തിനായി ആത്മാര്‍ത്ഥ പരിശ്രമം ചെയ്യുന്നുണ്ട്. കായികതാരങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നില്ല. നിരന്തര തപസ്യകള്‍ക്കുശേഷം മാത്രം ഉണ്ടാകുന്നവരാണ്. ഒളിംമ്പിക്‌സില്‍ ജയപരാജയങ്ങള്‍ പ്രാധാന്യമുള്ളവയാണെങ്കിലും ഈ മത്സരങ്ങള്‍വരെ എത്തുക എന്നുള്ളത് ഒരു മഹത്തായ കാര്യംതന്നെയാണ്. അതുകൊണ്ട് നാം ഓരോരുത്തരും റിയോ ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്ന ഭാരതീയ കായികതാരങ്ങളെ വിജയാശംസകള്‍കൊണ്ട് അനുഗ്രഹിക്കേണ്ടതാണ്. നിങ്ങളുടെ ആശംസാ സന്ദേശങ്ങള്‍ കായികതാരങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ ഞാനും നിങ്ങളെ സഹായിക്കാം. കായികതാരങ്ങള്‍ക്ക് നിങ്ങളുടെ വിജയാശംസകള്‍ എത്തിച്ചുകൊടുക്കുന്നതിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു പോസ്റ്റുമാനാകാനും ഒരുക്കമാണ്. നിങ്ങള്‍ ‘നരേന്ദ്രമോദി ആപ്’ എന്ന സൈറ്റില്‍ കായികതാരങ്ങള്‍ക്കയക്കുന്ന സന്ദേശങ്ങള്‍ ഞാന്‍ തീര്‍ച്ചയായും കളിക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ്. ഞാനും 125 കോടി ഭാരതീയരെപ്പോലുള്ള ഒരു ഭാരതീയന്‍. ഒരു പൗരന്‍ എന്ന നിലയിലും നമ്മുടെ കായികതാരങ്ങളുടെ ആവേശവും ഉത്സാഹവും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി നിങ്ങളുടെ ഒപ്പം തീര്‍ച്ചയായും ഉണ്ടാകും. വരൂ, നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുചേര്‍ന്ന് നമ്മുടെ എല്ലാ താരങ്ങളുടെയും അന്തസ്സും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കാം. അവരുടെ പരിശ്രമങ്ങളെ പ്രശംസിച്ച് അംഗീകരിക്കാം. റിയോ ഒളിംമ്പിക്‌സിനെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്ന ഈ അവസരത്തില്‍ കവിതാരചനയില്‍ താല്പര്യമുള്ള പഞ്ചാബ് കേന്ദ്രസര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയായ സൂരജ് പ്രകാശ് ഉപാദ്ധ്യായ എനിയ്ക്ക് അയച്ചുതന്നെ ഒരു കവിത നിങ്ങളെ കേള്‍പ്പിക്കാം. ഇതുപോലുള്ള മറ്റനേകം കവികള്‍ ഉണ്ടാകും, അവരും ഇത്തരം കവിതകള്‍ എഴുതിയിട്ടുണ്ടാകും, ആരെങ്കിലുമൊക്കെ ഇനി എഴുതുകയും ചെയ്യും, ചിലര്‍ കവിതകളുടെ സംഗീതാവിഷ്‌ക്കാരം ചെയ്തിട്ടുണ്ടാകും. ഓരോ ഭാഷയിലും ഇമ്മാതിരി ശ്രമങ്ങള്‍ നടക്കുന്നുണ്ടാകും. എന്നാല്‍, ശ്രീമാന്‍. സൂരജ് എനിയ്ക്കയച്ചുതന്ന കവിത നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

‘വെല്ലുവിളികളുടെ കേളികൊട്ട്’

”കായികമേളയില്‍ വെല്ലുവിളികളുടെ കേളികൊട്ട് തുടങ്ങി,

മത്സരങ്ങളുടെ നറുവസന്തം

കളികളുടെ ഈ മാമാങ്കത്തില്‍ റിയോ ആമോദത്തില്‍

കളികളുടെ ഈ മാമാങ്കത്തില്‍ റിയോ ആമോദത്തില്‍

ഭാരതത്തിന്റെ തുടക്കം, ഭാരതത്തിന്റെ തുടക്കം

സ്വര്‍ണ്ണം, വെള്ളി, വെങ്കല വര്‍ഷത്തോടെ ഭാരതത്തിന്റെ തുടക്കം

സ്വര്‍ണ്ണം, വെള്ളി, വെങ്കല വര്‍ഷത്തോടെ ഇനി നമ്മുടെ ഊഴം,

നമ്മുടെ ഒരുക്കം അങ്ങിനെയാകട്ടെ, സ്വര്‍ണ്ണത്തിലാകട്ടെ നിങ്ങളുടെ ലക്ഷ്യം

സ്വര്‍ണ്ണത്തിലാകട്ടെ നിങ്ങളുടെ ലക്ഷ്യം,

നഷ്ടങ്ങളില്‍ നിരാശയില്ലാത്തവര്‍, നഷ്ടങ്ങളില്‍ നിരാശയില്ലാത്തവര്‍.

കോടാനുകോടി മനസ്സുകളുടെ അന്തസ്സും സ്വന്തം കളികളുടെ പ്രാണനും

പ്രശസ്തി ഈ വിധം കൈവരിക്കൂ,

റിയോയില്‍ കൊടി പാറിക്കൂ, റിയോയില്‍ കൊടി പാറിക്കൂ.”

ശ്രീമാന്‍ സൂരജ്….. താങ്കളുടെ ആശയങ്ങള്‍ ഞാന്‍ നമ്മുടെ എല്ലാ കായികതാരങ്ങള്‍ക്കുമായുള്ള സമര്‍പ്പണമായി അര്‍പ്പിക്കുന്നു. എന്റെ സ്വന്തം നിലയിലും 125 കോടി ഭാരതീയര്‍ക്കുവേണ്ടിയും റിയോയില്‍ ഭാരത പതാക പാറിപ്പറക്കുന്നതു കാണാനായി ഹൃദയം നിറഞ്ഞ ആശംസകള്‍.

ശ്രീമാന്‍ അംഗിത് കര്‍ക്കെ എന്ന ചെറുപ്പക്കാരന്‍ മുന്‍രാഷ്ട്രപതി അബ്ദുല്‍കലാമിന്റെ ചരമവാര്‍ഷികദിനം എന്നെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. കഴിഞ്ഞയാഴ്ചയില്‍ അബ്ദുല്‍കലാമിന്റെ ചരമവാര്‍ഷികവേളയില്‍ ഭാരതവും ലോകരാഷ്ട്രങ്ങളും പരേതനോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, അബ്ദുല്‍കലാമിന്റെ പേര് ഉച്ചരിക്കുമ്പോഴൊക്കെയും സയന്‍സ്, ടെക്‌നോളജി, മിസൈല്‍, സമര്‍ത്ഥമായ ഒരു ഭാവിഭാരതത്തിന്റെ ചിത്രമാണ് നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം അബ്ദുല്‍കലാമിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ താങ്കളുടെ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എഴുതി ചോദിക്കുവാന്‍ ശ്രീ അംഗിതിനെ പ്രേരിപ്പിച്ചിട്ടുള്ളതും. അദ്ദേഹത്തിന്റെ ചോദ്യം ശരിതന്നെയാണ്. വരും നൂറ്റാണ്ട് സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതായിരിക്കും. ടെക്‌നോളജി എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും, പുതിയ പ്രകാശം പരത്തുകയും ചെയ്യും. ടെക്‌നോളജിയെ ആര്‍ക്കും പിടിച്ചുവെയ്ക്കാനും ആകില്ല. ആരെങ്കിലും അതിനെ പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ അത് ദൂരെ എവിടെയെങ്കിലും പുതിയ വേഷവിധാനങ്ങളില്‍ പ്രത്യക്ഷമാകും. ടെക്‌നോളജിയെ ഒപ്പം കൂട്ടണമെങ്കില്‍ നാം അതിനേക്കാള്‍ മുന്നിലെത്താന്‍ ഒരുക്കമായിരിക്കണം. അതുകൊണ്ട് നമുക്കും ഗവേഷണങ്ങളും നവീകരണങ്ങളും സാങ്കേതികവിദ്യയുടെ പ്രാണതത്വങ്ങളായി സ്വീകരിക്കാം. ഗവേഷണങ്ങളും നവീകരണങ്ങളും യഥാസമയം നടക്കാതിരുന്നാല്‍ സാങ്കേതികവിദ്യയുടെ കാര്യവും കെട്ടിക്കിടക്കുന്ന മലിനജലം ദുര്‍ഗ്ഗന്ധം ഉണ്ടാക്കുന്നതുപോലെയാകും. അത് നമുക്കൊരു ഭാരമായി തീരും. ഗവേഷണനവീകരണ പ്രക്രിയകളില്‍ താല്പര്യമില്ലാതെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയില്‍മാത്രം വിശ്വസിച്ച് ആശ്രയിച്ചുകഴിഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തുനിന്നും നാം സ്വാഭാവികമായി പുറന്തള്ളപ്പെടും. പുതുതലമുറയ്ക്ക് സയന്‍സിനോടും സാങ്കേതികവിദ്യയോടുമുള്ള താല്പര്യവും വിശ്വാസവും നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട്, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇമ്മാതിരി വിപരീതഫലങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പറയട്ടെ, നവീകരണം നമ്മുടെ ലക്ഷ്യമാകട്ടെ. എന്റെ AIM – ന് വിശേഷമായ ഒരര്‍ത്ഥംകൂടിയുണ്ട് – Atal Innovation Mission. നീതി ആയോഗ് ഈ നിര്‍ദ്ദേശത്തിന് അംഗീകാരവും പിന്തുണയും നല്‍കിയിട്ടുണ്ട്. ഇപ്പറഞ്ഞ AIM – ലൂടെ രാജ്യത്താകമാനം ഒരു പാരിസ്ഥിതിക വ്യവസ്ഥ (ഇക്കോ സിസ്റ്റം) ഉണ്ടാക്കിയെടുക്കുക എന്നുള്ള ആശയവും അടങ്ങിയിരിക്കുന്നു. നവീകരണം (Innovation), പരീക്ഷണ നിരീക്ഷണം (Experiment), സംരംഭകത്വം (Entrepreneurship) തുടങ്ങിയവയുടെ ഒരു നിരതന്നെ ഉണ്ടായാല്‍ തൊഴില്‍ ലഭ്യതയുടെ സാധ്യതയും വര്‍ദ്ധിക്കുന്നതാണ്. നവീകരണപ്രക്രിയയുടെ രണ്ടാം തലമുറ (Next generation innovation) നാം ഒരുക്കിയെടുക്കുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ അതിനോടൊപ്പം ചേരും. അതുകൊണ്ട് മാത്രമാണ് ഭാരതസര്‍ക്കാര്‍ Atal Tinkering Labs – ന്റെ പ്രാരംഭം കുറിച്ചത്. ഈ പരിപാടിയുടെ ഭാഗമാകുന്ന വിദ്യാലയങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായവും അടുത്ത 5 വര്‍ഷത്തേയ്ക്കുള്ള നടത്തിപ്പ് ചെലവിലേയ്ക്ക് മറ്റൊരു 10 ലക്ഷം രൂപയും ലഭ്യമാക്കും. അതുപോലെതന്നെ ഇന്നോവേഷനോടൊപ്പം നേരിട്ടു ബന്ധമുള്ളതാണ് ഇങ്കുബേഷന്‍ സെന്റര്‍. സ്വയം പര്യാപ്തമായ ഇങ്കുബേഷന്‍ സെന്ററുകള്‍ ആവശ്യമുള്ളത്ര നിര്‍മ്മിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഇന്നോവേഷനുവേണ്ടി സ്റ്റാര്‍ട്ട്-അപ്പിനുവേണ്ടി, പരീക്ഷണങ്ങള്‍ നടത്താന്‍വേണ്ടി ഇതിനെ ഒരു വ്യവസ്ഥാപിത രീതിയില്‍ എത്തിക്കുന്നതിനുവേണ്ട ഒരു സംവിധാനം ഉണ്ടാക്കാന്‍ കഴിയും. പുതിയ ഇങ്കുബേഷന്‍ സെന്ററുകളുടെ നിര്‍മ്മാണവും പഴയവയുടെ നവീകരണവും അത്യാവശ്യമാണ്. അടല്‍ ഇങ്കുബേഷന്‍ സെന്ററുകള്‍ക്ക് 10 ലക്ഷം രൂപ വീതമുള്ള വലിയ സംഖ്യ നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാരിന് ആലോചനയുണ്ട്. അതുപോലെതന്നെ ഭാരതം ഗൗരവമുള്ള മറ്റു പല പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കുന്നുണ്ട്. നിത്യജീവിതത്തിലും നമുക്ക് പല പ്രശ്‌നങ്ങളേയും നേരിടേണ്ടതായിട്ടുണ്ട്. അതിനായി ടെക്‌നോളജിക്കല്‍ സൊല്യൂഷന്റെ സഹായം ആവശ്യമായിത്തീരും. ഇപ്പോള്‍ നമ്മള്‍ ആരംഭിച്ചിരിക്കുന്ന ‘അടല്‍ ഗ്രാന്റ് ചാലഞ്ചസ്’ സംരംഭം വഴി ഭാരതത്തിലെ യുവാക്കള്‍ക്കു നല്‍കുന്ന സന്ദേശം പ്രശ്‌നപരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായുമ്പോള്‍ സാങ്കേതികവിദ്യയുടെയും ഗവേഷണ-നവീകരണ പ്രക്രിയകളുടെയും സഹായം തേടുകയും നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ്. നമ്മുടെ ഗംഭീര സമസ്യകള്‍ക്ക് സമാധാനം കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ക്ക് പ്രോത്സാഹനാര്‍ത്ഥം പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭാരതസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എനിക്ക് ഏറ്റവും സന്തോഷപ്രദമായ കാര്യം പുതിയ സംരംഭങ്ങളില്‍ ജനം പ്രകടിപ്പിക്കുന്ന താല്പര്യമാണ്. Tinkering Lab-നെ കുറിച്ച് പറഞ്ഞപ്പോള്‍ പതിമൂവായിരത്തോളം സ്‌കൂളുകള്‍ അപേക്ഷകളുമായി എത്തി. Incubation Centre – ന്റെ കാര്യത്തിലും Academic – Non-academic വിഭാഗങ്ങളിലായി നാലായിരത്തിലധികം സ്ഥാപനങ്ങള്‍ അപേക്ഷകരായി എത്തിയിരുന്നു. ഇതുതന്നെയാണ് അബ്ദുല്‍കലാമിനു നല്‍കാവുന്ന ഏറ്റവും മഹത്തായ ആദരാഞ്ജലി – ഗവേഷണം, നവീകരണം, നിത്യജീവിതത്തിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി സാങ്കേതികവിദ്യ, ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സരളമാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ നമ്മുടെ യുവതലമുറയുടെ പ്രയത്‌നഫലമായുണ്ടാകുന്ന നേട്ടങ്ങള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന് അത്യന്തം മഹത്വപൂര്‍ണ്ണവും അതോടൊപ്പം കലാംജിയ്ക്ക് നല്‍കാവുന്ന മഹത്തായ ചരമവാര്‍ഷിക ആദരവും.

പ്രിയപ്പെട്ട എന്റെ നാട്ടുകാരേ, കുറച്ചു നാളുകള്‍ക്ക് മുമ്പ് നാം ക്ഷാമത്തിന്റെ പിടിയിലും പേടിയിലുമായിരുന്നു. എന്നാല്‍ ഇന്നോ, വര്‍ഷകാലത്തിന്റെ ആഹ്ലാദത്തിലും. ഇതിനിടയില്‍ വെള്ളപ്പൊക്കത്തിന്റെ വാര്‍ത്തകളും എത്തുന്നുണ്ട്. സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും തോളോടുതോള്‍ചേര്‍ന്ന് വെള്ളപ്പൊക്കബാധയില്‍പ്പെട്ട ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ നടപടികളും ചെയ്തുവരുന്നുണ്ട്. മഴമൂലം വളരെയധികം കഷ്ടനഷ്ടങ്ങള്‍ ഉണ്ടായിയെങ്കിലും ഓരോ മനസ്സും, ഓരോ മനുഷ്യനും പുളകം കൊള്ളുകയാണ്. കാരണം, നമ്മുടെ എല്ലാ സാമ്പത്തിക വികസന പ്രക്രിയകളുടെയും കേന്ദ്രസ്ഥാനത്ത് വെള്ളവും കൃഷിയുമാണുള്ളത്.

ചിലപ്പോള്‍ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ നമുക്ക് പശ്ചാത്തപിക്കാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ നമുക്ക് ജാഗ്രത പാലിക്കാനായാല്‍, പ്രയത്‌നിക്കാന്‍ ഒരുക്കമായാല്‍ ഈ രോഗങ്ങളില്‍നിന്നും മുക്തി നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ സരളമാണ്. ഡെങ്കിപ്പനിതന്നെയെടുക്കാം ഡെങ്കിയില്‍നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂ. ശുചിത്വത്തിലേക്കുള്ള ശ്രദ്ധ, ആവശ്യത്തിനുള്ള ജാഗരൂകത, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കല്‍, കുഞ്ഞുങ്ങളുടെ പ്രത്യേകമായ ശ്രദ്ധ, ദരിദ്രവിഭാഗങ്ങളുടെ വാസസ്ഥലങ്ങളില്‍ മാത്രമേ ഇമ്മാതിരി രോഗങ്ങള്‍ ഉണ്ടാകു എന്ന വിചാരത്തില്‍ നിന്നുള്ള വിടുതല്‍ തുടങ്ങിയ കാര്യങ്ങളിലുള്ള അതീവ ശ്രദ്ധ എല്ലാവര്‍ക്കും ഉണ്ടാകണം. എന്നാല്‍ ഡെങ്കിയുടെ കാര്യത്തില്‍ അങ്ങിനെയല്ല. ഡെങ്കി സുഖസമൃദ്ധമായ പ്രദേശങ്ങളിലാണ് ആദ്യം വരുന്നത്. അതുകൊണ്ട് ഇക്കാര്യം നാം പ്രാഥമികമായി മനസ്സിലാക്കേണ്ടതാണ്.

താങ്കള്‍ ടി.വി.യില്‍ പരസ്യം കണ്ടിരിക്കും. എന്നാല്‍ അതില്‍ ജാഗരൂകരായി നടപടിയെടുക്കുന്നതില്‍ നമ്മള്‍ എപ്പോഴും പുറകോട്ടാണെന്നാണ് കാണുന്നത്. സര്‍ക്കാരും ഡോക്ടര്‍മാരും അവരവരുടെ ജോലി ചെയ്യും. എന്നാല്‍, നമ്മുടെ വീട്ടിലും നമ്മുടെ പ്രദേശങ്ങളിലും കുടുംബങ്ങളിലും ഡെങ്ക്യു പ്രവേശിക്കാതിരിക്കാനും വെള്ളത്തിലൂടെ പകരുന്ന ഒരു രോഗവും വരാതിരിക്കാനും നാം ജാഗരൂകരായിരിക്കണം. ഇതാണ് എനിക്ക് നിങ്ങളോട് അപേക്ഷിക്കാനുള്ളത്. എന്റെ സ്‌നേഹം നിറഞ്ഞ ദേശവാസികളേ, മറ്റൊരു ബുദ്ധിമുട്ടിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതം തിരക്കേറിയതും സ്വാര്‍ത്ഥത നിറഞ്ഞതും സംഘര്‍ഷം നിറഞ്ഞതുമായി മാറിയിരിക്കുന്നു. അതിനാല്‍, പലപ്പോഴും നമുക്ക് സ്വയം അവനവനുവേണ്ടി ചിന്തിക്കാനുള്ള സമയം കിട്ടാറില്ല. രോഗം വന്നാല്‍ പെട്ടെന്ന് ഭേദമാകണമെന്ന് മനസ്സ് ആഗ്രഹിക്കും. അതുകൊണ്ട് എന്തെങ്കിലും ആന്റിബയോട്ടിക് കഴിക്കുന്നു. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ശരീരം രോഗമുക്തമാകുന്നു. എന്നാല്‍, എന്റെ നാട്ടുകാരേ, ഇങ്ങനെ അനാവശ്യമായി എപ്പോഴും ആന്റിബയോട്ടിക്‌സ് എടുക്കുന്നത് വലിയ ഗൗരവമേറിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കുറുച്ചുനേരത്തേയ്ക്ക് മോചനം കിട്ടുമായിരിക്കും. എന്നാല്‍, ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കാതെ ഇങ്ങനെ ആന്റിബയോട്ടിക് എടുക്കുന്ന രീതി നിങ്ങള്‍ അവസാനിപ്പിക്കണം. ഡോക്ടര്‍ എഴുതിത്തരാത്തിടത്തോളം നാം ആന്റിബയോട്ടിക് കഴിക്കരുത്. നമ്മള്‍ ഇങ്ങനെയുള്ള കുറുക്കുവഴികളിലൂടെ സഞ്ചരിക്കരുത്. അതില്‍നിന്നും പുതിയ ബുദ്ധിമുട്ടുകള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതുകാരണം രോഗിയ്ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും ഈ ജീവാണുക്കള്‍ ഈ മരുന്നുകളെ പ്രതിരോധിയ്ക്കുവാനുള്ള കഴിവു നേടുന്നു. അതുമാത്രമല്ല, പിന്നെ നമ്മുടെ മരുന്നുകള്‍ ഈ ജീവാണുക്കളുടെമേല്‍ ഫലിക്കാതെ വരുന്നു. പിന്നെ ഈ യുദ്ധം മുന്നോട്ടുപോകുക പുതിയ മരുന്നുകള്‍ ഉണ്ടാക്കുക, ശാസ്ത്രഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയവയ്ക്കായി വര്‍ഷങ്ങള്‍ കടന്നുപോകും. അതുവരെ ഈ അസുഖങ്ങള്‍ പുതിയ പുതിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ നാം എപ്പോഴും ജാഗരൂകരായിരിക്കേണ്ടത് ആവശ്യമാണ്. സഹോദരാ, ഈ ആന്റിബയോട്ടിക് എടുക്കൂ. 15 ഗുളികകള്‍ കഴിക്കൂ. അത് 5 ദിവസംകൊണ്ട് കഴിക്കൂ എന്ന് ഡോക്ടര്‍ നിങ്ങളോട് പറയും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അത്രയുംദിവസം ഗുളികകള്‍ കഴിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കണം. പകുതിവെച്ച് ഉപേക്ഷിക്കരുത്. അങ്ങനെവന്നാല്‍, അത് രോഗാണുവിന് ഗുണം ചെയ്യും. ആവശ്യത്തില്‍കൂടുതല്‍ മരുന്ന് കഴിച്ചാലും അത് രോഗാണുവിന് ഗുണകരമാകും. അതുകൊണ്ട് എത്രദിവസത്തേക്ക് എത്ര ഗുളികകളുടെ കോഴ്‌സാണോ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്, അത് അതേപടി പാലിക്കേണ്ടത് ഒരു വലിയ കാര്യംതന്നെയാണ്. ആരോഗ്യം തിരികെകിട്ടി അതുകൊണ്ട് ഇനി മരുന്ന് ആവശ്യമില്ല എന്ന് നമ്മള്‍ നിശ്ചയിച്ചാല്‍ അതും രോഗാണുവിന് ഗുണകരമാകും, രോഗാണുക്കള്‍ ശക്തിയാര്‍ജ്ജിക്കും. ടി.ബി.യും മലേറിയയും പരത്തുന്ന രോഗാണുക്കള്‍ വളരെയേറെ ശക്തിയാര്‍ജ്ജിച്ചാല്‍ പിന്നെ മരുന്നുകള്‍ക്ക് അവയെ ഒന്നും ചെയ്യാന്‍ കഴിയാതെ വരും. മെഡിക്കല്‍ ഭാഷയില്‍ ഇതിനെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന് പറയും. അതുകൊണ്ട് ആന്റിബയോട്ടിക്കിന്റെ ഉപയോഗംപോലെതന്നെ അവ ഉപയോഗിക്കേണ്ട നിയമങ്ങള്‍ പാലിക്കേണ്ടതും അത്യാവശ്യമാണ്. നമ്മുടെ സര്‍ക്കാര്‍ ആന്റിബയോട്ടിക് റസിസ്റ്റന്‍സിനെ പ്രതിരോധിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ന് വില്‍ക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്ന ഭാഗത്ത് അതിന് തൊട്ടുമുകളിലായി ഒരു ചുവന്ന വര നിങ്ങള്‍ കണ്ടിരിക്കാം. അത് നിങ്ങളെ ബോധവാന്‍മാരാക്കുന്നതിനാണ്. നിങ്ങള്‍ അത് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എന്റെ അപേക്ഷ.

ആരോഗ്യത്തിന്റെ വിഷയത്തില്‍ മറ്റൊരു കാര്യംകൂടി കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ഗര്‍ഭിണികളുടെ ജീവനെക്കുറിച്ച് ഞാന്‍ ആശങ്കാകുലനാണ്. ഇവിടെ ഓരോ വര്‍ഷവും ഏകദേശം 3 കോടി സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നു. എന്നാല്‍, ചില സ്ത്രീകള്‍ പ്രസവസമയത്ത് മരിക്കുന്നു. ചിലപ്പോള്‍ അമ്മ മരിക്കുന്നു. മറ്റു ചിലപ്പോള്‍ കുഞ്ഞു മരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അമ്മയും കുഞ്ഞും മരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പ്രസവസമയത്തുള്ള അമ്മയുടെ മരണനിരക്കില്‍ കുറവു വന്നിട്ടുള്ളകാര്യം ശരിയാണ്. എന്നാല്‍, ഇപ്പോഴും വലിയ ഒരളവില്‍ ഗര്‍ഭിണിമാരായ അമ്മമാരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയുന്നില്ല. ഗര്‍ഭാവസ്ഥയിലും അതിനുശേഷവുമുള്ള രക്തക്കുറവ്, പ്രസവസംബന്ധമായ രോഗസംക്രമണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നുവേണ്ട എപ്പോഴാണ് ഏത് തരത്തിലുള്ള പ്രയാസങ്ങളാണ് അവരുടെ ജീവന്‍ നശിപ്പിക്കുന്നതെന്ന് പറയാന്‍വയ്യ. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഭാരതസര്‍ക്കാര്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒരു പുതിയ യജ്ഞം, അതായത് പ്രധാനമന്ത്രി ‘സുരക്ഷിത മാതൃത്വയജ്ഞം’ നടപ്പാക്കിവരുന്നത്. ഈ യജ്ഞത്തിന്റെ ഭാഗമായി എല്ലാ മാസവും ഒമ്പതാം തീയതി ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യപരിശോധന ലഭ്യമാണ്. ഒരു പൈസപോലും ചെലവില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓരോ ഒമ്പതാം തീയതിയും ഈ പരിശോധന നടക്കും. ഓരോ ഗര്‍ഭവതിയായ സ്ത്രീയും ഒമ്പതാം തീയതി ഈ സേവനം പ്രയോജനപ്പെടുത്തണം എന്നാണ് ഓരോ ദരിദ്രകുടുംബങ്ങളോടും എനിക്ക് പറയാനുള്ളത്. ഇത് കാരണം ഒമ്പതാം മാസമാകുമ്പോഴേയ്ക്കും എന്തെങ്കിലും പ്രയാസമുണ്ടാകുമെങ്കില്‍ അതിനുള്ള പ്രതിവിധി നേരത്തേ ചെയ്യാന്‍ കഴിയും. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കണം. മാസത്തില്‍ ഒരു ദിവസം അതായത്, ഒമ്പതാം തീയതി ദരിദ്രരായ അമ്മമാര്‍ക്കുവേണ്ടി സൗജന്യമായി ഈ ഒരു സേവനം നല്‍കാന്‍ കഴിയില്ലേയെന്നാണ് എനിക്ക് മുഖ്യമായും ഗൈനക്കോളജിസ്റ്റുകളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. എന്താ! ഡോക്ടര്‍മാരായ എന്റെ സഹോദരീസഹോദരന്മാര്‍ക്ക് വര്‍ഷത്തില്‍ 12 ദിവസം ദരിദ്രര്‍ക്കുവേണ്ടി നീക്കിവെയ്ക്കാന്‍ കഴിയില്ലേ? കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ധാരാളംപേര്‍ കത്തുകള്‍ എഴുതി. ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഞാന്‍ പറഞ്ഞകാര്യം അംഗീകരിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍, നമ്മുടെ ഭാരതം വളരെ വിശാലമാണ്, ലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍ ഈ യജ്ഞത്തിനുവേണ്ടി കൈകോര്‍ക്കണം. നിങ്ങള്‍ തീര്‍ച്ചയായും ഇതിന്റെ ഭാഗമാകുമെന്ന് എനിയ്ക്ക് വിശ്വാസമുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകം മുഴുവന്‍ കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, അന്തരീക്ഷം എന്നിവയെപ്പറ്റി വ്യാകുലപ്പെടുന്നു. രാജ്യത്തും ലോകത്തും ഇതിനെക്കുറിച്ച് സമൂഹചര്‍ച്ചകള്‍ നടക്കുന്നു. ഭാരതം നൂറ്റാണ്ടുകളായി ഇക്കാര്യത്തില്‍ ഊന്നല്‍ കൊടുത്തുകൊണ്ടിരിക്കുന്നു. കുരുക്ഷേത്ര യുദ്ധ മൈതാനത്ത് കൃഷ്ണഭഗവാന്‍ വൃക്ഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. യുദ്ധമൈതാനത്ത് വൃക്ഷത്തെപ്പറ്റി വ്യാകുലപ്പെടുക – ഇതില്‍നിന്ന് നമുക്ക് അതിന്റെ മഹത്വത്തെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. ”അശ്വത്ഥ:സര്‍വ്വവൃക്ഷാണാം” അതായത് എല്ലാ വൃക്ഷങ്ങളിലും ഞാന്‍ അരയാലാണ് എന്ന് ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ട്. ‘നാസ്തിമൂലം അനൗഷധം’ അതായത്, ഔഷധഗുണമില്ലാത്ത ഒരു സസ്യജാലവും ഇല്ലായെന്ന് ശുക്രാചാര്യനീതിയിലും പറഞ്ഞിരിക്കുന്നു. വൃക്ഷം നട്ടുപിടിപ്പിക്കുന്നവന് ആ വൃക്ഷം സന്താനംപോലെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വൃക്ഷം ദാനം നല്‍കുന്നവന് ആ വൃക്ഷം സ്വന്തം സന്താനങ്ങളെപ്പോലെ പരലോകത്തും ത്രാണനം ചെയ്യുവാനും ഉതകുന്നു. എന്താണ് വൃക്ഷത്തെക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് മഹാഭാരതത്തിന്റെ അനുശാസനപര്‍വ്വ(അച്ചടക്ക പര്‍വ്വം)ത്തില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് സ്വന്തം നന്മ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നല്ല വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണം. അവയെ സന്താനങ്ങളെപ്പോലെ സംരക്ഷിക്കുകയും വേണം. ഗീതയോ, ശുക്രാചാര്യനീതിയോ അല്ലെങ്കില്‍ മഹാഭാരതത്തിലെ അനുശാസനാ പര്‍വ്വമോ എന്തുമാകട്ടെ എന്നാല്‍ ഈ ആദര്‍ശങ്ങളില്‍ സ്വയം ജീവിച്ചുകാണിക്കുന്ന ചിലരെങ്കിലും ഇന്നത്തെ തലമുറയിലും ഉണ്ട്. കുറച്ചു ദിവസംമുമ്പ് ഞാന്‍ പൂനയിലെ ഒരു മകള്‍, സോനല്‍, ഒരുദാഹരണം എന്റെ ശ്രദ്ധയില്‍പ്പെടുത്തി. അത് എന്റെ മനസ്സിനെ സ്പര്‍ശിച്ചു. വൃക്ഷം പരലോകത്തും സന്താനങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് മഹാഭാരതത്തിലെ അനുശാസനാപര്‍വ്വം പറയുന്നു. സോനല്‍ തന്റെ മാതാപിതാക്കളുടെ മാത്രമല്ല, സമൂഹത്തിന്റെതന്നെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുവാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പൂനയിലെ കെജൂനര്‍ താലൂക്കിലെ നാരായണ്‍പുര്‍ എന്ന ഗ്രാമത്തിലെ കിസാന്‍ ഘംഡു മാരുതി മഹാത്രെ തന്റെ പൗത്രി സോനലിന്റെ വിവാഹം വളരെ പ്രചോദനം നല്‍കുന്ന രീതിയില്‍ നടത്തി. മഹാത്രെജി എന്തു ചെയ്‌തെന്ന് അറിയേണ്ടേ നിങ്ങള്‍ക്ക്? സോനലിന്റെ വിവാഹത്തില്‍വന്ന ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും, അതിഥികള്‍ക്കും എല്ലാംതന്നെ ‘കേസരിമാവി’ന്റെ തൈ സമ്മാനമായി നല്‍കി. ഞാന്‍ സാമൂഹ്യമാധ്യമത്തില്‍ അതിന്റെ ചിത്രം കണ്ടു. വിവാഹത്തില്‍ വരന്റെ ഘോഷയാത്രയിലെ ആള്‍ക്കാരെ കണ്ടില്ല. പകരം ചെടികള്‍മാത്രമാണ് ദൃശ്യമായത് എന്നത് എന്നില്‍ അമ്പരപ്പുളവാക്കി. മനസ്സിനെ സ്പര്‍ശിക്കുന്ന ഈ ദൃശ്യമാണ് ആ ചിത്രത്തിലുണ്ടായിരുന്നത്. സോനല്‍ ഒരു അഗ്രികള്‍ച്ചര്‍ ബിരുദധാരിണിയാണ്. ഈ ആശയം അവളുടേതുതന്നെയാണ്. വിവാഹത്തിന് വന്നവര്‍ക്ക് മാവിന്‍തൈകള്‍ സമ്മാനിക്കുന്നതിലൂടെ എത്ര മഹത്തരമായ രീതിയിലാണ് പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ചത് എന്ന് നിങ്ങള്‍ നോക്കുവിന്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സോനലിന്റെ വിവാഹം പ്രകൃതിസ്‌നേഹത്തിന്റെ അനശ്വരഗാഥയായി മാറി. ഞാന്‍ ഈ നൂതന പ്രയത്‌നത്തിന് സോനലിനും ശ്രീമാന്‍ മഹാത്രേജിക്കും ശുഭാശംസകള്‍ നേരുന്നു.

ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ ധാരാളംപേര്‍ നടത്തുന്നുണ്ട്. ഞാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോളുള്ള ഒരു സംഭവം ഓര്‍മ്മവരുന്നു. ഭാദ്രമാസത്തില്‍ അംബാജിയുടെ ക്ഷേത്രത്തില്‍ ധാരാളം കാല്‍നടയാത്രക്കാര്‍ വരാറുണ്ട്. ക്ഷേത്രത്തില്‍ വരുന്നവര്‍ക്കെല്ലാം പ്രസാദമായി ഒരു ചെടി നല്‍കാമെന്നും എന്നിട്ട്, നോക്കൂ! ”ഇത് അമ്മയുടെ പ്രസാദമാണ്. ഈ ചെടിയെ സ്വന്തം ഗ്രാമത്തിലും വീട്ടിലും നട്ടുവളര്‍ത്തി വലുതാക്കിയാല്‍ അമ്മ നിങ്ങളെ ആശീര്‍വദിക്കും. അതുകൊണ്ട് ഇതിനെ കാര്യമായി ശ്രദ്ധിക്കണം.” എന്ന് പറയാനും അവിടുത്തെ ഒരു സാമൂഹ്യസേവനസംഘടന ഒരു പ്രാവശ്യം തീരുമാനിച്ചു. ലക്ഷക്കണക്കിന് കാല്‍നടയാത്രക്കാര്‍ വരുന്ന ക്ഷേത്രമാണ്. ആ വര്‍ഷം ലക്ഷക്കണക്കിന് ചെടികള്‍ നല്‍കി. അതുപോലെ ഈ മഴക്കാലത്ത് ക്ഷേത്രങ്ങളില്‍ പ്രസാദത്തിനുപകരമായി ചെടികള്‍ നല്‍കുവാനുള്ള പാരമ്പര്യത്തിന് തുടക്കംകുറിക്കാവുന്നതാണ്. ഇത് വൃക്ഷം നടീലിന്റെ ഒരു സ്വാഭാവിക ജനമുന്നേറ്റമാക്കി മാറ്റാന്‍ കഴിയും. ഞാന്‍ എന്റെ കൃഷിക്കാരായ സഹോദന്മാരോട് വീണ്ടും വീണ്ടും പറയുകയാണ് നിങ്ങള്‍ വയലുകളുടെ അരികത്ത് വരമ്പുണ്ടാക്കി ഭൂമി എന്തിനാണ് ഇല്ലാതാക്കുന്നത്? ആ സ്ഥലത്ത് എന്തുകൊണ്ട് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകൂടാ? ഇന്ന് ഭാരതത്തിന് വീടുണ്ടാക്കുന്നതിനും ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്നതിനും കോടിക്കണക്കിന് തടി വിദേശത്തുനിന്നും കൊണ്ടുവരേണ്ടിവരുന്നു. നമ്മുടെ വയലിന്റെ അതിരില്‍ ഇങ്ങനെയുള്ള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിതച്ചാല്‍ വീടിനും ഫര്‍ണിച്ചറിനും പ്രയോജനപ്പെടുത്താം. പതിനഞ്ചോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിന്റെ അനുവാദത്തോടുകൂടി ഈ വൃക്ഷങ്ങള്‍ മുറിച്ചുവില്ക്കാന്‍ കഴിയും. ഇത് നിങ്ങളുടെ വരുമാനത്തിന്റെ പുതിയ ഒരു മാര്‍ഗ്ഗമായി മാറും. ഭാരതത്തിന് തടി ഇറക്കുമതിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. കഴിഞ്ഞ ദിവസങ്ങളില്‍ പല സംസ്ഥാനങ്ങളും ഇപ്പോഴത്തെ കാലാവസ്ഥയെ മുതലെടുത്തുകൊണ്ട് പല പരിപാടികളും ആവിഷ്‌ക്കരിച്ചു. ഭാരതസര്‍ക്കാര്‍ ഒരു CAMPA – നിയമം ഈയിടെ പാസ്സാക്കി. ഇതിലൂടെ വൃക്ഷം നടീലിന് ഏകദേശം നാല്പതിനായിരം കോടിയില്‍ അധികം രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വര്‍ഷം ജൂലൈ 1-ന് സംസ്ഥാനത്തുടനീളം ഏകദേശം ഒന്നര-രണ്ട് കോടി വൃക്ഷങ്ങള്‍ നട്ടു എന്നും, അടുത്ത വര്‍ഷം മൂന്നുകോടി വൃക്ഷങ്ങള്‍ നടാനുള്ള തീരുമാനമെടുത്തിട്ടുണ്ട് എന്നും എന്നോട് പറഞ്ഞു. സര്‍ക്കാര്‍ ഒരു ജനമുന്നേറ്റം നടത്തി. രാജസ്ഥാനിലെ മരുഭൂമിയില്‍ ഒരു മഹത്തായ വനമഹോത്സവം നടത്തി. 25 ലക്ഷം ചെടികള്‍ നടാനും തീരുമാനിച്ചു. രാജസ്ഥാനില്‍ 25 ലക്ഷം ചെടികള്‍ നട്ടു പിടിപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല. രാജസ്ഥാനിലെ മണ്ണിനെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത് എത്ര ശ്രമകരമായ ജോലിയാണെന്ന് മനസ്സിലാകും. 2029 ആകുമ്പോഴേയ്ക്കും തങ്ങളുടെ പച്ചപ്പ് 50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ആന്ധ്രാപ്രദേശും എടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ‘ഹരിത ഭാരത യജ്ഞം’ നടന്നുകൊണ്ടിരിക്കുന്നു. ഈ യജ്ഞത്തിന്റെ ചുമതല റെയില്‍വേ ഏറ്റെടുത്തിട്ടുണ്ട്. ഗുജറാത്തിനും വനമഹോത്സവത്തിന്റെ ഉജ്ജ്വലമായ ഒരു പാരമ്പര്യംതന്നെയുണ്ട്. ഈ വര്‍ഷം ഗുജറാത്ത് മാവ് വനം, ഏകതാ വനം, രക്തസാക്ഷി വനം തുടങ്ങിയ പല പേരുകളും വനമഹോത്സവത്തിന് പ്രദാനം ചെയ്തുകൊണ്ട് കോടിക്കണക്കിന് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുവാനുള്ള യജ്ഞം നടത്തിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും എടുത്തുപറയാന്‍ എനിക്ക് കഴിയില്ലെങ്കിലും എല്ലാപേരും ആശംസ അര്‍ഹിക്കുന്നുണ്ട്.

എന്റെ സ്‌നേഹം നിറഞ്ഞ നാട്ടുകാരേ! കഴിഞ്ഞ ദിവസങ്ങളില്‍ എനിയ്ക്ക് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഇത് അവിടേയ്ക്ക് എന്റെ ആദ്യ യാത്രയായിരുന്നു. വിദേശ യാത്രകളില്‍ നയതന്ത്രം, വ്യാപാരം തുടങ്ങിയ കാര്യങ്ങളുണ്ട്. സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍വരും. ധാരാളം MoU ഉണ്ടാകാറുണ്ട്. ഇതൊക്കെ വേണ്ടതുതന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ദക്ഷിണാഫ്രിക്കന്‍ യാത്ര ഒരു തീര്‍ത്ഥയാത്രതന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയെക്കുറിച്ചോര്‍ക്കുമ്പോള്‍ മഹാത്മാഗാന്ധിയേയും നെല്‍സണ്‍ മണ്ഡേലയെയും ഓര്‍ക്കുക സ്വാഭാവികമാണ്. ലോകത്ത് അഹിംസ, സ്‌നേഹം, ക്ഷമ എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ മുന്നില്‍ തെളിയുന്നത് മഹാത്മാഗാന്ധിയുടെയും നെല്‍സണ്‍മണ്ഡേലയുടെയും മുഖമാണ്. എന്റെ ദക്ഷിണാഫ്രിക്ക സന്ദര്‍ശനവേളയില്‍ ഞാന്‍ phoenix settlement ല്‍ പോയിരുന്നു, മഹാത്മാഗാന്ധിയുടെ വാസസ്ഥാനം ‘സര്‍വ്വോദയ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. എനിയ്ക്ക് മഹാത്മാഗാന്ധി യാത്ര ചെയ്ത ട്രെയിനില്‍ Pieter Maritzburg സ്റ്റേഷനില്‍നിന്നും യാത്ര ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു. ആ സംഭവമാണ് ഒരു മോഹന്‍ദാസിനെ മഹാത്മാഗാന്ധിയാക്കുവാനുള്ള വിത്ത് പാകിയത്. തങ്ങളുടെ യുവത്വം മുഴുവനും സമൂഹത്തില്‍ സമത്വത്തിനും സമാനമായ അവസരത്തിനും വേണ്ടി ഹോമിച്ച പല മഹാന്മാരേയും കണ്ടുമുട്ടുവാനുള്ള അവസരം എനിയ്ക്ക് ഇപ്രാവശ്യം ലഭിച്ചു എന്ന കാര്യവും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് യുദ്ധം ചെയ്ത് 20-22 വര്‍ഷംവീതം അദ്ദേഹത്തോടൊപ്പം ജയിലുകളില്‍ ജീവിതം ചിലവിട്ടവരായിരുന്നു അവര്‍. ഇങ്ങനെ തങ്ങളുടെ യുവത്വം മുഴുവന്‍ ഹോമിച്ചു. നെല്‍സണ്‍മണ്ടേലയുടെ അടുത്ത സുഹൃത്ത് ശ്രീമാന്‍ അഹമ്മദ് കഥാടാ, ശ്രീമാന്‍ ലാലു ചീബ, ശ്രീമാന്‍ ജോര്‍ജ്ജ് ബേസോസ്, റോണി കാസിരില്‍സ് എന്നീ മഹാന്മാരെ കാണാനുള്ള സൗഭാഗ്യമാണ് എനിയ്ക്ക് ലഭിച്ചത്. ഭാരതത്തില്‍ വേരുകള്‍ ഉള്ളവര്‍ അവിടുത്തുകാരായി മാറി. തങ്ങള്‍ ആരുടെയിടയിലാണോ ജീവിക്കുന്നത് അവര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറായി. എത്ര വലിയ ശക്തിയാണ് അവര്‍ സ്വന്തമാക്കിയത്. ഞാന്‍ അവരോട് സംസാരിക്കുകയായിരുന്നു, ജയിലിലെ അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയായിരുന്നു. അവര്‍ക്ക് ആരോടും വിദ്വേഷമോ പരുഷഭാവമോ ഇല്ലായിരുന്നു. ഇത്രയും വലിയ തപസ്സിനുശേഷവും അവരുടെ മുഖത്ത് നേടുക, സ്വന്തമാക്കുക, ആകുക തുടങ്ങിയ ഭാവങ്ങള്‍ എങ്ങും കാണാന്‍ കഴിഞ്ഞില്ല. കര്‍ത്തവ്യ മനോഭാവം – അതായത് ഗീതയില്‍ പറഞ്ഞിരിക്കുന്ന കര്‍ത്തവ്യത്തിന്റെ ലക്ഷണം – അതിന്റെ സാക്ഷാല്‍ ആള്‍രൂപമാണ് ഞാന്‍ അവരില്‍ കണ്ടത്. ആ കൂടിക്കാഴ്ച എന്നും, എന്നും, എന്നെന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കും. ‘സമത്വവും സമാനവുമായ അവസരവും’ ഏതൊരു സമൂഹത്തിനും സര്‍ക്കാരിനും ഇതില്‍ കവിഞ്ഞൊരു മന്ത്രം ഇല്ലതന്നെ. സമഭാവവും മമഭാവവും ഇതുതന്നെയാണ്. നമ്മെ ഉജ്ജ്വലമായ ഭാവിയിലേക്ക് നയിക്കുന്ന വഴികള്‍. നാമെല്ലാം മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിക്കുന്നു. കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നു. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ഭിന്നമായിരിക്കും. മുന്‍ഗണന ക്രമങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും എന്നാല്‍ മാര്‍ഗ്ഗം ഒന്നുതന്നെയായിരിക്കും. ആ മാര്‍ഗ്ഗമാണ് വികസനത്തിന്റെ, സമത്വത്തിന്റെ തുല്യമായ അവസരത്തിന്റെ സമഭാവത്തിന്റെ മമഭാവത്തിന്റെ മാര്‍ഗ്ഗം. ദക്ഷിണാഫ്രിക്കയില്‍പോലും നമ്മുടെ ജീവിതത്തിന്റെ മൂലമന്ത്രങ്ങളെ ജീവിതത്തില്‍ പകര്‍ത്തി ജീവിച്ച് കാണിച്ച ഈ ഭാരതീയരില്‍ നമുക്ക് അഭിമാനിക്കാം. എന്റെ പ്രീയപ്പെട്ട ദേശവാസികളെ, എനിക്ക് സന്ദേശം നല്‍കിയ ശില്പി വര്‍മ്മയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവരുടെ ചിന്ത വളരെ സ്വാഭാവികം തന്നെ. അവര്‍ എന്നോട് ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് ശില്‍പി വര്‍മ്മയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ ഫ്രോഡായ ഒരു ചീറ്റ് മെയിലില്‍ വഞ്ചിക്കപ്പെട്ട് 11 ലക്ഷം രൂപ തുലച്ചു കളഞ്ഞു. പിന്നീട് അവര്‍ ആത്മഹത്യ ചെയ്തതുമായ വാര്‍ത്ത ഞാന്‍ ഒരു ലേഖനത്തില്‍ വായിച്ചു. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അവരുടെ കുടംബത്തോട് വലിയ സങ്കടം തോന്നുന്നു. ഇങ്ങനെയുളള ചീറ്റ് ഫ്രോഡ് മെയില്‍ നെ സംബന്ധിച്ച താങ്കളുടെ അഭിപ്രായം എന്തെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.

നമ്മുടെ മൊബൈല്‍ ഫോണിലും ഇ-മെയിലും മറ്റും ചില പ്രലോഭിപ്പിക്കുന്ന കാര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നുളള കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. നിങ്ങള്‍ ഇത്രയും തുക തന്നിട്ട് ഇത്രയും രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു. നിങ്ങള്‍ ഇത്രയും തന്നിട്ട് ഇത്രയും തുക കൈപ്പറ്റി കൊളളുക എന്നിട്ട് ചിലര്‍ പണത്തിന്റെ മഹാവലയത്തില്‍ അകപ്പെട്ട് പോകുന്നു. ഇങ്ങനെ ടെക്‌നോളജിയുടെ സഹായത്തോടെ കൊളളയടിക്കുന്ന ഒരു പുതിയ പ്രവണത ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ സാങ്കേതികത വലിയ പങ്ക് ഏറ്റെടുത്തിരിക്കുന്നതിനാല്‍ അത് ദുരുപയോഗം ചെയ്യുന്നവരും രംഗത്തു വരും. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരാള്‍ക്ക് തന്റെ മകളുടെ വിവാഹം നടത്തുകയും വീട് വയ്ക്കുകയും ചെയ്യണമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന് ഒരു എസ്എംഎസ് വന്നു. അതില്‍ വിദേശത്തു നിന്ന് അദ്ദേഹത്തിന് വിലപിടിപ്പുളള ഒരു ഉപഹാരം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാനായി കസ്റ്റംസ് തീരുവ ഇനത്തില്‍ രണ്ട് ലക്ഷം രൂപ ഒരു ബാങ്കില്‍ അടയ്ക്കണമെന്നും പറഞ്ഞിരുന്നു. ഈ മാന്യദ്ദേഹം ഒന്നുമാലോചിക്കാതെയും മനസ്സിലാക്കാതെയും തന്റെ ജീവിതകാലം മുഴുവനും ഉളള പരിശ്രമത്തില്‍ നിന്ന് സമാഹരിച്ച സമ്പാദ്യത്തില്‍ നിന്നും 2 ലക്ഷം രൂപയെടുത്ത് ആ അജ്ഞാത വ്യക്തിയ്ക്ക് അയച്ചു കൊടുത്തു. അതും എസ്എംഎസ് വഴിയായി തന്നെ. അല്പനിമിഷങ്ങള്‍ക്കുളളില്‍ തന്നെ അദ്ദേഹത്തിന് എല്ലാം കൈവിട്ടു പോയെന്ന് മനസ്സിലായി. നിങ്ങളും ചിലപ്പോഴെല്ലാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടാവും. അവര്‍ അത്രയും കേമമായ രീതിയില്‍ ആയിരിക്കും കഥെയഴുതുന്നത്. കണ്ടാല്‍ തോന്നും സത്യസന്ധമായ കത്താണെന്ന്. ഏതെങ്കിലും വ്യാജമായ ലെറ്റര്‍ പാഡ് ഉണ്ടാക്കി കത്തയക്കും. താങ്കളുടെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ കൈക്കലാക്കും. എന്നിട്ട് സാങ്കേതിക സഹായത്തോടെ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും. പുതിയ രീതിയിലുളള തട്ടിപ്പാണ്. ഇത് ഡിജിറ്റല്‍ തട്ടിപ്പാണ്. ഈ മോഹ വലയത്തില്‍പ്പെടാതെ സൂക്ഷിക്കണം എന്നാണ് എനിക്ക് പറയാനുളളത്. കരുതിയിരിക്കണം; മാത്രവുമല്ല ഇങ്ങനെയുളള തട്ടിപ്പുകള്‍ വരുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഉറ്റവരും സുഹൃത്തുകളുമായും ഇത് പങ്ക് വച്ച് അവരെയും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പും നല്‍കണം. ശില്പി വര്‍മ്മ ഒരു നല്ല കാര്യമാണ് എന്റെ ശ്രദ്ധയില്‍പെടുത്തിയിരിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. ഇങ്ങനെയുളള അനുഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാകണം. എന്നാല്‍ നിങ്ങള്‍ അത് അത്ര ഗൗരവമായി കാണുന്നില്ലായിരിക്കാം. എന്നാല്‍ ഞാന്‍ കരുതുന്നത് ഗൗരവമായി കാണേണ്ട ആവശ്യമുണ്ടെന്നാണ്. എന്റെ പ്രിയപ്പെട്ട ദേശവാസികളെ ഈ ദിവസങ്ങളില്‍ പാര്‍ലമെന്റ് സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ എനിക്ക് രാജ്യത്തെ അനേകം ആള്‍ക്കാരുമായി കണ്ടുമുട്ടുന്നതിനുളള അവസരവും ലഭിക്കുന്നുണ്ട്. നമ്മുടെ പാര്‍ലമെന്റ് അംഗങ്ങളും അവരുടെ പ്രദേശങ്ങളില്‍ നിന്നും ആള്‍ക്കാരെ കൂടെകൊണ്ട് വരികയും കൂടികാണാനും സംസാരിക്കാനും അവരവരുടെ ബുദ്ധിമുട്ടുകള്‍ പറയാന്‍ അവസരമുണ്ടാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആടുത്തിടെ എനിക്ക് വളരെ ആനന്ദകരമായ ഒരു അനുഭവമുണ്ടായി. അലിഗഡില്‍ നിന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ എന്റെ അടുത്തുവന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളരെ ഉത്സാഹഭരിതരായിരുന്നു. ഒരു വലിയ ആല്‍ബവുമായിട്ടാണ് അവര്‍ വന്നത്. അവരുടെ മുഖത്ത് സന്തോഷം നിഴലിച്ചിരുന്നു. അലീഗഡില്‍ നിന്നുള്ള നമ്മുടെ പാര്‍ലമെന്റ് അംഗമാണ് അവരെ കൂട്ടികൊണ്ട് വന്നത്. അവര്‍ എന്നെ ചിത്രങ്ങള്‍ കാണിച്ചു. അവര്‍ അലീഗഡ് റെയില്‍വേ സ്റ്റേഷന്റെ സൗന്ദര്യവത്ക്കരണം നടത്തിയിരുന്നു.സ്റ്റേഷനില്‍ കലാപരമായ പെയിന്റിംഗ് നടത്തിയിരുന്നു.ഇത് മാത്രമല്ല ഗ്രാമപ്രദേശങ്ങളില്‍ ചപ്പ് ചവറുകള്‍ക്കിടയില്‍ കാണുന്ന പ്ലാസ്റ്റിക് കുപ്പികളും എണ്ണപാത്രങ്ങളും എല്ലാം ശേഖരിച്ച് അതില്‍ മണ്ണ് നിറച്ച് ചെടികള്‍ നട്ട് അവര്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നു. എന്നിട്ട് റെയില്‍വേ സ്റ്റേഷന്റെ ഒരു വശത്ത് പ്ലാസ്റ്റിക് കുപ്പികളില്‍ ഈ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ച് അതിന് ഒരു പുതിയ ഭാവവും നല്‍കിയിരിക്കുന്നു. നിങ്ങളും എപ്പോഴെങ്കിലും അലീഗഡില്‍ പോവുകയാണെങ്കില്‍ തീര്‍ച്ചയായും സ്റ്റേഷന്‍ ഒന്ന് കണ്ടിരിക്കണം. ഭാരതത്തിലെ പല റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും എനിക്ക് വാര്‍ത്തകള്‍ വരുന്നുണ്ട്. തദ്ദേശീയരായ ജനങ്ങള്‍ റെയില്‍വേ സ്റ്റേഷന്റെ ചുവരുകളില്‍ അതത് പ്രദേശത്തിന്റെ മുഖമുദ്ര അവരുടെ കലാരൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു തരത്തിലുള്ള പുതുമ അനുഭവപ്പെടുന്നുണ്ട്. പൊതുജന സഹകരണത്തോടെ എങ്ങനെ മാറ്റങ്ങള്‍ കൊണ്ട് വരാം എന്നുളളതിന്റെ ഉദാഹരണങ്ങളാണ് ഇവ. രാജ്യത്ത് ഈ തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. അലിഗഡിലെ എന്റെ സുഹൃത്തുകള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ വര്‍ഷകാലത്തോടെപ്പം നമ്മുടെ രാജ്യത്ത് ഉത്സവങ്ങളുടെ കാലവും വന്നെത്തിയിരിക്കുന്നു. ഇനിവരുന്ന നാളുകളില്‍ എല്ലായിടത്തും മേളകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ടാവും. ക്ഷേത്രങ്ങളിലും പൂജാസ്ഥലങ്ങളിലുമെല്ലാം ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നുണ്ടാവും. നിങ്ങളും വീട്ടിലും വീട്ടിന് പുറത്തും ഉത്സവങ്ങളില്‍ പങ്കെടുക്കുന്നുണ്ടാവും. രക്ഷാബന്ധന്‍ നമ്മുടെ രാജ്യത്തെ ഒരു വിശേഷപ്പെട്ട ആഘോഷമാണ്. കഴിഞ്ഞ വര്‍ഷത്തിലേതുപോലെ ഈ വര്‍ഷവും രക്ഷാബന്ധന്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് നിങ്ങള്‍ക്ക് നമ്മുടെ രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതി അഥവാ ജീവന്‍ ജ്യോതി ബീമായോജന ഇന്‍ഷ്വറന്‍സ് പദ്ധതി സമ്മാനിക്കാനാകില്ലേ. ചിന്തിച്ച് നോക്കൂ, സഹോദരിയ്ക്ക് അവളുടെ ജീവിതത്തിന് സുരക്ഷ നല്‍കുന്ന ഒരു സമ്മാനം നല്‍കിക്കൂടെ? ഇത് മാത്രമല്ല നമ്മുടെ വീട്ടില്‍ ആഹാരം പാചകം ചെയ്യുന്ന സ്ത്രീകളുണ്ടാവും. നമ്മുടെ വീട്ടില്‍ ശുചീകരണം നടത്തുന്ന ഏതെങ്കിലും സ്ത്രീ ഉണ്ടാവും. അവള്‍ ഏതെങ്കിലും ദരിദ്രയായ അമ്മയുടെ മകളായിരിക്കും. ഈ രക്ഷാബന്ധന്‍ ആഘോഷവേളയില്‍ നിങ്ങള്‍ക്ക് അവര്‍ക്ക് സുരക്ഷാ ബീമാ യോജന അഥവാ ജ്യോതി ബീമായോജന സമ്മാനമായി നല്‍കാവുന്നതാണ്. ഇത് തന്നെയാണ് സാമൂഹ്യ സുരക്ഷാ പദ്ധതി. ഇത് തന്നെയാണ് രക്ഷാബന്ധന്‍ എന്നതിന്റെ ശരിയായ അര്‍ത്ഥവും.

പ്രിയപ്പെട്ട ദേശവാസികളെ നമ്മളില്‍ ധാരാളം പേര്‍ സ്വാതന്ത്യാനന്തര കാലത്ത് ജനിച്ചവരാണ്. ഞാനാണെങ്കില്‍ സ്വാതന്ത്ര്യാനന്തര കാലത്ത് ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ്. ആഗസ്റ്റ് 8 നാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങിയത്. ”ഭാരതം വിട്ടു പോകൂ’ തുടങ്ങിയിട്ട് 75 വര്‍ഷം തികയുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്യം ലഭിച്ചിട്ട് 70 വര്‍ഷം തികയുന്നു. നാം സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിക്കുന്നവരാണ്. സ്വതന്ത്ര പൗരര്‍ എന്ന് അഭിമാനിക്കുന്നവരുമാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം നേടിതന്ന പോരാളികളെ സ്മരിക്കാനുളള അവസരമാണിത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം അഥവാ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷം നമുക്ക് പുതിയ പ്രേരണയും പ്രചോദനവും നല്‍കുന്നതാണ്. നമ്മില്‍ പുതിയ ഉണര്‍വ്വും ഉത്സാഹവും ജനിപ്പിക്കും. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനുളള ദൃഡനിശ്ചയം കൈക്കൊളളാന്‍ അവസരം നല്‍കുന്നതാകാം. രാജ്യം മുഴുവന്‍ സ്വാതന്ത്ര്യസമര പോരാളികളുടെ ആവേശത്തില്‍ മുഴുകട്ടെ. എമ്പാടും സ്വാതന്ത്ര്യത്തിന്റെ നറുമണം ഒരിക്കല്‍കൂടി പ്രസരിക്കട്ടെ. നമുക്കെല്ലാം ഈ ഒരു അന്തരീക്ഷം സൃഷ്ടിക്കാം. എന്നിട്ട് സ്വാതന്ത്ര്യദിനാഘോഷം ഒരു സര്‍ക്കാര്‍ പരിപാടി അല്ലാതെ അത് രാജ്യങ്ങളുടെ ജനങ്ങളുടെ പരിപാടിയായി മാറണം. ദീപാവലിയെപ്പോലെ നമ്മുടെ സ്വന്തം ആഘോഷമാകണം. നിങ്ങളും ദേശസ്‌നേഹത്തില്‍ ദേശഭക്തിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നല്ല കുറച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന്റെ ചിത്രങ്ങള്‍ നരേന്ദ്രമോദി ആപ്പില്‍ തീര്‍ച്ചയായും അയച്ചുതരിക. നാട്ടില്‍ അതിന്റേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക.

പ്രിയപ്പെട്ട ദേശവാസികളെ, ആഗസ്റ്റ് 15 ന് , ചുവപ്പ്‌കോട്ടയില്‍ നിന്നും എനിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുവാനുളള സൗഭാഗ്യം ലഭിക്കും. ഇത് ഒരു പാരമ്പര്യമാണ്. നിങ്ങളുടെ മനസ്സില്‍ ചില കാര്യങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും, നിങ്ങളുടെ മനസ്സിലെ ആ കാര്യങ്ങളും അത്ര തന്നെ തീഷ്ണതയോടെ ചുവപ്പ്‌കോട്ടയില്‍ നിന്ന് അവതരിപ്പിക്കപ്പെടണമെന്ന്. നിങ്ങളുടെ മനസ്സില്‍ വരുന്ന ആശയങ്ങള്‍ നിങ്ങളുടെ പ്രതിനിധി എന്ന നിലയില്‍, നിങ്ങളുടെ പ്രധാന സേവകന്‍ എന്ന നിലയില്‍, ചുവപ്പ്‌കോട്ടയില്‍ നിന്ന് ഞാന്‍ ഈ കാര്യങ്ങള്‍ പറയണമെന്ന് തോന്നുന്നുണ്ടെങ്കില്‍, ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങള്‍ തീര്‍ച്ചയായും അത് എനിക്ക് എഴുതി അയച്ചു തരിക. പുതിയ നിര്‍ദ്ദേശങ്ങള്‍ തരിക, ഉപദേശങ്ങള്‍ തരിക, പുതിയ ആശയങ്ങള്‍ നല്‍കുക. ഞാന്‍ നിങ്ങളുടെ കാര്യങ്ങള്‍, വാക്കുകള്‍, ജനങ്ങളില്‍, ദേശവാസികളില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നതാണ്. ചുവപ്പുകോട്ടയില്‍ നിന്നും പറയുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെതായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. ചുവപ്പുകോട്ടയില്‍നിന്നും പറയുന്ന കാര്യങ്ങള്‍ അത് നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളുടെ കാര്യങ്ങള്‍ ആയിരിക്കണം. നിങ്ങള്‍ തീര്‍ച്ചയായും എന്തെങ്കിലും കുറച്ച് എനിക്ക് എഴുതി അയക്കുക. നരേന്ദ്രമോദി ആപ്പ് എന്ന വെബ് സൈറ്റില്‍ നിങ്ങള്‍ക്ക് അത് അയക്കാം. മൈ ഗവണ്‍മെന്റ് ഇന്‍ എന്ന വെബ്‌സൈറ്റിലും അയച്ചുതരാവുന്നതാണ്. പിന്നെ ഇക്കാലത്ത് സാങ്കേതികതയുടെ പ്ലാറ്റ്‌ഫോം നിങ്ങള്‍ക്ക് അനായാസം കാര്യങ്ങള്‍ എന്നില്‍വരെ എത്തിക്കാന്‍ തക്ക പാകത്തില്‍ സുഗമമാണ്. ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്, വരൂ സ്വാതന്ത്ര്യസമരസേനാനികളുടെ പുണ്യസ്മരണക്കുമുന്നില്‍ ശിരസു നമിക്കാം. ഭാരതത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാപുരുഷന്മാരെ സ്മരിക്കാം. എന്നിട്ട് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ദൃഡനിശ്ചയം ചെയ്ത് മുന്നോട്ട് പോകാം. വളരെ വളരെയധികം ശുഭാശംസകള്‍. വളരെ വളരെയധികം നന്ദി.