Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ക്യാച്ച് ദി റെയിന്‍’ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന

‘ക്യാച്ച് ദി റെയിന്‍’ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന


കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ശ്രീ ഗജേന്ദ്ര സിംഗ് ശേഖാവത്ത് ജി, മധ്യപ്രദേശ് മുഖ്യമന്ത്രി, ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് ജി, ജല്‍ ശക്തി സഹമന്ത്രി, ശ്രീ രത്തന്‍ ലാല്‍ കതാരിയ ജി ഈ പ്രചാരണം പരിപാടിയ്ക്ക് നടത്തുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍, രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിലെ സര്‍പഞ്ചുകള്‍, മറ്റ് പൊതു പ്രതിനിധികള്‍, എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!

പ്രകൃതിയോടും വെള്ളത്തോടും പ്രതിജ്ഞാബദ്ധരായി എല്ലാവരേയും  ഈ ദൗത്യത്തിനായി ഒരുമിപ്പിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നമ്മുടെ ഗ്രാമങ്ങളിലെ നേതാക്കളെ ഇന്ന് കേള്‍ക്കാന്‍ കഴിഞ്ഞത് എന്റെ വിശേഷ ഭാഗ്യമാണ്. അവ കേട്ടതിനുശേഷം എനിക്ക് ഒരു പുതിയ പ്രചോദനവും ഊര്‍ജ്ജവും ചില പുതിയ ആശയങ്ങളും ലഭിച്ചു. ഈ പ്രതിനിധികളുമായി നടന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്ന ആര്‍ക്കും പുതുതായി എന്തെങ്കിലും പഠിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്കും പഠിക്കേണ്ടതുണ്ട്, അതുപോലെ തന്നെ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും പഠിക്കാനായി അവസരം ലഭിക്കും. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളരുന്നതിലും ഈ ദിശയില്‍ ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലും ഞാന്‍ സന്തുഷ്ടനാണ്. ജലത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി ഇന്ന് അന്താരാഷ്ട്ര ജലദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഈ അവസരത്തില്‍, ഇന്ന് രണ്ട് പ്രധാന വിഷയങ്ങള്‍ക്കായാണ് നാം ഇവിടെ ഒത്തുകൂടിയിട്ടുള്ളത്.  ഒരു പ്രചാരണ  പരിപാടി ഇന്ന് ആരംഭിക്കുന്നു. എന്റെ ‘മന്‍ കി ബാത്ത്’ ല്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ‘ക്യാച്ച് ദി റെയിന്‍’ പ്രചാരണ പരിപാടിയ്‌ക്കൊപ്പം ലോകത്തിന് മുന്നില്‍ ഒരു മാതൃക കാണിക്കാനും ഇന്ത്യയിലെ ജല പ്രതിസന്ധി പരിഹരിക്കാനുമുള്ള കെന്‍ ബെത്വ ലിങ്ക് കനാലിനായി ഒരു പ്രധാന നടപടി സ്വീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കായുള്ള അടല്‍ ജിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംരംഭത്തിന് ഇന്ന് ധാരണയായി. കൊറോണ ഇല്ലായിരുന്നെങ്കില്‍, ഞാന്‍ നേരില്‍ ബുണ്ടേല്‍ഖണ്ഡിലെ ഝാന്‍സിയില്‍ വന്ന് ഉത്തര്‍പ്രദേശിലോ മധ്യപ്രദേശിലോ ഒരു പരിപാടി നടത്തുമായിരുന്നു. ഈ സുപ്രധാന സംരംഭത്തിനായി ലക്ഷക്കണക്കിന് ആളുകള്‍ വന്ന് നമ്മെ അനുഗ്രഹിക്കുമായിരുന്നു.

സഹോദരീസഹോദരന്മാരെ,

21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജലത്തിന്റെ മതിയായ ലഭ്യത വളരെ പ്രധാനപ്പെട്ട ഘടകമാണ്. എല്ലാ വീടുകളുടെയും എല്ലാ കൃഷിയിടങ്ങളുടേയും ആവശ്യം വെള്ളമാണ്; ജീവിതത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും എല്ലാ മേഖലകള്‍ക്കും ഇത് വളരെ പ്രധാനമാണ്. ഇന്ന്, ദ്രുതഗതിയിലുള്ള വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയും ഈ ദിശയില്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍, ജല സുരക്ഷയും ഫലപ്രദമായ ജല പരിപാലനവും ഇല്ലാതെ അത് സാധ്യമല്ല. വികസനത്തെയും സ്വയംപര്യാപ്തതയെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് നമ്മുടെ ജലസ്രോതസ്സുകളെയും ജല കണക്റ്റിവിറ്റിയേയും ആശ്രയിച്ചിരിക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നു. ഗുജറാത്തിന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ നിങ്ങളോട് പറയുന്നു, ജനങ്ങളുടെ പങ്കാളിത്തത്തോടെ ആസൂത്രിതമായ രീതിയില്‍ വെള്ളം സംരക്ഷിക്കാന്‍ നാം മുന്‍കൈയെടുക്കുകയാണെങ്കില്‍, നമുക്ക് ജലക്ഷാമത്തിന്റെ പ്രശ്നമുണ്ടാകില്ല, പണത്തെക്കാള്‍ വിലയേറിയ ശക്തിയായി വെള്ളം ഉയര്‍ന്നുവരും. ഇത് വളരെ മുമ്പുതന്നെ ചെയ്യേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍, ആളുകളുടെ പങ്കാളിത്തത്തോടൊപ്പം അത് സംഭവിക്കേണ്ട രീതിയിലും അത് സംഭവിച്ചില്ല.  ഇതിന്റെ ഫലമായി, വികസന പാതയിലേക്ക് ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ജല പ്രതിസന്ധിയുടെ വെല്ലുവിളി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജലസംരക്ഷണത്തെ ഗൗരവമായി എടുത്തില്ലെങ്കില്‍ വെള്ളം പാഴാകുന്നത് തടയുന്നില്ലെങ്കില്‍, വരും ദശകങ്ങളില്‍ സ്ഥിതി മോശമാകും. നമ്മുടെ പൂര്‍വ്വികര്‍ നല്‍കിയ വെള്ളം നമ്മുടെ ഭാവിതലമുറയ്ക്ക് ലഭ്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനേക്കാള്‍ വലിയ പുണ്യമില്ല. അതിനാല്‍, വെള്ളം പാഴാക്കുന്നത് ദുരുപയോഗം ചെയ്യാന്‍ നാം അനുവദിക്കില്ലെന്നും ജലവുമായി ആത്മീയ ബന്ധം പുലര്‍ത്താമെന്നും നമുക്ക് പ്രതിജ്ഞ എടുക്കാം. നമ്മുടെ ഉദ്ദേശ ശുദ്ധി ജലസംരക്ഷണത്തിന് സഹായകമാകും. വരും തലമുറകള്‍ക്കായുള്ള ഉത്തരവാദിത്വം ഇനി മുതല്‍ നിറവേറ്റേണ്ടത് രാജ്യത്തിന്റെ ഇന്നത്തെ തലമുറയുടെ കടമയാണ്.

സഹോദരീസഹോദരന്മാരെ,

ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റം വരുത്തുക മാത്രമല്ല, ഭാവിയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുകയും വേണം. അതിനാല്‍, നമ്മുടെ  ഗവണ്‍മെന്റ് അതിന്റെ നയങ്ങളിലും തീരുമാനങ്ങളിലും ജലഭരണ നിര്‍വ്വഹണത്തിന് മുന്‍ഗണന നല്‍കി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഈ ദിശയില്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായ് യോജന, എല്ലാ കൃഷിയിടങ്ങളിലേയ്ക്കും ജല പ്രചാരണ പരിപാടി – ഹര്‍ ഖേത് കോ പാനി, ‘പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്’ പ്രചാരണ പരിപാടി, നമാമിഗംഗെ മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, അടല്‍ ഭുജല്‍ യോജന എന്നിങ്ങനെയുള്ള പദ്ധതികളില്‍ വേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

സഹോദരീസഹോദരന്മാരെ,

ഈ ശ്രമങ്ങള്‍ക്കിടയില്‍, നമ്മുടെ രാജ്യത്തെ മഴവെള്ളത്തിന്റെ ഭൂരിഭാഗവും പാഴായിപ്പോകുന്നുവെന്നതും ആശങ്കാജനകമാണ്. എത്രത്തോളം നന്നായി മഴവെള്ളം കൈകാര്യം ചെയ്യുന്നുവോ അത്രത്തോളം ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് കുറയും, അതിനാല്‍, ‘ക്യാച്ച് ദി റെയിന്‍’ പോലുള്ള വിജയകരമായ പ്രചാരണ പരിപാടികള്‍ വളരെ പ്രധാനമാണ്. നഗര-ഗ്രാമപ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നതാണ് ഇത്തവണത്തെ ജല്‍ ശക്തി അഭിയാന്റെ പ്രാധാന്യം. കാലവര്‍ഷം വരാനായി ഇനിയും ഏതാനും ആഴ്ചകള്‍ മാത്രമാണുള്ളത്, ഇനി മുതല്‍ വെള്ളം സംരക്ഷിക്കാന്‍ നാം തയ്യാറാകണം. നമ്മുടെ തയ്യാറെടുപ്പ് അപര്യാപ്തമാകരുത്. ടാങ്കുകള്‍, കുളങ്ങള്‍, കിണറുകള്‍ വൃത്തിയാക്കല്‍, അഴുക്കുചാലുകള്‍ നീക്കം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കണം. വെള്ളം സംരക്ഷിക്കുന്നതിനും മഴവെള്ളം ഒഴുകുന്ന വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുമുള്ള ശേഷി നാം വര്‍ദ്ധിപ്പിക്കണം, അതിന് വലിയ എഞ്ചിനീയറിംഗ് ആവശ്യമില്ല. പേപ്പറില്‍ ഒരു ഡിസൈന്‍ നിര്‍മ്മിക്കാന്‍ ഒരു മുന്‍നിര എഞ്ചിനീയറുടെയും ആവശ്യമില്ല. ഗ്രാമങ്ങളിലെ ജനങ്ങള്‍ ബോധവാന്മാരാണ്, അവര്‍ അത് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യും. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടായിരിക്കണം, സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തണം. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് MGNREGA യുടെ തുക ഈ ജോലിക്കായി ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

സഹോദരീ സഹോദരന്മാരെ,

ഈ പ്രചാരണ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ പൗരന്മാരുടെയും സഹകരണം ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ സര്‍പഞ്ചുകള്‍, ഡിഎംമാര്‍, ഡിസികള്‍, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുടെ പങ്ക് ഒരുപോലെ പ്രധാനമാണ്. ഗ്രാമസഭകളുടെ പ്രത്യേക യോഗങ്ങളും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ടെന്നും ജല പ്രതിജ്ഞയും നടത്തുന്നുണ്ടെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. ഈ ജല പ്രതിജ്ഞ ജനങ്ങളുടെ പ്രതിജ്ഞയായി മാറണം, ജലത്തിനോടുള്ള നമ്മുടെ സമീപനം മാറുമ്പോള്‍ പ്രകൃതിയും നമ്മെ പിന്തുണയ്ക്കും. സമാധാന കാലത്ത് എത്ര വിയര്‍ക്കുന്നുവോ യുദ്ധ കാലത്ത് അത്രയും കുറച്ച് രക്തം പൊടിയുമെന്ന് സൈന്യത്തെക്കുറിച്ച് പറയുന്നു. ഈ നിയമം വെള്ളത്തിനും ബാധകമാണെന്ന് ഞാന്‍ കരുതുന്നു. നാം കഠിനാധ്വാനം ചെയ്യുകയും മഴയ്ക്ക് മുമ്പായി വെള്ളം സംരക്ഷിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്താല്‍, ക്ഷാമകാലത്ത് കോടിക്കണക്കിന് രൂപയുടെ നഷ്ടം തടയാന്‍ കഴിയും. അല്ലെങ്കില്‍ ഇത് എല്ലാ പ്രവൃത്തികളും നിലയ്ക്കുകയും സാധാരണക്കാര്‍ക്ക് കഷ്ടത അനുഭവിക്കേണ്ടിയും മൃഗങ്ങള്‍ കുടിയേറ്റം നടത്തുകയും ചെയ്യും. സമാധാനകാലത്ത് വിയര്‍ക്കുന്നത് യുദ്ധസമയത്ത് ഉപയോഗപ്രദമാകുമെന്നതിനാല്‍, മഴയ്ക്ക് മുമ്പ് ജീവന്‍ രക്ഷിക്കാന്‍ നാം കൂടുതല്‍ ശ്രമം നടത്തിയാല്‍ അത് ഗുണം ചെയ്യും.

സഹോദരീ സഹോദരന്മാരെ,

മഴവെള്ള സംരക്ഷണത്തിനൊപ്പം നദി ജലത്തിന്റെ നടത്തിപ്പിനെക്കുറിച്ചും പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് സംവാദങ്ങള്‍ നടക്കുന്നുണ്ട്. പലയിടത്തും ഡാമുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ലെന്ന് നാം കണ്ടെത്തി. എഞ്ചിനീയര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നാം അണക്കെട്ടുകള്‍ ഡി-സില്‍ട്ടിംഗ് ചെയ്താല്‍, അത് വെള്ളം കൂടുതല്‍ സംഭരിക്കുകയും വെള്ളം കൂടുതല്‍ കാലം ലഭ്യമാക്കുകയും ചെയ്യും. അതുപോലെ, നമ്മുടെ നദികളും കനാലുകളും ഡി-സില്‍ട്ടിംഗ് ചെയ്യേണ്ടതുണ്ട്. ജല പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഈ ദിശയില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ സംയോജിത ഉത്തരവാദിത്തമാണ്. കെന്‍-ബെത്വ ലിങ്ക് പദ്ധതിയും ഈ ദര്‍ശനത്തിന്റെ ഭാഗമാണ്. മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും മുഖ്യമന്ത്രിമാരെയും ഗവണ്‍മെന്റുകളെയും ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന്, ഈ രണ്ട് നേതാക്കളും ഗവണ്‍മെന്റുകളും വളരെ വലിയൊരു കര്‍ത്തവ്യം നിര്‍വ്വഹിച്ചു. അത് ഇന്ത്യയിലെ ജലത്തിന്റെ ശോഭനമായ ഭാവിക്കായി സുവര്‍ണ്ണ താളുകളില്‍ എഴുതപ്പെടും.  ഇന്ന് ഇവര്‍ ഒപ്പിട്ടത് വെറും ഒരു കരാര്‍ അല്ല. ബുണ്ടേല്‍ഖണ്ഡിന് ഒരു പുതിയ ജീവന്‍ നല്‍കി അതിന്റെ വിധി മാറ്റിയെഴുതി. അതിനാല്‍, ഈ രണ്ട് മുഖ്യമന്ത്രിമാരും ഗവണ്‍മെന്റകളും രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. കെന്‍-ബെത്വ പദ്ധതി നിര്‍വ്വഹണം നമ്മുടെ ജീവിതകാലത്തില്‍ പൂര്‍ത്തിയാക്കുകയും ഈ പ്രദേശത്ത് വെള്ളം ഒഴുകുകയും ചെയ്യുന്നതിനായി പരമാവധി ശ്രമങ്ങള്‍ നടത്തേത് എന്റെ ബുണ്ടല്‍ഖണ്ഡ് സഹോദരന്മാരുടെ ഉത്തരവാദിത്തമാണ്. നമ്മുടെ കൃഷിയിടങ്ങള്‍ ഹരിതാഭമാക്കാന്‍ നമുക്ക് ഒരുമിച്ച് ചേരാം. ലക്ഷക്കണക്കിന് ആളുകള്‍ക്കും കര്‍ഷകര്‍ക്കും വെള്ളം ലഭിക്കുന്ന ജില്ലകളിലും ഈ പദ്ധതി വൈദ്യുതി ഉല്‍പാദിപ്പിക്കും. അത് ദാഹം ശമിപ്പിക്കുകയും പുരോഗതി ഉറപ്പാക്കുകയും ചെയ്യും.

സഹോദരീ സഹോദരന്മാരെ,

നമ്മുടെ ശ്രമങ്ങള്‍ ഭഗീരഥനെപ്പോലെ  ആത്മാര്‍ത്ഥമാണെങ്കില്‍ ഏത് ലക്ഷ്യവും കൈവരിക്കാന്‍ കഴിയും. ഇന്ന്, ജല്‍ ജീവന്‍ മിഷനിലും ഇതേ ശ്രമങ്ങള്‍ കാണാം. ഒന്നര വര്‍ഷം മുമ്പ് നമ്മുടെ രാജ്യത്തെ 19 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 3.5 കോടി കുടുംബങ്ങള്‍ക്ക് മാത്രമാണ് പൈപ്പ് വഴി കുടിവെള്ളം ലഭിച്ചിരുന്നത്. ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകദേശം 4 കോടി പുതിയ കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത പൊതു പങ്കാളിത്തവും പ്രാദേശിക ഭരണ മാതൃകയും അതിന്റെ കാതലാണ് എന്നതാണ്. കൂടുതല്‍ സഹോദരിമാര്‍ മുന്നോട്ട് വന്ന് ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍ ദൗത്യത്തിന് ഉത്തേജനം ലഭിക്കുമെന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുന്നത്, കാരണം നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പോലെ വെള്ളത്തിന്റെ മൂല്യം ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. വീടുകളില്‍ ജലക്ഷാമം ഉണ്ടാകുമ്പോള്‍ അമ്മമാരും സഹോദരിമാരും പ്രശ്‌നം മനസ്സിലാക്കുന്നു. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നാം ജലത്തിന്റെ നടത്തിപ്പ് കൈമാറുകയാണെങ്കില്‍, അവര്‍ ചിന്തിക്കുന്നതിന് അപ്പുറം ഒരു മാറ്റം അവര്‍ കൊണ്ടുവരും. ഈ പരിപാടി മുഴുവന്‍ ഗ്രാമങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്ന് പഞ്ചായത്തിരാജ് സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. ഞാന്‍ ഇപ്പോള്‍ പറഞ്ഞതുപോലെ, നമ്മുടെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഇത് മുന്നോട്ട് കൊണ്ടുപോകുക, നിങ്ങള്‍ ഫലങ്ങള്‍ കാണും. മുന്‍ഗണനാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആശ്രമങ്ങള്‍, ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയില്‍ പൈപ്പ് വെള്ളം ഉറപ്പാക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സഹോദരീ സഹോദരന്മാരെ,

ജല്‍ ജീവന്‍ ദൗത്യത്തിന് അപൂര്‍വമായി ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വശം കൂടിയുണ്ട്. വെള്ളത്തില്‍ ആര്‍സെനിക്, മറ്റ് മലിനീകരണം എന്നിവയുടെ ഒരു വലിയ പ്രശ്‌നമുണ്ട്. മലിന ജലം കാരണം ധാരാളം രോഗങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ നശിപ്പിക്കുകയും അസ്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ജീവിക്കാന്‍ പ്രയാസമുളവാക്കുകയും ചെയ്യുന്നു. ഈ രോഗങ്ങള്‍ തടയാന്‍ നമുക്ക് കഴിയുന്നുവെങ്കില്‍, നമുക്ക് നിരവധി ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഇതിന് ജലപരിശോധനയും ഒരുപോലെ പ്രധാനമാണ്. പക്ഷേ, മഴവെള്ളം നമുക്ക് വലിയ അളവില്‍ സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍, അത്തരം നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായാണ് ഒരു ഗവണ്‍മെന്റ് ജലപരിശോധനയുമായി ബന്ധപ്പെട്ട് ഗൗരവമായി പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളില്‍ താമസിക്കുന്ന സഹോദരിമാരെയും പെണ്‍മക്കളെയും ഈ ജലപരിശോധനയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊറോണ കാലയളവില്‍ 4.5 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ജലപരിശോധനയ്ക്ക് പരിശീലനം നല്‍കി. ഓരോ ഗ്രാമത്തിലും കുറഞ്ഞത് അഞ്ച് സ്ത്രീകള്‍ക്ക് വെള്ളം പരീക്ഷിക്കാന്‍ പരിശീലനം നല്‍കുന്നു. ജലസംഭരണത്തില്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും പങ്ക് എത്രത്തോളം പ്രോത്സാഹിപ്പിക്കപ്പെടുന്നുവോ അത്രയും മികച്ച ഫലം ഉറപ്പാണ്.

പൊതുജനപങ്കാളിത്തത്തോടും ശക്തിയോടും കൂടി രാജ്യത്തിന്റെ ജലം സംരക്ഷിക്കുമെന്നും രാജ്യത്തെ വീണ്ടും തിളക്കമുള്ളതാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ജല്‍ ശക്തി അഭിയാന്‍ വിജയകരമാക്കാന്‍ പ്രതിജ്ഞ എടുക്കാന്‍ രാജ്യത്തെ എല്ലാ യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും കുട്ടികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും ഗവണ്‍മെന്റ് വകുപ്പുകളെയും എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളെയും ഞാന്‍ വീണ്ടും ഉദ്‌ബോധിപ്പിക്കുന്നു. അതിഥികളുടെ വരവിലോ ഗ്രാമത്തില്‍ ഒരു കല്യാണസദ്യയുടെ വരവിലോ നാം ചെയ്യുന്നതുപോലെ അടുത്ത 100 ദിവസത്തിനുള്ളില്‍ ജലസംരക്ഷണത്തിനായി സമാനമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. മഴയ്ക്ക് മുന്നോടിയായി ഗ്രാമങ്ങളിലും സമാനമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. ഉത്സാഹം ഉണ്ടായിരിക്കണം. ഒരു തുള്ളി പോലും പാഴാക്കരുത്. രണ്ടാമതായി, ധാരാളം വെള്ളം ഉള്ളപ്പോള്‍, അതിന്റെ ദുരുപയോഗിക്കുന്ന ശീലം നമ്മളില്‍ ഉണ്ടാകും. ജലസംരക്ഷണം ജലത്തിന്റെ ഉപയോഗം പോലെ തന്നെ പ്രധാനമാണെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ഇത് നാം ഒരിക്കലും മറക്കരുത്.

ലോക ജലദിനത്തോടനുബന്ധിച്ച് ഈ ബോധവല്‍ക്കരണ പ്രചാരണ പരിപാടിയ്ക്ക് എല്ലാവരേയും ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു, പ്രത്യേകിച്ചും മണ്ണില്‍ വെള്ളം എത്തിക്കുകയെന്നത് ഒരു ദൗത്യമാക്കിയ സര്‍പഞ്ചുകളെയും യുവാക്കളെയും. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ധാരാളം ആളുകള്‍ ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നു, എനിക്ക് അഞ്ച് ആളുകളുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. ജലത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ നാടും ജീവിതവും സമ്പദ്വ്യവസ്ഥയും പുനരുജ്ജീവിപ്പിക്കപ്പെടുകയും ഊര്‍ജ്ജസ്വലമായ ഒരു രാജ്യമായി നാം മുന്നേറുകയും ചെയ്യുന്നു. ഈ പ്രതീക്ഷയോടെ, എല്ലാവര്‍ക്കും വളരെ നന്ദി.

 

***