Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കെനിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

കെനിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


ബഹുമാനപ്പെട്ട പ്രസിഡന്റ് യുഹുറു കെന്യാറ്റാ,

ഡെപ്യൂട്ടി പ്രസിഡന്റ് വിള്യം റൂട്ടോ,

സഹോദരീ സഹോദരന്മാരേ,

ബഹുമാനപ്പെട്ട പ്രസിഡന്റ്, താങ്കളുടെ ദയാപൂര്‍ണമായ വാക്കുകള്‍ക്കു നന്ദി.

ഇവിടെ നയ്‌റോബിയില്‍ എത്താന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. എനിക്കും പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മള സ്വീകരണത്തിന് പ്രസിഡന്റ് കെന്യാറ്റയോടു ഞാന്‍ നന്ദി പറയുന്നു. ബഹുമാനപ്പെട്ട പ്രസിഡന്റ്, താങ്കളുടെ പേരായ ‘യുഹുറു’വിന്റെ അര്‍ഥം സ്വാതന്ത്ര്യം എന്നാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരര്‍ഥത്തില്‍ താങ്കളുടെ ജീവിതയാത്ര സ്വതന്ത്ര കെനിയയുടെ യാത്രകൂടി ആയിരുന്നല്ലോ. ഇന്നു താങ്കള്‍ക്കൊപ്പം നില്‍ക്കുന്നത് ആദരവായാണു ഞാന്‍ കാണുന്നത്.

സുഹൃത്തുക്കളേ,

കെനിയ ഇന്ത്യയുടെ വിലപ്പെട്ട സുഹൃത്തും വിശ്വസ്ത പങ്കാളിയുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദീര്‍ഘകാലമായുള്ളതും വിലയേറിയതുമാണ്. കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പൊതുചരിത്രം നമുക്കുണ്ട്.

നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം നമുക്കിടയില്‍ വിവിധ മേഖലകളിലുള്ള സൗഹൃദത്തിനു ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു. അത് കൃഷി മുതല്‍ വികസനപിന്തുണ വരെയും വാണിജ്യം മുതല്‍ നിക്ഷേപം വരെയും ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം മുതല്‍ ശേഷിവര്‍ധിപ്പിക്കുന്നതു വരെയും സ്ഥിരം രാഷ്ട്രീയ ചര്‍ച്ചകള്‍ മുതല്‍ പ്രതിരോധ, സുരക്ഷാ സഹകരണം വരെയും വ്യാപിച്ചുകിടക്കുന്നു.

ഇന്നു പ്രസിഡന്റും ഞാനും ചേര്‍ന്ന് നാം തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളും വിലയിരുത്തി.

സുഹൃത്തുക്കളേ, ലോക സമ്പദ്‌വ്യവസ്ഥയില്‍ പ്രഭാപൂര്‍ണമായ ബിന്ദുക്കളിലൊന്നാണ് ഇന്ത്യ. കെനിയയാകട്ടെ, വളരെയധികം സാധ്യതകളുള്ള പ്രദേശവും. കെനിയ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ ഇന്ത്യ, കെനിയയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രണ്ടാമത്തെ രാജ്യംകൂടിയാണ്. എന്നാല്‍, ഇനിയും നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഇവിടെയുണ്ട്.

നമ്മുടെ സമ്പദ്‌വ്യവസ്ഥകള്‍ക്കു കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നു ഞങ്ങള്‍ പൊതുധാരണയിലെത്തി. അതിന് വാണിജ്യബന്ധം വര്‍ധിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയും വ്യാപാരം കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുകയും നിക്ഷേപബന്ധം മെച്ചപ്പെടുത്തുകയും വേണം.

ഇതു മേഖലാതലത്തിലുള്ള സാമ്പത്തികനില മെച്ചപ്പെടാനും സഹായകമാകും. ഇക്കാര്യത്തില്‍ ഗവണ്‍മെന്റുകള്‍ വഹിക്കേണ്ട പങ്ക് നിര്‍വഹിക്കപ്പെടുന്നതിനൊപ്പം ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തിന് വാണിജ്യ സൗഹൃദത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഈ സാഹചര്യത്തില്‍, ഇന്നു നടക്കാനിരിക്കുന്ന ഇന്ത്യ- കെനിയ ബിസിനസ് ഫോറത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയും കെനിയയും രണ്ടു വികസ്വര രാഷ്ട്രങ്ങളാണ്. പുതുമകള്‍ കണ്ടെത്തുന്ന സമൂഹങ്ങള്‍ കൂടിയാണു നമ്മുടേത്. പ്രധാനപ്പെട്ട കാര്യം, പ്രക്രിയയോ ഉല്‍പന്നങ്ങളോ സാങ്കേതികവിദ്യയോ ഏതോ ആകട്ടെ, നാം കണ്ടെത്തുന്ന പുതുമകള്‍ നമ്മുടെ സമൂഹങ്ങള്‍ക്കു മാത്രം പ്രസക്തമായവ അല്ല എന്നതാണ്. മറ്റു വികസ്വര രാഷ്ട്രങ്ങളിലെ ജനതയുടെയും ജീവിതം മെച്ചപ്പെടുത്താന്‍ അവ ഉപകരിക്കുന്നുണ്ട്. ലോകത്താകമാനം ലക്ഷക്കണക്കിനു പേരെ ശാക്തീകരിച്ച എം-പെസയുടെ വിജയം അത്തരമൊരു മികച്ച പുതുമയായിരുന്നു. പുതുമയാര്‍ന്ന സാങ്കേതികവിദ്യ വാണിജ്യവല്‍ക്കരിക്കുന്നതിനായി ഇരു വിഭാഗവും ഒരുമിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്നു. അവയില്‍ ചിലത് ഇന്നത്തെ ബിസിനസ് ഫോറത്തില്‍ വ്യക്തമാവുകയും ചെയ്യും.

സുഹൃത്തുക്കളേ,

വിവിധ മേഖലകളിലുള്ള വികസാത്മക പങ്കാളിത്തമാണ് നമ്മുടെ ഉഭയകക്ഷിബന്ധത്തിന്റെ മുഖ്യ സ്തംഭം. നമ്മുടെ വികസന പരിഗണനകള്‍ ഏറെക്കുറെ പൊരുത്തമുള്ളവയാണ്. കെനിയയുടെ വികസനലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി വികസനകാര്യങ്ങളിലെ അനുഭവജ്ഞാനവും വൈദഗ്ധ്യവും പങ്കു വെക്കാനും കുറഞ്ഞ പലിശനിരക്കില്‍ വായ്പ അനുവദിക്കാനും പ്രവര്‍ത്തനശേഷി പങ്കുവെക്കാനും ഇന്ത്യ തയ്യാറാണ്. കാര്‍ഷികമേഖലയുടെ യന്ത്രവല്‍ക്കരണം, തുണിത്തരങ്ങള്‍, ചെറുകിട ഇടത്തരം മേഖലകളുടെ വികസനം എന്നീ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ പരമാവധി നേരത്തേ നടപ്പാക്കാന്‍ ശ്രമിക്കും. ഇന്ത്യ അനുവദിച്ച 6 കോടി ഡോളറിന്റെ വായ്പ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന വൈദ്യുതിവിതരണപദ്ധതിയുടെ പുരോഗതി പ്രോല്‍സാഹനം പകരുന്നതാണ്. കെനിയ നല്ല വിജയം കാഴ്ചവെച്ചിട്ടുള്ള ജിയോതെര്‍മല്‍ മേഖല, എല്‍.ഇ.ഡി. ഉപയോഗിച്ചുള്ള തെരുവു വിളക്കുകള്‍ എന്നിവ പരസ്പരം സഹകരിക്കാവുന്ന രണ്ടു മേഖലകളാണ്. ആരോഗ്യസംരക്ഷണത്തിനാണു പ്രസിഡന്റ് യുഹ്‌റു പ്രഥമ പരിഗണന നല്‍കുന്നതെന്നു ഞാന്‍ മനസ്സിലാക്കുന്നു. കെനിയയില്‍ സാധാരണക്കാരനു താങ്ങാനാവുന്നതും ഫലപ്രദവുമായ ആരോഗ്യസംരക്ഷണ സംവിധാനം ഒരുക്കുന്നതിനായി മരുന്നുല്‍പാദനത്തില്‍ ഇന്ത്യക്കുള്ള കരുത്ത് ശേഷി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതു കേവലം കെനിയയുടെ ജനതയ്ക്കു മാത്രമല്ല ഗുണകരമായിത്തീരുക. ഒരു പ്രാദേശിക മരുന്നു ഹബ്ബായിത്തീരാന്‍ കെനിയയ്ക്ക് ഇതു സഹായകമായിത്തീരുകയും ചെയ്യും. പ്രശസ്തമായ കെന്യാറ്റ നാഷണല്‍ ഹോസ്പിറ്റലില്‍ ഇന്ത്യന്‍ നിര്‍മിത ക്യാന്‍സര്‍ തെറാപ്പി മെഷീനായ ഭാഭാട്രോണ്‍ സ്ഥാപിക്കപ്പെടുന്നു എന്നറിയുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എയ്ഡ്‌സ് ചികില്‍സിക്കുന്നതിനുള്‍പ്പെടെ കെനിയയുടെ പൊതുജനാരോഗ്യ സംവിധാനത്തിന് അവശ്യമരുന്നുകളും ചികില്‍സോപകരണങ്ങളും സംഭാവന ചെയ്യും.

സുഹൃത്തുക്കളേ,

യുവാക്കള്‍ക്കു വിജയിക്കാനുള്ള അവസരങ്ങളില്ലാതെ നമ്മുടെ സമൂഹങ്ങള്‍ക്കു വളരാന്‍ കഴിയില്ല. ഇതിനായി, കെനിയയുമായി വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

സുഹൃത്തുക്കളേ,

വികസനകാര്യത്തിലുള്ള വെല്ലുവിളികളെക്കുറിച്ചു മനസ്സിലാക്കുമ്പോള്‍ തന്നെ സുരക്ഷയും സുസ്ഥിരതയും സംബന്ധിച്ച ആശങ്കകളും പ്രസിഡന്റും ഞാനും പങ്കുവെച്ചു. ഇന്ത്യാ മഹാസമുദ്രം ഇന്ത്യയെയും കെനിയയെയും ബന്ധിപ്പിക്കുന്നു. നമുക്കു രണ്ടു രാഷ്ട്രങ്ങള്‍ക്കും കരുത്തുറ്റ നാവിക പാരമ്പര്യമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ നാവികരംഗത്തു നല്ല സഹകരണമുണ്ടാകുന്നത് നമ്മുടെ സമഗ്ര പ്രതിരോധത്തിനും സുരക്ഷാസംവിധാനത്തിനും വളരെ പ്രധാനമാണ്. ഇപ്പോള്‍ ഒപ്പുവെക്കപ്പെട്ട പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രം പ്രതിരോധ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കും. ജീവനക്കാരെ കൈമാറുന്നതും വൈദഗ്ധ്യവും അനുഭവജ്ഞാനവും പങ്കുവെക്കുന്നതും പരിശീലനവും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കലും ജലമാപനത്തിലെ സഹകരണവും ഉപകരണങ്ങളുടെ വിതരണവുമൊക്കെ ഇതില്‍ പെടും. ഭീകരവാദവും തീവ്ര ആശയങ്ങളുടെ അതിവേഗത്തിലുള്ള പ്രചരണവും നമ്മുടെ ജനതയ്ക്കും രാഷ്ട്രങ്ങള്‍ക്കും മേഖലയ്ക്കും മാത്രമല്ല ലോകത്തിനാകെ ഭീഷണി ഉയര്‍ത്തുന്നുവെന്നു പ്രസിഡന്റും ഞാനും തിരിച്ചറിയുന്നു. സൈബര്‍ സുരക്ഷ, മയക്കുമരുന്ന് തടയല്‍, മനുഷ്യക്കടത്തു തടയല്‍ എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ വംശജരുമായി ഇന്നലെ പ്രസിഡന്റും ഞാനും നടത്തിയ കൂടിക്കാഴ്ച അവിസ്മരണീയമാണ്. പ്രസിഡന്റ് ചൂണ്ടിക്കാട്ടിയതു പോലെ, ഇന്ത്യന്‍ വേരുകളെ താലോലിക്കുമ്പോഴും അവര്‍ അഭിമാനികളായ കെനിയക്കാരാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥകളും സമൂഹങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നതില്‍ ഒരു പാലമായി അവര്‍ വര്‍ത്തിക്കുന്നു. കെനിയയുടെ ധനികമായ സമൂഹത്തിന്റെ ഭാഗമായിത്തീര്‍ന്ന ആര്‍ജവമുള്ള ഇന്ത്യന്‍ സംസ്‌കാരം, ഈ വര്‍ഷാവസാനം കെനിയയില്‍ നടക്കുന്ന ഒരു ഇന്ത്യന്‍ ഉല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്ന് അറിയിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്.

ബഹുമാനപ്പെട്ട പ്രസിഡന്റ് യുഹുറു,

അവസാനമായി, ഞങ്ങള്‍ക്കു നല്‍കിയ ഊഷ്മള സ്വീകരണത്തിനു കെനിയന്‍ ഗവണ്‍മെന്റിനെയും ജനതയെയും ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.

നിങ്ങളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാനായി ഞാനും ഇന്ത്യയിലെ ജനങ്ങളും കാത്തിരിക്കുകയും ചെയ്യുന്നു.

നന്ദി. വളരെയധികം നന്ദി.