Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടാം ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ സമാപനചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

രണ്ടാം ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ സമാപനചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


രണ്ടാമത് ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ  പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.  സെന്റട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിലെ മൂന്നു ദേശീയ ജേതാക്കളുടെയും കാഴ്ച്ചപ്പാടുകളും പ്രധാനമന്ത്രി ശ്രവിച്ചു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്സ് സഹമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അനുസ്മരിച്ച പ്രധാനമന്ത്രി, കാലങ്ങള്‍ കടന്നു പോയിട്ടും സ്വാമി വിവേകാനന്ദന്റെ സ്വാധീനവും പ്രഭാവവും നമ്മുടെ ദേശീയ ജീവിതത്തില്‍ ഇപ്പോഴും ഊനമില്ലാതെ നിലനില്ക്കുന്നതായി  ചൂണ്ടിക്കാട്ടി. ദേശീയതയെയും രാഷ്ട്ര നിര്‍മ്മാണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും സാമൂഹിക സേവനത്തെയും ലോക സേവനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ  അനുശാസനങ്ങളും ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നതായി പ്രധാന മന്ത്രി തുടര്‍ന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വാമിജി അര്‍പ്പിച്ച സേവനങ്ങളെ സംബന്ധിച്ചും പ്രധാന മന്ത്രി സംസാരിച്ചു.  സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട വ്യക്തികള്‍ ആദ്യം സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട്  പുതിയ സ്ഥാപന ശില്പികളായി സ്വയം മാറുകയും ചെയ്തു. ഇത് വ്യക്തി വികാസത്തില്‍ നിന്നു സ്ഥാപന ശില്പികളിലേയ്ക്കും  തിരിച്ചുമുള്ള ധാര്‍മിക വലയത്തിന് തുടക്കമായി. വ്യക്തി സംരംഭകത്വവും വന്‍ കമ്പനികളും തമ്മിലുള്ള ബന്ധത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാന മന്ത്രി സൂചിപ്പിച്ചു. അടുത്ത കാലത്ത്  ക്രോഡീകരിച്ച ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന നൂതന പഠന രീതിയുടെ പ്രയോജനവും ബഹുമുഖത്വവും  രാജ്യത്തെ യുവാക്കള്‍ പ്രയോജനപ്പെടുത്തണം എന്നും അദ്ദേഹംആവശ്യപ്പെട്ടു. രാജ്യത്ത് പുതിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കാനാണ് നാം ശ്രമിക്കുന്നത്. അതിന്റെ അഭാവത്തില്‍ യുവാക്കള്‍ വിദേശ തീരങ്ങളിലേയ്ക്ക് നോക്കാന്‍ നിര്‍ബന്ധിതരാകും – പ്രധാനമന്ത്രി പറഞ്ഞു.

ആത്മധൈര്യവും ഹൃദയ വിശുദ്ധിയും ധൈര്യവും മനശക്തിയുമുള്ള യുവതയെ  രാഷ്ട്രത്തിന്റെ അടിത്തറയായി അംഗീകരിച്ചത് സ്വാമി വിവേകാനന്ദനാണ് എന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യുവജനങ്ങള്‍ക്കായി സ്വാമി വിവേകാനന്ദന്റെ മന്ത്രങ്ങളും ശ്രീ മോദി അവതരിപ്പിച്ചു. ശാരിരിക സുസ്ഥിതിക്ക് ഇരുമ്പുകൊണ്ടുള്ള പോശികളും ഉരുക്കുകൊണ്ടുള്ള നാഡികളും, വ്യക്തിത്വ വികസനത്തിന് ആത്മ വിശ്വാസം, നേതൃത്വത്തിനും സംഘടിത പ്രവര്‍ത്തനത്തിനും എല്ലാത്തിലും വിശ്വാസം എന്നാണ് സ്വാമി പറഞ്ഞത്.

രാഷ്ടിയത്തില്‍ നിസ്വാര്‍ത്ഥമായും സക്രിയമായും സംഭാവനകള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി യുവാക്കളെ ഉപദേശിച്ചു. ഇന്ന് സത്യസന്ധരായവര്‍ക്ക് സേവനത്തിനുള്ള  അവസരങ്ങള്‍ ഉണ്ട്, ആദര്‍ശരഹിതമായ പ്രവര്‍ത്തനം എന്ന  രാഷ്ട്രിയത്തെ കുറിച്ചുള്ള ആ പഴയ  കാഴ്ച്ചപ്പാട് മാറുകയാണ്. ഇന്ന് സത്യസന്ധതയും പ്രവര്‍ത്തന മികവും ആണ് ആവശ്യം. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രിയത്തിലെ കുടുംബ വാഴ്ച്ചയെ  കുറിച്ചും പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. അഴിമതി പൈതൃകമാക്കിയ ആളുകള്‍ ജനങ്ങളുടെ മേല്‍ അഴിമതിയുടെ ഭാരം വച്ചുകൊടുക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ച്ചയെ ഉന്മൂലനം ചെയ്യുവാന്‍  അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. രാഷ്ട്രിയത്തിലെ കുടുംബ വാഴ്ച ജനാധിപത്യത്തില്‍ കഴിവുകേടിനും ഏകാധിപത്യത്തിനും വഴിയൊരുക്കും. കാരണം  കുടുംബത്തില്‍ രാഷ്ട്രിയവും രാഷ്ട്രിയത്തില്‍ കുടുംബവും നിലനിര്‍ത്തുന്നതിനാണ്  അവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ന് ഒരു കുടുംബ പേരിന്റെ ഊന്നുവടിയില്‍ താങ്ങി നിന്നു കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. എന്നാലും കുടുംബവാഴ്ച്ച രാഷ്ട്രിയം ഇപ്പോഴും അതിന്റെ അന്ത്യത്തില്‍ നിന്നു വളരെ ദൂരെയാണ്. കുടുംബ വാഴ്ച്ച പ്രോത്സാഹിപ്പിക്കുന്നത് തന്നെയും തന്റെ കുടുംബത്തെയുമാണ്. അല്ലാതെ രാഷ്ട്രത്തിന്റെ മുന്നേറ്റമല്ല. ഇതാണ് ഇന്ത്യയിലെ സാമൂഹിക അഴിമതിയുടെ മുഖ്യ കാരണം – പ്രധാന മന്ത്രി പറഞ്ഞു.

ഭുജ് ഭൂകമ്പത്തിനു ശേഷം നടന്ന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പ്രധാന മന്ത്രി യുവാക്കളോട് പറഞ്ഞു, ദുരന്തത്തിനു ശേഷം ഏതു സമൂഹവും അതിന്റെ  പാത സ്വയം പഠിച്ചുകൊള്ളും, അതിന്റെ വിധിയും സ്വയം എഴുതിക്കൊള്ളും. അതിനാല്‍ 130 കോടി ഇന്ത്യക്കാര്‍ ഇന്ന് അവരുടെ വിധി ഇന്ന് സ്വയം എഴുതുകയാണ്. യുവാക്കളുടെ ഓരോ പരിശ്രമവും നവീകരണവും  സത്യസന്ധമായ പ്രതിജ്ഞയും നമ്മുടെ  ഭാവിക്കുള്ള ശക്തമായ അടിത്തറയാണ് – പ്രധാന മന്ത്രി പറഞ്ഞു.

 

***