Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊച്ചി -മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ജനുവരി അഞ്ചിന് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും


കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ജനുവരി അഞ്ചിന്, രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിക്കും. ‘ഒരു രാജ്യം ഒരു വാതക ഗ്രിഡ് ‘രൂപീകരണത്തിനുള്ള പ്രധാന ചുവടുവയ്പ്പാണ്  ഈ പദ്ധതി. കര്‍ണാടക, കേരള ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രകൃതി വാതക പൈപ്പ് ലൈന്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡാണ് നിര്‍മ്മിച്ചത്. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാഹക ശേഷിയുള്ളതാണ് പൈപ്പ് ലൈന്‍. കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍  നിന്നും  കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലുള്ള മംഗളൂരുവിലേയ്ക്കാണ് പ്രകൃതിവാതകം കൊണ്ടുപോകുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലൂടെ ആണ് പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.  ഏകദേശം 3000 കോടി രൂപ ചെലവു വന്ന പ്രകൃതി വാതക പൈപ്പ് ലൈന്‍, 12 ലക്ഷത്തോളം മനുഷ്യ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. കടന്നു പോകുന്ന പാതയില്‍ നൂറിലധികം പ്രദേശത്ത് ജലസ്രോതസ്സുകളെ മുറിച്ചു കടക്കണം എന്നതിനാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമായിരുന്നു. ഹൊറിസോണ്ടല്‍ ഡയറക്ഷനല്‍  ഡ്രില്ലിങ് എന്ന പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.

 വീട്ടാവശ്യത്തിന്, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതക ഇന്ധനവും, ഗതാഗത മേഖലയ്ക്ക് സി.എന്‍.ജി (Compressed Natural Gas) രൂപത്തിലും  ഈ പൈപ്പ് ലൈനിലൂടെ ഇന്ധനം ലഭ്യമാക്കും. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പ്രകൃതിവാതകവും  നല്‍കും. പ്രകൃതിവാതകം പോലെ ശുദ്ധമായ ഊര്‍ജ്ജ ഉപയോഗം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും അതുവഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

***