Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രത്തലവന്‍മാരുടെ എസ്.സി.ഒ. കൗണ്‍സിലിന്റെ ഇരുപതാമത് ഉച്ചകോടി

രാഷ്ട്രത്തലവന്‍മാരുടെ എസ്.സി.ഒ. കൗണ്‍സിലിന്റെ ഇരുപതാമത് ഉച്ചകോടി


രാഷ്ട്രത്തലവന്‍മാരുടെ എസ്.സി.ഒ. കൗണ്‍സിലിന്റെ ഇരുപതാമത് ഉച്ചകോടി 2020 നവംബര്‍ പത്തിന് വിഡിയോ കോണ്‍ഫറസ് വഴി നടത്തപ്പെട്ടു. റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ. വ്‌ളാദിമിര്‍ പുടിന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ പ്രതിനിധിസംഘത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നയിച്ചു. മറ്റ് എസ്.സി.ഒ. അംഗ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രധാനമന്ത്രിമാരും അതതു രാജ്യങ്ങള്‍ക്കായി പങ്കെടുത്തു. മറ്റു പങ്കാളികള്‍: എസ്.സി.ഒ. സെക്രട്ടേറിയറ്റ് സെക്രട്ടറി ജനറല്‍, എസ്.സി.ഒ. റീജനല്‍ ആന്റി-ടെററിസ്റ്റ് സ്ട്രക്ചര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എസ്.സി.ഒയുടെ നാലു നിരീക്ഷകരുടെ (അഫ്ഗാനിസ്ഥാന്‍, ബെലാറസ്, ഇറാന്‍, മംഗോളിയ) പ്രസിഡന്റുമാര്‍.

 

വിര്‍ച്വല്‍ സംവിധാനത്തില്‍ സംഘടിപ്പിക്കപ്പെട്ട എസ്.സി.ഒയുടെ ആദ്യ ഉച്ചകോടിയാണ് ഇത്. 2017ല്‍ പൂര്‍ണ അംഗമായ ശേഷം ഇന്ത്യ പങ്കെടുക്കുന്ന മൂന്നാമത്തെ യോഗവുമാണ്. എസ്.സി.ഒ. നേതാക്കളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളികളും തടസ്സങ്ങളും അതിജീവിച്ച് യോഗം സംഘടിപ്പിച്ചതിന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അഭിനന്ദിച്ചു.

 

മഹാവ്യാധി നിമിത്തമുള്ള സാമൂഹികവും സാമ്പത്തികവുമായ അനന്തര ഫലങ്ങളെ തുടര്‍ന്നുള്ള ലോകത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി ബഹുമുഖ ബന്ധം പരിഷ്‌കരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. യു.എന്‍.എസ്.സിയുടെ അസ്ഥിരാംഗമെന്ന നിലയില്‍ ഇന്ത്യ 2021 ജനുവരി ഒന്നു മുതല്‍ ആഗോള ഭരണ രംഗത്തു ഗുണകരമായ മാറ്റം സാധ്യമാക്കുന്നതിനായി ‘നവീകൃത ബഹുമുഖ ബന്ധം’ എന്ന ആശയത്തിന് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

മേഖലാതല സമാധാനം, സുരക്ഷ, അഭിവൃദ്ധി, ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തല്‍, നിയമപരമല്ലാതെ ആയുധങ്ങള്‍ കടത്തല്‍, ലഹരിവസ്തുക്കള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യക്കുള്ള ഉറച്ച നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യയുടെ ഭടന്‍മാര്‍ അന്‍പതോളം യു.എന്‍. സമാധാന ദൗത്യങ്ങളില്‍ പങ്കെടുത്തു എന്നും മഹാവ്യാധിക്കാലത്ത് ഇന്ത്യയുടെ ഔഷധ വ്യവസായ മേഖല 150ലേറെ രാജ്യങ്ങളില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എസ്.സി.ഒ. മേഖലയുമായി ഇന്ത്യക്കുള്ള ശക്തമായ സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തിന് അടിവരയിട്ട പ്രധാനമന്ത്രി, രാജ്യാന്തര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി, ഛബഹര്‍ തുറമുഖം, അഷ്ഗബത് കരാര്‍ തുടങ്ങിയ പദ്ധതികളിലൂടെ മേഖലയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു. 2020ല്‍ എസ്.സി.ഒയുടെ ഇരുപതാമതു വാര്‍ഷികം ‘എസ്.സി.ഒ. സാംസ്‌കാരിക വര്‍ഷ’മായി ആചരിക്കുന്നതിനു സര്‍വവിധ പിന്‍തുണയും വാഗ്ദാനംചെയ്ത അദ്ദേഹം, നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യ നടത്തുന്ന പൊതു ബൗദ്ധ പാരമ്പര്യത്തെക്കുറിച്ചുള്ള പ്രഥമ എസ്.സി.ഒ. പ്രദര്‍ശനം സംഘടിപ്പിക്കാനും അടുത്ത വര്‍ഷം ഇന്ത്യയില്‍ എസ്.സി.ഒ. ഭക്ഷ്യോല്‍സവം സംഘടിപ്പിക്കാനും പത്തു മേഖലാതല ഭാഷാ സാഹിത്യ കൃതികള്‍ റഷ്യനിലേക്കും ചൈനീസിലേക്കും വിവര്‍ത്തനം ചെയ്യാനുമുള്ള ഇന്ത്യയുടെ പദ്ധതികളെ കുറിച്ചു സംസാരിച്ചു.

 

2020 നവംബര്‍ 30നു നടക്കാനിരിക്കുന്ന എസ്.സി.ഒ. കൗണ്‍സില്‍ ഭരണ തലവന്‍മാരുടെ അടുത്ത വിര്‍ച്വല്‍ യോഗത്തിന് ആതിഥ്യമൊരുക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്‌പെഷ്യല്‍ വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ ഇന്നവേഷന്‍ ആന്‍ഡ് സ്റ്റാര്‍ട്ടപ്‌സ്, പാരമ്പര്യ വൈദ്യത്തിന്റെ ഉപ ഗ്രൂപ്പ് എന്നിവ എസ്.സി.ഒയുടെ കീഴില്‍ രൂപീകരിക്കണമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടുവെച്ചു. മഹാവ്യാധിക്കു ശേഷമുള്ള ലോകത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ കരുത്തും എസ്.സി.ഒ. മേഖലയുടെ സാമ്പത്തിക പുരോഗതിയും വര്‍ധിപ്പിക്കുന്ന ആത്മനിര്‍ഭര്‍ ഭാരതിനെ കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണം അദ്ദേഹം വിശദീകരിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം എസ്.സി.ഒയുടെ അധ്യക്ഷപദവി ഏറ്റെടുക്കുന്ന താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമലി റഹ്മാനെ അഭിനന്ദിക്കുകയും ഇന്ത്യയുടെ സമ്പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

 

***