Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2015 നവംബര് 29-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.


മനസ്സു പറയുന്നത്

പ്രിയപ്പെട്ട ദേശവാസികളേ! നമസ്ക്കാരം. എല്ലാവരും പവിത്രമായ ദീപാവലിയോട് ബന്ധപ്പെട്ട ഒഴിവു ദിവസങ്ങള് നന്നായി ആഘോഷിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. എവിടെങ്കിലും ഒക്കെ പോകാനുള്ള അവസരങ്ങളും നിങ്ങള്ക്ക് കിട്ടിക്കാണും. പുതിയ ഉണര്വ്വോടും ഉത്സാഹത്തോടുംകൂടി വ്യാപാരവും തൊഴിലും പുന:രാരംഭിച്ചിട്ടുണ്ടാവും. അതോടൊപ്പം ക്രിസ്തുമസിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടായിരിക്കും. സാമൂഹികജീവിതത്തില് ഉത്സവങ്ങള്ക്ക് അതിന്റേതായ മഹത്വമുണ്ട്. ചിലപ്പോള് ആഘോഷങ്ങള് മുറിവുണക്കാന് സഹായിക്കുന്നു. മറ്റു ചിലപ്പോള് അവ പുതിയ ഊര്ജ്ജം പ്രദാനം ചെയ്യുന്നു. എന്നാല് ചിലപ്പോഴെങ്കിലും ആഘോഷാവസരങ്ങളില് പ്രതിസന്ധികളും ഉണ്ടാകാം. അപ്പോള് അത് വളരെ വേദനാജനകമായി തോന്നും. ലോകത്തിന്റെ ഓരോ കോണില്നിന്നും നിരന്തരമായി പ്രകൃതി ദുരന്തങ്ങളുടെ വാര്ത്തകള് വരുന്നത് പതിവായിരിക്കുന്നു. ഈ വിപത്തുകളെക്കുറിച്ച് നമ്മള് ഒരിക്കലും ചിന്തിക്കുകയോ, സങ്കല്പിക്കുകയോ ചെയ്തിട്ടുണ്ടാവില്ല.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം എത്ര വേഗത്തിലാണ് വര്ദ്ധിച്ചു വരുന്നത് എന്നതാണ് ഇപ്പോള് നമുക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് അതിഭയങ്കരമായ മഴ, കാലംതെറ്റിയുള്ള മഴ, നീണ്ടുനില്ക്കുന്ന മഴ, ഇവ കാരണം നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും തമിഴ്നാട്ടില് ഒരുപാടു നഷ്ടം ഉണ്ടായിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും ഇതിന്റെ അനന്തരഫലം അനുഭവപ്പെടുന്നുണ്ട്. ഒരുപാടുപേര്ക്ക് സ്വത്തും ജീവനും നഷ്ടപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തില് ഞാന് ആ കുടുംബങ്ങളെ എന്റെ അനുശോചനം അറിയിക്കുകയാണ്. സംസ്ഥാനസര്ക്കാരുകള് സര്വ്വശേഷിയും ഉപയോഗിച്ച് ദുരിതാശ്വാസപ്രവര്ത്തനങ്ങളും രക്ഷാപ്രവര്ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്രസര്ക്കാരും തോളോടുതോളുരുമ്മി അവരോടൊപ്പം പ്രവര്ത്തിക്കുന്നു. ഇപ്പോള് ഭാരതസര്ക്കാരിന്റെ ഒരു സംഘം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. എന്നാല് തമിഴ്നാടിന്റെ കഴിവില് എനിക്കു വിശ്വാസം ഉണ്ട്. ഈ പ്രതിസന്ധിയിലും വീണ്ടും അവര്ക്ക് അതിവേഗം മുന്നോട്ട് പോകുവാന് കഴിയുകയും, രാജ്യത്തെ മുന്നോട്ടു നയിക്കാന് അവരുടേതായ പങ്ക് നിറവേറ്റിക്കൊണ്ടിരിക്കുകയും ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്.

എന്നാല് ചുറ്റുപാടും ഇങ്ങനെയുള്ള ദുരിതങ്ങള് കാണുമ്പോള് മാറ്റങ്ങളുടെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. പതിനഞ്ച് വര്ഷം മുന്പ് ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങള് കൃഷി വകുപ്പിന്റെമാത്രം പരിഗണനയിലുള്ള വിഷയമായിരുന്നു. എന്തെന്നാല് അന്ന് മിക്കവാറും എല്ലാ പ്രകൃതിദുരന്തങ്ങളും ക്ഷാമത്തില് കലാശിക്കുമായിരുന്നു. അതായത് ക്ഷാമം പ്രകൃതി വിപത്തിന്റെ അനന്തരഫലമായിരുന്നു. പക്ഷേ, ഇന്ന് അതിന്റെ രൂപം തന്നെ മാറിയിരിക്കുന്നു. ഇന്ന് ഓരോ മേഖലയിലും നമ്മുടെ ശ്രദ്ധപതിയേണ്ടിയിരിക്കുന്നു. സര്ക്കാരും സമൂഹവും ജനങ്ങളും ഓരോ ചെറിയ സ്ഥാപനങ്ങളും കഴിവുകള് പോഷിപ്പിക്കുന്നതിനായി വളരെ ശാസ്ത്രീയമായ രീതിയില് പ്രവര്ത്തിക്കേണ്ടിയിരിക്കുന്നു. നേപ്പാളിലെ ഭൂകമ്പത്തിനുശേഷം ഞാന് പാക്കിസ്ഥാന് പ്രധാനമന്ത്രി ശ്രീ. നവാസ് ഷരീഫുമായി സംസാരിച്ചിരുന്നു. നമ്മള് ടഅഅഞഇ രാജ്യങ്ങള് പ്രകൃതിദുരന്തങ്ങള് നേരിടുന്നതിനുവേണ്ടി സംയുക്തമായി പ്രവര്ത്തിക്കണമെന്ന ഒരു നിര്ദ്ദേശം ഞാന് മുന്നോട്ടു വച്ചിരുന്നു. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് സാര്ക്ക് രാജ്യങ്ങളുടെ ഒരു സമ്മേളനവും പിന്തുടരാവുന്ന ഉത്തമമാതൃകകളെ കുറിച്ചുള്ള ഒരു സെമിനാറും ശില്പശാലയും ഡല്ഹിയില് നടക്കുന്നതില് എനിക്ക് വളരെ സന്തോഷമുണ്ട്. അങ്ങനെ ഒരു നല്ല തുടക്കം കുറിക്കുകയാണ്.

ഇന്ന് എനിക്ക് പഞ്ചാബിലെ ജലന്തറില്നിന്ന് ലഖ്വിന്ദര്സിംഗിന്റെ ഫോണ് സന്ദേശം ലഭിച്ചു, ”ഞാന് ലഖ്വിന്ദര് സിംഗ്, പഞ്ചാബിലെ ജലന്തര് ജില്ലയില് നിന്നാണ് സംസാരിക്കുന്നത്. ഞങ്ങള് ഇവിടെ ജൈവകൃഷി നടത്തുന്നു, വളരെ അധികം ആളുകള്ക്ക് ജൈവകൃഷിയെക്കുറിച്ച് ബോധവല്ക്കരണവും നടത്തുന്നു. ജനങ്ങള് ഗോതമ്പിന്റേയും മറ്റും വയ്ക്കോല് വയലുകളില് ഇട്ട് തീ കത്തിക്കുന്നുണ്ട്. ഇതിലൂടെ ഭൂമിയിലുള്ള സൂക്ഷ്മാണുക്കളെ അവര് എത്രത്തോളം നശിപ്പിക്കുന്നുവെന്നും അതോടൊപ്പം സമീപപ്രദേശങ്ങളായ ഡല്ഹിയെയും ഹരിയാനയെയും പഞ്ചാബിനെയും പരിസരമലിനീകരണത്തില്നിന്ന് എങ്ങനെ രക്ഷിക്കാം എന്നുമുള്ള ബോധവല്ക്കരണം അവര്ക്ക് നല്കാമെന്നതുമാണ് എന്റെ ചോദ്യം.” ”ലഖ്വിന്ദര് സിംഗ് താങ്കളുടെ ചോദ്യം കേട്ടപ്പോള് എനിക്ക് വളരെ സന്തോഷം തോന്നി. താങ്കള് ജൈവകൃഷി ചെയ്യുന്നു എന്നതാണ് എന്റെ സന്തോഷത്തിന്റെ പ്രധാന കാരണം. അതുമാത്രമല്ല, ജൈവകൃഷിയോടൊപ്പം താങ്കള് കൃഷിക്കാരുടെ പ്രശ്നങ്ങള് നല്ലവണ്ണം മനസ്സിലാക്കുകയും ചെയ്യുന്നു. താങ്കള് ചിന്തിക്കുന്നത് ശരിയുമാണ്. പക്ഷേ, ഇത് പഞ്ചാബിലും ഹരിയാനയിലും മാത്രമാണ് നടക്കുന്നത് എന്ന് ചിന്തിക്കുന്നത് ശരിയല്ല. നമ്മള് എല്ലാ ഭാരതീയരുടെയും സ്വഭാവം ഇതാണ്. പരമ്പരാഗതമായി വിളവിന്റെ അവശിഷ്ടങ്ങളെ കത്തിച്ച് കളയുന്ന രീതിയാണ് നമ്മള് പിന്തുടരുന്നത്. ഒന്നാമതായി ഇത്തരം നഷ്ടത്തെക്കുറിച്ചുള്ള ബോധം നമുക്കില്ലായിരുന്നു. എല്ലാവരും ചെയ്യുന്നു, നമ്മളും ചെയ്യുന്നു. രണ്ടാമത്, ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന പരിശീലനവും കൊടുത്തിരുന്നില്ല. അതുകാരണം ഈ രീതിതന്നെ തുടര്ന്ന്പൊയ്ക്കൊണ്ടിരിക്കുന്നു. ഇത് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധിയിലാണ് നമ്മള്. ഈ ദുരിതം നഗരങ്ങളെ ബാധിച്ചുതുടങ്ങിയപ്പോള് അതൊരു സംസാരവിഷയമായി. എന്നാല്, താങ്കളുടെ ആശങ്ക ശരിയാണ്. ആദ്യത്തെ മാര്ഗ്ഗം എന്നു പറയുന്നത്, നമ്മുടെ കര്ഷകരായ സഹോദരീസഹോദരന്മാര്ക്ക് പരിശീലനം നല്കുകയാണ്. വിളവിന്റെ അവശിഷ്ടങ്ങള് കത്തിക്കുന്നതിലൂടെ സമയം ലാഭിക്കാം. അദ്ധ്വാനവും ലാഭിക്കാം. അടുത്ത വിളവിന് വയല് ഒരുക്കുവാനും സാധിച്ചേക്കാം. എന്നാല്, ഇവയൊന്നും യാഥാര്ത്ഥ്യമല്ല. വിളവിന്റെ അവശിഷ്ടങ്ങളും വിലപിടിപ്പുള്ളതാണ്. അവ ശരിക്കും ജൈവവളമാണ്. നാം അത് പാഴാക്കുകയാണ്. ഇതുമാത്രമല്ല, ഇത് ചെറുകഷ്ണങ്ങളാക്കിയാല് മൃഗങ്ങള്ക്ക് അത് ഉണങ്ങിയ ഭക്ഷണമായി മാറുന്നു. രണ്ടാമത്, ഇവ തീ ഇടുന്നതുകൊണ്ട് ഭൂമിയുടെ ഉപരിതലം വെന്തുപോകുന്നു. എന്റെ കര്ഷക സഹോദരീസഹോദരന്മാര് ഒരുനിമിഷം ഒന്നു ചിന്തിച്ചുനോക്കൂ. നമ്മുടെ എല്ലുകള് ബലമുള്ളതാകാം, നമ്മുടെ ഹൃദയം ബലമുള്ളതാകാം, കിഡ്നി നല്ലതാകാം എന്നാല് ശരീരത്തിന്റെ തൊലി വെന്തുപോയാല് എന്താണ് സംഭവിക്കുക? നമുക്ക് ജീവിച്ചിരിക്കാന് പറ്റുമോ? ഹൃദയം ബലമുള്ളതായാലും നമുക്ക് ജീവിച്ചിരിക്കാന് കഴിയില്ല. ശരീരത്തിലെ തൊലി വെന്താല് ജീവിച്ചിരിക്കുക പ്രയാസമാണ്. അതുപോലെതന്നെ വിളവിന്റെ അവശിഷ്ടം തീയിട്ടാല് ആ അവശിഷ്ടം മാത്രമല്ല ഭൂമി മാതാവിന്റെ തൊലികൂടിയാണ് കത്തിക്കരിയുന്നത്. അതായത്, നമ്മുടെ ഫലഭൂയിഷ്ഠമായ ഭൂമിയെ നാം മരണത്തിലേക്ക് തള്ളിവിടുന്നു. അതുകൊണ്ട്, നമുക്ക് ഒത്തൊരുമിച്ച് പ്രവര്ത്തിക്കാം. ഈ അവശിഷ്ടങ്ങള് ഭൂമിയില് കുഴിച്ചിട്ടാല് അതും വളമാകുന്നു. മൃഗങ്ങളുടെ ആഹാരമായും പ്രയോജനപ്പെടുത്താം. ഇത് നമ്മുടെ ഭൂമിയെയും രക്ഷപ്പെടുത്തുന്നു. അതുമാത്രമല്ല, അതേ ഭൂമിയില്നിന്നുണ്ടാകുന്ന വളം അവിടെതന്നെ ഇട്ടുനോക്കൂ, അത് ഇരട്ടി ലാഭം തരുന്നു. ഒരു പ്രാവശ്യം എനിക്ക് വാഴക്കൃഷി ചെയ്യുന്ന കര്ഷകസഹോരന്മാരുമായി സംസാരിക്കുവാനുള്ള അവസരം ലഭിച്ചു. അവര് അവരുടെ ഒരു നല്ല അനുഭവം പങ്കുവെച്ചു. മുന്പും അവര് വാഴ കൃഷി ചെയ്തിരുന്നു. വിളവെടുത്തുകഴിഞ്ഞ് വാഴയുടെ അവശിഷ്ടങ്ങള് മാറ്റുവാന് ഹെക്ടര് ഒന്നിന് അയ്യായിരം, പതിനായിരം, പതിനയ്യായിരം ചിലവാക്കേണ്ടിവന്നിരുന്നു. അവ മാറ്റേണ്ട ആള്ക്കാര് ട്രാക്ടര് കൊണ്ടുവരുന്നതുവരെ ആ വാഴയുടെ അവശിഷ്ടങ്ങള് അങ്ങിനെതന്നെ നില്ക്കും. എന്നാല്, ചില കൃഷിക്കാര് വാഴയുടെ ഈ അവശിഷ്ടങ്ങള് 6 – 8 ഇഞ്ചു വരെയുള്ള കഷ്ണങ്ങളാക്കി ഭൂമിയില് കുഴിച്ചിട്ടു. ഈ വാഴയുടെ അവശിഷ്ടങ്ങള് കുഴിച്ചിട്ട സ്ഥലത്ത് ഏതെങ്കിലും വൃക്ഷമോ, ചെടിയോ, വിളവോ ഉണ്ടെങ്കില് മൂന്നുമാസത്തേയ്ക്ക് അവ നനയ്ക്കേണ്ട ആവശ്യമില്ല. വാഴയുടെ അവശിഷ്ടങ്ങളില് അത്രത്തോളം വെള്ളമുണ്ട്. ഇതനുഭവിച്ചറിഞ്ഞ കാര്യമാണ്. ആ അവശിഷ്ടങ്ങളിലുള്ള വെള്ളം വിളവിനെ സജീവമാക്കുന്നു അങ്ങനെ വാഴയുടെ അവശിഷ്ടങ്ങളും ഇന്ന് വിലയുള്ള വസ്തുക്കളായിരിക്കുകയാണ്. കൃഷിക്കാര്ക്ക് വാഴയുടെ അവശിഷ്ടങ്ങളില്നിന്ന് ആദായം കിട്ടിത്തുടങ്ങിയിട്ടുണ്ട്. മുന്പ് വാഴയുടെ കുല വെട്ടിക്കഴിഞ്ഞ വാഴത്തണ്ട് വൃത്തിയാക്കാന് വന്തുക ചിലവിടേണ്ടിയിരുന്നു. എന്നാല്, ഇന്ന് അവയ്ക്കാവശ്യക്കാര് ഏറെയാണ്. ചെറിയ ഒരു പരീക്ഷണത്തിന് എത്ര വലിയ ലാഭം തരാന് കഴിയുന്നു. നമ്മുടെ കര്ഷക സഹോദരന്മാര് ഏതൊരു ശാസ്ത്രജ്ഞനേക്കാളും പിന്നിലല്ലതന്നെ.
എന്റെ പ്രിയമുള്ള ദേശവാസികളേ, വരുന്ന ഡിസംബര് 3 അന്തര്ദേശീയ ഭിന്നശേഷിദിനമാണ്. കഴിഞ്ഞ തവണ ‘മന് കി ബാത്തി’ല് ഞാന് അവയവദാനത്തെക്കുറിച്ച് ചര്ച്ച ചെയ്തിരുന്നു. അവയവദാനത്തിന് ‘ചഛഠഛ’യുടെ ഹെല്പ്പ്ലൈനിനെക്കുറിച്ചും പറഞ്ഞിരുന്നു. ‘മന് കി ബാത്തി’നുശേഷം ഫോണ് വിളികളുടെ എണ്ണം ഏഴിരട്ടി വര്ദ്ധിച്ചതായി എനിക്ക് വിവരം കിട്ടി. നവംബര് 27 അവയവദാനദിനമായി ആചരിച്ചു. സമൂഹത്തിലെ പേരുകേട്ട പല വ്യക്തികളും അതില് പങ്കെടുത്തു. ചലച്ചിത്രതാരം രവീണ ടണ്ടന് ഉള്പ്പെടെ പല പ്രശസ്ത വ്യക്തികളും ഇതില് പങ്കുചേര്ന്നു. അവയവദാനംകൊണ്ട് വിലപ്പെട്ട പല ജീവനുകളേയും രക്ഷിക്കാം. ഒരു തരത്തില് പറഞ്ഞാല് അവയവദാനം അമരത്വം പ്രദാനം ചെയ്യുന്നു. ഒരു ശരീരത്തില്നിന്നും മറ്റൊരു ശരീരത്തിലേയ്ക്ക് അവയവം മാറ്റുമ്പോള് ആ അവയവത്തിന് പുതുജീവന് ലഭിക്കുന്നു. ആ ജീവന് പുതിയ ജീവിതം ലഭിക്കുന്നു. ഇതിനേക്കാള് മഹത്തരമായ ദാനം മറ്റെന്തുണ്ട്? അവയവം മാറ്റിവെയ്ക്കുന്നതിനുവേണ്ടി കാത്തിരിക്കുന്ന രോഗികള്ക്ക് അവയവദാനം നടത്തുന്നവര്ക്ക് വേണ്ടി ഓര്ഗന് ട്രാന്സ്പ്ലാന്റേഷന്റെ ദേശീയതലത്തിലുള്ള ഒരു രജിസ്ട്രേഷന് നവംബര് 27 ന് ആരംഭിച്ചു. NOTO യുടെ ലോഗോ ഡോണര് കാര്ഡ്, സ്ലോഗന് ഡിസൈന് എന്നിവയ്ക്കായി mygov.in മുഖാന്തിരം ഒരു ദേശീയതല മത്സരം സംഘടിപ്പിക്കുകയുണ്ടായി. ധാരാളം ആളുകള് പുതിയ ആശയങ്ങളോടുകൂടി പ്രതികരിച്ചു എന്നത് അതിശയകരമായി തോന്നി. ഓരോ മണ്ഡലത്തിലും വ്യാപകമായ ഉണര്വ്വുണ്ടാകുമെന്നും ശരിയായ അര്ത്ഥത്തില് ആവശ്യക്കാര്ക്ക് വേണ്ടത്ര ഏറ്റവും ശ്രേഷ്ഠമായ സഹായം കിട്ടുമെന്നും എനിയ്ക്ക് വിശ്വാസമുണ്ട്. ഇതിനായി ഓരോരുത്തരും മുന്നോട്ടുവരേണ്ടതായിട്ടുണ്ട്.

ഞാന് നേരത്തെ സൂചിപ്പിച്ചതുപോലെ ഡിസംബര് 3 അന്തര്ദേശീയ ഭിന്നശേഷി ദിനമായി ആചരിക്കുകയാണ്. ശാരീരികവും മാനസികവുമായി ഭിന്നശേഷിയുള്ളവര്, അനുപമമായ ഇച്ഛാശക്തിയുടെയും ധൈര്യത്തിന്റേയും ഉടമകളാണ്. അവര് അപഹസിക്കപ്പെടുമ്പോഴൊക്കെ ദു:ഖം തോന്നാറുണ്ട്. ചിലപ്പോള് അവരോടൊക്കെ ദയയും കരുണയും പ്രകടിപ്പിക്കാറുണ്ട്. എന്നാല്, നമ്മുടെ മനോഭാവം മാറ്റിയാല്, അവരോടുള്ള സമീപനം മാറ്റിയാല് അവര്ക്ക് ജീവിക്കാനുള്ള പ്രേരണ നല്കാന് നമുക്ക് കഴിയും. ചെറിയ പ്രയാസം വരുമ്പോള് നാം കരയാന് തുടങ്ങും. ഇവര് എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചിന്തിക്കുമ്പോള് നമ്മുടെ വേദന എത്ര ലഘുവാണെന്ന് തോന്നും. ഇവര് എങ്ങനെ ജീവിക്കുന്നു? എങ്ങനെ ജോലി ചെയ്യുന്നു? അവര് എന്നും നമുക്ക് പ്രേരണയുടെ ഉറവിടങ്ങളാണ്. അവരുടെ നിശ്ചയദാര്ഢ്യം, ജീവിതത്തോട് മല്ലിടുന്ന രീതി, പ്രതിസന്ധികളെ കഴിവുകളാക്കി മാറ്റാനുള്ള അവരുടെ ആവേശമൊക്കെ പ്രശംസനീയമാണ്.

ഇന്ന് ഞാന് ജാവേദ് അഹമ്മദിനെ കുറിച്ച് പറയുവാന് ആഗ്രഹിക്കുന്നു. 40, 42 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. 1996-ല് കാശ്മീരില്വച്ച് തീവ്രവാദികള് അദ്ദേഹത്തെ വെടിവെച്ചു. തീവ്രവാദികളുടെ തോക്കിന് ഇരയായെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ ഒരു കിഡ്നി നശിച്ചു. കുടലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. നട്ടെല്ലിന് വളരെ ഗുരുതരമായ ക്ഷതം സംഭവിച്ചു. സ്വന്തം കാലില് നില്ക്കുവാനുള്ള കഴിവ് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹം പരാജയം സമ്മതിച്ചില്ല. തീവ്രവാദത്തിന്റെ മുറിവ് അദ്ദേഹത്തെ തോല്പിച്ചില്ല. യാതൊരു കാരണവുമില്ലാതെ നിര്ദ്ദോഷിയായ ഒരു മനുഷ്യന് ഇത്രയും പ്രയാസങ്ങള് നേരിടേണ്ടിവന്നു. യുവത്വം നഷ്ടപ്പെട്ടു. എന്നാല്, അദ്ദേഹത്തിന് ക്ഷോഭമോ, രോക്ഷമോ, സങ്കടമോ ഇല്ല. അവയെല്ലാം സംവേദനമായി രൂപാന്തരപ്പെട്ടു. അദ്ദേഹം സ്വജീവിതം സാമൂഹ്യസേവനത്തിനായി അര്പ്പിച്ചു. സ്വന്തം ശരീരം സഹകരിക്കുന്നില്ലെങ്കിലും അദ്ദേഹം ഇരുപതു വര്ഷമായി കുട്ടികളെ പഠിപ്പിക്കുന്നതില് മുഴുകിയിരിക്കുന്നു. ശാരീരികമായി ഭിന്നശേഷിയുള്ളവര്ക്കുള്ള അനുബന്ധഉപകരണങ്ങള് എങ്ങനെ പരിഷ്ക്കരിക്കാം, പൊതുസ്ഥലങ്ങളിലും സര്ക്കാര് ഓഫീസുകളിലും എന്തൊക്കെ സംവിധാനങ്ങള് ഏര്പ്പെടുത്തണം. ഇതിനൊക്കെയുള്ള പ്രയത്നം നടത്തുകയാണ്. തന്റെ പഠിത്തത്തെ അദ്ദേഹം ആ ദിശയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹം സോഷ്യല്വര്ക്കില് ബിരുദാനന്തരബിരുദം എടുത്തു. ഒരു സാമൂഹ്യസേവകന് എന്ന നിലയിലും ജാഗരൂകനായ ഒരു പൗരനെന്ന നിലയിലും അദ്ദേഹം ഭിന്നശേഷിയുള്ളവരുടെ പ്രവാചകനായി സമൂഹത്തില് നിശബ്ദവിപ്ലവം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്താ, ജാവേദിന്റെ ജീവിതം ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രേരണ നല്കാന് പര്യാപ്തമല്ലേ? ജാവേദ് അഹമ്മദിന്റെ ജീവിതത്തെ, അദ്ദേഹത്തിന്റെ തപസ്സിനെ, അദ്ദേഹത്തിന്റെ സമര്പ്പണത്തെ ഞാന് ഡിസംബര് 3 ന് പ്രത്യേകമായി ഓര്മ്മിക്കുന്നു. സമയക്കുറവുകാരണം ഞാന് ജാവേദിന്റെ കാര്യം മാത്രമാണ് പറയുന്നതെങ്കിലും ഭാരതത്തിന്റെ ഓരോ മൂലയിലും ഇതുപോലെ പ്രേരകങ്ങളായ ദീപങ്ങള് എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.

നമ്മുടെ രാജ്യം വളരെ വലുതാണ്. സര്ക്കാരിനെ ആശ്രയിച്ചുള്ള ധാരാളം കാര്യങ്ങള് ഇവിടെ നടക്കുന്നുണ്ട്. ഇടത്തരക്കാരാകട്ടെ, താഴ്ന്ന ഇടത്തരവര്ഗ്ഗത്തില്പ്പെടുന്നവരാകട്ടെ, ദരിദ്രനാകട്ടെ, ദളിതനോ, ദു:ഖിതനോ, ചൂഷിതനോ, വഞ്ചിതനോ ആകട്ടെ അവര്ക്ക് സര്ക്കാരിനോടൊപ്പം സര്ക്കാര് സമ്പ്രദായങ്ങളോട് നിരന്തരം ബന്ധപ്പെടേണ്ടിവരുന്നു. ഒരു പൗരനെന്ന നിലയില് ജീവിതത്തില് ചിലപ്പോഴെങ്കിലും സര്ക്കാര് ഉദ്യോഗസ്ഥന്മാരില്നിന്നും മോശമായ അനുഭവങ്ങള് ഉണ്ടാകുന്നു. ഒന്നിലധികം അനുഭവങ്ങള് ജീവിതകാലം മുഴുവന് സര്ക്കാര് സമ്പ്രദായങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിക്കുന്നു. അതില് സത്യവുമുണ്ട്. എന്നാല്, ഇതേ സര്ക്കാരിലുള്ള ലക്ഷക്കണക്കിനാളുകള് സേവനമനോഭാവത്തോടുകൂടി, അര്പ്പണമനോഭാവത്തോടുകൂടി ജോലി ചെയ്യുന്നുമുണ്ട്. പക്ഷേ, പലപ്പോഴും അത് നമ്മുടെ കണ്ണില്പ്പെടാറില്ല, ഒരിക്കലും നമ്മള് അറിയാറുമില്ല. എന്തെന്നാല്, ഇത് സ്വാഭാവികം മാത്രമാണ്. സര്ക്കാര് സമ്പ്രദായം അല്ലെങ്കില് സര്ക്കാര് ഉദ്യോഗസ്ഥരാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.
ഭാരതമൊട്ടാകെ ഇന്ന് ആശാപ്രവര്ത്തകരുടെ ഒരു ശൃംഖലതന്നെയുണ്ട്. എന്നാല് ജനങ്ങളുടെ ഇടയില് അവരെക്കുറിച്ച് അധികമൊന്നും ചര്ച്ച ചെയ്ത് ഞാന് കേട്ടിട്ടില്ല. ഒരുപക്ഷേ, നിങ്ങളും കേട്ടിരിക്കാന് ഇടയില്ല. എന്നാല് ബില്ഗേറ്റ് ഫൗണ്ടേഷന്റെ കുടുംബസംരഭമെന്ന പേരിലുള്ള ലോകപ്രശസ്തമായ പദ്ധതിയുടെ നേട്ടം ഒരു മാതൃകയാണ്. ഈ മാതൃകാപ്രവര്ത്തനത്തിന് ബില്ഗേറ്റ്സിനേയും മിലിന്ഡാ ബില്ഗേറ്റ്സിനേയും ഭാരതം പത്മഭൂഷണ് നല്കി ആദരിച്ചു. അവര് ഭാരതത്തില് വളരെയേറെ സാമൂഹ്യപ്രവര്ത്തനങ്ങള് നടത്തിവരുകയാണ്. ജീവിതസമ്പാദ്യം മുഴുവനും തങ്ങളുടെ ഒഴിവ് വേളകളെ ദരിദ്രര്ക്കും കഷ്ടപ്പെടുന്നവര്ക്കുംവേണ്ടി മാറ്റിവയ്ക്കുന്നതിന് അവര് യാതൊരുമടിയും കാട്ടുന്നില്ല. അവര്ക്ക് സമയമുള്ളപ്പോഴൊക്കെ ഭാരതത്തില് വരാറുണ്ട്. ആശാപ്രവര്ത്തകരെ കാണാറുണ്ട്. അവരുമായി ഒരുമിച്ച് പ്രവര്ത്തിക്കുവാന് ശ്രമിക്കാറുണ്ട്. ആശാപ്രവര്ത്തകരെ അഭിനന്ദിക്കാറുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാന് കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. പലപ്പോഴും അവര് പറയാറുണ്ട്, ആശാപ്രവര്ത്തകര് എത്രമാത്രം അര്പ്പണമനോഭാവത്തോടെ പ്രവര്ത്തിക്കുന്നുവെന്ന്. അവരുടെ സമര്പ്പണം എത്രമാത്രം മഹത്വമാര്ന്നതെന്നും. പുതിയ പല കാര്യങ്ങളും പഠിക്കുന്നതിന് എത്രമാത്രം ഉത്സാഹമാണ് ആശാപ്രവര്ത്തകര് പ്രദര്ശിപ്പിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ നല്ല കാര്യങ്ങളും ബില്ഗേറ്റ്സ് കുടുംബം ആശാപ്രവര്ത്തകരെപ്പറ്റി പങ്കുവയ്ക്കുമ്പോള് നമുക്ക് വളരെ അഭിമാനം തോന്നാറുണ്ട്. ഒഡീഷ ഗവര്ണര് ഒരു ആശാപ്രവര്ത്തകയെ ഔദ്യോഗിക പരിപാടിയില് ആദരിക്കുകയും ചെയ്തു. ഒഡീഷയിലെ ബാലാസോര് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ‘തേംദാഗാവ്’. അവിടെ ഒരു ആശാ പ്രവര്ത്തകയുടെ സജീവസാന്നിദ്ധ്യം എടുത്തുപറയത്തക്കതാണ്. പൂര്ണ്ണമായും ആദിവാസി വിഭാഗങ്ങള് മാത്രമാണ് ഈ പ്രദേശത്തുള്ളത്. ഇവിടുത്തെ പട്ടികജാതി-പട്ടികവര്ഗ്ഗവിഭാഗങ്ങള് വളരെയേറെ ദരിദ്രരാണ്, മാത്രമല്ല, മലേറിയ തുടങ്ങിയ അസുഖങ്ങള് ഇവിടെ സര്വ്വസാധാരണമാണ്. ഈ ഗ്രാമത്തിലെ ആശാപ്രവര്ത്തകയായിരുന്ന ‘ജമുനാ മണിസിംഗ്’ തേംദാഗാവ് പ്രദേശത്തെ ഒരാളുപോലും മലേറിയമൂലം മരിക്കരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് പ്രവര്ത്തനമേറ്റെടുത്തത്. ഗ്രാമത്തിലെ ആര്ക്കെങ്കിലും ചെറിയ ഒരു പനിയെന്ന വാര്ത്തയറിഞ്ഞാല്പോലും എല്ലാ വീട്ടിലും ഓടിയെത്തി അവര്ക്ക് വേണ്ട ചികിത്സാസൗകര്യം നല്കി അവരെ സ്വയംസജ്ജമാക്കി അവരിലൊരാളായ് പ്രവര്ത്തിച്ചു. ഓരോ വീട്ടിലും കൊതുക്വല പ്രയോജനപ്പെടുത്താന് ഗ്രാമീണരെ പഠിപ്പിച്ചു. സ്വന്തം കുഞ്ഞിനെ ശരിയാംവിധം ഉറക്കുന്നതില് ഒരമ്മ എത്രമാത്രം ശ്രദ്ധവയ്ക്കുമോ അതേ ശ്രദ്ധയോടെ ഓരോ ഗ്രാമവാസിക്കുംവേണ്ടി അര്പ്പണബോധത്തോടെയാണ് ‘ജമുനാമണിസിംഗ്’ എന്ന ആശാപ്രവര്ത്തക പരിചരിച്ചുകൊണ്ടിരുന്നത്. അവര് മലേറിയയോട് സന്ധിയില്ലാ സമരം ചെയ്തു. ഇത് ആ ഗ്രാമത്തെ മലേറിയവിമുക്തമാക്കുന്നതില് വിജയം കൈവരിച്ചു. അവരെപ്പോലെ എത്രയോ ‘ജമുനാമണി’മാര് നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ടാവാം. എത്രയോ ലക്ഷക്കണക്കിനാളുകള് ഇത്തരത്തില് നമ്മുടെ ചുറ്റുവട്ടത്ത് പ്രവര്ത്തിക്കുന്നുണ്ടാവാം. അത്തരത്തിലുള്ളവര് നമ്മുടെ രാജ്യത്തിന്റെ എത്രമാത്രം ശക്തിയാണ് പകരുന്നെന്നതില് ആര്ക്കും സന്ദേഹമുണ്ടാവില്ല. രോഗപീഡിതരെ സ്നേഹാദരങ്ങളോടെ കാണുവാനായാല് അതില്പ്പരം സന്തോഷം മറ്റെന്താണ്? സമൂഹത്തിന്റെ സുഖദു:ഖങ്ങളില് അവര് സ്വയം പങ്കാളികളാവുകയാണ്? അത്തരത്തില് പ്രവര്ത്തിക്കുന്ന ഭാരതത്തിലെ എല്ലാ ആശാപ്രവര്ത്തകരെയും ‘ജമുനാമണി’യുടെ പേരില് ഞാന് അഭിനന്ദിക്കുന്നു. ഞാന് എല്ലാവരെയും ഇക്കാര്യത്തില് ആദരവറിയിക്കുന്നു.

എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, ഞാന് വാസ്തവത്തില് യുവാക്കള്ക്കുവേണ്ടിയാണ് ഇന്റര്നെറ്റിലും സാമൂഹ്യമാധ്യമങ്ങളിലും സജീവമായത്.mygov.in ല് ഞാന് മൂന്ന് ‘ല’-ബുക്ക് സജ്ജമാക്കിയിട്ടുണ്ട്. അതില് ഒരു ‘ല’-ബുക്ക് സ്വച്ഛ് ഭാരത് സംബന്ധിച്ചുള്ള പ്രേരണാസ്പദമായ സംഭവങ്ങള്ക്കാണ് രണ്ടാമത്തേത് പാര്ലമെന്റ് അംഗങ്ങളുടെ ആദര്ശഗ്രാമങ്ങളെ സംബന്ധിച്ചും മൂന്നാമത്തേത് ആരോഗ്യമേഖലയെക്കുറിച്ചും ആരോഗ്യപരിപാലനത്തെപ്പറ്റിയുമാണ്. ഞാന് നിങ്ങളോട് പറയുവാന് ആഗ്രഹിക്കുകയാണ്, നിങ്ങള് ഇവയെല്ലാം ശരിയാംവിധം കാണുക. അതോടൊപ്പം മറ്റുള്ളവര്ക്ക് ഇത് കാട്ടിക്കൊടുക്കുയും ചെയ്യുക. വായിക്കുന്നതോടൊപ്പം ഒരുകാര്യംകൂടി ശ്രദ്ധിക്കുമല്ലോ. നല്ല നിര്ദ്ദേശങ്ങളും നല്ല ആശയങ്ങളും ഇതോടൊപ്പം കൂട്ടിച്ചേര്ക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുക. അത്തരം കാര്യങ്ങള് തീര്ച്ചയായും നിങ്ങള് mygov.in ലേക്ക് അയച്ചുതരിക. പലപ്പോഴും സമൂഹത്തിലെ യാഥാര്ത്ഥ്യങ്ങളില് ചിലത് എല്ലാവരുടേയും ശ്രദ്ധയില്പ്പെട്ടെന്ന് വരില്ല, അത്തരം കാര്യങ്ങള് നിങ്ങളുടെ ശ്രദ്ധയില്പ്പെട്ടേയ്ക്കാം. സമൂഹത്തിന് അവ വളരെ പ്രയോജനം ചെയ്യും. പോസിറ്റീവായ വശങ്ങള് നമ്മുടെ സമൂഹത്തിന് ഊര്ജ്ജം പകരുന്നവയാണ്. അത്തരത്തിലുള്ള നല്ല കാര്യങ്ങള് നിങ്ങള് എന്നോട് പങ്കുവെയ്ക്കുക. അതുകൊണ്ട് ‘e’-ബുക്കുകളെ ഷെയര് ചെയ്യാന് മടിക്കരുത്. ‘e’ ബുക്കുകളെ കൂടുതല് ചര്ച്ചകള്ക്ക് വിധേയമാക്കുന്നതോടൊപ്പംതന്നെ യുവാക്കളില് ആരെങ്കിലും സമീപ വിദ്യാലയങ്ങളിലെ എട്ടോ, ഒന്പതോ, പത്തോ ക്ലാസ്സിലെ വിദ്യാര്ത്ഥികളോട് പറയണം, ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്, അവിടെ അങ്ങനെയൊക്കെ സംഭവിക്കുകയാണ് എന്നൊക്കെ. മാത്രമല്ല, വാസ്തവത്തില് നിങ്ങള് ഒരു സമൂഹത്തിന്റെ നല്ല അദ്ധ്യാപകരായി മാറുകയാണ്. രാഷ്ട്രനിര്മ്മാണപ്രവര്ത്തനങ്ങളിലേയ്ക്ക് ഞാന് നിങ്ങളെയോരോരുത്തരേയും സഹര്ഷം സ്വാഗതം ചെയ്യുകയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ലോകം മുഴുവനും കാലാവസ്ഥാവ്യതിയാനത്തില് ആശങ്കാകുലരാണ്. കാലാവസ്ഥവ്യതിയാനം ആഗോളതാപനം എന്നിവ എല്ലായിടത്തും ഇന്ന് കൂടുതല് കൂടുതല് ചര്ച്ച ചെയ്യപ്പെടുകയാണ്. മാത്രമല്ല, ഓരോ കാര്യങ്ങളും തുടക്കമിടുന്നതിന് മുമ്പുതന്നെ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നതാണ് ഭൂമിയുടെ താപനം ഇനി ഉയരാന് പാടില്ലെന്ന്. നാം ഇതേപറ്റി തലപുകഞ്ഞാലോചിക്കുന്നതുകൊണ്ട് കാര്യമില്ല. ഈ ദൗത്യത്തില് പങ്കാളിയാവുക നമ്മള് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. ആഗോളതാപനത്തെ തടഞ്ഞുനിര്ത്തുന്നതിനുള്ള ഏകപോംവഴി ഊര്ജ്ജസംരക്ഷണമാണ്. ഡിസംബര് 14 ദേശീയ ഊര്ജ്ജസംരക്ഷണദിനമാണ്. ഊര്ജ്ജസംരക്ഷണത്തിനായി സര്ക്കാര് വിവിധപദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. L E D ബള്ബ് പദ്ധതി നടപ്പാക്കിവരികയാണ്. ഞാന് ഒരിക്കല് നിങ്ങളോട് പറഞ്ഞിരുന്നത് വീണ്ടും ഓര്മ്മിപ്പിക്കുകയാണ്, പൗര്ണ്ണമി രാത്രിയില് തെരുവുവിളക്കുകള് കെടുത്തി മണിക്കൂറുകളോളം പൂര്ണ്ണചന്ദ്രപ്രഭയില് കഴിയുക. ആ അസുലഭമായ നിലാവെളിച്ചം ആസ്വദിക്കുക എത്ര ആനന്ദകരമാണ്. അസുലഭമായ ഈ അനുഭവം പങ്കുവെയ്ക്കുന്നതിലേയ്ക്ക് എന്നെ നയിച്ച സുഹൃത്ത് ഇതനുഭവിച്ചറിയാനും കാണാനും ഒരു Link എനിയ്ക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന് ഇക്കാര്യം നിങ്ങളോട് പറയുന്നത്. എന്നാല്, ഇതിന്റെ ക്രെഡിറ്റ് വാസ്തവത്തില് Zee News ന് അവകാശപ്പെട്ടതാണ്. കാരണം ഈ Link, Zee News ന്റേതായിരുന്നു.

കാണ്പൂരില്നിന്നുള്ള നൂര്ജഹാന് എന്ന വനിത ടി.വി.പോലും കണ്ടിട്ടുണ്ടായിരുന്നില്ല. അധികം പഠിക്കുവാനുള്ള അവസരവും അവര്ക്കുണ്ടായിട്ടില്ല. എന്നാല്, അവര് ചെയ്തൊരു കാര്യം പറഞ്ഞാല് അത്തരത്തിലൊന്ന് വിദ്യാഭ്യാസമുള്ള മറ്റു ചിലര് ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. അവര് സൗരോര്ജ്ജം ഉപയോഗിച്ച് തന്റെ പ്രദേശത്തുള്ള പാവപ്പെട്ടവര്ക്ക് പ്രകാശം എത്തിക്കുന്നതിനുള്ള പ്രവര്ത്തനത്തില് ഏര്പ്പെട്ടിരിക്കുകയാണ്. അവര് ഇരുട്ടിനെതിരെ പോരാടിക്കൊണ്ട് തന്റെ പേരിനെ അന്വര്ത്ഥമാക്കി. അവര് സ്ത്രീകളുടെ ഒരു കൂട്ടായ്മയിലൂടെ സൗരോര്ജ്ജത്താല് പ്രകാശിക്കുന്ന റാന്തലിന്റെ ഒരു പ്ലാന്റ് നിര്മ്മിച്ചു. പ്രതിമാസം വെറും നൂറു രൂപാ വാടകയ്ക്ക് പ്രദേശവാസികളായ സാധുക്കള്ക്ക് അവര് റാന്തല് കൊടുക്കുകയാണ്. നാട്ടുകാര് വൈകുന്നേരം റാന്തല് വാങ്ങിപ്പോകുകയും പ്രഭാതത്തില് വീണ്ടും ചാര്ജ്ജ് ചെയ്ത് കിട്ടാന് തിരികെ കൊടുക്കുകയും ചെയ്യുന്നു. അനേകം ആളുകള്, അതായത് ദിവസവും 500 വീട്ടുകാരെങ്കിലും റാന്തല് കൊണ്ടുപോകുകയാണ്. വെറും മൂന്നോ നാലോ രൂപമാത്രം ചിലവ് വരുന്ന ഈ പദ്ധതിയിലൂടെ ഓരോ വീടിനും സമ്പൂര്ണ്ണമായി വൈദ്യുതി എത്തിക്കുകയാണ്. നൂര്ജ്ജഹാന് തന്റെ പ്ലാന്റില് സൗരോര്ജ്ജ റാന്തല് കത്തിക്കുവാനാവശ്യമായ റീചാര്ജ്ജിനായി ദിവസവും പ്രയത്നിക്കുകയാണ്. എത്ര അനുകരണീയമായ മാതൃകയാണിത്. എത്ര ശ്ലാഘിച്ചാലും മതിവരില്ല. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ലോകത്തെ വലിയ വലിയ ആളുകള് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നമുക്കറിയാം. എന്നാല് അഭ്യസ്തവിദ്യയല്ലാത്ത നൂര്ജ്ജഹാന് എത്രമാത്രമാളുകള്ക്കാണ് സഹായമെത്തിക്കുന്നത്. ആര്ക്കെല്ലാമാണ് പ്രേരണ നല്കുന്നത്. എന്നാല് ഇത്തരത്തിലുള്ള നിരവധി നൂര്ജഹാനുകളുണ്ടെങ്കില് ലോകമൊട്ടാകെ പ്രകാശം എത്തിക്കാനാകും. ഈ സത്പ്രവൃത്തിയിലൂടെ തന്റെ ചുറ്റുവട്ടത്തെ പാവപ്പെട്ടവരുടെ കുടുംബത്തിന് മാത്രമല്ല, മനസ്സിലും പ്രകാശം പരത്താന് നൂര്ജ്ജഹാന് സാധിച്ചുവെന്നതില് ഞാന് അവരെ അഭിനന്ദിക്കുവാന്കൂടി ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. Zee TVയ്ക്കും എന്റെ അഭിനന്ദനങ്ങള്. കാണ്പൂരിലെ ഒരു കുഗ്രാമത്തില് നടന്ന സംഭവത്തിന്റെ മഹത്വം രാജ്യത്തും ലോകത്തിന്റെ നാനാഭാഗത്തും എത്തിക്കുന്നതില് അവര് വഹിച്ച പങ്ക് നിസ്തുലമാണ്. Zee News ന് എന്റെ വളരെ വളരെ നന്ദി.

ഉത്തര്പ്രദേശില്നിന്നും ശ്രീ. അഭിഷേക് കുമാര് പാണ്ഡെ ഫോണില് എന്നെ വിളിച്ചിരുന്നു. ”ഞാന് ഗോരഖ്പൂരില് നിന്നുമുള്ള അഭിഷേക് കുമാര് പാണ്ഡെയാണ് സംസാരിക്കുന്നത്. ഞാന് ഇവിടെ ഒരു വ്യവസായസംരംഭകനാണ്. താങ്കള് ഞങ്ങള്ക്കായി ‘മുദ്ര ബാങ്ക്’ എന്ന പദ്ധതി രൂപീകരിച്ചുവല്ലോ? അതിന് ഞാന് താങ്കളെ അഭിനന്ദിക്കുന്നു. എന്നെപ്പോലെ നിരവധി സംരംഭകര് താങ്കളില്നിന്ന് അറിയാന് ആഗ്രഹിക്കുന്നത്, ‘മുദ്ര ബാങ്ക്’ ഏത് തരത്തില് സംരംഭകരെ സഹായിക്കുന്നുവെന്നാണ്?” ഗോരഖ്പൂരില്നിന്നും വിളിച്ച അഭിഷേകിന് നന്ദി. പ്രധാനമന്ത്രി മുദ്രയോജന ‘ഫണ്ട് ദ് അണ്ഫണ്ടഡ്’ അതായത് മൂലധനമില്ലാത്ത സംരംഭകര്ക്ക് മൂലധനം ലഭ്യമാക്കുക എന്നതാണ്. ഇതുവഴി നമ്മള് ഉദ്ദേശിക്കുന്നത് ലളിതമായ ഭാഷയില് പറയുകയാണെങ്കില് 3 -E അതായത് സംരംഭകത്വം, സമ്പാദ്യം, ശാക്തീകരണം (Enterprises, Earning, Empowerment) മുദ്രയോജന സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. മുദ്ര സമ്പാദ്യത്തിനുള്ള അവസരം നല്കുന്നു. വാസ്തവത്തില് മുദ്ര ശാക്തീകരണമാണ് നടത്തുന്നത്. ചെറിയ ചെറിയ ഉദ്യമങ്ങളുമായി മുന്നോട്ടുവരുന്നവരെ സഹായിക്കുവാന് അത് നിരവധി പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. ഞാന് ഈ പദ്ധതി എത്ര വേഗത്തില് നടക്കുമെന്ന് ആഗ്രഹിക്കുന്നുവോ ആ വേഗം ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു. എന്നാല് തുടക്കം വളരെ നന്നായി. വളരെ കുറഞ്ഞ സമയത്തിനുള്ളില് 66 ലക്ഷം ജനങ്ങള്ക്ക് നാല്പത്തി രണ്ടായിരം കോടി രൂപ (42,000 കോടി രൂപ) പ്രധാനമന്ത്രി മുദ്ര പദ്ധതിവഴി എത്തിക്കാന് കഴിഞ്ഞു. ഇതില് അലക്കു തൊഴിലില് ഏര്പ്പെട്ടിരിക്കുന്നവരാവട്ടെ, പത്രവിതരണക്കാരാവട്ടെ, പാല്ക്കാരനാവട്ടെ, ഏത് തൊഴിലിലേര്പ്പെട്ടിരിക്കുന്നവര്ക്കും ഇതിന്റെ യഥാര്ത്ഥ പ്രയോജനം ലഭിക്കും. ചെറിയ ചെറിയ സംരംഭകത്തിലേര്പ്പെട്ടിരിക്കുന്നതിലധികവും പട്ടികജാതി പട്ടികവര്ഗ്ഗ പിന്നോക്ക വിഭാഗങ്ങളാണ്. അവര് സ്വപരിശ്രമത്താല് സ്വന്തം കാലില്നിന്നുകൊണ്ട് സ്വാഭിമാനത്തോടെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുവാന് പരിശ്രമിക്കുന്നവരാണ്. അഭിഷേക് തന്റെ സന്തോഷംകൂടിയാണ് പങ്കുവെച്ചത്. എന്റെ മുന്നില് ഇത്തരത്തില് വളരെയേറെ കാര്യങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മറ്റൊന്ന് മുംബൈയില് നിന്ന് ശൈലേശ് ഭോസ്ലയുടേതാണ്. അദ്ദേഹത്തിന് മുദ്ര യോജന പ്രകാരം എട്ടര ലക്ഷം രൂപയുടെ (8.5 ലക്ഷം) വായ്പയാണ് ലഭിച്ചത്. അദ്ദേഹം ഈ പണം ഉപയോഗിച്ച് സീവേജ് ഡ്രസ്സ്, അലക്കി വൃത്തിയാക്കുന്ന തൊഴില് സംരംഭമാണ് ആരംഭിച്ചത്. ഞാന് നമ്മുടെ സ്വച്ഛ് ഭാരത് പരിപാടിയുടെ സമയത്ത് പറഞ്ഞിരുന്നത് ആ പദ്ധതിയിലൂടെ പുതിയ പുതിയ സംരംഭകത്വമാണ് ഇതില് നടപ്പില് വരികയെന്ന്. എന്നാല് ശൈലേശ് ഭോസ്ലെ ഇത് പ്രവര്ത്തിപഥത്തില് എത്തിക്കുന്നതില് വിജയിച്ചിരിക്കുന്നു. അദ്ദേഹം ഒരു ടാങ്കര് എടുക്കുകയും ജോലിയില് ഏര്പ്പെട്ടുകൊണ്ട് വരുമാനത്തില്നിന്ന് രണ്ടു ലക്ഷം രൂപ ബാങ്കിന് തിരിച്ചടവ് നടത്തുകയും ചെയ്തിരിക്കുന്നു. മുദ്ര യോജനയുടെ വിജയഗാഥയാണിത്. ഇത്തരത്തില് നിരവധി ആളുകള്ക്കാണ് പദ്ധതിയുടെ പ്രയോജനം എത്തിയത്. ഭോപാലില് നിന്നുള്ള മമത ശര്മ്മയുടെ കാര്യവും ഏറെ സന്തോഷകരമായിട്ടുള്ളതാണ്. പ്രധാനമന്ത്രി മുദ്ര പദ്ധതിയില്നിന്ന് നാല്പതിനായിരം രൂപയുമായി അവര് പെഴ്സ് ഉണ്ടാക്കി വിപണിയില് എത്തിക്കുന്ന പ്രവര്ത്തനത്തില് ഏര്പ്പെട്ടിരിക്കുകയാണ്. എന്നാല് നേരത്തെ അവര് മുന്തിയ പലിശയ്ക്ക് പണമെടുത്ത് തിരിച്ചടയ്ക്കാന് വളരെ ക്ലേശിച്ചാണ് വ്യാപാരം നടത്തിയിരുന്നതെങ്കില് ഇപ്പോള് സ്ഥിതി മാറി. ഇപ്പോള് നല്ല തുക ഒരുമിച്ച് ലഭിക്കുകവഴി യാതൊരുവിധ ക്ലേശവുമില്ലാതെ അവര് വ്യാപാരം നന്നായി നടത്തുവാന് കഴിയുന്നതിലുള്ള സന്തോഷത്തിലാണ്. പണ്ട് അധികം പലിശയും പിഴപലിശയും അധികം ചിലവും കാരണം മുന്നോട്ടുപോകുവാന് ബുദ്ധിമുട്ടിയെങ്കില് ഇന്ന് പ്രതിമാസം ആയിരത്തിലധികം രൂപ മിച്ചംപിടിക്കാനാകുമെന്നാണ് അവര് പറയുന്നത്. മാത്രമല്ല, അവരുടെ കുടുംബത്തില് നല്ലൊരു വ്യാപാരം പതുക്കെ പതുക്കെ തഴച്ചു വളരുകയാണ്. എന്നാല് ഈ പദ്ധതിയെപ്പറ്റി പലര്ക്കും വേണ്ടത്ര അറിവില്ല. അതിനാല് കൂടുതല് പ്രചരണം ആവശ്യമാണ്. നമ്മുടെ ബാങ്കുകള് ഓരോന്നും കൂടുതല് കൂടുതല് ജനോപകാരപ്രദമാകണം. സാധാരണക്കാര്ക്ക് അവയുടെ പ്രയോജനവും സഹായവും കൂടുതല് ലഭ്യമാക്കണം. വാസ്തവത്തില് നമ്മുടെ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരാണ്. ചെറുകിടകാര്യങ്ങള് നടത്തിക്കൊണ്ടുപോകുന്ന ജനങ്ങള്തന്നെയാണ് രാജ്യത്തെ യഥാര്ത്ഥ അര്ത്ഥത്തിലുള്ള സാമ്പത്തികശക്തി. ഞാന് അത്തരക്കാര്ക്ക് കൂടുതല് കൂടുതല് പിന്ബലം നല്കുവാന് ആഗ്രഹിക്കുന്നു. ഇനിയും നല്ല കാര്യങ്ങള് ചെയ്യേണ്ടിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒക്ടോബര് 31 ന് സര്ദാര് പട്ടേലിന്റെ ജയന്തിദിനത്തില് ഞാന് ‘ഒരൊറ്റ ഭാരതം ശ്രേഷ്ഠ ഭാരത’ത്തെപ്പറ്റി ചര്ച്ച നടത്തിയിരുന്നു. സമൂഹത്തെ നിരന്തരം ജാഗരൂകമാക്കുവാന് ചില കാര്യങ്ങള് വേണ്ടതുണ്ട്. ‘രാഷ്ട്രയാം ജാഗ്രയാം വ്യം’ ‘Eternal vigilence is the prize of liberty’ രാഷ്ട്രത്തിന്റെ ഏകതയെന്ന സാംസ്കാരികസരിത എപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കണം. ‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’ ഇതിനൊരു പദ്ധതി രൂപം നല്കാന് ഞാന് ആഗ്രഹിക്കുന്നു. my.gov അതിനായുള്ള നിര്ദ്ദേശങ്ങള് ആവശ്യപ്പെട്ടിരിക്കുന്നു. പരിപാടിയുടെ ഘടന എങ്ങനെയാവണം? ലോഗോ എങ്ങനെയാവണം? ഈ പങ്കാളിത്തം എങ്ങനെയുണ്ടാക്കാം? ഇതിന്റെ രൂപം എന്തായിരിക്കും? ജനങ്ങളുടെ നിര്ദ്ദേശങ്ങള് ഞാന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള് വളരെയേറെ നിര്ദ്ദേശങ്ങള് വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്, ഇനിയും വളരെയേറെ നിര്ദ്ദേശങ്ങള് ഞാന് പ്രതീക്ഷിക്കുകയാണ്. വളരെയേരെ അടിസ്ഥാനപരമായ പദ്ധതികള് ആവശ്യമുണ്ട്. ഇതില് സജീവപങ്കാളിത്തമുള്ളവര്ക്ക് ബഹുമതിപത്രവും ലഭിക്കും. മാത്രമല്ല, മറ്റനവധി സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. താങ്കളും ഇതിന് ക്രിയാത്മകമനസ്സ് പ്രയോജനപ്പെടുത്തുക. രാഷ്ട്രത്തിന്റെ ഏകതയുടെയും അഖണ്ഡതയുടെയും മഹാമന്ത്രമായ ‘ഏക ഭാരതം – ശ്രേഷ്ഠ ഭാരതം’ ഓരോ ഭാരതീയനേയും ഒരുമിപ്പിക്കുവാനുള്ളതാണ്. ഇതിനായി സര്ക്കാരിന് എന്തു ചെയ്യാനാവും? പൊതു സമൂഹം എന്തു ചെയ്യും? ഇങ്ങനെ നിരവധി കാര്യങ്ങളുണ്ട്. എനിയ്ക്ക് പൂര്ണ്ണവിശ്വാസമുണ്ട് നിങ്ങളുടെ നിര്ദ്ദേശങ്ങളോരോന്നും പ്രവൃത്തിപഥത്തിലെത്തും, ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കുമെന്ന്.

എന്റെ പ്രിയപ്പെട്ട സഹോദരരേ, തണുപ്പിന്റെ മാസം തുടങ്ങിയിരിക്കുകയാണ്. എന്നാല് ഈ തണുപ്പില് കഴിച്ചുകൂട്ടുന്നതില് ഒരു സന്തോഷം കണ്ടെത്താം. പുതച്ചുമൂടി ചുരുണ്ടു കിടക്കുന്നതില് ഒരു സന്തോഷം കണ്ടെത്താം. എന്നാല് എന്റെ ആഗ്രഹം വ്യായാമം ചെയ്ത് തണുപ്പിനെ വരുതിയിലാക്കണമെന്നാണ്. ശരീരത്തെ ആരോഗ്യപൂര്ണ്ണമാക്കാന് കാലാവസ്ഥയ്ക്കനുസരിച്ചുള്ള നല്ല വ്യായാമവും യോഗയും പരിശീലിക്കണം. കുടുംബത്തില് നല്ല അന്തരീക്ഷമൊരുക്കി ഒരു ഉത്സവമാക്കി എല്ലാപേരും ഒത്തുചേര്ന്ന് വ്യായാമത്തിലേര്പ്പെടുക. വ്യായാമോത്സവത്തിലൂടെ നിങ്ങള്ക്ക് തിരിച്ചറിയാനാകും എത്രമാത്രം ചൈതന്യത്തിന്റെ ബഹിര്സ്പുരണമാണ് ഉണ്ടാകുകയെന്ന്. ദിവസം മുഴുവന് ശരീരം കൂടുതല് കൂടുതല് പ്രവൃത്യുന്മുഖമാകും. നല്ല കാലാവസ്ഥയെങ്കില് നല്ല സ്വഭാവം കൂടിയേ തീരൂ. ആരോഗ്യപൂര്ണ്ണമായ സന്തോഷത്തില് നമുക്ക് ഒരുമിച്ച് കൈകോര്ക്കാം. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്ക്ക് ഒരിക്കല്ക്കൂടി നന്മകള് നേരുന്നു. ജയ് ഹിന്ദ്.