Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മണിപ്പൂര്‍ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടല്‍ നടത്തി പ്രധാനമന്ത്രി നടത്തിയ


പ്രസംഗം

മണിപ്പൂര്‍ ഗവര്‍ണര്‍ ശ്രീമതി നജ്മ ഹെപ്ത്തുല്ല ജി;  മണിപ്പൂരിലെ ജനപ്രിയ
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ജി; എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ ശ്രീ
ഗജേന്ദ്ര സിംഗ് ശെഖാവത്ത് ജി, ശ്രീ ജിതേന്ദ്ര സിംഗ് ജി, ശ്രീ രതന്‍ലാല്‍
കതാരിയ ജി; മണിപ്പൂരില്‍ നിന്നുള്ള എല്ലാ എംപിമാര്‍, എംഎല്‍എമാര്‍,
മണിപ്പൂരിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,

ഈ കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ പോലും രാജ്യത്തു വികസന പ്രവര്‍ത്തനങ്ങള്‍
നിലച്ചിട്ടില്ല എന്നതിന്റെ ഒരു ഉദാഹരണമാണ് ഇന്നത്തെ ചടങ്ങ്;  രാജ്യം
തളര്‍ന്നിട്ടില്ല. വാക്സിന്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ, കൊറോണയ്‌ക്കെതിരെ
നമ്മള്‍ ശക്തമായി പോരാടുകയും വിജയികളായി മാറുകയും ചെയ്യും; മാത്രമല്ല, വികസന
പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുകയും വേണം.  ഇത്തവണ
കിഴക്കന്‍ ഇന്ത്യയും വടക്കുകിഴക്കന്‍ ഇന്ത്യയും ഇരട്ട വെല്ലുവിളികളെ നേരിടുന്നു. ഈ
വര്‍ഷം വീണ്ടും വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴ വളരെയധികം
നാശമുണ്ടാക്കുന്നു. നിരവധി ആളുകള്‍ മരിച്ചു, പലരും വീട് വിട്ടുപോകാന്‍
നിര്‍ബന്ധിതരായി. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും എന്റെ അനുശോചനം
അറിയിക്കുന്നു. ഈ ദുഷ്‌കരമായ നിമിഷത്തില്‍, രാജ്യം മുഴുവന്‍ അവരോടൊപ്പം
നില്‍ക്കുന്നുവെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. എല്ലാ സംസ്ഥാന
സര്‍ക്കാരുകളുമായും തോളോടുതോള്‍ ചേര്‍ന്ന് ആവശ്യമായ എല്ലാ ജോലികളും ചെയ്യാന്‍
കേന്ദ്ര ഗവണ്‍മെന്റ് നിരന്തരം ശ്രമം നടത്തുകയാണ്.

സുഹൃത്തുക്കളേ,
മണിപ്പൂരിലെ കൊറോണ വൈറസിന്റെ വ്യാപനവും വേഗതയും നിയന്ത്രിക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു. ലോക്ഡൗണ്‍ സമയത്ത് മണിപ്പൂരിലെ
ജനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും ഒറ്റപ്പെട്ടുപോയവരെ
തിരികെ കൊണ്ടുവരുന്നതിനും ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന ഗവണ്‍മെന്റ്
സ്വീകരിച്ചു. മണിപ്പൂരിലെ 25 ലക്ഷത്തോളം പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് –
അതായത് 5-6 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക്- പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍
അന്ന യോജന പ്രകാരം സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. അതുപോലെ, 1.5
ലക്ഷത്തിലധികം സഹോദരിമാര്‍ക്ക് ഉജ്വല പദ്ധതി പ്രകാരം സൗജന്യ പാചക വാതക
സിലിണ്ടറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സമാനമായ
രീതിയില്‍ ദരിദ്രര്‍ക്ക് ഈ കേന്ദ്ര പദ്ധതികളും സഹായം തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,
ഇംഫാലില്‍ ഉള്ളവര്‍ ഉള്‍പ്പെടെ മണിപ്പൂരില്‍ നിന്നുള്ള ലക്ഷക്കണക്കിന്
സുഹൃത്തുക്കള്‍ക്ക്, പ്രത്യേകിച്ച് നമ്മുടെ സഹോദരിമാര്‍ക്ക് ഇന്ന് ഒരു മഹത്തായ ദിനമാണ്. രാഖി ഉത്സവ വേളയില്‍ മണിപ്പൂരില്‍ നിന്നുള്ള സഹോദരിമാര്‍ക്ക് ഒരു വലിയ സമ്മാനം ലഭിക്കും.  ഏകദേശം 3000 കോടി രൂപ ചെലവുള്ള മണിപ്പൂര്‍ ജലവിതരണ
പദ്ധതി ഇവിടത്തെ ജനങ്ങളുടെ ജലക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ പോകുന്നു. ഈ പദ്ധതിയില്‍ നിന്നുള്ള ജലം ഗ്രേറ്റര്‍ ഇംഫാല്‍ ഉള്‍പ്പെടെ 25 നഗരങ്ങളിലും പട്ടണങ്ങളിലും 1700 ലധികം ഗ്രാമങ്ങളിലും
ഉപകാരപ്പെടുകയും ജനങ്ങളുടെ ജീവരേഖയായി വര്‍ത്തിക്കുകയും ചെയ്യും.
ഏറ്റവും പ്രധാനമായി, ഇന്നത്തേതു മാത്രമല്ല അടുത്ത 20-22 വര്‍ഷത്തേക്കു കൂടിയുള്ള
ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം
ലഭ്യമാകുമെന്ന് മാത്രമല്ല, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും
ചെയ്യും. ശുദ്ധമായ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങള്‍ക്കെതിരായ പ്രതിരോധം സൃഷ്ടിക്കുന്നതിനും
സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍, അതിന്റെ ഉപയോഗം പൈപ്പിലൂടെയുള്ള
ജലവിതരണത്തില്‍ ഒതുങ്ങുന്നതല്ല. തീര്‍ച്ചയായും, ഈ പദ്ധതി എല്ലാ
വീടുകളിലും പൈപ്പ് വെള്ളം ലഭ്യമാക്കുകയെന്ന നമ്മുടെ സമഗ്രലക്ഷ്യത്തിന്
വളരെയധികം ആക്കം നല്‍കും. ഈ ജലപദ്ധതിയുടെ പേരില്‍ മണിപ്പൂരിലെ ജനങ്ങളെയും
പ്രത്യേകിച്ച് മണിപ്പൂരില്‍ നിന്നുള്ള എന്റെ അമ്മമാരെയും സഹോദരിമാരെയും ഞാന്‍
അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,
കഴിഞ്ഞ വര്‍ഷം ജല്‍ ജീവന്‍ മിഷന്‍ രാജ്യത്ത് ആരംഭിക്കുമ്പോള്‍, മുന്‍
ഗവണ്‍മെന്റുകളേക്കാള്‍ പലമടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന്
ഞാന്‍ പറഞ്ഞിരുന്നു. 15 കോടിയിലധികം വീടുകളില്‍ പൈപ്പ് വെള്ളം
എത്തിക്കുന്ന സംവിധാനമാകുമ്പോള്‍, ഒരു നിമിഷം പോലും ജലവിതരണം നിര്‍ത്തുന്നതിനെക്കുറിച്ച്
ചിന്തിക്കാനാവില്ല. ലോക്ക്ഡൗണ്‍ സമയത്ത് പോലും ഗ്രാമങ്ങളില്‍ പൈപ്പ് ലൈനുകള്‍
സ്ഥാപിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍
പഞ്ചായത്തുകളുടെ സഹായത്തോടെ തുടരുന്നതിന്റെ കാരണം ഇതാണ്.
രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം ജല കണക്ഷനുകള്‍ ലഭ്യമാകുന്നുണ്ട്.
അതായത്, ജല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തില്‍ നിന്ന് ഓരോ
ദിവസവും ഒരു ലക്ഷം അമ്മമാരുടെയും സഹോദരിമാരുടെയും ഭാരം നമ്മള്‍
കുറയ്ക്കുകയാണ്. ഈ ഒരു ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ള അമ്മമാരുടെയും
സഹോദരിമാരുടെയും ജീവിതം സുഗമമായിക്കൊണ്ടിരിക്കുകയാണ്. ജല്‍ ജീവന്‍ മിഷന്‍ ഒരു
ബഹുജന പ്രസ്ഥാനമായി വളരുന്നതിനാല്‍ ഇത് വളരെ വേഗം സാധ്യമാണ്. പൈപ്പുകള്‍
സ്ഥാപിക്കും, എവിടെ നിന്ന് വെള്ളം ഉത്പാദിപ്പിക്കും, എവിടെ ടാങ്ക്
നിര്‍മ്മിക്കും, എത്ര ബജറ്റ് ഉണ്ടാകും എന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍,
പ്രത്യേകിച്ച് സഹോദരിമാരും ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ പ്രതിനിധികളും ഒരുമിച്ച് തീരുമാനിക്കുന്നു.

സുഹൃത്തുക്കളേ,

ജലത്തിന്റെ ശക്തി എത്രയാണെന്ന് അധികാര വികേന്ദ്രീകരണവും അടിത്തട്ടിലുള്ള
ശാക്തീകരണവും ശക്തമാകുന്നതു കാണുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ഊഹിക്കാനാകും.

സുഹൃത്തുക്കളേ,
മെച്ചപ്പെട്ട ജീവിതത്തിനുള്ള മുന്‍വ്യവസ്ഥയാണ് ആയാസരഹിത ജീവിതം. പണം വന്ന്
പോകാം; എന്നാല്‍ ജീവിത സൗകര്യമാണ് എല്ലാവരുടെയും അവകാശം. പ്രത്യേകിച്ച്
പാവപ്പെട്ട സഹോദരന്‍, അമ്മ, സഹോദരി, ദലിത്, പിന്നോക്കക്കാരന്‍,
ഗോത്രവര്‍ഗക്കാരന്‍ എന്നിവര്‍ക്ക് ഈ അവകാശമുണ്ട്.

അതിനാല്‍, കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍, ആയാസരഹിത ജീവിതത്തിന്റെ ഒരു വലിയ
പ്രസ്ഥാനം ഇന്ത്യയിലും ആരംഭിച്ചു. ആവശ്യമായ എല്ലാ സൗകര്യങ്ങളും
പൗരന്മാര്‍ക്ക് നല്‍കാന്‍ ഇന്ത്യ ശ്രമിക്കുന്നു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍,
എല്ലാ തലത്തിലും, ദരിദ്രരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന എല്ലാ മേഖലകളിലും, മുന്നോട്ട് പോകാന്‍ ദരിദ്രരെയും സാധാരണക്കാരെയും പ്രോല്‍സാഹിപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിച്ചു. ഇന്ന്,
മണിപ്പൂര്‍ ഉള്‍പ്പെടെ ഇന്ത്യയൊന്നാെക വെളിയിട വിസര്‍ജ്ജനത്തില്‍ നിന്ന്
മുക്തമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു, ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി
കണക്ഷന്‍ എത്തിയിട്ടുണ്ട്, മിക്കവാറും കുടുംബങ്ങളിലും വൈദ്യുതിയും എത്തി. പാചക വാതകം പാവപ്പെട്ടവരുടെ അടുക്കളയിലെത്തി. എല്ലാ
ഗ്രാമങ്ങളെയും നല്ല റോഡുകളുടെ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നു. ഭവനരഹിതരായ എല്ലാ ദരിദ്രര്‍ക്കും നല്ല വീടുകള്‍ നല്‍കുന്നു. അവശേഷിച്ചത് ശുദ്ധജല ക്ഷാമമാണ്;
അതിനാല്‍ അത് നിറവേറ്റുന്നതിനായി ദൗത്യമെന്ന നിലയില്‍ ജലവിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

സുഹൃത്തുക്കളേ,
മികച്ച ജീവിതം, പുരോഗതി, സമൃദ്ധി എന്നിവ ഗതാഗത സൗകര്യവുമായി നേരിട്ട്
ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയുടെ ഗതാഗത സൗകര്യം ഇവിടുത്തെ
ജനങ്ങളുടെ ജീവിത സൗകര്യത്തിന് മാത്രമല്ല, സുരക്ഷിതവും സ്വാശ്രയവുമായ ഇന്ത്യ
എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനും വളരെ പ്രധാനമാണ്.  ഇത് ഒരു വശത്ത്
മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയുമായുള്ള നമ്മുടെ
സാമൂഹിക, വാണിജ്യ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. അതേസമയം ഇന്ത്യയുടെ ‘ആക്റ്റ്
ഈസ്റ്റ’് പോളിസി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.

കിഴക്കന്‍ ഏഷ്യയുമായുള്ള നമ്മുടെ പുരാതന സാംസ്‌കാരിക ബന്ധത്തിലേക്കും
വ്യാപാരം, യാത്ര, ടൂറിസം എന്നിവയുടെ ഭാവിയിലേക്കും ഉള്ള കവാടമാണ് നമ്മുടെ
വടക്കുകിഴക്കന്‍ മേഖല. ഈ ചിന്താഗതിയോടെ, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള
വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഗതാഗത സൗകര്യത്തിന്റെ കാര്യം നിരന്തരം
ഊന്നിപ്പറയുന്നു. റോഡുകള്‍ ഹൈവേകള്‍, വ്യോമപാതകള്‍, ജലപാതകള്‍, ഐ-വേകള്‍
എന്നിവയ്ക്ക് പുറമേ, ആധുനിക അടിസ്ഥാന സൗകര്യങ്ങളായ ഗ്യാസ് പൈപ്പ്ലൈന്‍,
ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല, പവര്‍ ഗ്രിഡ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നടക്കുന്നു.

കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ആയിരക്കണക്കിന്
കോടി രൂപ ഈ മേഖലയില്‍ നിക്ഷേപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാന തലസ്ഥാനങ്ങള്‍ 4
വരി റോഡുകളാലും ജില്ലാ ആസ്ഥാനങ്ങള്‍ 2 വരി റോഡുകളാലും ഗ്രാമങ്ങള്‍ എല്ലാ
കാലാവസ്ഥയിലും നിലനില്‍ക്കുന്ന റോഡുകളാലും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍
ആരംഭിച്ചു. ഇതിനു കീഴില്‍ ഏകദേശം 3000 കിലോമീറ്റര്‍ റോഡുകള്‍ ഇതിനകം തന്നെ
നിര്‍മ്മിക്കുകയും 6000 കിലോമീറ്ററോളം വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍
അതിവേഗം നടക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,
നോര്‍ത്ത് ഈസ്റ്റിലെ റെയില്‍ ഗതാഗത രംഗത്ത് വലിയ മാറ്റം കാണാം. ഒരു വശത്ത്
ട്രെയിനുകള്‍ പുതിയ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നു, മറുവശത്ത്
വടക്കുകിഴക്കന്‍ മേഖലയിലെ റെയില്‍ ശൃംഖല ബ്രോഡ് ഗേജാക്കി മാറ്റുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ മാറ്റം അനുഭവപ്പെടാം. 14000 കോടി രൂപ ചെലവില്‍
ജിരിബം-ഇംഫാല്‍ റെയില്‍ പാത നിര്‍മാണം മണിപ്പൂരില്‍ വലിയ മാറ്റം വരുത്താന്‍
പോകുന്നു. അതുപോലെ, വടക്കൃ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഓരോ സംസ്ഥാനങ്ങളുടെയും
തലസ്ഥാനങ്ങളെ മികച്ച റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് 2
വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവൃത്തികള്‍ അതിവേഗത്തിലാണ്
നടക്കുന്നത്.

സുഹൃത്തുക്കളേ,
റോഡ്, റെയില്‍വേ കൂടാതെ വടക്കു കിഴക്കിന്റെ വ്യോമ ഗതാഗത സൗകര്യവും ഒരുപോലെ
പ്രധാനമാണ്. വലുതും ചെറുതുമായവ ഉള്‍പ്പെടെ 13 ഓളം പ്രവര്‍ത്തന
വിമാനത്താവളങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ട്.  ഇംഫാല്‍ വിമാനത്താവളം
ഉള്‍പ്പെടെ നിലവിലുള്ള വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിനും അവിടെ ആധുനിക
സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും 3,000 കോടിയിലധികം രൂപ ചെലവഴിക്കുന്നു.

സുഹൃത്തുക്കളേ

വടക്കു കിഴക്കന്‍ മേഖലയില്‍ നടക്കുന്ന മറ്റൊരു പ്രധാന ജോലി ഉള്‍നാടന്‍
ജലമാര്‍ഗ മേഖലയിലാണ്. എനിക്ക് ഒരു വലിയ വിപ്ലവം കാണാന്‍ കഴിയുന്നു. ഇപ്പോള്‍
ഇരുപതിലധികം ദേശീയ ജലപാതകള്‍ ഇവിടെ നിര്‍മ്മാണത്തിലാണ്. ഭാവിയില്‍, ഇവിടുത്തെ
ഗതാഗത സൗകര്യം സിലിഗുരി ഇടനാഴിയില്‍ മാത്രമായി പരിമിതപ്പെടുത്തില്ല.
കടലിന്റെയും നദികളുടെയും ശൃംഖലയിലൂടെ തടസ്സമില്ലാത്ത ഗതാഗതം സാധ്യമാക്കുന്നതിനുള്ള പ്രവൃത്തി
ആരംഭിച്ചു. വര്‍ദ്ധിച്ച ഗതാഗത സൗകര്യത്തില്‍ നിന്ന് നമ്മുടെ സംരംഭകര്‍ക്കും
കര്‍ഷകര്‍ക്കും ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നു. ഇത് ഗതാഗതത്തില്‍ സമയം
ലാഭിക്കാന്‍ ഉപകരിക്കുന്നു. മാത്രമല്ല, ഈ മേഖലയിലെ  ഗ്രാമങ്ങളിലെ
കൃഷിക്കാര്‍ക്കു പാല്‍, പച്ചക്കറി, ധാതുക്കള്‍ പോലുള്ള മറ്റ്
ഉല്‍പന്നങ്ങള്‍ എന്നിവ രാജ്യത്തും വിദേശത്തുമുള്ള വലിയ വിപണികളിലേക്ക്
നേരിട്ട് എത്തിക്കാന്‍ ഉപകാരപ്പെടും.

സുഹൃത്തുക്കളേ,
ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയുടെ പ്രകൃതി, സാംസ്‌കാരിക വൈവിധ്യം എന്നിവ
സാംസ്‌കാരിക ശക്തിയുടെ വലിയ പ്രതീകമാണ്. ഇത് ഇന്ത്യയുടെ വലിയ അഭിമാനമാണ്.
അത്തരമൊരു സാഹചര്യത്തില്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍
ടൂറിസത്തിനും വളരെയധികം ഉത്തേജനം ലഭിക്കുന്നു. മണിപ്പൂരിന്റെ ഉള്‍പ്പെടെയുള്ള
വിനോദസഞ്ചാര സാധ്യതകള്‍ ഇപ്പോഴും പരിശോധിക്കപ്പെട്ടിട്ടില്ല. വടക്കു
കിഴക്കിന്റെ ഈ പ്രതിഛായയ്ക്കു സോഷ്യല്‍ മീഡിയയിലൂടെയും വീഡിയോ
സ്ട്രീമിംഗിലൂടെയും രാജ്യത്തിനകത്തും പുറത്തും ഉള്ള എല്ലാ വീടുകളിലും
എത്തിച്ചേരാനുള്ള കഴിവുണ്ടെന്ന് ഞാന്‍ കാണുന്നു.  വടക്കുകിഴക്കന്‍
പ്രദേശങ്ങളിലെ വിദൂര സ്ഥലങ്ങളുടെ വീഡിയോകള്‍ ആളുകളെ ആശ്ചര്യപ്പെടുത്തുന്നു.
ആളുകള്‍ കരുതുന്നു- ഈ സ്ഥലം നമ്മുടെ രാജ്യത്താണോ?  ഈ അവസരം പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്തണം. ഈ സ്ഥലത്തെ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക
എന്ന ലക്ഷ്യത്തോടെ നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ മുന്നോട്ട് നീങ്ങുന്നുണ്ട്.

സുഹൃത്തുക്കള്‍,
രാജ്യത്തിന്റെ വികസനത്തിലെ വളര്‍ച്ചാ എഞ്ചിനാകാന്‍ വടക്കു കിഴക്കിനു
കഴിവുണ്ട്. വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ സമാധാനം സ്ഥാപിതമായതിനാല്‍
ദിനംപ്രതി എന്റെ ആത്മവിശ്വാസം ശക്തിപ്പെടുന്നു. നേരത്തെ നിഷേധാത്മക
വാര്‍ത്തകള്‍ മാത്രം സൃഷ്ടിച്ച അതേ സ്ഥലം ഇപ്പോള്‍ സമാധാനം, പുരോഗതി, സമൃദ്ധി
എന്നീ മന്ത്രങ്ങളെ പ്രതിധ്വനിപ്പിക്കുന്നു.

ഇപ്പോള്‍ മണിപ്പൂരിലെ ഉപരോധങ്ങള്‍ ചരിത്രത്തിന്റെ
ഭാഗമായിത്തീര്‍ന്നിരിക്കുന്നു; മുഖ്യമന്ത്രി ഇതേ കാര്യം പറയുകയായിരുന്നു.
വടക്കുകിഴക്കന്‍ മേഖലയിലെ പൗരന്മാരെ, പ്രത്യേകിച്ച് ഞങ്ങളെ പിന്തുണക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്ത മണിപ്പൂരിലെ പൗരന്മാരെ, ഞാന്‍ ആത്മാര്‍ത്ഥമായി
അഭിനന്ദിക്കുന്നു. ഇന്ന് ഉപരോധം പഴയകാല കാര്യമായി മാറിയിരിക്കുന്നു. അസമില്‍
പതിറ്റാണ്ടുകളുടെ അക്രമങ്ങള്‍ അവസാനിച്ചു. ത്രിപുരയിലും മിസോറാമിലും
യുവാക്കള്‍ അക്രമത്തിന്റെ പാത ഉപേക്ഷിച്ചു. ഇപ്പോള്‍ ബ്രൂ-റീംഗ്
അഭയാര്‍ഥികള്‍ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നീങ്ങുകയാണ്.

സുഹൃത്തുക്കളേ,

ഈ മൂന്ന് കാര്യങ്ങള്‍, അതായത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം,
സമാധാനം എന്നിവ സ്ഥാപിക്കുമ്പോള്‍ വ്യവസായ നിക്ഷേപത്തിനുള്ള സാധ്യതകള്‍
പലമടങ്ങ് വര്‍ദ്ധിക്കുന്നു. വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ 2 കാര്യങ്ങളുണ്ട്.
അതായത് ജൈവ ഉല്‍പന്നങ്ങളും മുളയും ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് ഉത്തേജനം
നല്‍കുന്നു. ഇന്ന് ഞാന്‍ വടക്കുകിഴക്കന്‍ മേഖലയിലെ കര്‍ഷക സഹോദരങ്ങളോട് പറയാന്‍
ആഗ്രഹിക്കുന്നത് എന്തെന്നാല്‍ വടക്കുകിഴക്കന്‍ മേഖല രാജ്യത്തിന്റെ ജൈവ
തലസ്ഥാനമായി മാറും എന്നതാണ്. എനിക്ക് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹമുണ്ട്.
കഴിഞ്ഞ ദിവസം ഞാന്‍ ചില കാര്‍ഷിക ശാസ്ത്രജ്ഞരെയും കാര്‍ഷിക സാമ്പത്തിക
ശാസ്ത്രജ്ഞരെയും കണ്ടു. അവര്‍ എന്നോട് ഒരു രസകരമായ കാര്യം പറഞ്ഞു.
വടക്കുകിഴക്കന്‍ കര്‍ഷകര്‍ക്ക് പാമോലിന്‍ കൃഷി ആരംഭിക്കാന്‍ കഴിയുമെങ്കില്‍
രാജ്യത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കും അവിടെയുള്ള കര്‍ഷകര്‍ക്കും ധാരാളം
പ്രയോജനം ലഭിക്കും. ഇന്ന് പാമോലിന് ഇന്ത്യയില്‍ ഒരു ഉറച്ച വിപണിയുണ്ട്.
വടക്കുകിഴക്കന്‍ കര്‍ഷകര്‍ ജൈവകൃഷി നടത്തുകയും പാമോലിന്‍ കൃഷി ചെയ്യുകയും
ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ക്ക് എങ്ങനെ ഇന്ത്യയെ എത്രയോ മികച്ച രീതിയില്‍
സേവിക്കാന്‍ കഴിയുമെന്ന് ഊഹിക്കാനാകും. നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് നാം
എങ്ങനെ ഒരു പുതിയ ആക്കം നല്‍കും? അതത് സംസ്ഥാനങ്ങളില്‍ ഒരു പാമോലിന്‍ മിഷന്‍
ആരംഭിക്കാന്‍ മേഖലയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഞാന്‍
അഭ്യര്‍ത്ഥിക്കുന്നു. കൃഷിക്കാരെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും
ചെയ്യുക. ഈ ശ്രമത്തില്‍ കര്‍ഷകരെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് നമുക്ക്
ഒരു യോഗം വിളിച്ചു ചേര്‍ത്ത് ആസൂത്രണം ചെയ്യാനും കഴിയും.  നമുക്ക്
അതിനെക്കുറിച്ച് ചിന്തിക്കാം.

വടക്കു കിഴക്കന്‍ മേഖലയിലെ എന്റെ സഹോദരീ സഹോദരന്മാര്‍ എല്ലായ്‌പ്പോഴും
പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവരാണ്. അവ കേവലം ശബ്ദം ഉയര്‍ത്തലല്ല.
വടക്കു കിഴക്കിന്റെ ഒരു പ്രത്യേകത, അവര്‍ പ്രദേശവാസികളെക്കുറിച്ച്
അഭിമാനിക്കുന്നു എന്നതാണ്. ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ ഇത്തരം സ്‌കാര്‍ഫുകള്‍
ധരിക്കുമ്പോള്‍, പ്രദേശത്തെ ആളുകള്‍ അഭിമാനത്തോടെ അത് തിരിച്ചറിയുന്നു.
നിങ്ങളുടെ കാര്യങ്ങളില്‍ അഭിമാനിക്കുന്നത് ഒരു വലിയ കാര്യമാണ്. അതിനാല്‍
വടക്കുകിഴക്കന്‍ ജനതയോട് പ്രാദേശികമായി സംസാരിക്കാന്‍ പറയുന്നത് ശരിയാണെന്ന്
ഞാന്‍ കരുതുന്നില്ല; കാരണം നിങ്ങള്‍ ഇതിനേക്കാള്‍ നാലു പടി മുന്നിലാണ്.
പ്രാദേശികതയെ കുറിച്ച് നിങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്.  നിങ്ങള്‍ക്ക്
അഭിമാനം തോന്നണം, അതെ; അത് നമ്മുടേതാണ്. ഇതൊരു വലിയ ശക്തിയാണ്.
വടക്ക്-കിഴക്കന്‍ മേഖലയില്‍ നിന്നുള്ള മിക്ക ഉല്‍പ്പന്നങ്ങളും ചിലപ്പോള്‍
മൂല്യവര്‍ദ്ധനവ്, പ്രോല്‍സാഹനം, വിപണിയിലെ പ്രാപ്യത എന്നിവ ഇല്ലാത്തവയാണ്.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനയ്ക്കും വിപണനത്തിനുമായി ക്ലസ്റ്ററുകള്‍
വികസിപ്പിച്ചെടുക്കുന്നുവെന്ന് ആളുകള്‍ക്ക് പോലും അറിയില്ലായിരുന്നു. ഈ
ക്ലസ്റ്ററുകളില്‍ എല്ലാ സൗകര്യങ്ങളും അഗ്രോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ്
വ്യവസായങ്ങള്‍ക്കും നല്‍കും. അത്തരമൊരു സാഹചര്യത്തില്‍, ജൈവ ഉല്‍പന്നങ്ങള്‍
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും കൊണ്ടുപോകുന്നതിന് വടക്കു
കിഴക്കന്‍ മേഖലയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.

സുഹൃത്തുക്കളേ,
തദ്ദേശീയ ഉല്‍പാദനത്തിലൂടെ ഇന്ത്യ മുള ഇറക്കുമതി ചെയ്യുന്നത് ഇല്ലാതാക്കാന്‍ വടക്കു കിഴക്കന്‍ മേഖലയ്ക്കു സാധിക്കും.
ധൂപവര്‍ഗ്ഗങ്ങള്‍ക്ക് രാജ്യത്ത് ഇത്രയും വലിയ ആവശ്യമുണ്ട്.  ഇതിനും നാം
കോടിക്കണക്കിന് രൂപയുടെ മുള ഇറക്കുമതി ചെയ്യുന്നു. ഈ അവസ്ഥയില്‍ മാറ്റം
വരുത്താന്‍ രാജ്യത്ത് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്,
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,
വടക്കു കിഴക്കന്‍ മേഖലയിലെ മുള വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു
മുള വ്യവസായ പാര്‍ക്കിന് ഇതിനകം അംഗീകാരം ലഭിച്ചു.  മാത്രമല്ല, മുളയില്‍
നിന്ന് ജൈവ ഇന്ധനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറി നുമലിഗിനില്‍
സ്ഥാപിക്കുകയും ചെയ്യുന്നു. മുള കര്‍ഷകര്‍ക്കും കരകൗശല വസ്തുക്കളുമായി ബന്ധപ്പെട്ട
കലാകാരന്മാര്‍ക്കും വേണ്ടിയും മറ്റ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായും നൂറുകണക്കിന്
കോടി രൂപ ദേശീയ മുള മിഷനു കീഴില്‍ നിക്ഷേപിക്കുന്നു. ഇത് വടക്കു കിഴക്കന്‍
മേഖലയിലെ യുവാക്കള്‍ക്കും ഇവിടെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളരെയധികം
ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

ഈ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ പ്രയോജനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സജീവമായ
സംസ്ഥാനങ്ങള്‍ക്ക് മാത്രമേ കഴിയൂ. മണിപ്പൂരിന് പരിധിയില്ലാത്ത അവസരങ്ങളുണ്ട്,
അവ ഉപേക്ഷിക്കാന്‍ മണിപ്പൂര്‍ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇവിടുത്തെ കര്‍ഷകര്‍ക്കും യുവ സംരംഭകര്‍ക്കും ഇത് വളരെയധികം ഗുണം ചെയ്യും.
മണിപ്പൂരിലെ യുവാക്കള്‍ക്ക് പ്രാദേശികമായി തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിനാണു ഞങ്ങളുടെ ശ്രമം. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം,
സ്റ്റാര്‍ട്ട് അപ്പുകള്‍, മറ്റ് പരിശീലനങ്ങള്‍ എന്നിവയ്ക്കായി നിരവധി
സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇവിടെ ആരംഭിക്കുന്നു.

കായിക സര്‍വകലാശാല, ലോകോത്തര സ്റ്റേഡിയങ്ങള്‍ എന്നിവ ആരംഭിച്ചതോടെ മണിപ്പൂര്‍
രാജ്യത്തെ കായിക പ്രതിഭകളുടെ പ്രധാന കേന്ദ്രമായി മാറുകയാണ്. മാത്രമല്ല,
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍
മേഖലയിലെ എല്ലാ യുവാക്കള്‍ക്ക് ഇന്ന് നല്ല ഹോസ്റ്റലുകള്‍ പോലുള്ള മികച്ച
സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വികസനത്തിന്റെയും വിശ്വാസത്തിന്റെയും ഈ പാത
ശക്തിപ്പെടുത്തുന്നതു നാം തുടരേണ്ടതുണ്ട്. ഈ പുതിയ ജല പദ്ധതിയുടെ പേരില്‍
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.
എല്ലാ വീടുകളിലും നിശ്ചിത തീയതിക്കകം വെള്ളമെത്തിക്കുന്നതിനായുള്ള നമ്മുടെ സ്വപ്‌നം തടസ്സംകൂടാതെ യാഥാര്‍ഥ്യമാകുന്നതിനായി
നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം ഞാന്‍ കൊതിക്കുന്നു,
അമ്മമാരും സഹോദരിമാരും ഞങ്ങളെ അനുഗ്രഹിക്കട്ടെ!  ഞങ്ങള്‍ക്ക്
പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്.  ഈ ജോലി നിര്‍വഹിച്ചതിന് ഞങ്ങളെ അനുഗ്രഹിക്കൂ.
നിങ്ങളുടെ അനുഗ്രഹം ഞങ്ങള്‍ക്ക് വലിയ ശക്തി നല്‍കും. രക്ഷാബന്ധന്‍ ഉത്സവം
വന്നണയുകയാണ്. അതിനാല്‍ നിങ്ങളുടെ അനുഗ്രഹം തേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വടക്കു കിഴക്കന്‍ മേഖല ശുചിത്വത്തെ കുറിച്ച് സദാ ഗൗരവവും ജാഗ്രതയും പുലര്‍ത്തിപ്പോരുന്നു. ഇത് രാജ്യത്തിന് ഒരു
മാതൃക പോലെയാണ്. എന്നാല്‍ ഇന്ന് നമ്മള്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍
ഏര്‍പ്പെടുമ്പോള്‍, സാമൂഹിക അകലം, മാസ്‌കുകള്‍, കൈകള്‍ ശുചിയാക്കല്‍
എന്നിവയെക്കുറിച്ച് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്; നമ്മള്‍ പൊതുസ്ഥലങ്ങളില്‍
തുപ്പുകയോ മാലിന്യം തള്ളുകയോ ചെയ്യരുത്. ഇന്ന്, കൊറോണയ്‌ക്കെതിരെ
പോരാടുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണിത്.  കൊറോണയ്‌ക്കെതിരായ
പോരാട്ടത്തില്‍ ഇതു തുടര്‍ന്നും നമ്മെ സഹായിക്കും.

വളരെയധികം നന്ദി!