Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി20 നേതാക്കളുടെ അസാധാരണ വിര്‍ച്വല്‍ ഉച്ചകോടി


കോവിഡ്-19 മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടത് ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും ഇതിനെതിരെ ആഗോളതലത്തിലുള്ള ഏകോപിതമായ പ്രതികരണം രൂപപ്പെടുത്തുന്നതിനുമായി 2020 മാര്‍ച്ച് 26ന് ജി20 നേതാക്കളുടെ അസാധാരണ വിര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടു. നേരത്തേ, ഇക്കാര്യത്തെ കുറിച്ചു സൗദി അറേബ്യയിലെ കിരീടാവകാശിയായ രാജകുമാരനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചിരുന്നു. കോവിഡ്-19 മഹാവ്യാധി സംബന്ധിച്ചു ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗവും ജി20 ഉദ്യോഗസ്ഥതല യോഗവും നടത്തിയശേഷമാണ് ജി20 അസാധാരണ ഉച്ചകോടി ചേര്‍ന്നത്.

യോഗത്തില്‍ മഹാവ്യാധിയെ നേരിടുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ ജി20 നേതാക്കള്‍ തീരുമാനിച്ചു. മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ ചികില്‍സാ സാമഗ്രികളുടെ വിതരണം, രോഗം കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങള്‍, ചികില്‍സകള്‍, മരുന്നുകള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവ ഉള്‍പ്പെടെ സംബന്ധിച്ചുള്ള ഡബ്ല്യു.എച്ച്.ഒയുടെ നിര്‍ദേശങ്ങള്‍ക്കു പിന്‍തുണ നല്‍കുന്നതു ശക്തിപ്പെടുത്താനും അവര്‍ തീരുമാനിച്ചു.

ആഗോള വളര്‍ച്ചയും വിപണിയുടെ സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിനും പുനര്‍നിര്‍മാണം ശക്തിപ്പെടുത്തന്നതിനുമായി മഹാവ്യാധി നിമിത്തമുള്ള സാമ്പത്തിക, സാമൂഹിക നഷ്ടം പരമാവധി കുറച്ചുകൊണ്ടുവരാന്‍ സാധ്യമായ നയപരമായ വഴികളെല്ലാം ഉപയോഗപ്പെടുത്താനുള്ള പ്രതിബദ്ധത നേതാക്കള്‍ അറിയിച്ചു. കോവിഡ്-19 സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനായി അഞ്ചു ലക്ഷം കോടി ഡോളര്‍ നീക്കിവെക്കാന്‍ ജി20 രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചു. ഡബ്ല്യു.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള കോവിഡ്-19 സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്കു സ്വയം വിഹിതം നല്‍കാന്‍ നേതാക്കള്‍ തീരുമാനിച്ചു.

ജി20യുടെ അസാധാരണ യോഗം സംഘടിപ്പിച്ചതിന് സൗദി രാജാവിനെ പ്രധാനമന്ത്രി നന്ദി അറിയിച്ചു. മഹാവ്യാധി സൃഷ്ടിക്കുന്ന സാമ്പത്തിക, സാമൂഹിക നഷ്ടം ചൂണ്ടിക്കാണിച്ച ശ്രീ. മോദി, ലോക ജനസംഖ്യയുടെ 60 ശതമാനവും ആഗോള ജി.ഡി.പിയുടെ 80 ശതമാനവുമുള്ള ജി20 രാജ്യങ്ങളിലാണ് 90 ശതമാനം കോവിഡ്-19 രോഗബാധിതരെന്നു ചൂണ്ടിക്കാട്ടി. ഈ രോഗം നിമിത്തമുണ്ടായ മരണങ്ങളില്‍ 88 ശതമാനം ജി20 രാജ്യങ്ങളിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള മഹാവ്യാധിയെ നേരിടുന്നതിനുള്ള കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കണമെന്നു ജി20യോട് അദ്ദേഹം ആവശ്യപ്പെട്ടു.

ആഗോള അഭിവൃദ്ധിക്കും സഹകരണത്തിനുമായുള്ള വീക്ഷണത്തിന്റെ കേന്ദ്രസ്ഥാനത്തു മനുഷ്യരായിരിക്കണ്ടേതിന്റെ ആവശ്യകത ശ്രദ്ധയില്‍പെടുത്തിയ പ്രധാനമന്ത്രി, വൈദ്യ രംഗത്തെ ഗവേഷണത്തിന്റെയും വികാസത്തിന്റെയും ഫലങ്ങള്‍ സ്വതന്ത്രമായി പങ്കുവെക്കപ്പെടണമെന്നും അനുരൂപമാക്കാവുന്നതും പ്രതികണാത്മകവും മാനവികവുമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളും പരസ്പര ബന്ധിത ആഗോള ഗ്രാമത്തിനായുള്ള പുതിയ പ്രതിസന്ധി പരിപാലന ചട്ടങ്ങളും നടപടിക്രമങ്ങളും വികസിപ്പിക്കപ്പെടണമെന്നും ഡബ്ല്യു.എച്ച്.ഒ. പോലുള്ള ഗവണ്‍മെന്റുകള്‍ ചേര്‍ന്നുള്ള സംഘടനകള്‍ ശക്തിപ്പെടുത്തുകയും പരിഷ്‌കരിക്കുകയും വേണമെന്നും കോവിഡ്-19 നിമിത്തം, വിശേഷിച്ച് സാമ്പത്തിക ദൗര്‍ബല്യം നേരിടുന്നവര്‍, നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.

മാനവകുലത്തിന്റെയാകെ ക്ഷേമത്തിനായി പുതിയ ആഗോളവല്‍ക്കരണം മുന്നോട്ടുവെക്കാനും മാനവികതയുടെ പൊതു താല്‍പര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബഹുതല വേദി രൂപീകരക്കാനും നേതാക്കളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ഉച്ചകോടി കഴിഞ്ഞ് മഹാവ്യാധിയെ നേരിടുന്നതിനുള്ള ഏകോപിതമായ ആഗോള ശ്രമം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജി20 നേതാക്കളുടെ പ്രസ്താവന പുറത്തിറക്കപ്പെട്ടു. വ്യാപാരതടസ്സം പരമാവധി കുറച്ചുകൊണ്ടുവന്നും ആഗോള സഹകരണം വര്‍ധിപ്പിച്ചും ആഗോള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.