Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസമിലെ കൊക്രജാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


 

ഭാരത് മാത് കീ ജയ്

ഭാരത് മാത് കീ ജയ്

ഭാരത് മാത് കീ ജയ്

വേദിയിലുള്ള അസം ഗവര്‍ണര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, വിവിധ ബോര്‍ഡുകളുടെയും സംഘടനകളുടെയും നേതാക്കള്‍, എന്‍ഡിഎഫ്ബിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന നേതാക്കള്‍, മറ്റ് വിശിഷ്ട വ്യക്തികളേ; എന്നെ അനുഗ്രഹിക്കുന്നതിനായി ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന എണ്ണമറ്റ സഹോദരീ സഹോദരന്മാരേ,

ഞാന്‍ പലവട്ടം അസമില്‍ വന്നിട്ടുണ്ട്, ഈ സ്ഥലത്തും വന്നിട്ടുണ്ട്. നിരവധി വര്‍ഷങ്ങളും പതിറ്റാണ്ടുകളുമായി ഞാന്‍ ഈ പ്രദേശത്തെ സന്ദര്‍ശകനാണ്. പ്രധാനമന്ത്രിയായ ശേഷവും നിങ്ങളെ കാണാന്‍ വീണ്ടും വീണ്ടും വരുന്നു. എന്നാല്‍ ഇന്നു നിങ്ങളുടെ മുഖത്തു കാണുന്ന ഈ ആവേശം വര്‍ണാഭമായ ‘ആരോണ’യെയും ‘ദൊഖാന’യെുംകാള്‍ സംതൃപ്തി നല്‍കുന്നതാണ്. 

രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ നിരവധി റാലികള്‍ കണ്ടിട്ടുണ്ട്, നിരവധി റാലികളില്‍ പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരു ജനസമുദ്രം ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇന്ന് വിക്രം സംഘടിപ്പിച്ച ഈ റാലി സ്വാതന്ത്ര്യത്തിനു ശേഷം സംഘടിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലുതാണ് എന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുകതന്നെ ചെയ്യും. നിങ്ങള്‍ മൂലമാണ് ഇതു സാധ്യമായത്. ഹെലിക്കോപ്റ്ററില്‍ വച്ചുതന്നെ ഈ ജനമഹാസമുദ്രം കാണാന്‍ എനിക്കു കഴിഞ്ഞു. ആ പാലത്തില്‍ കുറേയാളുകള്‍ നില്‍ക്കുന്നതുകണ്ട ഞാന്‍ അത് തകര്‍ന്നു വീഴുമോ എന്ന് ഭയപ്പെട്ടു. 

സഹോദരീ സഹോദരന്മാരേ,

എന്നെ അനുഗ്രഹിക്കുന്നതിനാണ് നിങ്ങള്‍ എണ്ണമറ്റ മുഴുവന്‍ സഹോദരീ സഹോദരന്മാരും ഇന്നിവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ട് എന്റെ ആത്മവിശ്വാസം കൂടുതലായിട്ടുണ്ട്.ചിലപ്പോള്‍ ആളുകള്‍ വടിയെടുത്ത് അടിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. പക്ഷേ, അതൊന്നും മോദിയെ ബാധിക്കില്ല; കാരണം അമ്മമാരുടെയും സഹോദരിമാരുടെയും വലിയ സംരക്ഷണ കവചമാണ് എനിക്കുള്ളത്. നിങ്ങളെ മുഴുവന്‍ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അമ്മമാരേ, സഹോദരിമാരേ, എന്റെ സഹോദരീ സഹോദരന്മാരേ, എന്റെ യുവ സുഹൃത്തുക്കളേ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നൊരു ആലിംഗനം നിങ്ങള്‍ക്കു നല്‍കുന്നതിനാണ് ഞാന്‍ ഇന്ന് എത്തിയിരിക്കുന്നത്. അസമിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാര്‍ക്ക് പുതിയ ആത്മവിശ്വാസം പകര്‍ന്നു നല്‍കാനാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും നിങ്ങള്‍ മോട്ടോര്‍സൈക്കിള്‍ റാലികള്‍ നടത്തുന്നതും മുഴുവന്‍ പ്രദേശത്തും ദീപങ്ങള്‍ തെളിയിക്കുന്നതും രാജ്യമാകെ ഇന്നലെ കണ്ടു. ദീപാവലി വേളയില്‍പ്പോലും ഇത്രയധികം ദീപങ്ങള്‍ തെളിയിച്ചു കണ്ടിട്ടില്ല. ഈ ദീപക്കാഴ്ചകള്‍ എല്ലായിടത്തുമുണ്ടല്ലോ എന്ന് ഞാന്‍ ഇന്നലെ സമൂഹമാധ്യമങ്ങളിലും ടിവിയിലും കാണുകയായിരുന്നു. രാജ്യം മുഴുവന്‍ അതിനേക്കുറിച്ചാണു സംസാരിച്ചത്. സഹോദരീ സഹോദരന്മാരേ, ഇത് ആയിരക്കണക്കിനും ലക്ഷക്കണക്കിനുമായ ദീപങ്ങളേക്കുറിച്ചല്ല, മറിച്ച് രാജ്യത്തിന്റൈ ഈ സുപ്രധാന ഭാഗത്തെ പുതിയ തുടക്കത്തേക്കുറിച്ചാണ്.

സഹോദരീ സഹോദരന്മാരേ,

സ്വന്തം ദൗത്യ നിര്‍വഹണത്തിനിടെ ജീവന്‍ വെടിഞ്ഞ ആയിരക്കണക്കിനു രക്തസാക്ഷികളെ ഓര്‍മിക്കുന്ന ദിവസമാണ് ഇന്ന്. ബൊഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മ, രൂപ്‌നാഥ് ബ്രഹ്മ എന്നിവരെപ്പോലെയുള്ള മഹാന്മാരായ നേതാക്കളുടെ സംഭാവനകള്‍ ഓര്‍മിക്കാനുള്ള ദിവസമാണ് ഇന്ന്. ആള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയനുമായും (എബിഎസ്‌യു) നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റുമായും ( എന്‍ഡിഎഫ്ബി) ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ യുവസുഹൃത്തുക്കളെയും ബിടിസി തലവന്‍ ശ്രീ ഹംഗ്രാമ മഹിലരെയെയും അസം ഗവണ്‍മെന്റിനെയും ഈ കരാറില്‍ നിര്‍ണായക പങ്കു വഹിച്ചതിനു ഞാന്‍ അഭിനന്ദിക്കുന്നു. മുഴുവന്‍ രാജ്യത്തിന്റെ പേരിലും അവരെ ഞാന്‍ അഭിനന്ദിക്കുന്നു. 130 കോടി ഇന്ത്യക്കാര്‍ ഇന്ന് നിങ്ങളെ അഭിനന്ദിക്കുകയും നിങ്ങളോടു നന്ദി പറയുകയും ചെയ്യുന്നു. 

സുഹൃത്തുക്കളേ,

ഈ ദിനത്തില്‍ ഇങ്ങനെയൊരു ആഘോഷ വേള ഒരുക്കിയതിന് ഈ മേഖലയിലെ മുഴുവന്‍ സമൂഹവും ഗുരുക്കന്മാരും ബുദ്ധിജീവികളും കലാപ്രതിഭകളും സാഹിത്യരംഗത്തുള്ളവരും നിങ്ങള്‍ ബോഡോകളുടെ പ്രയത്‌നത്തെ പ്രത്യേകം അടയാളപ്പെടുത്തും. ഇത് അഭിമാന മുഹൂര്‍ത്തമാണ്. നിങ്ങളുടെയെല്ലാം പിന്തുണയോടെയാണ് സുസ്ഥിര സമാധാനത്തിന്റെ ഈ പാത കണ്ടുപിടിച്ചത്. പുതിയ ഒരു പ്രഭാതത്തെ, പുതിയ സൂര്യോദയത്തെ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുതിയ പ്രചോദനത്തെ വരവേല്‍ക്കുന്നതിന് അസം ഉള്‍പ്പെടെ മുഴുവന്‍ വടക്കു കിഴക്കന്‍ മേഖലയ്ക്കും ഇന്ന് ഒരു അവസരമാണ്. ദൃഢനിശ്ചയത്തിന്റെയും വികസനത്തിന്റെയും വിശ്വാസത്തിന്റെയും മുഖ്യധാരയെ ശക്തിപ്പെടുത്തുന്നതിന്റെയും ദിനമാണ് ഇന്ന്. ഈ മണ്ണില്‍ ഇനി അക്രമത്തിന്റെ ഇരുണ്ട ദിനങ്ങള്‍ തിരിച്ചുവരാന്‍ അനുവദിക്കരുത്. ഒരു അമ്മയുടെയും മകന്റെ, മകളുടെ, ഒരു സഹോദരിയുടെ സഹോദരന്റെ, അല്ലെങ്കില്‍ ഒരു സഹോദരന്റെ സഹോദരിയുടെ രക്തം ഇനി ഈ മണ്ണില്‍ വീഴരുത്. ഇനി ഒരുതരം അക്രമവും ഉണ്ടാകരുത്, കാട്ടിലൂടെ തോക്കുമേന്തി നടക്കുകയും എപ്പോഴും മരണഭീതിയില്‍ കഴിയുകയും ചെയ്തിരുന്ന മക്കളുടെ അമ്മമാരും സഹോദരിമാരും ഇന്ന് എന്നെ അനുഗ്രഹിക്കുകയാണ്. ഇന്ന് മക്കള്‍ അമ്മമാരുടെ മടിയില്‍ തലവച്ച് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവരാണ്. ആ അമ്മമാരാലും സഹോദരിമാരാലും ഞാന്‍ അഭിനന്ദിക്കപ്പെട്ടിരിക്കുന്നു. നിരവധി പതിറ്റാണ്ടുകളായി രാവു പകലും വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞിരുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. അത്തരം ജീവിതം അവസാനിപ്പിക്കുന്നതിനുള്ള പുതിയ ഒരു വഴി ഇന്ന് തുറന്നിരിക്കുകയാണ്. ഞാന്‍ നിങ്ങളെ, സമാധാനത്തെ സ്‌നേഹിക്കുന്ന അസമിനെ, സമാധാനത്തെ സ്‌നേഹിക്കുന്ന വികസന സൗഹൃദപരമായ വടക്കു കിഴക്കന്‍ മേഖലയെ, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമാകുന്നതിനെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു സ്വാഗതം ചെയ്യുന്നു. 

സുഹൃത്തുക്കളേ,

ഇത് വടക്കു കിഴക്കന്‍ മേഖലയ്ക്ക് സമാധാനത്തിന്റെയും വികസനത്തിന്റെയും ചരിത്രപരമായ പുതിയ ഒരു അധ്യായമാണ്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തിലാണ് ഇത് എന്ന യാദൃച്ഛികത ഇതിന്റെ ചരിത്രപരമായ പ്രസക്തി വര്‍ധിപ്പിക്കുന്നു. അക്രമത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിച്ച് അഹിംസയുടെ പാത സ്വീകരിക്കാന്‍ ഇന്ത്യയ്ക്കു പുറമേ ഇത് ലോകത്തിനാകെയും പ്രചോദനമാണ്. അഹിംസാമാര്‍ഗത്തിലൂടെ നാം എന്തു നേടിയാലും അത് എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കും എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ അസമിനു പുറമേ നിരവധി സുഹൃത്തുക്കള്‍ ജനാധിപത്യം സ്വീകരിക്കുകയും സമാധാനത്തിന്റെയും അക്രമരഹിത പാത സ്വീകരിക്കുകയും ഇന്ത്യയുടെ ഭരണഘടനയെ മുന്നിലേക്കു കൊണ്ടുവരികയും ചെയ്തിരിക്കുകയാണ്. 

സുഹൃത്തുക്കളേ,

നാം ഇന്ന് ഇവിടെ കോക്രജാറില്‍ ഈ ചരിത്രപരമായ സമാധാന ഉടമ്പടി ആഘോഷിക്കുമ്പോള്‍ത്തന്നെ ഗൊലാഘട്ടില്‍ ശ്രീമന്ത് ശങ്കര്‍ദേവ് സങ്കിന്റെ വാര്‍ഷിക സമ്മേളനം നടക്കുകയാണ് എന്ന് അറിയാന്‍ സാധിച്ചു.
मोई मोहापुरुख श्रीमंतो होंकोर देवोलोई गोभीर प्रोनिपात जासिसु।
मोई लोगोत ओधिबेखोन खोनोरु होफोलता कामना कोरिलों !!
മഹാനായ ശങ്കര്‍ ദേവ് ഭഗവാനെ ഞാന്‍ നമിക്കുന്നു. സമ്മേളനത്തിനു ഞാന്‍ എല്ലാ ആശംസകളും നേരുന്നു. 

സഹോദരീ സഹോദരന്മാരേ,

അസമിന്റെ സമ്പന്നമായ ഭാഷയും സംസ്‌കാരവും ഇന്ത്യക്കും ലോകത്തിനാകെയും കാണിച്ചുകൊടുത്ത വ്യക്തിയാണ് ശ്രീമന്ത് ശങ്കര്‍ദേവ് ജി. 

മുഴുവന്‍ ലോകത്തോടും ശങ്കര്‍ദേവ് ജി പറഞ്ഞത്, 
सत्य शौच अहिंसा शिखिबे समदम।
सुख दुख शीत उष्ण आत हैब सम ।।
സത്യത്തെയും അക്രമരാഹിത്യത്തെയും പൊറുക്കലിനെയും മറ്റും കുറിച്ചാണ്. സന്തോഷവും സന്താപവും നല്ലതും ചീത്തയും താങ്ങാന്‍ നിങ്ങള്‍ തയ്യാറാവുക. ഈ ആശയങ്ങളില്‍ സമൂഹത്തിന്റെ വികസന സന്ദേശംസ്വന്തം നിലയ്ക്കുള്ള വികസനത്തിന്റേതു കൂടിയായി മാറുന്നു. ഇന്ന്, പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ മേഖലയിലാകെ വ്യക്തിഗത വികസനത്തിന്റെയും സാമൂഹിക വികസനത്തിന്റെയും പാത ശക്തിപ്പെടുകയാണ്. 

സഹോദരീ സഹോദരന്മാരേ,

രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്കു വന്നവരും ബോഡോലാന്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവരുമായ മുഴുവനാളുകളെയും ഞാന്‍ അത്യധികം സ്വാഗതം ചെയ്യുന്നു. ബോഡോലാന്റ് പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച എല്ലാവരുടെയും പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറം പരിപൂര്‍ണ സൗഹാര്‍ദത്തിന്റേതായ അര്‍ഹിക്കുന്ന സ്വീകാര്യത ലഭിച്ചിരിക്കുന്നു. ഐശ്വര്യത്തിനും വികസനത്തിനും നീണ്ടു നില്‍ക്കുന്ന സമാധാനത്തിനും വേണ്ടി എല്ലാ ഭാഗത്തുമുള്ളവര്‍ സംയുക്തമായി അക്രമങ്ങള്‍ക്കു പൂര്‍ണവിരാമം ഇട്ടിരിക്കുന്നു. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഈ രാഷ്ട്രം മുഴുവനും ഈ അവസരം നോക്കിയിരിക്കുകയാണ്. മുഴുവന്‍ ടിവി ചാനലുകളും ഇന്ന് നിങ്ങളെ കാണിക്കുന്നു, എന്തുകൊണ്ടെന്നാല്‍ നിങ്ങളൊരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു, ഇന്ത്യയില്‍ പുതിയ ഒരു വിശ്വാസം. സമാധാനപാതയ്ക്ക് നിങ്ങളൊരു പുതിയ കരുത്തേകിയിരിക്കുന്നു. 

സഹോദരീ സഹോദരന്മാരേ,

ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും അംഗീകരിപ്പിക്കാന്‍ കഴിഞ്ഞതിന് നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് അവസാനിച്ചിരിക്കുകയാണ്. 1993ലെയും 2003ലെയും കരാറുകള്‍ പൂര്‍ണസമാധാനം കൊണ്ടുവന്നില്ല. എന്നാല്‍ ഒരു ആവശ്യവും ബാക്കിയായിട്ടില്ല എന്ന് ഈ ചരിത്രപരമായ കരാറിനു ശേഷം കേന്ദ്ര ഗവണ്‍മെന്റും അസം ഗവണ്‍മെന്റും ബോഡോ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സംഘടനകളും അംഗീകരിച്ചിരിക്കുന്നു. വികസനത്തിനാണ് ഇപ്പോള്‍ ആദ്യത്തെയും അവസാനത്തെയും മുന്‍ഗണന. 

സുഹൃത്തുക്കളേ,

എന്നെ വിശ്വസിക്കൂ; നിങ്ങള്‍ക്കു വേണ്ടി മുന്നോട്ടുവെച്ച ചുവടുകളില്‍ നിന്ന് ഞാനൊരിക്കലും പിന്നോട്ടു പോവുകയില്ല; നിങ്ങളുടെ സങ്കടങ്ങളില്‍ നിന്ന്, നിങ്ങളുടെ പ്രതീക്ഷകളില്‍ നിന്ന്, നിങ്ങളുടെ അഭിലാഷങ്ങളില്‍ നിന്ന്; നിങ്ങളുടെ കുട്ടികളുടെ മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്ന്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ തോക്കുകള്‍ അടിയറവച്ച് ബോംബുകളുടെയും തോക്കുകളുടെയും പാത വിട്ട് വരുമ്പോള്‍ നിങ്ങളുടെ സാഹചര്യങ്ങളും മാറേണ്ടതുണ്ട് എന്നെനിക്കറിയാം. സമാധാനപ്രക്രിയയുടെ നേര്‍ക്ക് ഒരു ചെറിയ കല്ലു പോലും വന്നു വീഴാതിരിക്കാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധവയ്ക്കും. കാരണം, സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും അഹിംസയുടെയും ഈ പാതയ്‌ക്കൊപ്പം മുഴുവന്‍ അസമും രാജ്യമാകെയും നിങ്ങളെ ഹൃദയത്തിലേറ്റിയിരിക്കുകയാണ്; കാരണം, നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ശരിയായ പാതയാണ്. 

സുഹൃത്തുക്കളേ,

ഈ കരാറിന്റെ നേട്ടം ബോഡോ ആദിവാസികള്‍ക്കും മറ്റു സമൂഹങ്ങളിലെ ജനങ്ങള്‍ക്കും ലഭിക്കും. ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലിന്റെ അധികാരങ്ങള്‍ ഈ കരാറിനു കീഴില്‍ കൂടുതല്‍ വിശാലവും ശക്തവുമാകും. അത് എല്ലാവര്‍ക്കും മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കും. സമാധാനം വിജയിച്ചിരിക്കുന്നു; മനുഷ്യത്യം വിജയിച്ചിരിക്കുന്നു എന്നതാണ് വലിയ കാര്യം. നിങ്ങള്‍ എഴുന്നേറ്റു നിന്ന് എന്നെ ആദരിച്ച് കൈയടിച്ചു. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി എഴുന്നേറ്റു നിന്ന് കൈയടിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്, എനിക്കു വേണ്ടിയല്ല, സമാധാനത്തിനു വേണ്ടി; സമാധാനത്തിന്റെ പേരില്‍ നിങ്ങളെല്ലാവരോടും ഞാന്‍ വളരെ നന്ദിയുള്ളവനായിരിക്കും.

കരാര്‍ പ്രകാരം ബി റ്റി എ ഡിക്കു കീഴിലുള്ള സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് ഒരു കമ്മീഷനെക്കൂടി വയ്ക്കുന്നതാണ്. മേഖലയുടെ വികസനത്തിന് 1500 കോടിയുടെ ഒരു പ്രത്യേക വികസന പാക്കേജ് നടപ്പാക്കും. അതിന്റെ ഗുണം കോക്രജാര്‍, ചിരാംഗ്, ബക്‌സ, ഉഡല്‍ഗുരി ജില്ലകള്‍ക്ക് ലഭിക്കും. എല്ലാ ബോഡോ ആദിവാസികളുടെയും അവകാശങ്ങള്‍, ബോഡോ സംസ്‌കാരത്തിന്റെ വികസനം, അവയുടെ സംരക്ഷണം ഉറപ്പാക്കുമെന്നാണ് നേരിട്ട് അര്‍ഥമാക്കുന്നത്. ഈ കരാറിനു ശേഷം ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാവിധത്തിലുള്ള പുരോഗതിയും സാധ്യമാക്കും. 

എന്റെ സഹോദരീ സഹോദരന്മാരേ,

അസം കരാറിലെ സെക്ഷന്‍ 6 കഴിയുന്നത്ര വേഗം നടപ്പാക്കുന്നതിന് ഗവണ്‍മെന്റ് ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് ദ്രുതഗതിയില്‍ സ്വീകരിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരല്ല ഞങ്ങള്‍. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് ഞങ്ങളുടെ പ്രകൃതം. ആയതിനാല്‍, കുറച്ചു വര്‍ഷങ്ങളായി കീറാമുട്ടിയായി കിടക്കുന്ന അസം വിഷയം ഞങ്ങള്‍ പരിഹരിക്കുകതന്നെ ചെയ്യും. 

സുഹൃത്തുക്കള,

ബോഡോ മേഖലയില്‍ ഇന്ന് പുതിയ പ്രതീക്ഷകളും പുതിയ സ്വപ്‌നങ്ങളും പുതിയ ഊര്‍ജവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നിങ്ങളെല്ലാവരുടെയും ഉത്തരവാദിത്തം പലവിധം വര്‍ധിച്ചിരിക്കുന്നു. സമൂഹത്തിലെ എല്ലാവരെയും മനസ്സില്‍ക്കണ്ട് ആരോടും വിവേചനമില്ലാത്ത വികസനത്തിന്റെ ഒരു പുതിയ മാതൃക ബോഡോ എഡിറ്റോറിയല്‍ കൗണ്‍സില്‍ വികസിപ്പിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ബോഡോ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി ചില സുപ്രധാന തീരുമാനങ്ങളും പദ്ധതികളും അസം ഗവണ്‍മെന്റ് നടപ്പാക്കും എന്നറിയുന്നത് ആഹ്‌ളാദകരമാണ്. ഞാന്‍ സംസ്ഥാന ഗവണ്‍മെന്റിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന് എല്ലാവരെയും വിശ്വാസത്തിലെടുത്ത് എന്ന മുദ്രാവാക്യത്തിന് ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സിലും അസം ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ചേര്‍ന്നു പുതിയൊരു മാനം സൃഷ്ടിച്ചിരിക്കുന്നു. ഇതും അസമിനെ വികസിപ്പിക്കുകയും ഏകഭാരതം ശ്രേഷ്ഠ ഭാരതം മുദ്രാവാക്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. 

സുഹൃത്തുക്കളേ,

ഭൂതകാലത്തിന്റെ പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്ത വെല്ലവിളികള്‍ക്കുള്ള പരിഹാരമാണ് രാജ്യത്തിന് ഇന്ന് ആവശ്യം. ചിലപ്പോള്‍ രാഷ്ട്രീയ കാരണങ്ങളാലും മറ്റു ചിലപ്പോള്‍ സാമൂഹിക കാരണങ്ങളാലും അവഗണിക്കപ്പെട്ട നിരവധി വെല്ലുവിളികള്‍ രാജ്യത്തിനു മുന്നിലുണ്ട്. ഈ വെല്ലുവിളികള്‍ രാജ്യത്തിനുള്ളിലെ വിവിധ പ്രദേശങ്ങളില്‍ അക്രമത്തിനും അസ്ഥിരതയ്ക്കും വിശ്വാസരാഹിത്യത്തിനും കാരണമായിട്ടുമുണ്ട്. 

ഇത് ദശാബ്ദങ്ങളായി രാജ്യത്തു നടന്നുവരികയാണ്. വടക്കുകിഴക്കന്‍ മേഖലയുടെ പ്രശ്‌നങ്ങള്‍ ആരും സംസാരിക്കാനില്ലാത്ത പ്രശ്‌നമായാണ് കണക്കാക്കപ്പെട്ടിരുന്നത്. പ്രക്ഷോഭങ്ങളും ഉപരോധങ്ങളും ആരും ശ്രദ്ധിച്ചില്ല. അക്രമങ്ങളുണ്ടായാല്‍ എങ്ങനെയെങ്കിലും നിയന്ത്രിക്കും, പിന്നെയത് മറക്കും. ഇതാണ് വടക്കുകിഴക്കന്‍ മേഖലയോടു സ്വീകരിച്ചിരുന്ന സമീപനം. ഇത് ഈ മേഖലയിലെ നമ്മുടെ കുറേ സഹോദരീ സഹോദരന്മാര്‍ക്ക് വിരക്തിയുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയിലും ജനാധിപത്യത്തിലും അവിശ്വാസവുമുണ്ടായി. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ വടക്കു കിഴക്കന്‍ മേഖലയിലെ ആയിരക്കണക്കിനു നിരപരാധികളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനു സുരക്ഷാഭടന്മാര്‍ രക്തസാക്ഷികളായി. ലക്ഷങ്ങള്‍ വീടില്ലാത്തവരായി; എന്താണു വികസനത്തിന്റെ അര്‍ഥം എന്ന് അറിയാത്ത ലക്ഷങ്ങളുണ്ട്. മുന്‍ ഗവണ്‍മെന്റുകള്‍ക്ക് ഇതൊക്കെ അറിയാമായിരുന്നെങ്കിലും ഈ സാഹചര്യം മാറ്റുന്നതിനു കഠിനാധ്വാനം ചെയ്തില്ല. ഇത്രയും വഷളായ സ്ഥിതിയില്‍ എന്തിന് അനാവശ്യമായി ഇടപെടണം എന്നാണ് അവര്‍ ആലോചിച്ചത്. എല്ലാ കാര്യങ്ങളെയും അവര്‍ സ്വന്തം വിധിക്കു വിട്ടു.

സഹോദരീ സഹോദരന്മാരേ,

ദേശീയ താല്‍പര്യത്തിനു പ്രാധാന്യം നല്‍കിയാല്‍ സാഹചര്യങ്ങള്‍ ഇങ്ങനെയാക്കാന്‍ വിടില്ലായിരുന്നു. വടക്കു കിഴക്കന്‍ മേഖലയിലെ മുഴുവന്‍ വിഷയങ്ങളും വൈകാരികമാണ്. അതുകൊണ്ട് പുതിയ ഒരു സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. വടക്കു കിഴക്കന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളുടെ വൈകാരിക തലവും അവരുടെ പ്രതീക്ഷളും ഞങ്ങള്‍ മനസ്സിലാക്കി. കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുമായി ഞങ്ങള്‍ ആശയ വിനിമയം നടത്തി. ഞങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. അവരെ ഞങ്ങള്‍ അകറ്റിനിര്‍ത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തില്ല. നിങ്ങളെയും നിങ്ങളുടെ നേതാക്കളെയും വെവ്വേറെയല്ല കാണുന്നത്. അതേ വടക്കുകിഴക്കന്‍ മേഖലയില്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഥലത്ത്, ഈ സമീപനത്തിന്റെ ഫലമായി, മിക്കവാറും സമാധാനം കൈവരികയും തീവ്രവാദം അവസാനിക്കുകയും ചെയ്തിരിക്കുന്നു. 

വടക്കു കിഴക്കന്‍ മേഖലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും സായുധ സേനയ്ക്ക് പ്രത്യേകാധികാരം (എഎഫ്എസ്പിഎ) ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ അധികാരത്തിലെത്തിയ ശേഷം ത്രിപുര, മിസോറാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും എഎഫ്എസ്പിഎ പിന്‍വലിച്ചു. സംരംഭകര്‍ നിക്ഷേപനം നടത്താന്‍ മടിച്ചിരുന്ന വടക്കു കിഴക്കന്‍ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു.

വേറെ വേറെ മാതൃഭൂമിക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്ന വടക്ക് കിഴക്കന്‍ മേഖലയില്‍ ഇന്ന് ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആവേശം ശക്തിപ്രാപിച്ചു. അതിക്രമങ്ങള്‍ മൂലം  സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ഥികളായി  കഴിയേണ്ടിവന്ന വടക്കുകിഴക്കുള്ള ആയിരങ്ങള്‍ക്ക് ഇന്ന് ഇവിടെ തന്നെ പൂര്‍ണ ബഹുമാനത്തോടെയും അന്തസ്സോടെയും സ്ഥിരതാമസമാക്കാനുള്ള സൗകര്യങ്ങള്‍ നല്‍കുന്നു.  രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പോകാന്‍ ഭയന്നിരുന്ന വടക്കു കിഴക്ക് ഇന്ന് അവരുടെ അടുത്ത വിനോദസഞ്ചാര ലക്ഷ്യകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ,
എങ്ങനെയാണ് ഈ മാറ്റങ്ങള്‍ വന്നത്? ഒരു ദിവസം കൊണ്ട് വന്നതാണോ ഇവയൊക്കെ? അല്ല. അഞ്ചുവര്‍ഷത്തെ വിശ്രമമില്ലാത്ത കഠിനപ്രയത്‌നത്തിന്റെ ഫലമാണിത്. മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്വീകര്‍ത്താക്കള്‍ മാത്രമായിരുന്നു. ഇന്ന്  വളര്‍ച്ചയുടെ ഒരു യന്ത്രമായാണ് അവയെ കാണുന്നത്.  മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഡല്‍ഹിയില്‍ നിന്നു വളരെ അകലെയുള്ളവ ആയാണു കണക്കാക്കിയിരുന്നത്. ഇന്ന് നിങ്ങളുടെ സന്തോഷത്തിനായും നിങ്ങളുടെ സങ്കടങ്ങളെ പരിപാലിച്ചുകൊണ്ടും ഡല്‍ഹി നിങ്ങളുടെ വാതില്‍പടിയിലുണ്ട്. എന്നെ നോക്കുക. എനിക്ക് എന്റെ ബോഡോ സുഹൃത്തുക്കളോടും അസമിലെ ജനങ്ങളോടും സംസാരിക്കണമായിരുന്നു, ഞാന്‍ ഡല്‍ഹിയില്‍ നിന്ന് ഒരു സന്ദേശമയച്ചില്ല. അതിന് പകരം, ഞാന്‍ നിങ്ങളോട് ചേര്‍ന്നു, നിങ്ങളോട് വ്യക്തിപരമായി സംസാരിച്ചു, നിങ്ങളുടെ അനുഗ്രഹങ്ങള്‍ തേടുകയും ഇന്ന് നിങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തു. ഓരോ 10-15 ദിവസങ്ങള്‍ കൂടുമ്പോഴും ഏതെങ്കിലും ഒരു കേന്ദ്ര മന്ത്രി വടക്കുകിഴക്ക്  പോകണമെന്നത് ഞാന്‍ ഉറപ്പാക്കിയിരുന്നു. ഞാന്‍ അവര്‍ക്ക് ഒരു സമയ പട്ടികയുണ്ടാക്കിയിരുന്നു. രാത്രി അവര്‍ അവിടെ തങ്ങിയിട്ട് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഞങ്ങള്‍ ഇവിടെ വരികയും അത് ചെയ്യുകയും ചെയ്യും. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഇവിടെ കുടുതല്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിച്ചു, കുടുതല്‍ കൂടുതല്‍ ആളുകളെ കാണാന്‍ ശ്രമിച്ചു, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി, അവ പരിഹരിച്ചു. എന്നേയും എന്റെ ഗവണ്‍മെന്റിനെയും നിങ്ങളുടെ പ്രശ്‌നങ്ങള്‍ നിരന്തരമായി അറിയിച്ചുകൊണ്ടിരിക്കുകയും നിങ്ങളില്‍ നിന്ന് നേരിട്ടുള്ള പ്രതികരണം സ്വീകരിച്ചുകൊണ്ട് കേന്ദ്രം ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
13-ാം ധനകാര്യകമ്മിഷന്റെ കാലത്ത് വടക്കുകിഴക്കുള്ള എട്ട് സംസ്ഥാനങ്ങള്‍ക്കെല്ലാം കൂടി 90,000 കോടി രൂപയ്ക്ക് താഴെയാണ് ലഭിച്ചിരുന്നത്. ഞങ്ങള്‍ അധികാരത്തില്‍ വന്നശേഷം, പതിനാലാം ധനകാര്യ കമ്മിഷനില്‍ 3 ലക്ഷം കോടി രൂപ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 90,000 കോടിയും 3 ലക്ഷം കോടിയും താരതമ്യം ചെയ്തുനോക്കൂ!
കഴിഞ്ഞ നാലുവര്‍ഷം 3000 കിലോമീറ്ററിലധികം റോഡുകള്‍ വടക്ക് കിഴക്ക് നിര്‍മിച്ചു. പുതിയ ദേശീപാതകള്‍ക്ക് അംഗീകാരം നല്‍കി. വടക്കുകിഴക്കുള്ള മുഴുവന്‍ റെയില്‍ ശൃംഖലകളും ബ്രോഡ്‌ഗേജാക്കി. വടക്കുകിഴക്കുള്ള പഴയ വിമാനത്താവളങ്ങളുടെ ആധുനികവല്‍ക്കരണവും പുതിയവയുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്.
വടക്കുകിഴക്കിന് നിരവധി നദികളും സമൃദ്ധമായ ജലസ്രോതസുമുണ്ട്, എന്നാല്‍ 2014 വരെ അവിടെ ഒരു ജലപാത മാത്രമേ ഉണ്ടായിരുന്നുള്ളു, വെറും ഒരെണ്ണം. 365 ദിവസവും ഒഴുകുന്ന ഈ വറ്റാത്ത നദികളെ ആരും ശ്രദ്ധിച്ചില്ല. ഇപ്പോള്‍ ഒരു ഡസനിലേറെ ജലപാതകളുടെ പണി ഇവിടെ നടക്കുകയാണ്. വിദ്യാഭ്യാസം, നൈപുണ്യം, കായികം എന്നിവയിലൂടെ വടക്കുകിഴക്കിലെ യുവത്വത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രദ്ധയും ചെലുത്തുന്നുണ്ട്. അതിന് പുറമെ ഡല്‍ഹിയിലും ബംഗലൂരിലും വടക്കുകിഴക്കുനിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി പുതിയ ഹോസ്റ്റലുകളും ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,
റെയില്‍വേ സ്‌റ്റേഷന്‍, പുതിയ റെയില്‍പാതകള്‍, പുതിയ വിമാനത്താവളങ്ങള്‍, പുതിയ ജലപാതകള്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി തുടങ്ങിയതുപോലെ അടിസ്ഥാനസൗകര്യ മേഖലയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ തലം മുമ്പൊരിക്കലും ഉണ്ടാകാത്തതരത്തിലുള്ളതാണ്. അതിവേഗത്തില്‍ പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, അതോടൊപ്പം തീരുമാനമെടുക്കുന്നതിലെ അനിശ്ചിതത്വം മൂലം പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. അതിവേഗത്തില്‍ പൂര്‍ത്തിയാകുന്ന ഈ പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ പരസ്പരം ബന്ധിപ്പിക്കല്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വടക്കുകിഴക്കുള്ള എട്ടു സംസ്ഥാനങ്ങള്‍ക്ക് ഗ്യാസ് ഗ്രിഡ് പദ്ധതിക്കായി കഴിഞ്ഞ മാസമാണ് 9,000 കോടി രൂപ അംഗീകരിച്ചത്.
സുഹൃത്തുക്കളെ,
സിമെന്റിന്റെയും കോണ്‍ക്രീറ്റിന്റെയൂം ഒരു ശൃംഖല മാത്രമല്ല അടിസ്ഥാനസൗകര്യം. അതിന് ഒരു മാനുഷികനേട്ടമുണ്ടാകുകയും തങ്ങളെ ശ്രദ്ധിക്കാന്‍ ആരോ ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം. ബോഗിബീല്‍ പാലംപോലെ പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, ലക്ഷക്കണക്കിനാളുകള്‍ക്ക് ബന്ധിപ്പിക്കല്‍ ലഭിക്കുമ്പോള്‍, ഗവണ്‍മെന്റിലുള്ള അവരുടെ വിശ്വാസം വര്‍ദ്ധിക്കും; അതാണ് ഈ സര്‍വതോന്‍മുഖമായ വികസനം താല്‍പര്യക്കുറവിനെ അഭിനിവേശമാക്കി മാറ്റുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്. അവിടെ ഇന്ന് ഒറ്റപ്പെടലിന്റെ ചിന്ത നിലനില്‍ക്കുന്നില്ല, ഐക്യത്തിന്റെ ചിന്തയാണ് നിലനില്‍ക്കുന്നത്, ഐക്യവും അഭിനിവേശവുമുണ്ടെങ്കില്‍ പുരോഗതി എല്ലാവരെയും ഒരുപോലെ സ്പര്‍ശിക്കും. ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും തയാറാണ്. ജനങ്ങള്‍ എപ്പോഴാണോ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകുന്നത്, അപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെടും.
സുഹൃത്തുക്കളെ,
ബ്രു-റിയാങ് ഗോത്രവര്‍ഗക്കാരുടെ പുനരധിവാസമായിരുന്നു അത്തരത്തിലുള്ള ഒരു പ്രശ്‌നം. അഭയാര്‍ഥികളായി ജീവിക്കാന്‍ നിര്‍ബന്ധിതരായിരുന്ന ബ്രു-റിയാങ് ഗോത്രക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ത്രിപുരയും മിസോറാമും തമ്മില്‍ ചരിത്രപരമായ ഒരു കരാറില്‍ ഏര്‍പ്പെട്ടു. രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ കരാറില്‍ നിന്ന് തങ്ങളുടെ സ്വന്തം സ്ഥിരം വീടും സ്ഥിരം മേല്‍വിലാസവും ലഭിക്കും. ബ്രു-റിയാങ് ഗോത്രവര്‍ഗ സമൂഹത്തില്‍ നിന്നുള്ള ഈ സുഹൃത്തുക്കളെ നല്ലനിലയില്‍ കുടിയിരുത്തുന്നതിനായി ഗവണ്‍മെന്റ് ഒരു പ്രത്യേക പാക്കേജും നല്‍കും.
സുഹൃത്തുക്കളെ,
ഇന്ന് ഗവണ്‍മെന്റിന്റെ സത്യസന്ധമായ പ്രയത്‌നത്തെതുടര്‍ന്ന് ഐക്യമുള്ള രാജ്യത്തു വികസനം സാദ്ധ്യമാണെന്ന് വ്യാപകമായ ഒരു വികാരം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അതേ ഉത്സാഹത്തോടെ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഗോഹട്ടിയില്‍ എട്ട് വിവിധ തീവ്രവാദവിഭാഗങ്ങളില്‍പ്പെട്ട 650 പേര്‍ അക്രമത്തിന്റെ പാത വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിച്ചു. ആധുനിക ആയുധങ്ങളുമായി, വലിയ അളവിലുള്ള സ്‌ഫോടകവസ്തുക്കളും തിരകളുമായി, ആണ് ഇവര്‍ കീഴടങ്ങിയത്. അവര്‍ അഹിംസയ്ക്കാണ് കീഴടങ്ങിയത്. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴില്‍ അവരെ പുനരധിവസിപ്പിക്കുകയാണ്.
സുഹൃത്തുക്കളെ,
കഴിഞ്ഞവര്‍ഷം ത്രിപുരയിലെ നാഷണല്‍ ലിബറേഷന്‍ ഫ്രന്റും ഗവണ്‍മെന്റും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കി. ആ കരാറും ഒരു സുപ്രധാനമായ പടവായാണ് ഞാന്‍ കാണുന്നത്. 1997 മുതല്‍ എന്‍.എല്‍.എഫ്.ടിയെ നിരോധിച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഈ സംഘടന അക്രമത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചിരുന്നത്. 2015ല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് എന്‍.എല്‍.എഫ്.ടിയുമായി സംസാരിക്കാന്‍ ആരംഭിച്ചു. ആ പ്രക്രിയയുടെ സൗകര്യത്തിനായി ഞങ്ങള്‍ ചില മദ്ധ്യസ്ഥരെ ഉപയോഗിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ബോംബുകളിലും തോക്കുകളിലും പിസ്റ്റളുകളിലും വിശ്വസിച്ചിരുന്ന ഈ ആളുകള്‍ എല്ലാം ഉപേക്ഷിച്ച് അക്രമംപരത്തുന്നത് അവസാനിപ്പിച്ചു. സ്ഥിരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഈ സംഘടന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കാനും മുഖ്യധാരയില്‍ വന്ന് ഇന്ത്യന്‍ ഭരണഘടനയെ പിന്തുടരാനും സമ്മതിച്ചു. കരാറിനെതുടര്‍ന്ന് ഡസന്‍കണക്കിന് എന്‍.എല്‍.എഫ്.ടിക്കാര്‍ കീഴടങ്ങി.
സഹോദരി, സഹോദരന്‍മാരെ,
വിവിധ വിഷയങ്ങളും ബുദ്ധിമുട്ടുകളും വോട്ടിനും രാഷ്ട്രീയനേട്ടത്തിനും വേണ്ടി വച്ചു താമസിപ്പിച്ചിരുന്നതുകൊണ്ട് അസമും വടക്കുകിഴക്കും രാജ്യമാകെ തന്നെയും വലിയ നഷ്ടം സഹിക്കേണ്ടിവന്നിട്ടുണ്ട്.
സുഹൃത്തുക്കളെ,
തടസ്സങ്ങളും അസൗകര്യങ്ങളും സൃഷ്ടിക്കുന്ന ഈ രാഷ്ട്രീയത്തിലൂടെ രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുകയെന്ന ഒരു മനോഭാവം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ചിന്തകളെയും പ്രവണകതകളെയൂം രാഷ്ട്രീയത്തെയും പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ക്ക് ഇന്ത്യയെക്കുറിച്ച് അറിയുകയുമില്ല, അസമിനെ മനസിലാവുകയുമില്ല. അസമിന്റെ ഇന്ത്യയുമായുള്ള ബന്ധം ഹൃദയത്തിന്റെയും ആത്മാവിന്റെയുമാണ്. ശ്രീമന്ത ശങ്കര്‍ ദേവിന്റെ മൂല്യത്തിലാണ് അസം ജീവിക്കുന്നത്. 
कोटि-कोटि जन्मांतरे जाहार, कोटि-कोटि जन्मांतरे जाहार
आसे महा पुण्य राशि, सि सि कदाचित मनुष्य होवय, भारत वरिषे आसि !!
എന്ന് ശ്രീമന്ദ് ശങ്കര്‍ ദേവ് ജി പറയുന്നു
അതാണ്, നിരവധി ജന്‍മങ്ങളിലായി തുടര്‍ച്ചയായി പുണ്യം നേടിയ ഒരു വ്യക്തി, അതേ വ്യക്തിയാണ് ഈ ഇന്ത്യാരാജ്യത്ത് ജനിച്ചത്. ഈ വികാരം അസമിന്റെ എല്ലാ കോണുകളിലുമുണ്ട്, അസമിലെ ആളുകളിലുമുണ്ട്. ഈ ചേതോവികാരം പിന്തുടര്‍ന്നുകൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യയുടെ പുനര്‍നിര്‍മാണം വരെ അസം അതിന്റെ രക്തവും വിയര്‍പ്പും ഒഴുക്കി. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ നാടാണിത്. അസമിനെതിരായ ദേശത്തിനെതിരായ മനോഭാവത്തെയും അതിന്റെ സഹായികളെയും രാജ്യം ഒരിക്കലും സഹിക്കില്ലെന്നും മാപ്പുനല്‍കില്ലെന്നും അസമിലെ ഓരോ സുഹൃത്തുക്കള്‍ക്കും ഇന്ന് ഉറപ്പുനല്‍കാനാണ് ഞാന്‍ വന്നത്.
സുഹൃത്തുക്കളെ,
ഈ ശക്തികളാണ് അസമിലും വടക്കുകിഴക്കും പൂര്‍ണ്ണ ശക്തിയോടെ പൗരത്വഭേദഗതി നിയമം നടപ്പാക്കിയശേഷം, ഇവിടെ സി.എ.എ വന്നാല്‍, പുറത്തുനിന്നുള്ള ആളുകള്‍ അസമില്‍ തമ്പടിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. അസമിലെ ആളുകള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുകയാണ്, ഇത്തരത്തില്‍ ഒന്നും സംഭവിക്കില്ല.
സഹോദരീ സഹോദരന്‍മാരെ,
വളരെക്കാലം ഒരു സാധാരണ ബി.ജെ.പി പ്രവര്‍ത്തകനായി അസമിലെ ജനങ്ങള്‍ക്കിയിടയി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ താമസത്തിനിടയില്‍ ഞാന്‍ അസമിലെ ചെറിയ മേഖലകള്‍ പോലും സന്ദര്‍ശിച്ചിട്ടുണ്ട്, ഇവിടെയുള്ള സുഹൃത്തുക്കളില്‍ നിന്ന് ഭാരത്‌രത്‌ന ഭൂപേന്‍ ഹസാരിക ജിയുടെ വളരെ ജനപ്രിയ പാട്ടുകള്‍ ശ്രവിക്കുമായിരുന്നു. എനിക്ക് ഭൂപേന്‍ ഹസാരിക ജിയുമായി വളരെ സവിശേഷമായ ഒരു ബന്ധമുണ്ടായിരുന്നു. ഞാന്‍ ഗുജറാത്തില്‍ ജനിച്ചതുകൊണ്ടായിരുന്നു അത്. ഭൂപേന്‍ ഹസാരിക, ഭാരത്‌രത്‌ന ഭുപേന്‍ ഹസാരിക എന്റെ ഗുജറാത്തിന്റെ മരുമകനായിരുന്നു. ഞങ്ങള്‍ അതില്‍ അഭിമാനം കൊള്ളുന്നു. അദ്ദേഹത്തിന്റെ മകന്‍, അദ്ദേഹത്തിന്റെ കുട്ടികള്‍ ഗുജറാത്തി സംസാരിക്കുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ഇത് കേള്‍ക്കുമ്പോള്‍,അഭിമാനംകൊള്ളുകയാണ്. 
गोटई जीबोन बिसारिलेउ, अलेख दिवख राती,
अहम देहर दरे नेपाऊं, इमान रहाल माटी ।।
അസം പോലുള്ള ഒരു സംസ്ഥാനത്തിലെ, അസം പോലുള്ള ഒരു ഭൂമിയിലെ, ജനങ്ങളില്‍ നിന്ന് ഇത്രയുമധികം സ്‌നേഹം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. വിവിധ സമൂഹത്തിന്റെ സംസ്‌ക്കാരം, ഭാഷ, ഭക്ഷണം എന്നിവയൊക്കെ എത്ര സമ്പന്നമാണെന്ന് എനിക്കറിയാം. നിങ്ങളുടെ അഭിലാഷങ്ങളെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. നിങ്ങള്‍ മിഥ്യാബോധങ്ങളും എല്ലാ ആവശ്യങ്ങളും അവസാനിപ്പിച്ചതുപോലെ; ബോഡോ സുഹൃത്തുക്കള്‍ ഒന്നിച്ചുവന്നതുപോലെ, മറ്റുള്ള ജനവിഭാഗങ്ങളുടെ മിഥ്യാബോധങ്ങളും ഉടന്‍ തന്നെ ഇല്ലാതാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ അഞ്ചു വര്‍ഷമായി, ഭൂതകാലത്തും ഭാവികാലത്തുമുള്ള അസമിന്റെ സംഭാവനകള്‍ രാജ്യമൊന്നാകെ ഏറ്റെടുത്തു. അസം ഉള്‍പ്പെടെ വടക്കു കിഴക്കിന്റെ മുഴുവന്‍ കലാ സാംസ്‌കാരികം, ഇവിടുത്തെ യുവ പ്രതിഭകള്‍, ഈ മേഖലയിലെ കായിക സംസ്‌കാരം എന്നിവ ആദ്യമായി ദേശീയ മാധ്യമങ്ങളിലൂടെ രാജ്യത്തും ലോകത്താകമാനവും പ്രോത്സാഹിപ്പിച്ചു. നിങ്ങളുടെ വാത്സല്യം, നിങ്ങളുടെ അനുഗ്രഹങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രചോദനമാകും. ഈ അനുഗ്രഹങ്ങള്‍ ഒരിക്കലും വെറുതേയാകില്ല. എന്തെന്നാല്‍ നിങ്ങളുടെ അനുഗ്രഹത്തിനുള്ള ശക്തി അപാരമാണ്. നിങ്ങളുടെ കരുത്തില്‍ വിശ്വസിക്കുക നിങ്ങളുടെ ഈ സുഹൃത്തിലും കാമാഖ്യാ ദേവിയുടെ അനുഗ്രഹത്തിലും വിശ്വാസമര്‍പ്പിക്കുക. കാമാഖ്യ അമ്മയുടെ അനുഗ്രഹവും വിശ്വാസവും നമ്മെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.
സുഹൃത്തുക്കളെ, ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവരോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പറഞ്ഞത്, അതും യുദ്ധഭൂമിയില്‍ വച്ച്.  കൈകളില്‍ ആയുധമുണ്ട്, ഈ ആയുധങ്ങള്‍ ഇരുവശത്തുനിന്നം എറിയുകയും ചെയ്യും. ഭഗവാന്‍ കൃഷ്ണന്‍ യുദ്ധഭൂമിയില്‍ നിന്ന് പറഞ്ഞു, അത് ഗീതയിലുണ്ട് അതാണ്-
निर्वैरः सर्वभूतेषु यः स मामेति पाण्डव।।
അതായത്. മറ്റൊരു ജീവിയെ വെറുക്കാത്ത എന്റെ ഭക്തനായിരിക്കും എന്നില്‍ അണയുക. ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ! ചരിത്രപരമായ മഹാഭാരത യുദ്ധത്തിലും ഭഗവാന്‍ കൃഷ്ണന്റെ സന്ദേശം ഇതായിരുന്നു-ആരെയൂം വെറുക്കാതിരിക്കുക.
വെറുപ്പിന്റെ ചെറിയ കണികയെങ്കിലുമുള്ള ഈ രാജ്യത്തെ വ്യക്തികളോട് ഞാന്‍ പറയുന്നത് വെറുപ്പിന്റെയും ശത്രുതയുടെയും വികാരം ഉപേക്ഷിക്കുകയെന്നതാണ്.
എല്ലാവര്‍ക്കുമൊപ്പം വികസനത്തിന്റെ മുഖ്യധാരയിലേക്ക് വരികയും എല്ലാവരുടെയൂം വികസനത്തെ സഹായിക്കുകയും ചെയ്യുക. അക്രമത്തിലൂടെ ഒരിക്കലും ഒന്നും നേടാനാവില്ല, കൂടതലൊന്നും നേടാനാകുകയുമില്ല.
സുഹൃത്തുക്കളെ,
ഞാന്‍ ഒരിക്കല്‍ കൂടി ബോഡോ സമുഹത്തെയും അസമിനെയും വടക്കുകിഴക്കിനെയും അഭിനന്ദിക്കുകയാണ്. ഒരിക്കല്‍ കൂടി ഈ വന്‍ ജനസഞ്ചയത്തിന് എന്റെ ശുഭാംശസകള്‍. ഇത്തരത്തിലുള്ള ഒരു രംഗം ഭാവിയില്‍ കാണാന്‍ കഴിയുമോ ഇല്ലായോ എന്ന് എനിക്ക് അറിയില്ല. അത് അസാധ്യമാണ്. മിക്കവാറും ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്രവര്‍ത്തകനും ഇത്തരമൊരു അനുഗ്രഹം ലഭിക്കുന്നതിനുള്ള വിശേഷഭാഗ്യം ഉണ്ടായിട്ടുണ്ടോയെന്നും ഭാവിയില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന് ഇത്തരം ഒരു അനുഗ്രഹം ലഭിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കുറപ്പില്ല. നിങ്ങള്‍ വളരെയധികം സ്‌നേഹവും അനുഗ്രഹവും ഇവിടെ ചൊരിയുകയാണ്.
ഈ അനുഗ്രഹവും ഈ സ്‌നേഹവുമാണ് എന്റെ പ്രചോദനം. എല്ലാ ദിനരാത്രികളിലും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇത് എനിക്ക് കരുത്തു നല്‍കുന്നു. എനിക്ക് നിങ്ങളോട് മതിയായ രീതിയില്‍ നന്ദി പ്രകാശിപ്പിക്കാന്‍ കഴിയുന്നില്ല. ഒരിക്കല്‍ കൂടി, ആയുധങ്ങളും വെടിക്കോപ്പുകളും ഉപേക്ഷിച്ചുകൊണ്ട് ഈ യുവാക്കള്‍ അഹിസംയുടെ പാത സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. എന്നെ വിശ്വസിക്കൂ; നിങ്ങളുടെ പുതിയ ജീവിതം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ പൂര്‍ണ അനുഗ്രഹം നിങ്ങള്‍ക്കുണ്ട്. 130 കോടി രാജ്യവാസികളുടെ അനുഗ്രഹം നിങ്ങളിലുണ്ട്. ഇപ്പോഴും തോക്കുകളിലും ആയുധങ്ങളിലും പിസ്റ്റളുകളിലും വിശ്വസിക്കുന്ന വടക്കുകിഴക്കും നക്‌സലൈറ്റ് മേഖലയിലും ജമ്മു കാശ്മീരിലുമുള്ളവരോട് നിങ്ങള്‍ മുന്നോട്ടു വരിക, എന്റെ ബോഡോ സമുഹത്തിലെ യുവാക്കളില്‍ നിന്ന് ചിലത് പഠിക്കുകയെന്ന അഭ്യര്‍ഥനയാണ് എനിക്ക് വയ്ക്കാനുള്ളത്. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുക; മടങ്ങിവരിക; മുഖ്യധാരയിലേക്ക് മടങ്ങിവരിക; ജീവിതം ജീവിക്കുകയും ആഘോഷിക്കുകയും ചെയ്യുക. ഈ ഒരു പ്രതീക്ഷയോടെ, ഒരിക്കല്‍ കൂടി ഈ ഭൂമിക്കും നിങ്ങള്‍ക്ക് മുന്നിലും തലകുനിച്ചുകൊണ്ട്, ഈ ഭൂമിക്ക് വേണ്ടി ജീവിച്ച മഹാന്‍മാരായവരെ വണങ്ങിക്കൊണ്ട്, ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. വളരെയധികം നന്ദി!
ഭാരത് മാതാവ് ജയിക്കട്ടെ!
നിങ്ങളുടെ ശബ്ദം 130 കോടി ദേശവാസികളുടെയും ഹൃദയത്തില്‍ തട്ടുന്ന തരത്തില്‍ ഉറക്കെ പറയുക
ഭാരത് മാതാവ് ജയിക്കട്ടെ!
ഭാരത് മാതാവ് ജയിക്കട്ടെ!
ഭാരത് മാതാവ് ജയിക്കട്ടെ!
ഭാരത് മാതാവ് ജയിക്കട്ടെ!
ഭാരത് മാതാവ് ജയിക്കട്ടെ!
മഹാത്മാഗാന്ധി അമര്‍ രഹേ, അമര്‍ രഹേ!
മഹാത്മാഗാന്ധി അമര്‍ രഹേ, അമര്‍ രഹേ, അമര്‍ രഹേ, അമര്‍ രഹേ!
മഹാത്മാഗാന്ധി അമര്‍ രഹേ, അമര്‍ രഹേ, അമര്‍ രഹേ, അമര്‍ രഹേ!
നിങ്ങള്‍ക്ക് വളരെയധികം നന്ദി.