Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സഹായ പ്രത്യുല്‍പാദന സാങ്കേതികവിദ്യാ നിയന്ത്രണ ബില്‍ 2020നു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


രാജ്യത്തെ സ്ത്രീകളുടെ ക്ഷേമത്തില്‍ ചരിത്രപരമായ ഒരു ബില്ലിന് -സഹായ പ്രത്യുല്‍പാദന സാങ്കേതികവിദ്യാ നിയന്ത്രണ ബില്‍ 2020ന്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്നതു നിയന്ത്രിക്കല്‍ ബില്‍ 2020, ഗര്‍ഭധാരണം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കല്‍ ഭേദഗതി ബില്‍ 2020 എന്നിവയുടെ തുടര്‍ച്ചയായാണ് ഇതും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഈ നിയമനിര്‍മാണങ്ങളെല്ലാം സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങളുടെ കാര്യത്തില്‍ വഴിത്തിരിവാകുന്നവയാണ്.

പാര്‍ലമെന്റ് ബില്‍ പാസാക്കിക്കഴിഞ്ഞാല്‍ നിയമം പ്രാബല്യത്തില്‍ വരുന്ന തീയതി ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്യും. ഇതിനൊപ്പംതന്നെ ദേശീയ ബോര്‍ഡും രൂപീകരിക്കും.

ക്ലിനിക്കുകളിലും സമാന സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍, ലബോറട്ടറി, പരിശോധനാ ഉപകരണങ്ങള്‍ എന്നിവയില്‍ കൃത്യമായ നിലവാരം പാലിക്കുകയും വിദഗ്ധ ജീവനക്കാര്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നതിന് ദേശീയ ബോര്‍ഡ് പെരുമാറ്റച്ചട്ടം കൊണ്ടുവരും.

കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു മൂന്നു മാസത്തിനകം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ബോര്‍ഡ് രൂപീകരിക്കണം.
ഒരു കേന്ദ്ര ഡേറ്റാബേസ് സൂക്ഷിക്കുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ദേശീയ ബോര്‍ഡിനെ സഹായിക്കുന്നതിനും ഒരു ദേശീയ രജിസ്ട്രി, രജിസ്ട്രേഷന്‍ അതോറിറ്റി എന്നിവ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ലിംഗ നിര്‍ണയം, അവയവ കച്ചവടം എന്നിവയ്ക്കും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍, റാക്കറ്റുകള്‍, സംഘടനകള്‍ തുടങ്ങിയവയ്ക്കും കടുത്ത ശിക്ഷയാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

മെച്ചങ്ങള്‍

രാജ്യത്ത് സഹായാധിഷ്ഠിത പ്രത്യുല്‍പാദന സാങ്കേതികവിദ്യാ സേവനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് ഈ നിയമത്തിന്റെ സുപ്രധാന നേട്ടം. ഒപ്പംതന്നെ, കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഈ സാങ്കേതികവിദ്യ മൂല്യാധിഷ്ഠിതമായ ഉറപ്പോടെയും ആത്മവിശ്വാസത്തോടെയും സ്വീകരിക്കാന്‍ കഴിയും.

പശ്ചാത്തലം

സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു ഗവണ്‍മെന്റ് നടത്തിയ നിയമനിര്‍മാണ പരമ്പരയുടെ ഏറ്റവും ഒടുവിലത്തേതാണ് സഹായാധിഷ്ഠിത പ്രത്യുല്‍പാദന സാങ്കേതികവിദ്യാ നിയന്ത്രണ ബില്‍ 2020. സുരക്ഷിതവും ധാര്‍മികവുമായ വിധത്തില്‍ സഹായാധിഷ്ഠിത പ്രത്യുല്‍ദാപന സാങ്കേതികവിദ്യാ സേവനങ്ങള്‍ രാജ്യത്തു ലഭ്യമാകുന്നതിനു ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ദേശീയ, സംസ്ഥാന ബോര്‍ഡുകള്‍, ദേശീയ രജിസ്ട്രി, സംസ്ഥാന രജിസ്ട്രേഷന്‍ അതോറിറ്റികള്‍ എന്നിവ മുഖേന പ്രത്യുല്‍പാദന സഹായ ക്ലിനിക്കുകളെ നിയന്ത്രിക്കുകയും ആവശ്യമായ മേല്‍നോട്ടവും സഹായങ്ങളും നല്‍കുകയും ചെയ്യും.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ സഹായാധിഷ്ഠിത പ്രത്യുല്‍ദാപന സാങ്കേതികവിദ്യ (എആര്‍റ്റി) വലിയ തോതില്‍ വളര്‍ന്നിട്ടുണ്ട്. എആര്‍റ്റി കേന്ദ്രങ്ങളുടെ വളര്‍ച്ച കൂടുതലുള്ള രാജ്യമാണ് ഇന്ത്യ; എആര്‍റ്റി ഭ്രമണ എണ്ണം ഓരോ വര്‍ഷവും കൂടിവരികയും ചെയ്യുന്നു. കുട്ടികളില്ലാത്തവര്‍ക്ക് എആര്‍റ്റിയും ഇന്‍ വിട്രോ ഫെര്‍ടിലൈസേഷനും (ഐവിഎഫ്) ഉപകാരപ്രദമാണ്. ഒപ്പം തന്നെ നിയമപരവും ധാര്‍മികവും സാമൂഹിപരവുമായ നിരവധി പ്രശ്നങ്ങളും ഇതുയര്‍ത്തുന്നു. ആഗോള വന്ധ്യതാനിവാരണ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ്; പ്രത്യുല്‍പാദന മെഡിക്കല്‍ ടൂറിസം ഇതിനൊപ്പം പ്രധാന മേഖലയായും മാറുന്നു. എന്നാല്‍ യാതൊരു തരത്തിലുള്ള നിലവാരവും ചട്ടങ്ങളും പാലിക്കാതെയാണ് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും.

ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കല്‍ നിയന്ത്രണ ബില്‍ 2020

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബോര്‍ഡുകളും നിയന്ത്രണ സംവിധാനങ്ങളും രൂപീകരിക്കുന്നതിന് ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കല്‍ നിയന്ത്രണ ബില്‍ 2020 വ്യവസ്ഥ ചെയ്യുന്നു. ബില്‍ സെലക്റ്റ് കമ്മിറ്റി പരിശോധിക്കുകയും റിപ്പോര്‍ട്ട് ഫെബ്രുവരി 5നു രാജ്യസഭയുടെ മേശപ്പുറത്തു വയ്ക്കുകയും ചെയ്തു.

ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നതാണ് നിയമത്തിന്റെ പ്രധാന നേട്ടം. ഇന്ത്യയിലെ ദമ്പതികള്‍ക്കു ഗര്‍ഭപാത്രം വാടയ്ക്കു നല്‍കുന്നതിനെ വാണിജ്യവല്‍ക്കരിക്കുകയും അവയവങ്ങള്‍ വിലക്കു നല്‍കുകയും ചെയ്യുന്നതു നിരോധിക്കാന്‍ ഈ നിയമം നിര്‍ദേശിക്കുന്നു. ഇന്ത്യക്കാരായ ദമ്പതികള്‍ക്കും വിധവയോ വിവാഹമോചിതയോ ആയ ഇന്ത്യന്‍ സ്ത്രീക്കും മാത്രം നിബന്ധനകള്‍ക്കു വിധേയമായി ഇത് അനുവദനീയമാണ്. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതും വാങ്ങുന്നതും നിയന്ത്രിക്കുന്നതോടെ ഗര്‍ഭപാത്രം വാടകയ്ക്കു കൊടുത്ത അമ്മമാരെയും അങ്ങനെ ജനിക്കുന്ന കുട്ടികളെയും സംബന്ധിച്ച ചൂഷണം നിരോധിക്കപ്പെടും.

മെഡിക്കല്‍ ടേമിനേഷന്‍ പ്രെഗ്‌നന്‍സി ഭേദഗതി ബില്‍ 2020
സാഹചര്യങ്ങളുടെ നിര്‍ബന്ധിതാവസ്ഥ മൂലം ഗര്‍ഭധാരണം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് 1971ലെ ബന്ധപ്പെട്ട നിയമം. അംഗീകൃത ഡോക്ടര്‍മാര്‍ക്കു മാത്രമാണ് ഇതിന് അനുമതി. പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭധാരണം അവസാനിപ്പിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ വിധത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് നിയമം. ഭ്രൂണത്തിന്റെ സ്ഥിതി അപകടകരമായിരിക്കുകയോ ഗര്‍ഭവതി ലൈംഗിക അതിക്രമത്തിനു വിധേയയായ സ്ത്രീയായിരിക്കുകയോ ചെയ്താല്‍ നിലവിലെ അനുവദനീയ കാലപരിധിക്കു മുമ്പേ ഭ്രൂണഹത്യ നടത്തുന്നതിന് അനുമതി നല്‍കണം എന്ന് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമുണ്ട്.

മാറുന്ന സാമൂഹിക സാഹചര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ മൂന്നു നിയമങ്ങളിലൂടെയും കേന്ദ്ര ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.

******