Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും തമ്മില്‍ ആരോഗ്യരംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം


ആരോഗ്യ രംഗത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും, ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും (ബി.എം.ജി.എഫ്) തമ്മില്‍ ഒപ്പു വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ബി.എം.ജി.എഫ് സഹ അധ്യക്ഷന്‍ ശ്രീ ബില്‍ ഗേറ്റ്‌സ് 2019 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഡല്‍ഹിയില്‍ വച്ചാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്.

താഴെ പറയുന്ന മേഖലകളിലെ സഹകരണത്തിന് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു :-
1. പ്രാഥമിക ആരോഗ്യ സേവനങ്ങള്‍, പ്രതിരോധ കുത്തിവെയ്പ്, പോഷക സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തി മാതൃ, നവജാത ശിശു മരണ നിരക്ക്, കുട്ടികളിലെ രോഗഗ്രസ്ഥമായ അവസ്ഥ എന്നിവ കുറയ്ക്കുക, പോഷകാഹാര ലഭ്യത കൂട്ടുക.
2. കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ചെറുപ്പക്കാരികളില്‍ ലഭ്യത കൂട്ടുക.
3. തിരഞ്ഞെടുത്ത പകര്‍ച്ച വ്യാധികളുടെ വ്യാപനം കുറയ്ക്കുക.
4. ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, മാനവ വിഭവ ശേഷി, ബജറ്റ് വിഹിതം എന്നിവയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പ് വരുത്തുക, ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക.
ധാരണാ പത്രത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും, സഹകരണത്തിന്റെ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും ഒരു കര്‍മ്മസമിതി രൂപീകരിക്കും.