Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു


കെ.ബി.എല്ലിന്റെ നൂറു വര്‍ഷങ്ങളുടെ ഓര്‍മയ്ക്കായി തപാല്‍ സ്റ്റാംപ് പുറത്തിറക്കി
ഈ ദശാബ്ദം ഇന്ത്യന്‍ സംരംഭകരുടേതായിരിക്കും: പ്രധാനമന്ത്രി

‘ലക്ഷ്യപ്രാപ്തിക്കായുള്ള പരിഷ്‌കാരം, സമഗ്രമായ പ്രവര്‍ത്തനം, വര്‍ധിതമായ പരിവര്‍ത്തനം’ എന്നതാണു സമീപനമെന്നു പ്രധാനമന്ത്രി

ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡി(കെ.ബി.എല്‍.)ന്റെ ശതാബ്ദി ആഘോഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. കെ.ബി.എല്ലിന്റെ നൂറു വര്‍ഷങ്ങളുടെ സൂചകമായ തപാല്‍സ്റ്റാംപ് അദ്ദേഹം പുറത്തിറക്കി. ‘യാന്ത്രിക് കീ യാത്ര- യന്ത്രങ്ങള്‍ നിര്‍മിച്ച മനുഷ്യന്‍’ എന്ന പേരില്‍ പുറത്തിറക്കിയ, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് സ്ഥാപകന്‍ പരേതനായ ശ്രീ. ലക്ഷ്മണറാവു കിര്‍ലോസ്‌കറുടെ ഹിന്ദിയില്‍ രചിച്ച ജീവചരിത്രത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ശതാബ്ദി ആഘോഷിക്കുന്ന കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡിനെ അഭിനന്ദിച്ച ശ്രീ. മോദി, അപകട സാധ്യതകള്‍ മുന്നില്‍ കണ്ടും പ്രവര്‍ത്തനം വികസിപ്പിക്കുന്നത് ഓരോ ഇന്ത്യക്കാരന്റെയും മുഖമുദ്രയാണെന്നു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെയും തന്റെ ശേഷികളുടെയും വികാസത്തിനും തന്റെ വിജയത്തിനുമായി ഇന്ത്യന്‍ സംരംഭകന്‍ അക്ഷമനായി നിലകൊള്ളുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇന്നു നാം പുതിയ വര്‍ഷത്തിലേക്കും പുതിയ ദശാബ്ദത്തിലേക്കും കടക്കുമ്പോള്‍ ഈ ദശാബ്ദം ഇന്ത്യന്‍ സംരംഭകരുടേതായിരിക്കും എന്നു പറയാന്‍ എനിക്കു സംശയമേയില്ല’, അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റ് ഇന്ത്യക്കോ ഇന്ത്യക്കാരനോ വ്യവസായങ്ങള്‍ക്കോ തടസ്സമല്ലാതെയും അതേസമയം, പങ്കാളിയായും നിലകൊള്ളുമ്പോള്‍ മാത്രമേ രാജ്യത്തെ ജനങ്ങളുടെ ശരിയായ കരുത്തു പ്രകടമാവുകയുള്ളൂ എന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
‘ലക്ഷ്യപ്രാപ്തിക്കായുള്ള പരിഷ്‌കാരം, സമഗ്രമായ പ്രവര്‍ത്തനം, വര്‍ധിതമായ പരിവര്‍ത്തനം’ എന്നതാണ് ഏതാനും വര്‍ഷങ്ങളായി നമ്മുടെ സമീപനം.

വൈദഗ്ധ്യമേറിയതും നടപടിക്രമങ്ങളാല്‍ നയിക്കപ്പെടുന്നതുമായ ഭരണത്തിനാണു ഞങ്ങള്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഏകോപനത്തോടും സമ്പൂര്‍ണ സുതാര്യതയോടുംകൂടി പ്രവര്‍ത്തിക്കാവുന്ന സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. ഇതു വലിയ ലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനും അവ യഥാസമയം നേടിയെടുക്കുന്നതിനുമുള്ള ധൈര്യം രാജ്യത്തിനു പകര്‍ന്നുതരുന്നു.

‘2018-19ല്‍ യു.പി.ഐയിലൂടെ ഒന്‍പതു ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 15 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐയിലൂടെ നടന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ രാജ്യം എത്ര വേഗത്തിലാണു വളരുന്നതെന്നു നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഉജാല പദ്ധതി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതു കഴിഞ്ഞ ദിവസമാണ്. ഇതിനകം രാജ്യത്താകമാനം 36 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്യപ്പെട്ടു എന്നതു നമുക്കെല്ലാം സംതൃപ്തി പകരുന്ന കാര്യമാണ്.’

‘ഇതുപോലെ, മെയ്ക്ക് ഇന്‍ ഇന്ത്യ പ്രചരണത്തിന്റെ വിജയം നമ്മുടെ വ്യവസായത്തിന്റെ വിജയമാണ.് ഇന്ത്യന്‍ വ്യവസായത്തിന്റെ എല്ലാ മേഖലകളില്‍നിന്നും വിജയഗാഥകളാണു ഞാന്‍ പ്രതീക്ഷിക്കുന്നത്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

******