Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

107-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 107-ാമത് ശാസ്ത്ര കോണ്‍ഗ്രസ് ബംഗലൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാലയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കവെ പ്രധാനമന്ത്രി പറഞ്ഞു, ‘ഇന്ത്യയുടെ വളര്‍ച്ചാ ഗാഥ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക നവീനാശയ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്.
‘ഈ രാജ്യത്ത് മൊട്ടിട്ടുവരുന്ന യുവശാസ്ത്രജ്ഞരോടുള്ള എന്റെ സന്ദേശം ‘നവീകരിക്കുക, വിശേഷാവകാശം നേടുക, ഉല്‍പ്പാദിപ്പിക്കുക, അഭിവൃദ്ധിപ്പെടുക’ എന്നതാണ്. ‘ഈ നാല് ചുവട്‌വയ്പ്പുകള്‍ ഇന്ത്യയെ കൂടുതല്‍ വേഗത്തിലുള്ള വികസനത്തിലേയ്ക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ജനങ്ങള്‍ക്ക് വേണ്ടിയുള്ള, ജനങ്ങളാല്‍ കണ്ടെത്തുന്ന നവീനാശയങ്ങള്‍ നവ ഇന്ത്യയിലേയ്ക്കുള്ള ദിശാ സൂചകങ്ങളാണ്’, അദ്ദേഹം പറഞ്ഞു.

‘നവ ഇന്ത്യയ്ക്ക് സാങ്കേതികവിദ്യ വേണം ഒപ്പം യുക്തിപരമായ ഗുണവിശേഷവും. അതുവഴി നമുടെ സാമൂഹിക, സാമ്പത്തിക മേഖലകള്‍ക്ക് നമുക്കൊരു പുതിയ ലക്ഷ്യം നല്‍കാനാകും’, അദ്ദേഹം പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യയും എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭ്യമാക്കുകയും സമൂഹത്തെ യോജിപ്പിക്കുന്ന പങ്കു വഹിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്നിപ്പോള്‍ വിവര വിനിമയ സാങ്കേതികവിദ്യയിലെ വികാസങ്ങള്‍ കുറഞ്ഞ വിലയ്ക്കുള്ള സ്മാര്‍ട്ട് ഫോണുകളും, കുറഞ്ഞ നിരക്കില്‍ ഡാറ്റയും രാജ്യത്തേവര്‍ക്കും ലഭ്യമാക്കുന്നുണ്ടെങ്കിലും മുമ്പൊക്കെ അത് ഏതാനും ചിലരുടെ പ്രത്യേകാവകാശമായിരുന്നു. താന്‍ ഗവണ്‍മെന്റില്‍ നിന്ന് അകന്ന് മാറിയിട്ടില്ലെന്ന് ഇതുവഴി സാധാരണക്കാരന്‍ വിശ്വസിക്കുന്നു. അവര്‍ക്കിപ്പോള്‍ നേരിട്ട് തന്നെ ഗവണ്‍മെന്റിനെ ബന്ധപ്പെടാനും അവരുടെ ശബ്ദം കേള്‍പ്പിക്കാനുമാകും’, പ്രധാനമന്ത്രി പറഞ്ഞു.

കുറഞ്ഞ നിരക്കിലുള്ള മെച്ചപ്പെട്ട നവീനാശയങ്ങള്‍ക്ക് നിരവധി അവസരങ്ങളുള്ള ഗ്രാമവികസന രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി യുവശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തു.

‘ശാസ്ത്രവും, സാങ്കേതികവിദ്യയും ഗ്രാമീണ വികസനത്തിന്’ എന്ന 107-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ശാസ്ത്രവും, സാങ്കേതികവിദ്യയും കൊണ്ട് മാത്രമാണ് ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ആവശ്യക്കാരിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

‘ശാസ്ത്ര, എഞ്ചിനീയറിംഗ് പ്രസിദ്ധീകരണങ്ങളിലെ വിദഗ്ദ്ധ നിരൂപണങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ ഇന്ന് മൂന്നാം സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതാകട്ടെ ആഗോള ശരാശരിയായ 4 ശതമാനമെന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 10 ശതമാനം നിരക്കില്‍ വളരുകയുമാണ്’, പ്രധാനമന്ത്രി പറഞ്ഞു

നവീനാശയ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 52 ലേയ്ക്ക് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു. മുമ്പത്തെ 50 വര്‍ഷത്തെക്കാള്‍ കൂടുതല്‍ ബിസിനസ്സ് ഇന്‍കുബേറ്ററുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗവണ്‍മെന്റ് പരിപാടികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സദ്ഭരണത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ സാങ്കേതികവിദ്യ വലിയൊരളവില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘പി.എം. കിസാന്‍ പദ്ധതിക്ക് കീഴില്‍ ആറ് കോടി ഗുണഭോക്താക്കള്‍ക്കുള്ള ഗഡു ഇന്നലെ നമ്മുടെ ഗവണ്‍മെന്റിന് അനുവദിക്കാന്‍ സാധിച്ചു. ആധാര്‍ ബന്ധിത സാങ്കേതികവിദ്യ ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്’, അദ്ദേഹം പറഞ്ഞു. അതുപോലെ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി ലഭ്യമാക്കിയതും, ശൗചാലയങ്ങള്‍ ലഭ്യമാക്കിയതും സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ജിയോ ടാഗിംഗ്, ഡാറ്റ സയന്‍സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ മുഖേനയാണ് നഗര ഗ്രാമ പ്രദേശങ്ങളിലെ മിക്ക പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

‘ശാസ്ത്രത്തിന്റെ പ്രയോഗം എളുപ്പത്തിലാക്കുന്നതിനും, വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ചുവപ്പ്‌നാട ഫലപ്രദമായി കുറയ്ക്കുന്നതിനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍വല്‍ക്കരണം, ഇ-കോമേഴ്‌സ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഗ്രാമീണ മേഖലയിലെ ജനങ്ങളെ ഗണ്യമായി സഹായിക്കുകയാണ്. ചിലവ് കുറഞ്ഞ കൃഷി രീതികള്‍ മുതല്‍ ഉപഭോക്താക്കള്‍ക്കുള്ള വിതരണ ശൃംഖല വരെ നിരവധി ഗ്രാമവികസന ഉദ്യമങ്ങള്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കറ്റകത്തിക്കല്‍, ഭൂഗര്‍ഭജലനിരപ്പ് നിലനിര്‍ത്തല്‍, പകര്‍ച്ചവ്യാധികള്‍ തടയല്‍, പരിസ്ഥിതി സൗഹൃദ ഗതാഗതം തുടങ്ങിയവയ്ക്ക് സാങ്കേതികവിദ്യയിലടിസ്ഥാനമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു.
ഇന്ത്യയെ ഒരു അഞ്ച് ട്രില്യണ്‍ സമ്പദ്ഘടനയാക്കി മാറ്റുന്നതില്‍ ശാസ്ത്രത്തിനും, സാങ്കേതികവിദ്യയ്ക്കും വലിയ പങ്കാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഐ-സ്റ്റെം പോര്‍ട്ടലിന്റെ ഉദ്ഘാടനവും തദവസരത്തില്‍ പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.