Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ഗാന്ധി@150’ അനുസ്മരണത്തിനുള്ള ദേശീയ സമിതിയുടെ രണ്ടാമതു യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


രാഷ്ട്രപതി ഭവനില്‍ നടന്ന ദേശീയ സമിതിയുടെ രണ്ടാമതു യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 
ബഹുമാനപ്പെട്ട രാഷ്ട്രപതി ജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി, കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രമുഖ ഗാന്ധിയന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ദേശീയ സമിതിയിലെ അംഗങ്ങള്‍ പങ്കെടുത്തു. വിദേശ പ്രധാനമന്ത്രിമാരില്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഏക വ്യക്തിയായ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. അന്റോണിയോ കോസ്റ്റയും യോഗത്തിനെത്തി. 
സ്വച്ഛ് ഭാരത് പോലുള്ള മുന്നേറ്റങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നത് ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണത്തിനായി മഹാത്മാ പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ പ്രചരിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ക്കും വ്യക്തിപരമായി നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രാഷ്ട്രപിതാവിന്റെ 150ാമതു ജന്‍മവാര്‍ഷികം ആഘോഷം ‘ജന്‍ ആന്ദോളന്‍’ ആക്കി മാറ്റിയതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ബഹുമാനപ്പെട്ട രാഷ്ട്രപതി ജി അഭിനന്ദിച്ചു. അനുസ്മരണ പരിപാടികളെ സംബന്ധിച്ചു സാംസ്‌കാരിക മന്ത്രാലയം സമാഹരിച്ച വിശദാംശങ്ങളും വിദേശ മന്ത്രാലയം സമാഹരിച്ച ഗാന്ധിജിയെക്കുറിച്ചുള്ള രചനകളും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ലോകത്തിലെ പ്രശസ്തരായ 126 പ്രശസ്തര്‍ ഗാന്ധിജി പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ‘ഗാന്ധി@150’യുടെ ഭാഗമായി ആഗോള തലത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടികളെ സംബന്ധിച്ച ഹ്രസ്വചിത്രം യോഗത്തിനിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. 
ജന്‍ ഭാഗീദാരിക്കായി മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് അനുയോജ്യമായ അനുസ്മരണ പരിപാടിക്കു ഗുണകരമാകുംവിധം ആദ്യയോഗത്തില്‍ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചതിന് അംഗങ്ങളോടു പ്രധാനമന്ത്രി കടപ്പാട് അറിയിച്ചു. 
ലോകം ഗാന്ധിയെക്കുറിച്ച് അറിയാനും അദ്ദേഹത്തെ സ്വീകരിക്കാനും ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, മഹാത്മായുടെ പ്രസക്തിയെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും ലോകത്തെ ഓര്‍മിപ്പിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. 
ഇന്ത്യയിലും പോര്‍ച്ചുഗലിലും നടക്കുന്ന അനുസ്മരണ പരിപാടികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തിയതിനു പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 
‘ഗാന്ധി@150’ കേവലം ഒരു വര്‍ഷത്തെ പരിപാടിയല്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ പൗരനും ഗാന്ധിയന്‍ ചിന്തയും വീക്ഷണവും ജീവിതത്തില്‍ ഉള്‍ക്കൊള്ളുകയും വരുംകാലങ്ങളിലേക്ക് അതു നിലനിര്‍ത്തുകയും വേണം. ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ യഥാസമയം സംഘടിപ്പിക്കുന്നുണ്ടെങ്കിലും ‘ഗാന്ധി@150’ അനുസ്മരണം അത്തരം ചടങ്ങുകളേക്കാള്‍ എത്രയോ ബൃഹത്താണെന്ന് അദ്ദേഹം പറഞ്ഞു. അതു ജനസാമാന്യത്തിന്റെ പരിപാടി ആയെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനം പകരുന്ന കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഇവിടത്തെ ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നു നേരത്തേ ചെങ്കോട്ടയില്‍വെച്ചു താന്‍ നല്‍കിയ സന്ദേശം അദ്ദേഹം ആവര്‍ത്തിച്ചു. ഭാരതീയരെ ഉയര്‍ത്താനുള്ള ഗാന്ധിജിയുടെ ഈ അടിസ്ഥാനപരമായ തത്വശാസ്ത്രത്തിന് വികസനത്തിലേക്കും പുരോഗതിയിലേക്കും ഇന്ത്യയെ നയിക്കാനുള്ള ശേഷിയുണ്ട്. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതുവരെയും അതുകഴിഞ്ഞും ഈ സന്ദേശത്തെ ജീവിതക്രമമാക്കി മാറ്റാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 
അടുത്തിടെ സമാപിച്ച രാജ്യസഭയുടെ 250ാമതു സമ്മേളനത്തില്‍ അംഗങ്ങളെ അവരവരുടെ പ്രാദേശിക ഭാഷകളില്‍ സംസാരിക്കാന്‍ പ്രോല്‍സാഹിപ്പിച്ചതു രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശം ലോകത്താകമാനം പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മഹാത്മായുടെ സന്ദേശം രാജ്യത്താകമാനമുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്രസക്തമാക്കി നിലനിര്‍ത്തുന്നതിനു നാം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
രാജ്യത്തോടും പരസ്പരവും നിര്‍വഹിക്കേണ്ട കടമ ആത്മാര്‍ഥതയോടെ നിറവേറ്റുക വഴി എല്ലാവരുടെയും മൗലികാവകാശങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്ന ഗാന്ധിജിയുടെ ചിന്തയെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. എല്ലാവരും ഈ പാത പിന്‍തുടരുകയും തങ്ങളുടെ കടമ ആത്മാര്‍ഥതയോടെ നിറവേറ്റുകയും ചെയ്താല്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ നിറവേറ്റപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.