Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഴുപതാമത് ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


യുവര്‍ എക്‌സലന്‍സി രാഷ്ട്രപതി, ബഹുമാന്യനായ ഉപരാഷ്ട്രപതി, ബഹുമാന്യനായ സ്പീക്കര്‍ സര്‍, ശ്രീ പ്രഹ്ലാദ ജി, ആദരണീയരായ പൊതുജനപ്രതിനിധികളേ,

ഭൂതകാലവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും ഭാവിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്ന ചില വേളകളുണ്ട്. ഇന്ന്, നവംബര്‍ 26 ഒരു ചരിത്രപ്രധാന ദിനമാണ്. 70 വര്‍ഷം മുമ്പ് നാം പുതിയ ദര്‍ശനത്തോടു കൂടിയ ഭരണഘടന കൊണ്ടുവന്നത് ഈ ദിനത്തിലാണ്; അതേസമയംതന്നെ നവംബര്‍ 26 വേദനിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളെ, ആയിരക്കണക്കിനു വര്‍ഷങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ, വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പത്തെ, മുംബൈയുടെ മഹത്തായ പാരമ്പര്യത്തെ തകര്‍ത്തെറിയാന്‍ ഭീകരപ്രവര്‍ത്തകര്‍ ശ്രമിച്ചതും നവംബര്‍ 26നു തന്നെയാണ്. അന്ന് ജീവന്‍ നഷ്ടപ്പെട്ട മുഴുവനാളുകളുടെയും ആത്മാക്കളെ ഞാന്‍ പ്രണമിക്കുന്നു. ഏഴ് പതിറ്റാണ്ടു മുമ്പ്, ഇതേ സെന്‍ട്രല്‍ ഹാളില്‍ മഹാരഥന്മാരുടെ ശബ്ദങ്ങള്‍ മുഴങ്ങുകയും ഭരണഘടനയുടെ ഓരോ അനുച്ഛേദങ്ങളും വിശദമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. തര്‍ക്കങ്ങളും വസ്തുതകളും പ്രവഹിക്കുകയും ആശയങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തു; ആശയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു; സ്വപ്‌നങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്തു; ദൃഢനിശ്ചയങ്ങള്‍ ചര്‍ച്ച ചെയ്തു. അറിവിന്റെ മഹാകുംഭമേളയായി ഈ സ്ഥലം മാറി. ഇന്ത്യയുടെ മുക്കുമൂലകളില്‍നിന്നുള്ള സ്വപ്‌നങ്ങള്‍ വാക്കുകളിലേക്ക് മാറ്റാന്‍ ഒരു പാട് അധ്വാനം ചെലവിട്ടു. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ഭീംറാവു ബാബാ സാഹെബ് അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, പണ്ഡിറ്റ് നെഹ്രു, ആചാര്യ സുക്രാനി ജി, മൗലാനാ ആസാദ്, പുരുഷോത്തംദാസ് ടണ്ടന്‍, സുചേതാ കൃപലാനി, ഹന്‍സ് മേഹ്ത്ത, എല്‍ ഡി കൃഷ്ണസ്വാമി അയ്യര്‍, എന്‍ കെ ഗോപാലസ്വാമി അയ്യങ്കാര്‍, ജോണ്‍ മത്തായി- നേരിട്ടും പരോക്ഷമായുമുള്ള സംഭാവനകള്‍ നല്‍കി ഈ മഹത്തായ പൈതൃകം നമ്മുടെ കൈകളില്‍ ഏല്‍പ്പിച്ചത് ഇത്തരം എണ്ണമറ്റ വ്യക്തിത്വങ്ങളാണ്. ഇന്ന് ഈ വേളയില്‍ ആ മുഴുവന്‍ മഹദ് വ്യക്തിത്വങ്ങളെയും ഞാന്‍ അനുസ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
ഭരണഘടന അംഗീകരിക്കുന്നതിന്റെ തലേന്ന്, 1949 നവംബര്‍ 25ന് തന്റെ പ്രസംഗത്തില്‍ ബാബാ സാഹെബ് അംബേദ്കര്‍ പറഞ്ഞ മുഴവന്‍ കാര്യങ്ങളും പരാമര്‍ശിക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 1947ല്‍ സ്വതന്ത്രമായ ഇന്ത്യ 1950 ജനുവരി 26ന് റിപ്പബ്ലിക്ക് ആയി മാറാന്‍ പോവുകയാണെന്ന് ബാബാസാഹെബ് രാജ്യത്തെ ഓര്‍മിപ്പിച്ചു; പക്ഷേ, അതായിരുന്നില്ല വിഷയം. ഇന്ത്യ നമുക്കു മുമ്പേ സ്വതന്ത്രമായിരുന്നുവെന്നും നമുക്കിവിടെ നിരവധി റിപ്പബ്ലിക്കുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം വേദന വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പിന്നീട് പറഞ്ഞത് നമ്മുടെ സ്വന്തം പിഴവുകള്‍ കൊണ്ടാണ് നമുക്കു നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെട്ടത് എന്നാണ്. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ജനാധിപത്യപരമാധികാര രാഷ്ട്രമായി നാം മാറുകയും ചെയ്‌തെങ്കിലും നമുക്കത് നിലനിര്‍നിര്‍ത്താന്‍ കഴിയുമോ എന്ന താക്കീത് അത്തരമൊരു സാഹചര്യത്തില്‍ ബാബാ സാഹെബ് രാജ്യത്തിനു നേര്‍ക്ക് ഉന്നയിച്ചിരുന്നു. നമുക്ക് ഭൂതകാലത്തില്‍ നിന്നു പഠിക്കാനാകുമോ? എന്നും ചോദിച്ചു. ഇന്ന് ഈ വേളയില്‍ ബാബാ സാഹെബ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഈ വര്‍ഷങ്ങളില്‍ ഉത്തരം നല്‍കുക മാത്രമല്ല ഈ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കൂടുതല്‍ സമ്പുഷ്ടമാക്കുകയും ശാക്തീകരിക്കുകയും ചെയ്തതില്‍ ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമാകുമായിരുന്നു. അതുകൊണ്ട്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലം ഭരണഘടനയുടെ ആത്മാവ് സംരക്ഷിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും ജുഡീഷ്യറിയിലെയും നിയമനിര്‍മാണ സഭകളിലെയും അംഗങ്ങളെയും ഞാന്‍ അനുസ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത ഇടിച്ചുതാഴ്ത്താന്‍ ഒരിക്കലും തയാറാകാതിരുന്ന 130 കോടി ഇന്ത്യക്കാരെ പ്രത്യേകമായി ഞാന്‍ നമിക്കുന്നു. നമ്മുടെ ഭരണഘടന ഒരു വിശുദ്ധ ഗ്രന്ഥവും മാര്‍ഗദീപവുമായാണ് എല്ലായ്‌പോഴും പരിഗണിക്കപ്പെടുന്നത്.

ഭരണഘടനയുടെ എഴുപതാം വര്‍ഷം ആഹ്ലാദത്തിന്റെയും മികവിന്റെയും സംതൃപ്തിയുടെയും സമ്മിശ്ര സംഭാവനകളാണ് നല്‍കിയത്. ഭരണഘടനയുടെ ആത്മാവ് സുസ്ഥിരമായും ഇളക്കം തട്ടാതെയും നിലനില്‍ക്കും എന്ന യാഥാര്‍ത്ഥ്യത്തിന്റെതാണ് ഈ ആഹ്ലാദവേള. അത്തരം ശ്രമങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടാവുകയാണെങ്കില്‍ രാജ്യവാസികള്‍ കൂട്ടായി അതിനെ ചെറുക്കുന്ന സ്ഥിതിയുണ്ടാകും. ഭരണഘടനയ്ക്ക് ഒരു കോട്ടവും ഉണ്ടാകാന്‍ ഒരിക്കലും അനുവദിക്കില്ല. നാം നിശ്ചയമായും നമ്മുടെ ഭരണഘടനയുടെ കരുത്തില്‍ മികവു രേഖപ്പെടുത്തുക തന്നെ ചെയ്യും; ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ദൃഢനിശ്ചയത്തിലേക്ക് മുന്നേറുകയും ചെയ്യാന്‍ പ്രാപ്തരാണ് നാം. ഭരണഘടനയുടെ കുടക്കീഴില്‍ നിരവധി പരിഷ്‌കരണങ്ങള്‍ നാം കൊണ്ടുവരുന്നു. ഇന്ത്യയുടെ ഈ ബൃഹത്തായ വൈവിധ്യത്തില്‍ പുതിയ ഇന്ത്യയുടെ ഭാവിയിലെ പുരോഗതിയിലേക്ക് ഭരണഘടന മാത്രമാണ് ഏക വഴി എന്നാണ് നാം തിരിച്ചറിയുന്നത്. ഭരണഘടനയുടെ ആത്മാവിന് ക്ഷതം സംഭവിക്കാതിരിക്കുക എന്നതാണ് ഏകവഴി. നമ്മുടെ ഭരണഘടന നമുക്ക് മഹത്തരവും ഏറ്റവും വിശുദ്ധ വചനങ്ങളുമാണ്. നമ്മുടെ ജീവിതത്തെ, സമൂഹത്തെ, നമ്മുടെ പാരമ്പര്യങ്ങളെ, വിശ്വാസങ്ങളെ, പെരുമാറ്റത്തെ, നമ്മുടെ ആചാരവിചാരങ്ങളെ വലംവയ്ക്കുന്ന ഗ്രന്ഥമാണത്. നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരവും അതിലുണ്ട്. നമ്മുടെ ഭരണഘടന വിശാലമാണ്, എന്തുകൊണ്ടെന്നാല്‍ പുറത്തു നിന്നുള്ള പ്രകാശത്തിനു വേണ്ടി അതിന്റെ ജനാലകള്‍ തുറന്നിട്ടിരിക്കുന്നു. അതിലുമുപരിയായി, ഉള്ളിലെ വെളിച്ചം കൂടുതല്‍ തെളിഞ്ഞു കത്താന്‍ അവസരവും നല്‍കിയിരിക്കുന്നു.

2014ല്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ വച്ച് പറഞ്ഞ അതേ കാര്യം ഇന്ന് ഈ വേളയിലും ആവര്‍ത്തിക്കുകയാണ്. ഭരണഘടനയെ രണ്ട് ലളിതവാക്യങ്ങളില്‍ ഞാന്‍ നിര്‍വചിക്കുകയാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അന്തസ്സും ഇന്ത്യയുടെ ഐക്യവും- എന്നായിരിക്കും അത്. ഈ രണ്ട് മന്ത്രങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. പൗരന്മാരുടെ അന്തസ്സ് സംരക്ഷിക്കുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുകയും വേണം. നമ്മുടെ ഭരണഘടന ആഗോള ജനാധിപത്യത്തിന്റെ ആത്യന്തിക ഉദാഹരണമാണ്. അത് നമ്മുടെ അവകാശങ്ങളെക്കുറിച്ചു മാത്രമല്ല നമ്മോടു പറയുന്നത് ചുമതലകളേക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ ലോകത്തിലെ ഏറ്റവും മതനിരപേക്ഷ ഭരണഘടന നമ്മുടേതാണ്. നാമെന്തു ചെയ്യണം എന്ന കാര്യത്തിലും എത്ര വലിയ സ്വപ്‌നം കാണണമെന്നതിലും എവിടെപ്പോകണം എന്നതിലും ഒരു പരിധിയും വച്ചിട്ടില്ല. പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങളേക്കുറിച്ചു കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഭരണഘടന അവകാശങ്ങളേക്കുറിച്ചും സംസാരിക്കുന്നു. വ്യക്തികളെന്ന നിലയിലും കുടുംബമെന്ന നിലയിലും സമൂഹം എന്ന നിലയിലും നമ്മുടെ ഭരണഘടനാപരമായ ചുമതലകളേക്കുറിച്ചും രാജ്യവും രാജ്യനിവാസികളും നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നതിനേക്കുറിച്ചും നാം ഗൗരവമുള്ളവരാണോ? രാജേന്ദ്രബാബു ജി പറഞ്ഞതുപോലെ, ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ലാത്ത കാര്യങ്ങള്‍ കീഴ്വഴക്കങ്ങളില്‍നിന്ന് എടുക്കണം. അത് ഇന്ത്യയുടെ സവിശേഷതയാണ്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ നാം ഊന്നിയത് നമ്മുടെ അവകാശങ്ങളിലാണ്. വലിയൊരു വിഭാഗത്തിന് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന വ്യവസ്ഥിതിയില്‍ അത് അനിവാര്യവും ഒഴിവാക്കാനാകാത്തതുമായിരുന്നു. അവകാശങ്ങളേക്കുറിച്ചു പരിചയപ്പെടുത്താതെ ഇത്രയും വലിയൊരു വിഭാഗത്തെ തുല്യതയുടെയും നീതിയുടെയും പ്രാധാന്യം ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ഇന്നിപ്പോള്‍ നാം പൗരന്മാര്‍ എന്ന നിലയില്‍ അവകാശങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം തന്നെ നമ്മുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൂടി നിറവേറ്റുക എന്നതാണ് കാലത്തിന്റെ ആവശ്യം. എന്തുകൊണ്ടെന്നാല്‍ നമ്മുടെ കടമ പൂര്‍ത്തീകരിക്കാതെ നമുക്ക് നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ല.

അവകാശങ്ങളും ചുമതലകളും തമ്മിലുള്ളത് അഭേദ്യ ബന്ധമാണ്. ഈ ബന്ധത്തേക്കുറിച്ച് മഹാത്മാ ഗാന്ധി വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ആദരണീയനായ ബാപ്പുവിന്റെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നത് വളരെ പ്രസക്തമാണ്. ശരിയായി നിര്‍വഹിക്കുന്ന കടമയാണ് അവകാശം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അത് അദ്ദേഹം എവിടെയോ എഴുതിയിട്ടു ണ്ട്- എന്റെ നിരക്ഷരയും അതേസമയം വിവേകമതിയുമായ മാതാവില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്, ശരിയായ സത്യസന്ധതയോടെയും സമര്‍പ്പണത്തോടെയും നിങ്ങള്‍ നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങളിലാണ് അവകാശങ്ങളുള്ളതെന്ന്. ലോകം മുഴുവന്‍ അവകാശങ്ങളേക്കുറിച്ചു മാത്രം പറഞ്ഞിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളില്‍ ഗാന്ധിജി ഒരടികൂടി മുന്നോട്ടു വച്ച് പറഞ്ഞത് നമുക്ക് പൗരന്മാരുടെ ഉത്തരവാദിത്തങ്ങളേക്കുറിച്ചു സംസാരിക്കാം എന്നാണ്. 1947ല്‍ യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഡോ. ജൂലിയന്‍ ഹക്‌സ്്‌ലി 60 പ്രമുഖ നേതാക്കള്‍ക്ക് ഒരു കത്തയയ്ക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ തേടുകയുമുണ്ടായി. മനുഷ്യാവകാശങ്ങളുടെ ലോകസ്വഭാവം എന്താണ് എന്ന് ആ കത്തില്‍ അദ്ദേഹം ചോദിച്ചിരുന്നു. ഇതില്‍ മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള ലോക നേതാക്കളുടെ അഭിപ്രായമാണ് തേടിയത്. പക്ഷേ, മഹാത്മാ ഗാന്ധി ലോകത്തെ മറ്റു പല നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നല്ലോ. പൗരന്മാര്‍ എന്ന നിലയിലുള്ള ചുമതലകള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രം നമ്മുടെ ജീവിതത്തിലെ അവകാശങ്ങളേക്കുറിച്ചു പഠിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത്, ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ ചെയ്യും. അതാണ് ആ കാലത്ത് മഹാത്മാ ഗാന്ധി നല്‍കിയ ഉപദേശം. നാം ഉത്തരവാദിത്തങ്ങളെയും ചുമതലകളെയും കുറിച്ചു സംസാരിക്കുമ്പോള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇതൊക്കെ നിറവേറ്റാനും ഇച്ഛാശക്തി തെളിയിക്കാനുമുള്ള വളരെ സാധാരണമായ ഉത്തരവാദിത്തങ്ങളാണ്. സേവനത്തെത്തന്നെ ചുമതലകളായി കാണുക എന്നതിന് നാം വളരെ വ്യക്തമായ ശ്രദ്ധ നല്‍കുകയും വേണം. എല്ലാ സമൂഹങ്ങള്‍ക്കും സേവനവും മൂല്യങ്ങളും പാരമ്പര്യവും വളരെ പ്രധാനമാണ്. എന്നാല്‍ ചുമതല എന്നത് സേവനത്തേക്കാള്‍ കുറച്ചധിക മാണെങ്കിലും ചില നേരങ്ങളില്‍ അത് നമ്മുടെ ശ്രദ്ധയില്‍ വേണ്ടത്ര കടന്നു വരാറില്ല. വഴിയിലൊരാളെ നിങ്ങള്‍ സഹായിക്കുകയാണെങ്കില്‍ അത് സേവനത്തില്‍പ്പെട്ടതാണ്. സേവനത്തിന്റെ ഇത്തരം സ്പിരിറ്റ് ഏത് സമൂഹത്തെയും മനുഷ്യത്വമുള്ളതും വളരെ കരുത്തുറ്റതുമാക്കും. എന്നാല്‍ ചുമതല എന്നത് കുറച്ചു വ്യത്യസ്ഥമാണ്. റോഡില്‍ ആരെയെങ്കിലും സഹായിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്. പക്ഷേ, ഞാന്‍ ഗതാഗത നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുകയും വേണം. അത്തരമൊരു സംവിധാനത്തിന്റെ ഭാഗമാവുക എന്നത് എന്റെ ചുമതലയാണ്. ഞാനെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്, അതുമൂലം എന്റെ രാജ്യത്തിന് കരുത്തുണ്ടാവുന്നുണ്ടോ ഇല്ലയോ എന്ന ഒരു ചോദ്യം നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കുന്നുണ്ടോ? ഒരു കുടുംബാംഗം എന്ന നിലയില്‍ നമ്മുടെ കുടുംബത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ നാം എല്ലാം ചെയ്യും? അതേ സ്ഥിതിയില്‍ത്തന്നെ, പൗരന്മാര്‍ എന്ന നിലയില്‍ നാം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്താനും കരുത്തുറ്റതാക്കാനും അതേ കാര്യങ്ങള്‍ തന്നെ നാം ചെയ്യണം.
ഒരു പൗരന്‍ അവരുടെ കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുമ്പോള്‍ രക്ഷിതാക്കള്‍ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റുകയാണ്; അതേസമയം, മാതൃഭാഷ പഠിക്കണമെന്ന് ആ രക്ഷിതാക്കള്‍ മക്കളോട് ബോധപൂര്‍വം ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ പൗരന്‍ എന്ന നിലയില്‍ അവരുടെ ഉത്തരവാദിത്തം കൂടി നിര്‍വഹിക്കുകയാണ്. രാജ്യത്തോടുള്ള സേവനമാണ് അവര്‍ നിര്‍വഹിക്കുന്നത്. ഓരോ തുള്ളി ജലവും സംരക്ഷിക്കാന്‍ ഒരു വ്യക്തി ഒരു ചെറിയ കാര്യമെങ്കിലും ചെയ്യുകയാണെങ്കില്‍ അവര്‍ പൗരന്‍ എന്ന നിലയിലുള്ള സ്വന്തം ചുമതല നിര്‍വഹിക്കുകയാണ്. ഒരാള്‍ പ്രതിരോധ മരുന്ന് കഴിക്കുകയാണെങ്കില്‍ അതുവഴി നിര്‍വഹിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് ആരും അവരെ ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ. ആരുടെയും നിര്‍ബന്ധമില്ലാതെ ഒരാള്‍ വോട്ടു ചെയ്യാന്‍ പോവുകയാണെങ്കില്‍ അവര്‍ സ്വന്തം ചുമതലയാണ് നിര്‍വഹിക്കുന്നത്. യഥാസമയം നികുതി അടയ്ക്കുകയാണെങ്കില്‍ അത് ചുമതല നിര്‍വഹിക്കലാണ്. അത്തരം നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. പൗരന്‍ എന്ന നിലയില്‍ അതൊരു സ്വാഭാവിക സംവിധാനമായി വികസിപ്പിക്കുകയും വിശുദ്ധ പ്രവര്‍ത്തിയായി ഏറ്റെടുക്കുകയുമാണെങ്കില്‍ നമുക്ക് നമ്മുടെ രാജ്യത്തെ അനായാസം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. ഈ ചോദ്യങ്ങള്‍ പ്രധാനമായി മാറിയില്ലെങ്കില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും തിരിച്ചറിവും നമ്മുടെ ചുമതലകളും ദുര്‍ബലമാകാന്‍ തുടങ്ങുകയും ചിലരുടെ ചില അവകാശങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിലും നാം നമ്മുടെ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജനപ്രതിനിധികള്‍ എന്ന നിലയില്‍ നമുക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ട്. ഭരണഘടനാപരമായ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു പുറമേ നാം നമ്മെത്തന്നെ മാതൃകകളാക്കി മാറ്റുകയും വേണം. അത് നമ്മുടെ ഉത്തരവാദിത്തമായി മാറണം. സമൂഹത്തില്‍ അര്‍ത്ഥപൂര്‍ണമായ മാറ്റമുണ്ടാക്കുന്നതിന് നാം നമ്മുടെ കടമകള്‍ സാക്ഷാത്കരിക്കണം. എല്ലാ പരിപാടികളിലും എല്ലാ കൂടിയാലോചനകളിലും നാം ‘ചുമതലകളില്‍’ ഊന്നണം. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍ നാം ചുമതലകളേക്കുറിച്ചു സംസാരിക്കാന്‍ മറക്കരുത്. ‘നാം ഇന്ത്യക്കാര്‍’ എന്നു പറഞ്ഞുകൊണ്ടാണ് നമ്മുടെ ഭരണഘടന ആരംഭിക്കുന്നത്. നാം ഇന്ത്യയിലെ ജനങ്ങളാണ് ഇന്ത്യയുടെ കരുത്ത്. നമ്മളാണ് അതിന്റെ പ്രചോദനവും ലക്ഷ്യവും.
‘ഞാന്‍ സമൂഹത്തിനു വേണ്ടിയാണ്; ഞാന്‍ രാഷ്ട്രത്തിനു വേണ്ടിയാണ്’ – ഈ ചുമതലാ പ്രകടനമാണ് നമ്മുടെ പ്രചോദനത്തിന്റെ സ്രോതസ്സ്. ഈ ദൃഢപ്രതിജ്ഞയില്‍ ഇന്ത്യന്‍ പൗരന്മാര്‍ എന്ന ചുമതലകളും കടമകളും സാക്ഷാത്കരിക്കാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. വരൂ, നമുക്ക് നാമെല്ലാം കടമകളില്‍ മുഴുകുന്ന പുതിയ ഒരു സംസ്‌കാരത്തിലേക്ക് നമ്മുടെ പരമാധികാര രാജ്യത്തെ നയിക്കാം. നമുക്കെല്ലാം പുതിയ പൗരന്മാരായി മാറുകയും രാജ്യത്തെ ശ്രേഷ്ഠ വ്യക്തിത്വങ്ങളായി മാറുകയും ചെയ്യാം. ഈ ഭരണഘടനാ ദിനത്തില്‍ നാം നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ഭരണഘടനാ ശില്‍പികള്‍ കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കരുത്തു പകരുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വിശുദ്ധ സ്ഥലത്ത് നാം ഈ സമ്മേളനം ചേരുമ്പോള്‍ പ്രതിധ്വനികള്‍ വീണ്ടും അലയടിക്കുകയാണ്. ഈ പ്രതിധ്വനി ഉറപ്പായും നമ്മെ അനുഗ്രഹിക്കും, നമ്മെ പ്രചോദിപ്പിക്കും, നമുക്ക് കരുത്തേകും. ഈ പ്രതിധ്വനി നിശ്ചയമായും നമുക്ക് ഒരു ദിശ നല്‍കും. ആ പ്രതീക്ഷയോടെ ഒരിക്കല്‍ക്കൂടി ഞാന്‍ ആദരണീയനായ ബാബാ സാഹബ് അംബേദ്കറെ ഭരണഘടനാ ദിനത്തിന്റെ ഈ വിശുദ്ധ വേളയില്‍ വന്ദിക്കുന്നു, ഭരണഘടനാ ശില്‍പികളെ നമിക്കുന്നു, രാജ്യവാസികള്‍ക്ക് എന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് നന്ദി!