Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാലദ്വീപ് മജ്‌ലിസ് സ്പീക്കര്‍ മുഹമ്മദ് നഷീദ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


മാലദ്വീപ് നിയമ നിര്‍മ്മാണ സഭയുടെ സ്പീക്കര്‍ മുഹമ്മദ് നഷീദ് ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. രാജ്യസഭാ ചെയര്‍മാന്റെയും ലോകസഭാ സ്പീക്കറുടെയും സംയുക്ത ക്ഷണ പ്രകാരം ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം.

ഊര്‍ജ്ജസ്വലമായ ഇന്ത്യാ – മാലദ്വീപ് ബന്ധങ്ങളുടെ ഒരു മുഖ്യ ഘടകമാണ് ഇരു പാര്‍ലമെന്റുകളും തമ്മിലുള്ള ഇടപെടലുകളെന്ന് സ്പീക്കര്‍ നഷീദിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തിന്റെ പാലങ്ങള്‍ ദൃഢമാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

ഇക്കൊല്ലം ജൂണില്‍ താന്‍ നടത്തിയ മാലെ സന്ദര്‍ശനത്തില്‍ മാലദ്വീപ് പാര്‍മെന്റിനെ അഭിസംബോധന ചെയ്തത് അനുസ്മരിക്കവെ, മാലദ്വീപില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ആഴത്തില്‍ വേരോടിക്കുന്നതിനും സ്പീക്കര്‍ നഷീദ് തുടര്‍ന്നും നല്‍കുന്ന കരുത്തുറ്റ നേതൃത്വത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മാലദ്വീപ്കാരുടെ അഭിലാഷങ്ങള്‍ പൂവണിയിക്കുന്ന, ഭദ്രവും, സമൃദ്ധവും, സമാധാന പൂര്‍ണ്ണവുമായ മാലദ്വീപിനായി അവിടത്തെ ഗവണ്‍മെന്റുമൊത്ത് പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാലദ്വീപില്‍ പുതിയ ഗവണ്‍മെന്റിന്റെ രൂപികരണം മുതല്‍ കരുത്തുറ്റ ഇന്ത്യാ – മാലദ്വീപ് ബന്ധത്തിനായി തുടരുന്ന പിന്‍തുണയ്ക്ക് സ്പീക്കര്‍ നഷീദ് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. മാലദ്വീപ് ജനതയുടെ ക്ഷേമത്തിനായി മാലദ്വീപില്‍ ഏറ്റെടുത്തിട്ടുള്ള വികസന സഹകരണ ഉദ്യമങ്ങള്‍ക്കും അദ്ദേഹം പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. തന്റെ ഗവണ്‍മെന്റിന്റെ ‘ഇന്ത്യ ആദ്യം’ നയത്തിനുള്ള തന്റെ അചഞ്ചലമായ പിന്‍തുണ അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.