ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡി(ഐ.ഐ.എഫ്.സി.എല്‍.)ന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 5,300 കോടി രൂപയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടി രൂപയും ഓഹരിവിഹിതമായി നല്‍കണമെന്ന നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. സാധാരണ ബജറ്റ് വിഹിതത്തിലൂടെയോ റീക്കാപ്പിറ്റലൈസേഷന് ബോണ്ടുകളിലൂടെയോ ആയിരിക്കും ഇതു നല്‍കുക. എപ്പോള്‍ നല്‍കുമെന്നും വ്യവസ്ഥകളെന്തെന്നും സാമ്പത്തിക കാര്യ വകുപ്പു തീരുമാനിക്കും. ഐ.ഐ.എഫ്.സി.എല്ലിന്റെ അംഗീകൃത മൂലധനം 6,000 കോടി രൂപയില്‍നിന്ന് 25,000 കോടി രൂപയിലേക്കു വര്‍ധിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി.
പ്രധാന നേട്ടം:
കൂടുതല്‍ വായ്പ നേടാന്‍ അവസരമൊരുക്കുക വഴി അടുത്ത അഞ്ചു വര്‍ഷത്തിനകം നൂറു ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ രംഗത്തു നിക്ഷേപിക്കാനുള്ള കേന്ദ്ര വണ്മെന്റിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിനായി വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കു ധനസഹായം ലഭ്യമാക്കാന്‍ ഐ.ഐ.എഫ്.സി.എല്ലിനെ പ്രാപ്തമാക്കും.
പശ്ചാത്തലം:
2006ല്‍ സ്ഥാപിതമായ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ഐ.ഐ.എഫ്.സി.എല്‍. വിവിധ മേഖലകളിലെ വിജയപ്രദമായ പദ്ധതികള്‍ക്കു ദീര്‍ഘകാല വായ്പ ലഭ്യമാക്കുന്ന പ്രധാന സ്ഥാപനമാണ്. ഇതു 2013 സെപ്റ്റംബര്‍ മുതല്‍ ആര്.ബി.ഐ.ക്കു കീഴില്‍ റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനം- അടിസ്ഥാന സൗകര്യ ധനസഹായ കമ്പനി(എന്‍.ബി.എഫ്.സി.-ഐ.എഫ്.സി.)യാണ്. ഇപ്പോള്‍ കമ്പനിയുടെ അംഗീകൃത മൂലധനവും അടച്ചുതീര്‍ക്കപ്പെട്ട മൂലധനവും യഥാക്രമം ആറായിരം കോടി രൂപയും 4702.32 കോടി രൂപയുമാണ്.
വരുന്ന അഞ്ചു വര്‍ഷത്തിനിടെ അടിസ്ഥാനസൗകര്യ മേഖലയില്‍ നൂറു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണു കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതി. ഇതിനു വളരെയധികം ഓഹരിമൂലധനവും വായ്പയും ആവശ്യമായിവരും. ഐ.ഐ.എഫ്.സി.എല്‍. ഒരു പദ്ധതിക്കു ഫണ്ട് ലഭ്യമാക്കുന്നത് വന്‍കിട ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വായ്പാദാതാക്കളുടെ വായ്പയും ലഭ്യമാകുന്നതിനു സഹായകമാകും എന്നതിനാല്‍ പണം ലഭ്യമാക്കുന്നതില്‍ ഐ.ഐ.എഫ്.സി.എല്ലിനുള്ള പങ്കു പ്രധാനമാണ്. വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് ഉണ്ടെന്നിരിക്കെ, ഐ.ഐ.എഫ്.സി.എല്ലിനു കൂടുതല്‍ മൂലധനം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.