Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗറീഷ്യസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി


മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് ജുഗ്നൗത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. പത്‌നി ശ്രീമതി. കോബിതാ ജുഗ്നൗത്തുമൊത്ത് ഇന്ത്യയില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി ജുഗ്നൗത്.

വമ്പിച്ച ജനവിധിയോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി ജുഗ്നൗത്തിനെ പ്രധാനമന്ത്രി മോദി ഊഷ്മളമായി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി ജുഗ്നൗത് പ്രധാനമന്ത്രി മോദിയെ നന്ദി അറിയിച്ചു.
മൗറീഷ്യസില്‍ നടപ്പിലാക്കി വരുന്ന, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ പ്രയോജനം ലഭ്യമാക്കുന്ന മെട്രോ എക്‌സ്പ്രസ് പദ്ധതി, ഇ.എന്‍.ടി ആശുപത്രി, സാമൂഹിക ഭവന നിര്‍മ്മാണ പദ്ധതി തുടങ്ങി വിവിധ വികസന സഹകരണ പദ്ധതികള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി ജുഗ്നൗത് അഗാധമായ കൃതജ്ഞത അറിയിച്ചു. മൗറീഷ്യസിന്റെ സര്‍വ്വതോമുഖമായ വികസനം ത്വരിതപ്പെടുത്തുന്നതിലും, ഇന്ത്യയുമായുള്ള സഹകരണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലുമായിരിക്കും തന്റെ പുതിയ ഭരണകാലയളവിലെ മുന്‍ഗണനകളെന്ന് പ്രധാനമന്ത്രി ജുഗ്നൗത് അറിയിച്ചു. ഈ ഉദ്യമത്തില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കൂടുതല്‍ സുരക്ഷിതവും, ഭദ്രവും, സമൃദ്ധവുമായ ഒരു മൗറീഷ്യസ് സൃഷ്ടിക്കാനുള്ള അഭിലാഷങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ്ണ മനസ്സോടെയുള്ള പിന്തുണയും, നിരന്തര ഐക്യദാര്‍ഢ്യവും ഉണ്ടാകുമെന്ന് മൗറീഷ്യസിലെ ഗവണ്‍മെന്റിനും, ജനങ്ങള്‍ക്കും ഉറപ്പിക്കാമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പരസ്പര താല്പര്യങ്ങളുടെയും, മുന്‍ഗണനകളുടെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയ മേഖലകള്‍ കണ്ടെത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.