Search

പിഎം ഇന്ത്യപിഎം ഇന്ത്യ

വികസനത്തെക്കുറിച്ചു നവസമീപനം: സന്‍സദ് ആദര്‍ശ് ഗ്രം യോജന


സന്‍സദ് ആദര്‍ശ് ഗ്രാം യോജനയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പദ്ധതി ആരംഭിക്കുന്ന ഘട്ടത്തില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

‘ലഭ്യതയ്ക്കനുസരിച്ചു വികസനമാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് നമ്മുടെ ഏറ്റവും ഗൗരവമേറിയ പ്രശ്‌നങ്ങളിലൊന്ന്. ലഖ്‌നൗവിലോ ഗാന്ധിനഗറിലോ ഡെല്‍ഹിയിലോ പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നു. അതു നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. ലഭ്യതയ്ക്കനുസരിച്ചു പദ്ധതികള്‍ തയ്യാറാക്കുന്ന രീതി മാറ്റി, ആവശ്യത്തിനനുസരിച്ചു പദ്ധതികള്‍ തയ്യാറാക്കുന്ന രീതിക്കു തുടക്കമിടാന്‍ നമുക്ക് ആദര്‍ശ് ഗ്രാമിലൂടെ സാധിക്കണം. ഗ്രാമങ്ങളില്‍ത്തന്നെ പുരോഗതിക്കായുള്ള അഭിനിവേശം ഉണ്ടാകണം.

ഇതിനാകെ ആവശ്യം നമ്മുടെ കാഴ്ചപ്പാടു മാറുകയെന്നതാണ്. ജനമനസ്സുകളെ ഏകോപിപ്പിക്കാന്‍ നമുക്കു സാധിക്കണം. പാര്‍ലമെന്റംഗങ്ങള്‍ക്കു സ്വാഭാവികമായും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പക്ഷേ, അതുകഴിഞ്ഞാല്‍ ഗ്രാമപ്രദേശങ്ങളിലെത്തുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനമില്ല. അവിടെ ഒരു കുടുംബംപോലെയാണ്. ഗ്രാമീണര്‍ക്കൊപ്പമിരുന്നാവും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇതു ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യും.’

ഇന്നത്തെ സങ്കീര്‍ണാവസ്ഥ മുന്‍നിര്‍ത്തി, ഒരു മാതൃകാ ഇന്ത്യന്‍ ഗ്രാമത്തെ സംബന്ധിച്ചു മഹാത്മാഗാന്ധിക്കുണ്ടായിരുന്ന സമഗ്രവീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിനായാണ് 2014 ഒക്ടോബര്‍ 11ന് സാന്‍സദ് ആദര്‍ശ് ഗ്രാമ യോജന(എസ്.എ.ജി.വൈ.)യ്ക്കു തുടക്കമിട്ടത്. ഈ പദ്ധതിപ്രകാരം ഓരോ എം.പിയും ഓരോ ഗ്രാമം ദത്തെടുക്കുകയും സാമൂഹിക വികസനത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നല്‍ നല്‍കി സമഗ്ര വികസനം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു. പ്രാദേശിക വികസനത്തിന്റെയും ഭരണത്തിന്റെയും കാര്യത്തില്‍ മാതൃകാഗ്രാമങ്ങളായിത്തീരേണ്ട ആദര്‍ശ് ഗ്രാമങ്ങള്‍ സമീപ ഗ്രാമങ്ങള്‍ക്കു വഴികാട്ടികളിയാത്തീരണമെന്നാണ് ഉദ്ദേശിക്കുന്നത്.

ഗ്രാമീണരുടെ പിന്തുണയോടെ, ശാസ്ത്രീയമായ ഉപാധികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് എം.പിയുടെ നേതൃത്വത്തില്‍ ഗ്രാമവികസനപദ്ധതി തയ്യാറാക്കുന്നു. തുടര്‍ന്നു വിവിധ വകുപ്പുകള്‍ വിശദമായ പദ്ധതിറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സംസ്ഥാന ഗവണ്‍മെന്റിനു സമര്‍പ്പിക്കും. സ്റ്റേറ്റ് ലെവല്‍ എംപവേഡ് കമ്മിറ്റി (എസ്.എല്‍.ഇ.സി.) ഇതു പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്‍ഗണനാക്രമം നിശ്ചയിക്കുന്നു. എസ്.എ.ജി.വൈ. ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കുന്നതിനായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും 21 പദ്ധതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

എം.പിയുടെ അധ്യക്ഷതയില്‍ ജില്ലാതലത്തില്‍ ഓരോ ഗ്രാമപഞ്ചായത്തിനുമായി പ്രതിമാസ അവലോകനയോഗങ്ങള്‍ നടത്തുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ സംബന്ധിക്കുന്ന യോഗത്തില്‍ പ്രവര്‍ത്തനപുരോഗതി സംസ്ഥാന ഗവണ്‍മെന്റ് പ്രതിനിധി വിശദീകരിക്കും. 2016 ആകുമ്പോഴേക്കും ഓരോ പാര്‍ലമെന്റംഗവും ഓരോ ഗ്രാമങ്ങളെ വീതം മാതൃകാഗ്രാമങ്ങളാക്കിത്തീര്‍ക്കുമെന്നും 2019 ആകുമ്പോഴേക്ക് രണ്ടു വീതം ഗ്രാമങ്ങളില്‍ക്കൂടി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നും ആണു പ്രതീക്ഷിക്കുന്നത്. 2024 ആകുമ്പോഴേക്കും ഓരോ എം.പിയും അഞ്ചു ഗ്രാമങ്ങള്‍കൂടി മാതൃകാഗ്രാമങ്ങളാക്കിത്തീര്‍ക്കും. ഇതിനകം വിവിധ എം.പിമാര്‍ 696 ഗ്രാമപഞ്ചായത്തുകള്‍ ദത്തെടുത്തുകഴിഞ്ഞു.

38b66ffa-b41b-450c-9b2d-936149fb7870 [ PM India 57KB ]

പദ്ധതി നടപ്പാക്കുന്നതിനായി ഓരോ ജില്ലാ കലക്ടറും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഓരോ ഗ്രാമത്തിന്റെയും ചാര്‍ജ് ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ഒമ്പതു മേഖലാകേന്ദ്രങ്ങളിലായി ഇത്തരം 653 ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് ഗ്രാമവികസനമന്ത്രാലയം പരിശീലനം നല്‍കിക്കഴിഞ്ഞു. എം.പിമാര്‍ക്കും സംസ്ഥാന ഗവണ്‍മെന്റ് പ്രതിനിധികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും ഗ്രാമപ്രധാന്‍മാര്‍ക്കുമായി 2015 സെപ്റ്റംബര്‍ 23നും 24നുമായി ഒരു ദേശീയശില്‍പശാല ഭോപ്പാലില്‍ ഗ്രാമവികസനമന്ത്രാലയം സംഘടിപ്പിച്ചിരുന്നു. മാതൃകാപ്രവര്‍ത്തനശൈലി പ്രദര്‍ശനത്തിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. എസ്.എ.ജി.വൈ. പഞ്ചായത്തുകളുടെ പുരോഗതി നിരീക്ഷിക്കാന്‍ 35 സൂചികകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് ദര്‍പ്പണ്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചില വിജയഗാഥകള്‍

ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയിലെ ട്രെഹ്ഗം ബ്ലോക്കിലെ ലദേര്‍വന്‍ ഗ്രാമത്തിലെ ജനതയുടെ ജീവിതോപാധി പ്രധാനമായും കൃഷിയാണ്. ശാസ്ത്രീയ കൃഷിരീതി പ്രോല്‍സാഹിപ്പിക്കുന്നതിനായി 379 കര്‍ഷകരുടെ മൊബൈല്‍ നമ്പരുകള്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര(കെ.വി.കെ.)യുമായി ബന്ധപ്പെടുത്തി. കാലാവസ്ഥാപ്രവചനം സംബന്ധിച്ചും ഓരോ വിളവിനും ഓരോ ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും കെ.വി.കെ. കര്‍ഷകര്‍ക്ക് എസ്.എം.എസ്സുകള്‍ അയക്കും. ലോക്‌സഭാംഗമായ ശ്രീ. മുസഫര്‍ ഹുസൈന്‍ ബെയ്ഗിന്റെ നേതൃത്വത്തിലാണിതു നടപ്പാക്കിയത്. ഇതേത്തുടര്‍ന്ന്, കൃഷി സംബന്ധിച്ചു കര്‍ഷകര്‍ക്കു യഥാസമയം അറിവു ലഭിക്കുന്നു. വിളവെടുപ്പ്, മണ്ണു പരിശോധന, വിളസംരക്ഷണം, കൃഷിരീതികള്‍, വിളവെടുപ്പിനുശേഷം ഉപയോഗപ്പെടുത്താവുന്ന സാങ്കേതികവിദ്യകള്‍, വിപണി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നു. ഇതു കാര്യങ്ങള്‍ മുന്‍കൂറായി മനസ്സിലാക്കി ഉല്‍പാദനത്തെക്കുറിച്ചും വിപണനത്തെക്കുറിച്ചുമൊക്കെ തീരുമാനമെടുക്കാന്‍ സഹായകമാകുന്നു.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ മറവമംഗലമാണു രാജ്യസഭാംഗം ഡോ. ഇ.എം.സുദര്‍ശന നാച്ചിയപ്പന്‍ ആദര്‍ശഗ്രാമമായി തെരഞ്ഞെടുത്തത്. അദ്ദേഹം വികസനത്തിനുള്ള സാധ്യതകള്‍ തേടുകയും ഗ്രാമ്യജീവിതം പ്രോല്‍സാപ്പിക്കാനുള്ള വഴികളെക്കുറിച്ചു ചിന്തിക്കുകയും ചെയ്തു. കയര്‍, തുകല്‍, തേങ്ങ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനപദ്ധതി തയ്യാറാക്കി പ്രോല്‍സാഹിപ്പിച്ചു. ജില്ലാ ഭരണകൂടവുമായും അളഗപ്പ സര്‍വകലാശാലയുമായും ചേര്‍ന്നു പല ബോധവല്‍ക്കരണ പരിപാടികളും എം.പി. നടത്തി. കയര്‍ബോര്‍ഡിന്റെയും നാളികേരവികസന ബോര്‍ഡിന്റെയും സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടെ വിദഗ്ധരെ വരുത്തി ജനങ്ങള്‍ക്കു പരിശീലനം നല്‍കി. ഗ്രാമീണരെ നല്ല സംരംഭകരാക്കിത്തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ടു മാസത്തെ കയര്‍പരിശീലന പദ്ധതി പരിശീലനകേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കി. കയര്‍ മേഖലയെക്കുറിച്ചുള്ള പരിശീലനത്തിന് 120 സ്ത്രീകളും തുകല്‍പരിശീലനത്തിന് 112 പേരും തേങ്ങയെക്കുറിച്ചുള്ള പരിശീലനത്തിന് 27 പുരുഷന്മാരും റജിസ്റ്റര്‍ ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ജില്ലാ ഭരണകൂടവും പരിശീലനകേന്ദ്രങ്ങളും സഹകരിച്ച് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കു സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തും.

ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംങ്ഭൂമിലെ ബംഗുര്‍ദ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത ശ്രീ. വിദ്യുത് ബാരന്‍ മഹാതോ, ഗ്രാമപ്രദേശങ്ങളില്‍ താരുണ്യവതികളായ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ആരോഗ്യ, ശുചിത്വപ്രശ്‌നങ്ങള്‍ ഗൗരവമാണെന്നു തിരിച്ചറിഞ്ഞു. പോഷകക്കുറവു പോലുള്ള അനാരോഗ്യകരമായ സ്ഥിതി നിലനില്‍ക്കുന്നുണ്ടെന്നും സ്ത്രീകളിലും പെണ്‍കുട്ടികളിലുമാണ് ഇതു കൂടുതലെന്നും കണ്ടെത്തി. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒട്ടേറെ ആരോഗ്യപരിശോധനാ ക്യാംപുകള്‍ എം.പി. മുന്‍കയ്യെടുത്തു സജ്ജീകരിച്ചു. കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ സംഘടിപ്പിച്ച ക്യാംപില്‍ 188 പെണ്‍കുട്ടികള്‍ പങ്കെടുത്തു. അവരില്‍ പലര്‍ക്കും സ്ത്രീരോഗങ്ങള്‍ പലതുമുണ്ടെന്നും മൂത്രനാളിയില്‍ അണുബാധയുണ്ടെന്നും ത്വക്‌രോഗങ്ങളുണ്ടെന്നും അവ പുറത്തുപറയാന്‍ മടിച്ചുനില്‍ക്കുകയായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.

ഇതില്‍ പല രോഗങ്ങള്‍ക്കും കാരണം വൃത്തിബോധമില്ലാതെ ജീവിക്കുന്നതുകൊണ്ടും ചുറ്റുപാടുകള്‍ മലീമസമായതുകൊണ്ടുമാണെന്നു നിരീക്ഷണത്തില്‍ വ്യക്തമായി. വ്യക്തിശുചിത്വത്തിന്റെ പ്രസക്തിയെക്കുറിച്ചു സ്ത്രീകളിലും പെണ്‍കുട്ടികളിലും ബോധവല്‍ക്കരണം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. ഗ്രാമങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കേണ്ട ഒരു പ്രവര്‍ത്തനമായിരിക്കും ഇത്.

ലോഡിംഗ് ... Loading