Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു


സര്‍വകക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. സംബന്ധിച്ച എല്ലാ പ്രമുഖ കക്ഷികളുടെയും നേതാക്കള്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ പങ്കുവെച്ചു.
രാജ്യസഭയുടെ 250ാമതു സമ്മേളനം നടക്കാന്‍ പോകുന്ന സവിശേഷ വേളയാണ് ഇതെന്നും ഇതിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ പോലെ നാനാത്വം നിറഞ്ഞ രാജ്യത്തിന് ഏറ്റവും ഉപരിയായ ഭരണ സ്ഥാപനങ്ങളുടെ ചട്ടക്കൂടു പ്രദാനം ചെയ്യുന്നതില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനും ഇന്ത്യന്‍ ഭരണഘടനയ്ക്കുമുള്ള അനന്യമായ കരുത്ത് ഉയര്‍ത്തിക്കാട്ടാന്‍ സഹായകമാണ് ഉപരിസഭയുടെ 250ാമതു സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവിന്റെ 150ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണു സമ്മേളനം ചേരുന്നതെന്നതിനാലും ഇതു സവിശേഷമാണെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിയും മലിനീകരണവും, സമ്പദ്‌വ്യവസ്ഥ, കാര്‍ഷിക രംഗവും കര്‍ഷകരും, സ്ത്രീകളുടെ അവകാശങ്ങള്‍, സമൂഹത്തിലെ യുവാക്കളും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരും എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിയമ നിര്‍മാണവും നയരൂപീകരണവും നടത്തുന്നതിന് എല്ലാ പാര്‍ട്ടികളുമായും ചേര്‍ന്നു സൃഷ്ടിപരമായി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുമെന്നു വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളോടു പ്രതികരിക്കവേ പ്രധാനമന്ത്രി വിശദീകരിച്ചു.
പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനം ഭംഗിയായി നടത്തിയതിന് ഇരു സഭകളുടെയും അധ്യക്ഷന്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. ഗവണ്‍മെന്റിന്റെ നിയമനിര്‍മാണ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു ജനങ്ങളില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ ഇതു സഹായകമായെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ പുതുതായി പാര്‍ലമെന്റില്‍ അംഗങ്ങളായവരുടെ സജീവമായ പങ്കാളിത്തത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സൃഷ്ടിപരമായ ഇടപെടല്‍ വരുന്ന സമ്മേളനത്തെ ഫലപ്രദവും ഉല്‍പാദനപരവും ആക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

***