Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്രസംഘടനയുടെ ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അംഗീകരിക്കല്‍


ഐക്യരാഷ്ട്രസംഘടനയുടെ ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അംഗീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇത് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിലും സമാഹരിക്കുന്നതിലും പുറത്തുവിടുന്നതിലും സ്വാതന്ത്ര്യവും പക്ഷപാതമില്ലായ്മയും ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാനും പ്രവര്‍ത്തനരീതിയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും സഹായകമാകും. ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അനുവര്‍ത്തിക്കുന്നത് ഒരു ദേശീയ നയം രൂപീകരിക്കുന്നതിന് ഗുണകരമാകുമെന്ന നേട്ടവുമുണ്ട്.

ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച പത്തു ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇവയാണ്:

1. ഗവണ്‍മെന്റിനും സമ്പദ്‌വ്യവസ്ഥയ്ക്കും പൊതുജനങ്ങള്‍ക്കും സാമ്പത്തികവും ജനസംഖ്യാപരവും സാമൂഹികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവു പ്രദാനം ചെയ്യുകവഴി ഒൗദ്യോഗിക സ്ഥിതിവിവരക്കണക്ക് ഒരു ജനാധിപത്യസമൂഹത്തിലെ വിവരദായകസംവിധാനത്തിലെ നിര്‍ണായകഘടകമാണ് ലഭ്യമാക്കുന്നത്.

2. വിവരശേഖരണത്തിലും ക്രോഡീകരണത്തിലും അവതരണത്തിലും തൊഴില്‍പരമായ ധാര്‍മികതയും ശാസ്ത്രീയമായ പ്രവര്‍ത്തനരീതിയും ഉറപ്പാക്കുക വഴി സ്ഥിതിവിവരക്കണക്കു ശേഖരിക്കുന്ന ഏജന്‍സികള്‍ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം.

3. ലഭ്യമാക്കുന്ന വിവരങ്ങളുടെ ശരിയായ രീതിയിലുള്ള വ്യാഖ്യാനം സാധ്യമാക്കുന്നതിനായി സ്രോതസ്സിനെയും പ്രവര്‍ത്തനവഴികളെയും രീതികളെയുംകുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സ്ഥിതിവിവരക്കണക്കു ശേഖരിക്കുന്ന ഏജന്‍സികള്‍ ശ്രദ്ധിക്കണം.

4. സ്ഥിതിവിവരക്കണക്കുകളുടെ ദുരുപയോഗവും തെറ്റായ വ്യാഖ്യാനവും ചൂണ്ടിക്കാണിക്കാനുള്ള അവകാശം സ്ഥിതിവിവരക്കണക്കു ശേഖരിക്കുന്ന ഏജന്‍സികള്‍ക്കുണ്ടായിരിക്കും.

5. സ്ഥിതിവിവരക്കണക്കു തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ സര്‍വേകളില്‍നിന്നോ ഭരണരേഖകളില്‍നിന്നോ മറ്റേതു സ്രോതസ്സില്‍നിന്നോ നേടിയെടുക്കാവുന്നതാണ്. ഗുണമേന്മയും ചെലവും ബാധ്യതയും സമയനിഷ്ഠയുമൊക്കെ പരിശോധിച്ച് സ്ഥിതിവിവരക്കണക്കു ശേഖരിക്കുന്ന ഏജന്‍സികള്‍ക്കു തീരുമാനിക്കാം, ഏതു സ്രോതസ്സില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പടുത്താമെന്ന്.

6. സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കാനായി ശേഖരിക്കുന്ന വ്യക്തിനിഷ്ഠമായ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. ഇത് സ്ഥിതിവിവരക്കണക്കു തയ്യാറാക്കാന്‍വേണ്ടി മാത്രമേ ഉപയോഗപ്പെടുത്താവൂ.

7. സ്ഥിതിവിവരക്കണക്കു തയ്യാറാക്കുന്നതു സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പരസ്യപ്പെടുത്തണം.

8. സ്ഥിതിവിവരക്കണക്കു തയ്യാറാക്കുന്ന പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സ്ഥിതിവിവരക്കണക്കു തയ്യാറാക്കുന്ന രാജ്യത്തെ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതുണ്ട്.

9. സ്ഥിതിവിവരക്കണക്കു തയ്യാറാക്കുന്ന ഓരോ ഏജന്‍സിയും രാജ്യാന്തര നിലവാരത്തിലുള്ള ധാരണകള്‍ക്കും വര്‍ഗീകരണത്തിനും രീതികള്‍ക്കും അനുസരിച്ചു പ്രവര്‍ത്തിക്കുന്നത് എല്ലാ തലത്തിലും സ്ഥിതിവിവരക്കണക്കു ശേഖരണ സമ്പ്രദായത്തിന്റെ തുടര്‍ച്ചയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാന്‍ സഹായിക്കും.

10. സ്ഥിതിവിവരക്കണക്കു തയ്യാറാക്കുന്നതിലുള്ള ഉഭയകക്ഷിപരവും ബഹുകക്ഷിപരവുമായ സഹകരണം എല്ലാ രാജ്യത്തെയും ഔദ്യോഗിക സ്ഥിതിവിവരക്കണക്കു ശേഖരണ സമ്പ്രദായം മെച്ചപ്പെടുന്നതിനു വഴിവെക്കും.