Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഒക്‌ടോബര്‍ 27ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


(മനസ്സ് പറയുന്നത് -അഞ്ചാം ലക്കം)

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കു നമസ്‌കാരം. ഇന്ന് ദീപാവലിയുടെ പുണ്യദിനമാണ്. നിങ്ങള്‍ക്കേവര്‍ക്കും അനേകം ദീപാവലി ആശംസകള്‍.
ശുഭം കരോതി കല്യാണം ആരോഗ്യം ധനസമ്പദാം
ശത്രുബുദ്ധിവിനാശായ ദീപജ്യോതിര്‍നമോസ്തുതേ.

എത്ര മഹത്തായ സന്ദേശമാണ്. പ്രകാശം ജീവിതത്തില്‍ സുഖവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നു. അത് വിപരീതബുദ്ധി ഇല്ലാതെയാക്കി സദ്ബുദ്ധിയേകുന്നു. അങ്ങനെയുള്ള ദിവ്യജ്യോതിക്ക് എന്റെ പ്രണാമം. നാം പ്രകാശത്തെ പ്രസരിപ്പിക്കുക, സകാരാത്മകത പ്രസരിപ്പിക്കുക, ശത്രുതാമനോഭാവത്തെ ഇല്ലാതെയാക്കാന്‍ പ്രാര്‍ത്ഥിക്കുക എന്നതിനേക്കാള്‍ നല്ല എന്തു ചിന്താഗതിയാണ് ഈ ദീപാവലിക്ക് സമര്‍പ്പിക്കാന്‍ ഉണ്ടാവുക. ഇക്കാലത്ത് ലോകത്തെ പല രാജ്യങ്ങളിലും ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. ഭാരതീയ സമൂഹം മാത്രമല്ല മറിച്ച് പല രാജ്യങ്ങളിലെ ഗവണ്‍മെന്റുകളും അവിടത്തെ പൗരന്മാരും അവിടത്തെ സാമൂഹിക സംഘടനകളും ദീപാവലി തികഞ്ഞ സന്തോഷത്തോടും ഉല്ലാസത്തോടും കൂടി ആഘോഷിക്കുന്നു എന്നതാണ് ഈ ആഘോഷത്തിന്റെ വൈശിഷ്ട്യം. ഇങ്ങനെ അവിടെ ഭാരതത്തിന്റെ   ഒരു സൂക്ഷ്മ ലോകം കാട്ടിത്തരുകയാണ് ചെയ്യുന്നത്.
സുഹൃത്തുക്കളേ, ലോകത്ത് ആഘോഷവുമായി ബന്ധപ്പെട്ട  വിനോദസഞ്ചാരം ഫെസ്റ്റിവല്‍ ടൂറിസത്തിന് അതിന്റെതായ ആകര്‍ഷണമുണ്ട്. ആഘോഷങ്ങളുടെ നാടായ നമ്മുടെ ഭാരതത്തില്‍ ആഘോഷവുമായി ബന്ധപ്പെട്ട  വിനോദസഞ്ചാരത്തിന് അതിന്റെതായ സാധ്യതകളുണ്ട്. ഹോളിയോ  ദീപാവലിയോ  ഓണമോ പൊങ്കലോ ബിഹുവോ എന്താണെങ്കിലും ആഘോഷങ്ങള്‍ക്ക് പ്രചാരമേകാനും ആഘോഷങ്ങളുടെ സന്തോഷത്തില്‍ മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ജനങ്ങളെക്കൂടി പങ്കെടുപ്പിക്കുവാനും നാം ശ്രമിക്കേണ്ടതാണ്. നമ്മുടെ നാട്ടില്‍ എല്ലാ പ്രദേശങ്ങള്‍ക്കും തങ്ങളുടേതായ വൈവിധ്യങ്ങളുള്ള ആഘോഷങ്ങളുണ്ട്. മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് ഇവയോട് വിശേഷാല്‍ താത്പര്യം തോന്നുന്നു. അതുകൊണ്ട് ഭാരതത്തില്‍, ഫെസ്റ്റിവല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ രാജ്യത്തിനു പുറത്തു ജീവിക്കുന്ന ഭാരതീയരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഈ ദീപാവലിക്ക് വേറിട്ട ചിലതു ചെയ്യണമെന്ന് കഴിഞ്ഞ മന്‍ കീ ബാതില്‍ നാം നിശ്ചയിക്കയുണ്ടായി. ഞാന്‍ പറഞ്ഞിരുന്നു, – വരൂ നാമുക്കെല്ലാം ചേര്‍ന്ന് ഇപ്രാവശ്യം ദീപാവലിക്ക് ഭാരതത്തിന്റെ സ്ത്രീശക്തിയും അതിന്റെ നേട്ടങ്ങളും ആഘോഷിക്കാം, അതായത് ഭാരതത്തിന്റെ ലക്ഷ്മിയെ ആദരിക്കാം എന്ന്.  നോക്കിയിരിക്കെ, ഉടന്‍തന്നെ സമൂഹമാധ്യമങ്ങളില്‍ അസംഖ്യം പ്രേരണയേകുന്ന കഥകള്‍ വളരെയേറെ പ്രത്യക്ഷപ്പെട്ടു. വാറംഗലിലെ കൊഡിപക രമേശ് നമോ ആപ് ല്‍ എഴുതി, എന്റെ അമ്മ എന്റെ ശക്തിയാണ്. 1990 ല്‍ എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ എന്റെ അമ്മ അഞ്ച് മക്കളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു. ഇന്ന് ഞങ്ങള്‍ അഞ്ചു സഹോദരന്മാരും നല്ല ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്റെ അമ്മയാണ് എന്നെ സംബന്ധിടത്തോളം ദൈവം എനിക്ക് എല്ലാമുണ്ട്, അമ്മ ശരിക്കും ഭാരതലക്ഷ്മിയാണ്.
രമേശ്ജീ, അങ്ങയുടെ അമ്മയ്ക്ക് എന്റെ പ്രണാമങ്ങള്‍., ട്വിറ്ററില്‍ ആക്ടീവായിരിക്കുന്ന ഗീതികാ സ്വാമി പറയുന്നത് അവര്‍ക്ക് ബസ് കണ്ടക്ടറിന്റെ പുത്രിയായ, അസം റൈഫിള്‍സിന്റെ ആള്‍-വിമന്‍ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച മേജര്‍ കുശ്ബൂ കന്‍വര്‍ ഭാരതലക്ഷ്മിയാണ്. കവിതാ തിവാരിക്ക് അവരുടെ മകള്‍ ഭാരതലക്ഷ്മിയും അവരുടെ തന്നെ ശക്തിയുമാണ്. തന്റെ മകള്‍ മികച്ച ചിത്രകാരിയാണെന്നതില്‍ അവര്‍ക്ക് വലിയ അഭിമാനമാണ്. ആ മകള്‍ ക്ലാറ്റ് (CLAT) പരീക്ഷയില്‍ നല്ല റാങ്ക് നേടുകയുണ്ടായി. അതേസമയം മേഘാ ജയിന്‍ എഴുതുന്നത് വര്‍ഷങ്ങളായി ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷനില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്ന 92 വയസ്സുള്ള ഒരു വൃദ്ധയെക്കുറിച്ചാണ്. മേഘാജീ, ഈ ഭാരതലക്ഷ്മിയുടെ വിനയവും കരുണയും വളരെയധികം പ്രേരണയേകുന്നു. ഇതുപോലുള്ള അനേകം കഥകള്‍ ആളുകള്‍ ഷെയര്‍ ചെയ്യുകയുണ്ടായി. നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം,   പ്രചോദനം ഉള്‍ക്കൊള്ളണം ഇതുപോലെ നിങ്ങളുടെ അടുത്തുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യൂ… ഞാന്‍ ഈ എല്ലാ ഭാരതലക്ഷ്മിമാരെയും വിനയപൂര്‍വ്വം നമിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, പതിനേഴാം നൂറ്റാണ്ടിലെ സുപ്രസിദ്ധ കവയിത്രി സാഞ്ചി ഹൊന്നമ്മ, പതിനേഴാം നൂറ്റാണ്ടില്‍ കന്നഡ ഭാഷയില്‍ ഒരു കവിത എഴുതി. ആ കവിതയിലെ വികാരം, അതിലെ വാക്കുകള്‍ ഇപ്പോള്‍ നാം പറയുന്ന കാര്യങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിലേ എഴുതി വയ്ക്കപ്പെട്ടു എന്ന ഒരു ബോധമാണ് നമുക്കു പ്രദാനം ചെയ്യുന്നത്. എത്ര മഹത്തായ വാക്കുകള്‍, എത്ര മഹത്തായ ഭാവവൈശിഷ്ട്യം, എത്ര നല്ല ചിന്താഗതിയാണ് കന്നടഭാഷയിലെ ഈ കവിതയിലുള്ളത്!
പൈന്നിദാ പര്‍മെഗൊംഡനു ഹിമാവംതനു
പൈന്നിദാ ഭൃഗു പര്‍ചിദാനു
പൈന്നിദാ ജനകരായനു ജസുവലീദനൂ
അതായത് പര്‍വ്വതരാജന്‍ ഹിമവാന്‍ തന്റെ മകള്‍ പാര്‍വ്വതി കാരണം,  ഭൃഗുമുനി  തന്റെ മകള്‍ ലക്ഷ്മി കാരണം, ജനകരാജാവ് തന്റെ മകള്‍ സീത കാരണം പ്രസിദ്ധി നേടി. നമ്മുടെ പുത്രിമാര്‍ നമ്മുടെ അഭിമാനമാണ്. ഈ പുത്രിമാരുടെ മാഹാത്മ്യം കൊണ്ടാണ് നമ്മുടെ സമൂഹത്തിന് ഒരു ബലപ്പെട്ട വ്യക്തിത്വുമുള്ളത്, ഉജ്ജ്വലമായ ഒരു ഭാവിയുള്ളത്.
പ്രിയപ്പെട്ട ജനങ്ങളേ, 2019 നവംബര്‍ 12 ന് ലോകമെങ്ങും ഗുരുനാനക് ദേവിന്റെ 550 -ാം ജന്മവാര്‍ഷികം ആഘോഷിക്കപ്പെടും. ഗുരുനാനക് ദേവിന്റെ സ്വാധീനം ഭാരതത്തില്‍ മാത്രമല്ല, വിശ്വമെങ്ങുമുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും നമ്മുടെ സിഖ് സഹോദരീ സഹോദരന്മാര്‍ താമസിക്കുന്നുണ്ട്; അവര്‍ ഗുരുനാനക് ദേവിന്റെ ആദര്‍ശങ്ങളോട് പൂര്‍ണ്ണ സമര്‍പ്പണമുള്ളവരാണ്.  വാന്‍കൂവറിലെയും ടെഹ്‌റാനിലെയും ഗുരുദ്വാരകളില്‍ ഞാന്‍ പോയത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. നിങ്ങളുമായി പങ്കു വയ്ക്കാനാകുന്ന  ശ്രീ ഗുരുനാനക് ദേവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും എന്റെ മനസ്സിലുണ്ട്, എന്നാല്‍ അതിന് മന്‍ കീ ബാതിന്റെ പല എപ്പിസോഡുകള്‍ വേണ്ടി വരും. അദ്ദേഹം എന്നും സേവനത്തെ സര്‍വ്വോപരിയായി കണ്ടു. നിസ്വാര്‍ഥമായി ചെയ്ത സേവനത്തിന് വിലമതിക്കാനാവില്ലെന്ന് ഗുരുനാനക് ദേവ് കരുതിയിരുന്നു. അദ്ദേഹം തൊട്ടുകൂടായ്മ പോലെയുള്ള പല തിന്മകള്‍ക്കുമെതിരെ ഉറച്ചു നിന്നു. ശ്രീ ഗുരുനാനക് ദേവ്ജി തന്റെ സന്ദേശം ലോകത്ത് ദൂരെ ദൂരെ എത്തിച്ചു. അദ്ദേഹം അക്കാലത്ത് ഏറ്റവുമധികം യാത്ര ചെയ്യുന്ന ആളായിരുന്നു. പല സ്ഥലങ്ങളില്‍ പോയി, പോയിടത്തെല്ലാം തന്റെ ലാളിത്യവും വിനയവും സാധാരണക്കാരനെപ്പോലുള്ള പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും മനം കവര്‍ന്നു. ഗുരുനാനക് ദേവ് ജീ നടത്തിയ മഹത്തായ ധാര്‍മ്മിക യാത്രകളെ ഉദാസി എന്നാണ് പറയപ്പെടുന്നത്. സന്മനോഭാവത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി  അദ്ദേഹം വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറു ദിക്കുകളിലേക്ക് പോയി, എല്ലായിടത്തും ജനങ്ങളെയും  സന്യാസികളെയും ഋഷിമാരെയും നേരിട്ടു കണ്ടു. അസമിലെ സുപ്രസിദ്ധനായ സന്ത് ശങ്കര്‍ദേവും ഇദ്ദേഹത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടതായി കരുതപ്പെടുന്നു. അദ്ദേഹം പുണ്യഭൂമിയായ ഹരിദ്വാറിലേക്കു പോയി. കാശിയിലെ ഗുരുബാഗ ഗുരുദ്വാര എന്ന പവിത്ര സ്ഥലത്തെക്കുറിച്ചു പറയുന്നത് ശ്രീ ഗുരുനാനക് ദേവ്ജി അവിടെ താമസിച്ചിട്ടുണ്ടെന്നാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട രാജ്ഗീര്‍, ഗയ പോലുള്ള പുണ്യസ്ഥലങ്ങളിലും പോയി. ദക്ഷിണേന്ത്യയില്‍ ശ്രീ ഗുരുനാനക് ദേവ് ജി ശ്രീലങ്കയോളം പോയിട്ടുണ്ട്. കര്‍ണാടകത്തില്‍ ബീദറിലേക്കുള്ള യാത്രയില്‍ ഗുരുനാനക് ദേവ്ജി അവിടത്തെ വെള്ളത്തിന്റെ പ്രശ്‌നത്തിനു പരിഹാരം കാണുകയുണ്ടായി. ബീദറില്‍ ഗുരുനാനക് ജീരാ സാഹബ് എന്നു പ്രസിദ്ധമായ ഒരു സ്ഥലമുണ്ട്. അത് ഗുരുനാനക് ദേവ്ജിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇതുപോലുള്ള ഒരു യാത്രയ്ക്കിടയില്‍ ഗുരുനാനക്ജി ഉത്തരഭാരത്തില്‍ കശ്മീരിലും ചുറ്റുപാടുകളിലും യാത്ര ചെയ്യുകയുണ്ടായി. ഇതിലൂടെ സിഖ് അനുയായികളും കശ്മീരും തമ്മില്‍ വളരെ ശക്തമായ ബന്ധം സ്ഥാപിതമായി. ഗുരുനാനക് ദേവ്ജി തിബത്തിലും പോവുകയുണ്ടായി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ ഗുരുവായി കണക്കാക്കി. അദ്ദേഹം പോയിട്ടുള്ള ഉസ്‌ബെകിസ്ഥാനിലും അദ്ദേഹം പൂജനീയനാണ്. യാത്രയുടെ ഭാഗമായി അദ്ദേഹം ഇസ്ലാമിക രാജ്യങ്ങളിലും പോയിട്ടുണ്ട്. അക്കൂട്ടത്തില്‍ സൗദി അറേബ്യ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു. അദ്ദേഹം ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഇടം പിടിച്ചു, അവര്‍ തികഞ്ഞ ആദരവോടെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അനുസരിച്ചു, ഇന്നും അനുസരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഏകദേശം 85 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ ദില്ലി വഴി അമൃത്‌സറിലേക്കുപോയി. അവിടെ അവര്‍ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗുരുനാനക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികം പ്രമാണിച്ചായിരുന്നു ഇത്. അവിടെ ഈ നയതന്ത്ര പ്രതിനിനിധികള്‍ക്ക് സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനത്തിനൊപ്പം സിഖ് പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും അറിയാനുള്ള അവസരവും ലഭിച്ചു. അതിനുശേഷം പല അംബാസഡര്‍മാരും അവിടത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വളരെ അഭിമാനത്തോടെ നല്ല അനുഭവങ്ങളെക്കുറിച്ച് എഴുതി. ഗുരുനാനക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികം അദ്ദേഹത്തിന്റെ ചിന്താഗതികളും ആദര്‍ശങ്ങളും നമ്മുടെ ജീവിതത്തില്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കൂടുതല്‍ പ്രേരണയാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  ഒരിക്കല്‍ കൂടി നമ്രശിരസ്‌കനായി ഗുരുനാനക്‌ദേവ്ജിയെ നമിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഒക്‌ടോബര്‍ 31 നിങ്ങള്‍ക്കേവര്‍ക്കും ഓര്‍മ്മയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്ന് ഈ രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്ത, ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മജയന്തിയാണ്. സര്‍ദാര്‍പട്ടേലിന് ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ആശ്ചര്യപ്പെടുത്തുന്ന കഴിവുണ്ടായിരുന്നു, അതോടൊപ്പം വൈകാരികമായി അഭിപ്രായവ്യത്യാസമുള്ളവരുമായിപ്പോലും പൊരുത്തപ്പെടുകയും ചെയ്തിരുന്നു. സര്‍ദാര്‍ പട്ടേല്‍ ഓരോ ചെറിയ കാര്യത്തെയും കൂലങ്കഷമായി ആഴത്തില്‍ കാണുകയും പഠിക്കുകയും ചെയ്തിരുന്നു. ശരിയായ അര്‍ഥത്തില്‍ വിശകലനത്തിന്റെ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇതോടൊപ്പം സംഘടനാശേഷിയിലും മികവു പുലര്‍ത്തിയിരുന്നു. പദ്ധതികള്‍ തയ്യാറാക്കുന്നതിലും  യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിലും അദ്ദേഹം നൈപുണ്യം നേടിയിരുന്നു. സര്‍ദാര്‍ സാഹബിന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് എത്ര ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാകും. 1921 ല്‍ അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങും നിന്ന് ആയിരക്കണക്കിന് ആളുകള്‍ പ്രതിനിധികളായി എത്തിയിരുന്നു. മഹാസമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ ഏര്‍പ്പാടുകളും ചെയ്യേണ്ട ഉത്തരവാദിത്തം പട്ടേല്‍ജിക്കായിരുന്നു. നഗരത്തിലെ ജലവിതരണസംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം ഈ അവസരം വിനിയോഗിച്ചു. ആര്‍ക്കും ജലത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഉറപ്പാക്കി. എന്നുമാത്രമല്ല, സമ്മേളനസ്ഥലത്ത് ഏതെങ്കിലും പ്രതിനിധിയുടെ എന്തെങ്കിലും സാധനസാമഗ്രി, ചെരുപ്പ് തുടങ്ങിയ മോഷണം പോകുമോ  എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ഇത് മനസ്സില്‍ വച്ചുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ചെയ്തതെന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. അദ്ദേഹം കര്‍ഷകരുമായി ബന്ധപ്പെട്ടു, ഖാദി ബാഗുകള്‍ ഉണ്ടാക്കുവാന്‍ പറഞ്ഞു. കര്‍ഷകര്‍ ബാഗുണ്ടാക്കി, പ്രതിനിധികള്‍ക്കു വിറ്റു. ഈ ബാഗുകളില്‍ ചെരുപ്പിട്ട് സൂക്ഷിച്ചതുകാരണം പ്രതിനിധികള്‍ക്ക് ചെരുപ്പ് മോഷണം പോകുമെന്ന ഭയം വേണ്ടാതായി. മറുവശത്ത് ഖാദി വില്പനയിലും വളരെ വര്‍ധനവുണ്ടായി. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എടുത്തുപറയാവുന്ന പങ്കു നിര്‍വ്വഹിച്ചതില്‍ നമ്മുടെ രാജ്യം സര്‍ദാര്‍ പട്ടേലിനോട് എന്നും കൃതജ്ഞതപ്പെട്ടിരിക്കും. മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയെന്ന മഹത്തായ കാര്യം അദ്ദേഹം ചെയ്തു, അതിലൂടെ ജാതി-മതാടിസ്ഥാനത്തില്‍ ഒരു തരത്തിലുമുള്ള വ്യത്യാസം കാട്ടുന്നതിനുള്ള സാധ്യത ഇല്ലാതെയായി.
സുഹൃത്തുക്കളേ, നമുക്കറിയാം, ഭാരതത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേല്‍, നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുകയെന്ന ഭഗീരഥപ്രയത്‌നം, ചരിത്രം കുറിക്കുന്ന കൃത്യം നിര്‍വ്വഹിച്ചു. എല്ലാത്തിലും നോട്ടമെത്തിക്കുക എന്നത് സര്‍ദാര്‍ വല്ലഭഭായിയുടെ വൈശിഷ്ട്യമായിരുന്നു. ഒരു വശത്ത് അദ്ദേഹത്തിന്റെ നോട്ടം ഹൈദരബാദ്, ജൂനാഗഢ്, മറ്റു നാട്ടു രാജ്യങ്ങളിലുമൊക്കെയായിരുന്നുവെങ്കില്‍ മറുവശത്ത് ദൂരെ ലക്ഷദ്വീപിലും കണ്ണുപെടാതിരുന്നില്ല. ഇപ്പോള്‍ നാം സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ശ്രമങ്ങളുടെ കാര്യം പറയുമ്പോള്‍, രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് ചില പ്രത്യേക നാട്ടുരാജ്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ലക്ഷദ്വീപിനെപ്പോലെ വളരെ ചെറിയ ഒരിടത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ പങ്ക് മഹത്തായിരുന്നു. ഇക്കാര്യം ആളുകള്‍ ഓര്‍ക്കാറില്ല. ലക്ഷദ്വീപ് ചില ദ്വീപുകളൂടെ സമൂഹമാണെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. ഇത് ഭാരതത്തിലെ  ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ്. 1947 ല്‍ ഭാരതവിഭജനം കഴിഞ്ഞയുടന്‍ നമ്മുടെ അയല്‍ക്കാരന്റെ കണ്ണ് ലക്ഷദ്വീപിന്റെ മേല്‍ പതിഞ്ഞു, അവര്‍ ആ രാജ്യത്തിന്റെ പതാകയുമായി അവിടേക്ക് കപ്പലയച്ചു. ഇക്കാര്യത്തില്‍ ശ്രദ്ധ പതിഞ്ഞയുടന്‍ സര്‍ദാര്‍ പട്ടേല്‍, അല്പവും സമയം കളയാതെ, ഉടന്‍ കടുത്ത നടപടി ആരംഭിച്ചു. അദ്ദേഹം ആര്‍ക്കോട്ട് രാമസ്വാമി മുതലിയാര്‍, ആര്‍ക്കോട്ട് ലക്ഷ്മണസ്വാമി മുതലിയാര്‍ എന്നീ സഹോദരന്മാര്‍ക്ക് തിരുവിതാകുറില്‍ നിന്നുള്ളവരെയും കൂട്ടി ലക്ഷദ്വീപിലെത്താനും അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നിര്‍ദ്ദേശം നല്കി. ലക്ഷദ്വീപില്‍ ആദ്യം ത്രിവര്‍ണ്ണ പതാക പറക്കണം എന്നദ്ദേഹം ആഗ്രഹിച്ചു. ഒട്ടും വൈകാതെ അവിടെ ത്രിവര്‍ണ്ണ പതാക പറത്തപ്പെട്ടു, ലക്ഷദ്വീപ് കൈയടക്കാനുള്ള അയല്‍വാസിയുടെ സ്വപ്നസൗധം നോക്കിനില്‍ക്കെ നിലംപരിശാക്കപ്പെട്ടു. ഈ സംഭവത്തിനുശേഷം ലക്ഷദ്വീപിന്റെ വികസനത്തിന് ആവശ്യമുള്ള  എല്ലാ സഹായവും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ മുതലിയാര്‍ സഹോദരന്മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇന്ന് ലക്ഷദ്വീപ് ഭാരതത്തിന്റെ വികസനത്തില്‍, മഹത്തായ പങ്കു വഹിക്കുന്നു. ഇത് വളരെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാണ്. നിങ്ങളേവരും ഈ സുന്ദരമായ ദ്വീപുകളും സമുദ്രതീരങ്ങളും സന്ദര്‍ശിക്കുമെന്ന്  ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, 2018 ഒക്‌ടോബര്‍ 31 ന് സര്‍ദാര്‍ പട്ടേലിന്റെ ഓര്‍മ്മയ്ക്കായി ഞാന്‍ സ്റ്റാച്യൂ ഓഫ് യുണിറ്റി രാജ്യത്തിനും ലോകത്തിനുമായി സമര്‍പ്പിക്കയുണ്ടായി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണത്. അമേരിക്കയിലുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുണ്ടിതിന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എല്ലാ ഭാരതീയനും അഭിമാനമേകുന്നു. എല്ലാ ഭാരതീയന്റെയും ശിരസ്സ് അഭിമാനത്തോടെ ഉയരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 26 ലക്ഷത്തിലധികം സന്ദര്‍ശകര്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാനെത്തിയെന്നതില്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകും. ഇതിന്റെയര്‍ഥം ദിവസേന ശരാശരി എണ്ണായിരത്തിയഞ്ഞൂറു പേര്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഭവ്യത ദര്‍ശിച്ചു എന്നാണ്. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനോട് അവരുടെ മനസ്സിലുള്ള കൂറും, ആദരവും പ്രകടമാക്കി. ഇപ്പോഴവിടെ കള്ളിമുള്‍ച്ചെടിത്തോട്ടം, ചിത്രശലഭോദ്യാനം, കാട്ടിലൂടെയാത്ര, കുട്ടികളുടെ പോഷകാഹാര പാര്‍ക്ക്, ഏകതാ നേഴ്‌സറി തുടങ്ങിയ അനേക ആകര്‍ഷണകേന്ദ്രങ്ങള്‍ കൂടിച്ചേര്‍ന്ന് നിരന്തരം വികസിച്ചുവരുന്നു. ഇതിലൂടെ ആ പ്രദേശത്തെ സാമ്പത്തിക വ്യവസ്ഥയില്‍ വികസനമുണ്ടാകുന്നുണ്ട്, ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വരുന്ന വിനോദസഞ്ചാരികളുടെ സൗകര്യങ്ങള്‍ കണക്കാക്കി പല ഗ്രാമീണരും തങ്ങളുടെ വീടുകളില്‍ ഹോം സ്റ്റേ സൗകര്യം ഏര്‍പ്പെടുത്തി വരുന്നു. ഹോം സ്റ്റേ സൗകര്യം ലഭ്യമാക്കുന്ന ആളുകള്‍ക്ക് പ്രൊഫഷണല്‍ പരിശീലനവും ലഭ്യമാക്കപ്പെടുന്നു. അവിടത്തെ ആളുകള്‍ ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയും ആരംഭിച്ചിരിക്കുന്നു. ഇത് അവിടത്തെ ആളുകളുടെ ഉപജീവനത്തിനുള്ള പ്രധാന സ്രോതസ്സായും മാറുമെന്ന് എനിക്കു വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ, രാജ്യത്തിനുവേണ്ടി, എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടി, വിനോദസഞ്ചാര വ്യവസായത്തിനുവേണ്ടി, ഈ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒരു പഠനവിഷയമാകാവുന്നതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്ഥലം വിശ്വപ്രസിദ്ധമായ പര്യടനകേന്ദ്രമായി വികസിക്കുന്നതെങ്ങനെയെന്നതിന് നാം സാക്ഷിയാണ്. അവിടെ രാജ്യത്തുനിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ആളുകളെത്തുന്നു. യാത്രസൗകര്യങ്ങള്‍, വാസസ്ഥലങ്ങള്‍, ഗൈഡുകള്‍, പരിസ്ഥിതി സൗഹൃദ ഏര്‍പ്പാടുകള്‍, തുടങ്ങി ഒന്നിനു പുറകെ ഒന്നായി പല ഏര്‍പ്പാടുകള്‍ സ്വയമേവ വികസിക്കുകയാണ്. വലിയ സാമ്പത്തിക വികസനമാണ് നടന്നുകൊ    ണ്ടിരിക്കന്നത്. സന്ദര്‍ശകരുടെ ആവശ്യത്തിനനുസരിച്ച് അവിടെ ആളുകള്‍ സൗകര്യങ്ങള്‍ രൂപപ്പെടുത്തുന്നു. ഗവണ്‍മെന്റും  തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. സുഹൃത്തുക്കളേ, കഴിഞ്ഞ ദിവസം ടൈം മാഗസിന്‍ ലോകത്തിലെ മഹത്തായ 100 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കൂട്ടത്തില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് മഹത്തായ ഇടം നല്കിയതില്‍ അഭിമാനിക്കാത്ത ഏതു ഭാരതീയനാണുണ്ടാവുക! നിങ്ങളേവരും നിങ്ങളുടെ വിലയേറിയ സമയത്തില്‍ നിന്ന് കുറച്ച് സമയം മാറ്റി വച്ച് സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാന്‍ പോകുമെനനാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യാത്രയ്ക്കായി സമയം കണ്ടെത്തുന്ന എല്ലാ ഭാരതീയനും കുറഞ്ഞത് 15 വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കുടുംബസമേതം പോകണമെന്നും, പോകുന്നിടത്ത് രാത്രിയില്‍ തങ്ങണമെന്നുമുള്ള എന്റെ അഭ്യര്‍ഥന അതേപടി നിലനില്‍ക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങള്‍ക്കറിയാവുന്നതുപോലെ 2014 മുതല്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 31 ന് നാം രാഷ്ട്രീയ ഏകതാ ദിനം ആഘോഷിക്കുന്നു. ഈ ദിവസം നമുക്ക് നമ്മുടെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ എന്തു വിലകൊടുത്തും രക്ഷിക്കണമെന്ന സന്ദേശം നല്കുന്നു. ഒക്‌ടോബര്‍ 31 ന് എല്ലാ പ്രാവശ്യത്തെയും പോലെ റണ്‍ ഫോര്‍ യൂണിറ്റിയും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട, എല്ലാ തലങ്ങളിലും പെട്ട ആളുകള്‍ പങ്കെടുക്കും. ഈ രാജ്യം ഒന്നാണ് എന്നതിന്റെ പ്രതീകമാണ് റണ്‍ ഫോര്‍ യൂണിറ്റി എന്നത്. ഒരേ ദിശയിലേക്കു പോകുന്നു, ഒരേ ലക്ഷ്യം നേടാനാഗ്രഹിക്കുന്നു. ഒരു ലക്ഷ്യം – ഏക ഭാരതം, ശ്രേഷ്ഠ ഭാരതം.
ദില്ലിയില്‍ മാത്രമല്ല, ഭാരതത്തിലെ നൂറുകണക്കിന് നഗരങ്ങളില്‍, കേന്ദ്രഭരണ പ്രദേശങ്ങളില്‍, തലസ്ഥാനങ്ങളില്‍, ജില്ലാ കേന്ദ്രങ്ങളില്‍, ചെറിയ ടയര്‍ – ടു – ടയര്‍ ത്രീ നഗരങ്ങളില്‍ വലിയ അളവില്‍ സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും നഗരത്തിലെ ജനങ്ങളാണെങ്കിലും ഗ്രാമീണരാണെങ്കിലും കുട്ടികളാണെങ്കിലും യുവാക്കളാണെങ്കിലും, വൃദ്ധരാണെങ്കിലും ദിവ്യാംഗരാണെങ്കിലും പങ്കെടുക്കുന്നു എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കണ്ടു വരുന്നത്. അതേപോലെ, ഈയിടെ ആളുകള്‍ക്കിടയില്‍ മാരത്തോണിന്റെ കാര്യത്തില്‍ ഒരു പ്രത്യേക താത്പര്യവും ആവേശവും കണ്ടുവരുന്നു. റണ്‍ ഫോണ്‍ യൂണിറ്റിയും അതിനുള്ള സുന്ദരമായ ഒരു അവസരമാണ്. ഓടുന്നത് മനസ്സിനും ബുദ്ധിക്കും ശരീരത്തിനുമെല്ലാം ഗുണപ്രദമാണ്. ഇവിടെ ഓട്ടവുമുണ്ട്, ഫിറ്റ് ഇന്ത്യാ എന്ന വികാരത്തെ ചരിതാര്‍ഥമാക്കുകയും ചെയ്യുന്നുണ്ട്; ഒപ്പം തന്നെ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യവുമായും ഇതു കൂടിച്ചേരുന്നു. അതുകൊണ്ട് ശരീരത്തിനു മാത്രമല്ല മനസ്സിനും സാംസ്‌കാരിക ഭാരതത്തിന്റെ ഐക്യത്തിനും, ഭാരതത്തെത  പുതിയ ഉയരങ്ങളിലെത്തിക്കാനും….! അതുകൊണ്ട് നിങ്ങള്‍ ഏതു നഗരത്തിലാണു താമസിക്കുന്നതെങ്കിലും, അടുത്ത് എവിടെയാണ് റണ്‍ ഫോര്‍ യൂണിറ്റി നടക്കുന്നത് എന്ന് അന്വേഷിക്കാവുന്നതാണ്. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങിട്ടുണ്ട്. runforunity.gov.in   ഈ പോര്‍ട്ടലില്‍ റണ്‍ ഫോര്‍ യൂണിറ്റി നടക്കുന്ന രാജ്യത്തെ എല്ലാ നഗരങ്ങളെക്കുറിച്ചുമുള്ള വിവരം നല്കിയിട്ടുണ്ട്. ഭാരതത്തിന്റെ ഐക്യത്തിന്, സ്വന്തം  ഫിറ്റ്‌നസിന് നിങ്ങളേവരും ഒക്‌ടോബര്‍ 31 ന് തീര്‍ച്ചയായും ഓടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഐക്യത്തിന്റെ നൂലില്‍ കോര്‍ത്തു. ഐക്യത്തിന്റെ ഈ മന്ത്രം നമ്മുടെ ജീവിതത്തില്‍ സംസ്‌കാരം പോലെയാണ്. ഭാരതത്തെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് നമുക്ക് എല്ലാ തലത്തിലും എല്ലാ ഇടത്തും എല്ലാ തിരിവിലും എല്ലാ ചുവടിലും ഐക്യത്തിന്റെ ഈ മന്ത്രത്തിന് ബലമേകിക്കൊണ്ടിരിക്കേണ്ടതുണ്ട്. പ്രിയപ്പെട്ട ജനങ്ങളേ, രാജ്യത്തിന്റെ ഐക്യവും പരസ്പരമുള്ള സന്മനോഭാവവും ശക്തിപ്പെടുത്തുന്നതിന് നമ്മുടെ സമൂഹം എപ്പോഴും വളരെ സജീവവും ജാഗ്രത പുലര്‍ത്തുന്നതുമായിരുന്നു. നമുക്കു തന്നെ ചുറ്റുപാടും നോക്കിയാല്‍ പരസ്പരമുള്ള സന്മനോഭാവം വര്‍ധിപ്പിക്കാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ പല ഉദാഹരണങ്ങളും കാണാനാകും. എന്നാല്‍ പലപ്പോഴും സമൂഹത്തിന്റെ ബുദ്ധിമുട്ടുകളും, അതിന്റെ സംഭാവനകളും, ഓര്‍മ്മയില്‍ നിന്ന് വേഗം മാഞ്ഞു പോകുന്നതും പതിവാണ്.
സുഹൃത്തുക്കളേ, 2010 സെപ്റ്റംബറില്‍ രാമജന്മഭൂമിയുടെ കാര്യത്തില്‍ അലാഹബാദ് ഹൈക്കോടതി തീരുമാനം പ്രഖ്യാപിച്ചത് എനിക്കോര്‍മ്മയുണ്ട്. ആ ദിനങ്ങളെ ഒന്നോര്‍ത്തുനോക്കൂ.. എങ്ങനെയുള്ള അന്തരീക്ഷമായിരുന്നു! പല തരത്തിലും പെട്ട എത്രയോ ആളുകള്‍ മൈതാനത്തേക്കിറങ്ങി. ഏതെല്ലാം തരത്തിലുള്ള തത്പരകക്ഷികള്‍ ചുറ്റുപാടില്‍ നിന്ന് തങ്ങളുടേതായ രീതിയില്‍ നേട്ടം കൊയ്യാന്‍ കളികള്‍ കളിക്കുകയായിരുന്നു! അന്തരീക്ഷത്തിന് ചൂടുപകരാന്‍ ഏതെല്ലാം തരത്തിലുള്ള ഭാഷയാണു സംസാരിച്ചത്! വ്യത്യസ്ഥങ്ങളായ സ്വരങ്ങളില്‍ എരിവു പകരാനുമുള്ള ശ്രമങ്ങള്‍ നടന്നു. ചില വാചകക്കസര്‍ത്തുകാരും ചില വായാടികളും സ്വയം മഹത്വവത്കരിക്കപ്പെടാന്‍ വേണ്ടി മാത്രം എന്തെല്ലാം പറഞ്ഞു, എന്തെല്ലാം നിരുത്തരവാദപരമായ കാര്യങ്ങള്‍ പറഞ്ഞു എന്നു നമുക്കോര്‍മ്മയുണ്ട്. എന്നാല്‍ അതെല്ലാം, അഞ്ചോ ആറോ പത്തോ ദിവസം തുടര്‍ന്നു…. എന്നാല്‍ തീരുമാനം വന്നതോടെ, ആനന്ദം പകരുന്ന, ആശ്ചര്യപ്പെടുത്തുന്ന മാറ്റം രാജ്യത്തിന് അനുഭവവേദ്യമായി. ഒരു വശത്ത് രണ്ടാഴ്ചത്തേക്ക്  ചൂടുപിടിപ്പിക്കാന്‍ എല്ലാം നടന്നു, പക്ഷേ, രാമജന്മഭൂമിയുടെ കാര്യത്തില്‍ തീരുമാനം വന്നപ്പോള്‍ ഗവണ്‍മെന്റ്, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍, പൗരസമൂഹം, എല്ലാ മതങ്ങളുടെയും പ്രതിനിധികള്‍, സന്യാസിമാരും സന്തുകളും വളരെ സന്തുലിതമായ, സംയമനത്തോടെയുള്ള പ്രസ്താവനകളിറക്കി. അന്തരീക്ഷത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമം. എന്നാല്‍ എനിക്ക് ആ ദിനങ്ങള്‍ കൃത്യമായി ഓര്‍മ്മയുണ്ട്. ആ ദിനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷം തോന്നുന്നു. കോടതിയുടെ ഔന്നത്യത്തിന് വളരെ അഭിമാനത്തോടെ ആദരവേകി, എവിടെയും സമൂഹത്തെ ചൂടുപിടിപ്പിക്കുന്ന, സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന അന്തരീക്ഷം രൂപപ്പെടാന്‍ അനുവദിച്ചില്ല. ഈ കാര്യങ്ങള്‍ എന്നും ഓര്‍മ്മ വയ്‌ക്കേണ്ടതുണ്ട്. ഇത് നമുക്ക് വളരെ ശക്തി പകരുന്നു. ആ ദിനങ്ങള്‍, ആ നിമിഷങ്ങള്‍ നമുക്കേവര്‍ക്കും കര്‍ത്തവ്യബോധം പകരുന്നു. ഐക്യത്തിന്റെ സ്വരം, രാജ്യത്തിന് എത്ര വലിയ ശക്തിയാണു നല്കുന്നതെന്നതിന്റെ ഉദാഹരണമാണിത്.
പ്രിയപ്പെട്ട ജനങ്ങളേ, ഒക്‌ടോബര്‍ 31. നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രമതി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും ആ ദിനമാണ്. രാജ്യത്തിന് അതൊരു വലിയ ആഘാതമായിരുന്നു. ഞാന്‍ ഇന്ന് ആ മഹതിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് വീടുവീടാന്തരമുള്ള ഒരു കഥ ദൂരെ ദൂരെ കേള്‍ക്കുന്നുവെങ്കില്‍, എല്ലാ ഗ്രാമത്തിന്റെയും ഒരു കഥ കേള്‍ക്കാനാകുന്നെങ്കില്‍, വടക്കുമുതല്‍ തെക്കുവരെ, കിഴക്കുമുതല്‍ പടിഞ്ഞാറുവരെ, ഭാരതത്തിലെ എല്ലാ കോണിലും ഒരു കഥ കേള്‍ക്കുന്നുവെങ്കില്‍ അത്  ശുചിത്വത്തെക്കുറിച്ചാണ്. എല്ലാ വ്യക്തികള്‍ക്കും, എല്ലാ കുടുംബത്തിനും, എല്ലാ ഗ്രാമത്തിനും ശുചിത്വത്തെക്കുറിച്ച് സ്വന്തം സുഖമുള്ള അനുഭവം പറയാന്‍ പ്രേരണതോന്നും. കാരണം ശുചിത്വത്തിനായുള്ള  ഈ ശ്രമം 125 കോടി ഭാരതീയരുടെ ശ്രമമാണ്. അതിന്റെ പരിണതിയുടെ അവകാശികളും 125 കോടി ഭാരതീയര്‍തന്നെയാണ്. എന്നാല്‍ ഒരു സുഖം പകരുന്ന, ആകര്‍ഷകമായ അനഭുവവും കൂടിയാണ്. ഞാന്‍ കേട്ടത് നിങ്ങളെക്കൂടി കേള്‍പ്പിക്കാന്‍ തോന്നുന്നു. ലോകത്തിലെ ഏറ്റവുമുയര്‍ന്ന യുദ്ധഭൂമി, താപമാനം 50-60 ഡിഗ്രി മൈനസായ ഇടം. വായുവില്‍ ഓക്‌സിജന്‍ പേരിനുമാത്രം ഉള്ള ഇടം. ഇത്രയ്ക്കും പ്രതികൂലമായ പരിതഃസ്ഥിതിയില്‍, ഇത്രയും വെല്ലുവിളികള്‍ക്കു നടുവില്‍  താമസിക്കുകയെന്നതുതന്നെ ഒരു വലിയ സാഹസികമായ കാര്യമാണ്.  അങ്ങനെയുള്ള തികച്ചും വിപരീത അന്തരീക്ഷത്തില്‍ നമ്മുടെ ധീരജവാന്മാര്‍ നെഞ്ചുവിരിച്ചു നിന്ന് നമ്മുടെ അതിര്‍ത്തി കാക്കുന്നുവെന്നു മാത്രമല്ല, മറിച്ച് അവിടെ സ്വച്ഛ സിയാചിന്‍ എന്ന ഒരു പരിപാടിയും നടത്തുന്നു. ഭാരതീയ സൈന്യത്തിന്റെ ഈ പ്രതിബദ്ധതയ്ക്ക് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി അവരെ അഭിനന്ദിക്കുന്നു. കൃതജ്ഞത വ്യക്തമാക്കുന്നു. എല്ലാം ദ്രവിച്ചു മണ്ണോടുമണ്ണാകുക അസാധ്യമാക്കും വിധം തണുപ്പാണവിടെ. അങ്ങനെയിരിക്കെ ചപ്പുചവറുകള്‍ വേര്‍തിക്കുക, അത് വേണ്ടവിധം വയ്ക്കുക എന്നതുതന്നെ വളരെ മഹത്തായ കാര്യമാണ്. അപ്പോഴാണ് മഞ്ഞുമലയിലും ചുറ്റുപാടുമുള്ള പ്രദേശത്തുനിന്നുള്ള 130 ടണ്ണിലധികം വരുന്ന ചപ്പുചവറുകള്‍ നീക്കം ചെയ്യുക എന്ന കാര്യം ചെയ്തത്. അതും അവിടത്തെ ദുര്‍ബ്ബലമായ പരിസ്ഥിതിയില്‍! എത്ര വലിയ സേവനമാണിത്! ഹിമക്കടുവയെപ്പോലുള്ള അപൂര്‍വ്വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ഇവിടെ ഐബക്‌സ്, ബ്രൗണ്‍ കരടി പോലുള്ള  അപൂര്‍വ്വ ങ്ങളായ ജീവികളും വസിക്കുന്നു. നദികളുടെയും നിര്‍മ്മലജലത്തിന്റെയും സ്രോതസ്സാണ് ഈ സിയാചിന്‍ മഞ്ഞുമലകളെന്ന് നമുക്കറിയാം. അതുകൊണ്ട് ഇവിടെ ശുചിത്വ മുന്നേറ്റം നടത്തുകയെന്നാല്‍ അതിന്റെ അര്‍ഥം താഴ്‌വാരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ശുദ്ധജലം ഉറപ്പാക്കുക എന്നാണ്. അവര്‍ ന്യൂബ്രാ, ശ്യോക് (Nubra, Shyok) പോലുള്ള നദികളിലെ ജലം ഉപയോഗിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഉത്സവം, നമ്മുടെയേവരുടെയും ചൈതന്യത്തെ ഉണര്‍ത്തുന്ന അവസരമാണ്. ദീപാലിക്കാണെങ്കില്‍ വിശേഷിച്ചും എന്തെങ്കിലും പുതിയതായി വാങ്ങുക, വിപണിയില്‍ നിന്ന് എന്തെങ്കിലും കൊണ്ടുവരുക എന്നതൊക്കെ കുടുംബത്തില്‍ ഏറിയും കുറഞ്ഞും നടക്കുന്നതാണ്. തദ്ദേശീയമായ സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്ന് ഞാനൊരിക്കല്‍ പറയുകയുണ്ടായി. നമുക്കാവശ്യമുള്ള വസ്തുക്കള്‍ നമ്മുടെ ഗ്രാമത്തില്‍ത്തന്നെ ലഭിക്കുന്നുവെങ്കില്‍ പിന്നെ താലൂക്കിലേക്കു പോകേണ്ട കാര്യമില്ല. താലൂക്കില്‍ കിട്ടുമെങ്കില്‍ ജില്ലയോളം പോകേണ്ട ആവശ്യമില്ല. തദ്ദേശീയമായ സാധനങ്ങള്‍ വാങ്ങാന്‍ നാം എത്രത്തോളം ശ്രമിക്കുമോ അതനുസരിച്ച് ഗാന്ധി 150 സ്വയം ഒരു മഹത്തായ അവസരമായി മാറും.  നമ്മുടെ നെയ്ത്തുകാരുടെ കൈകള്‍ കൊണ്ടു നെയ്‌തെടുക്കപ്പെട്ട, നമ്മുടെ ഖാദി നെയ്ത്തുകാര്‍ രൂപം കൊടുത്ത എന്തെങ്കിലുമൊക്കെ നാം വാങ്ങണം. ഈ ദീപാവലിക്കുമുമ്പുതന്നെ നിങ്ങള്‍ വളരെയധികം സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടാകാം, എങ്കിലും ദീപാവലിക്കുശേഷം പോയാല്‍ സാധനങ്ങള്‍ വില കുറച്ചു കിട്ടുമെന്നു വിചാരിക്കുന്നവരു#െ ഉണ്ടാകും. അതുകൊണ്ട് വാങ്ങലുകള്‍ ബാക്കി വച്ചിട്ടുള്ള പലരുമുണ്ടാകും. ദീപാവലിയുടെ ശുഭാശംസകള്‍ക്കൊപ്പം തദ്ദേശീയമായ സാധനങ്ങള്‍ വാങ്ങണേ എന്നു ഞാന്‍ നിങ്ങളോടഭ്യര്‍തിക്കുന്നു. നോക്കൂ, മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നമുക്കും എത്ര മഹത്തായ പങ്കു വഹിക്കാനാകുമെന്നു കാണാം.
ഞാന്‍ ഒരിക്കല്‍ കൂടി ഈ ദീപാവലിയുടെ പാവനമുഹൂര്‍ത്തത്തില്‍ നങ്ങള്‍ക്ക് വളരെ വളരെ ശുഭാശംസകള്‍ നേരുന്നു. ദീപാവലിക്ക് നാം പല തരത്തിലുള്ള പടക്കങ്ങള്‍ പൊട്ടിക്കാറുണ്ട്. എന്നാല്‍  ചിലപ്പോള്‍ അശ്രദ്ധ കാരണം തീപിടുത്തമുണ്ടാകുന്നു. പൊള്ളലുകളുമുണ്ടാകാം. സ്വയം നിയന്ത്രിക്കൂ, ഉത്സവം ഉത്സാഹത്തോടെ ആഘോഷിക്കൂ എന്നാണ് എനിക്ക് നിങ്ങളേവരോടുമുള്ള അഭ്യര്‍ഥന.. അനേകം  ശുഭാശംസകള്‍.
വളരെ വളരെ നന്ദി.

***