അക്കൗണ്ടിങ്, ഫിനാന്‍സ്, ഓഡിറ്റ് നോളജ് ബേസ് മേഖലകളിലെ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും കുവൈത്തും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
നേട്ടങ്ങള്‍:
ധാരണാപത്രത്തില്‍ ഇന്ത്യയിലെയും കുവൈറ്റിലെയും താഴെ പറയുന്ന രണ്ടു സ്ഥാപനങ്ങളെക്കുറിച്ചു വ്യക്തമാക്കിയിരിക്കുന്നു.
1. രണ്ടു സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ ഗുണത്തിനായും അവരുടെ തൊഴില്‍വൈദഗ്ധ്യം വികസിപ്പിക്കുന്നതിനായും കുവൈത്തില്‍ സാങ്കേതിക പരിപാടികള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.)യും കുവൈറ്റ് അക്കൗണ്ടന്റ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷ(കെ.എ.എ.എ.)നും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതിന്റെ ചെലവ് രേഖപ്പെടുത്തപ്പെട്ട പ്രകാരം ഇരുപക്ഷവും ചേര്‍ന്നു കണ്ടെത്തും.
2. കോര്‍പറേറ്റ് ഭരണം, സാങ്കേതിക ഗവേഷണവും ഉപദേശവും, മേന്മ ഉറപ്പാക്കല്‍, ഫോറന്‍സിക് അക്കൗണ്ടിങ്, ചെറുകിട-ഇടത്തരം പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ (എസ്.എം.പികള്‍), ഇസ്ലാമിക് ഫിനാന്‍സ്, കണ്ടിന്യൂയിങ് പ്രൊഫഷണല്‍ ഡെവലപ്മെന്റ് (സി.പി.ഡി.), പരസ്പരം താല്പര്യമുള്ള മറ്റു വിഷയങ്ങള്‍ എന്നിവയില്‍ സാധ്യമായ സഹകരണം യാഥാര്‍ഥ്യമാക്കുന്നതിനായി ഐ.സി.എ.ഐയും കെ.എ.എ.എയും ഒരുമിച്ചു പ്രവര്‍ത്തിക്കും. സഹകരിക്കുന്നതിനും അക്കൗണ്ടിങ് വിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും തൊഴില്വൈദഗ്ധ്യ വികസനവും സാങ്കേതിക പരിപാടികളും യാഥാര്‍ഥ്യമാക്കാന്‍ സഹകരിക്കുന്നതിനും ധാരണാപത്രത്തിലുള്ള വ്യവസ്ഥകള്‍ക്കു പിന്തുണ നല്‍കുകയും ആ വ്യവസ്ഥകള്‍ നടപ്പാക്കുകയും ചെയ്യുന്നത് ഐ.സി.എ.ഐയും കെ.എ.എ.എയും ആയിരിക്കും. കെ.എ.എ.എ. അത്തരം ചടങ്ങുകള്‍ക്കു വേദി ലഭ്യമാക്കുന്നതോടൊപ്പം പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.
3. ധാരണാപത്രത്തില്‍ നിര്‍ദേശിക്കപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം പരസ്പരം സഹകരിക്കാവുന്ന മേഖലകളിലെ ഭാവി വികസന സാധ്യതകളെക്കുറിച്ചു ചര്‍ച്ച നടത്താന്‍ ഐ.സി.എ.ഐയും കെ.എ.എ.എയും മുന്‍കയ്യെടുക്കും. ഘടനയും സഹകരണവും, ബാഹ്യവും ആന്തരികവുമായ നിയന്ത്രണ ചട്ടക്കൂടുകള്‍, ഇരു സംഘടനകളിലെയും തൊഴിലിനെയും അംഗങ്ങളെയും നിയന്ത്രിക്കുന്ന ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കുംവിധമായിരിക്കും ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ നടക്കുക. അതതു സംഘടനകളുടെ ഭരണം മെച്ചപ്പെടുത്തുകയും ഫലസിദ്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായിരിക്കും ഇത്.
4. കുവൈത്തില്‍ കുവൈത്തുകാര്ക്കും ഐ.സി.എ.ഐ. അംഗങ്ങള്‍ക്കുമായി അക്കൗണ്ടിങ്, ഫിനാന്‍സ്, ഓഡിറ്റ് ഹ്രസ്വകാല കോഴ്സുകള്‍ നടത്തുന്നതിനായി ഐ.സി.എ.ഐയും കെ.എ.എ.എയും സഹകരിച്ചു പ്രവര്‍ത്തിക്കും.
5. പരസ്പരം താല്പര്യമുള്ള മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി ഐ.സി.എ.ഐയും കെ.എ.എ.എയും നടപടികള്‍ കൈക്കൊള്ളും. കുവൈത്ത് ഗവണ്‍മെന്റിലെയും മന്ത്രാലയങ്ങളിലെയും ജീവനക്കാര്‍ക്കും കെ.എ.എ.എ. അംഗങ്ങള്‍ക്കും കുവൈത്തുകാര്ക്കുമായി കെ.എ.എ.എയുടെ സഹകരണത്തോടെ ഐ.സി.എ.ഐ. സാങ്കേതിക കോഴ്സുകള്‍ സംഘടിപ്പിക്കും.
6. കുവൈത്തില്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങില്‍ പ്രാദേശിക വാണിജ്യ സമൂഹത്തെയും ഓഹരിപങ്കാളികളെയും സഹായിക്കുന്ന ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സമൂഹത്തിനു വലിയ ആദരവു ലഭിച്ചുവരുന്നു. നിര്‍ദിഷ്ട ധാരണാപത്രം വിശ്വാസം ശക്തിപ്പെടുത്താനും കുവൈത്തിലെ ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെക്കുറിച്ചു മെച്ചപ്പെട്ട ചിത്രം ലഭ്യമാക്കാനും സഹായിക്കും.
നീതീകരണം:
എ. ഐ.സി.എ.ഐക്കു മധ്യകിഴക്കന്‍ മേഖലയില്‍ 6,000 അംഗത്വത്തോടെ ശക്തമായ അംഗബലമുണ്ട്. കെ.എ.എ.എയ്ക്കു സഹായം നല്‍കുന്നതിനുള്ള നിര്‍ദിഷ്ട ധാരണാപത്രം മേഖലയിലെ ഐ.സി.എ.ഐ. അംഗങ്ങള്‍ക്കു ഗുണകരമാണ്.
ബി. ഐ.സി.എ.ഐ. അംഗങ്ങളുടെയും വിദ്യാര്‍ഥികളുടെയും അവരുടെ സംഘടനകളുടെയും താല്പര്യത്തിനായി പരസ്പരം ഗുണകരമായ ബന്ധം സ്ഥാപിക്കുന്നതിനായി ഒരുമിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കുക എന്നതാണു ധാരണാപത്രംകൊണ്ട് ഉദ്ദേശിക്കുന്നത്.