Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയവും യൂറോപ്യന്‍ കമ്മിഷന്റെ മൊബിലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറലുമായി സഹകരണത്തിനുള്ള ഭരണക്രമീകരണത്തിന് മന്ത്രിസഭയുടെ അനുമതി


 

ഭാവിയിലുള്ള സാങ്കേതിക വിനിമയത്തിനും സഹകരണത്തിനുമായി ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയവും യൂറോപ്യന്‍ കമ്മിഷന്റെ മൊബിലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറലുമായി സഹകരണത്തിനുള്ള ഭരണക്രമീകരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും
2019 സെപ്റ്റംബര്‍ 3നാണ് ഭരണക്രമീകരണത്തിന് ഒപ്പുവച്ചത്. താഴേപ്പറയുന്ന പ്രധാനപ്പെട്ട മേഖലകളിലെ സഹകരണത്തിനുള്ള ചട്ടക്കൂട് ഈ ഭരണക്രമീകരണം ലഭ്യമാക്കും.
1. യൂറോപ്യന്‍ യൂണിയന്റെ നിയമസംബന്ധിയായ ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ, പരസ്പരപ്രവര്‍ത്തനക്ഷമത, സാമ്പത്തിക ഭരണം, റെയില്‍വേകളുടെ സാമ്പത്തിക സുസ്ഥിരത എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള റെയില്‍ പരിഷ്‌ക്കരണവും നിയന്ത്രണങ്ങളും;
2. റെയില്‍വേ സുരക്ഷ;
3. റെയില്‍വേയുടെ സാമ്പത്തിക പ്രകടനത്തിന് വേണ്ടി സംഭരണനടപടികളും വിലയിരുത്തലും ക്രമവല്‍ക്കരണവും ഉറപ്പാക്കുക.
4. സിഗ്നലുകളും/നിയന്ത്രണ സംവിധാനങ്ങളും (യൂറോപ്യന്‍ റെയില്‍വേ ട്രാഫിക്ക് മാനേജ്‌മെന്റ് സിസ്റ്റം(ഇ.ആര്‍.ടി.എം.എസ്) ഉള്‍പ്പെടെ)
5) പരസ്പര പ്രവര്‍ത്തനക്ഷമതയും ഗതാഗത പശ്ചാത്തല ശൃംഖലകളും
6) നൂതനാശയങ്ങളും ഡിജിറ്റല്‍വല്‍ക്കരണവും.
7) അന്താരാഷ്ട്ര റെയില്‍ കണ്‍വെന്‍ഷനുകളുടെയും ക്രമവല്‍ക്കരണ സ്ഥാപനങ്ങളുടെയും പരിചയസമ്പത്ത് പങ്കുവയ്ക്കല്‍.
8) സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ റെയില്‍വേയുടെ സുസ്ഥിര നയങ്ങള്‍.
പശ്ചാത്തലം
റെയില്‍വേ മന്ത്രാലയം വിവിധ വിദേശ ഗവണ്‍മെന്റുകളുമായും ദേശീയ റെയില്‍വേകളുമായും റെയില്‍ മേഖലയിലെ സാങ്കേതിക സഹകരണത്തിനായി ധാരണാപത്രവും കരാറുകളും ഒപ്പുവച്ചിരുന്നു. അതിവേഗ റെയില്‍, നിലവിലെ റൂട്ടുകളിലെ വേഗത വര്‍ദ്ധന, ലോകനിലവാരത്തിലുള്ള സ്‌റ്റേഷനുകളുടെ വികസനം, റെയില്‍വേ പശ്ചാത്തല സൗകര്യങ്ങളുടെ വലിയതോതിലുള്ള ആധുനികവല്‍ക്കരണ നടപടികള്‍ ഉള്‍പ്പെടെയുള്ള  മേഖലകളിലെ സഹകരണത്തിനാണ് ഇവ ഒപ്പിട്ടിട്ടുള്ളത്. റെയില്‍വേ സാങ്കേതിക വിദ്യയും നടത്തിപ്പും, അറിവുകളുടെ പങ്കുവയ്ക്കല്‍, സാങ്കേതിക സന്ദര്‍ശനം, പരസ്പര താല്‍പര്യമുള്ള മേഖലകളിലെ പരിശീലനവും സെമിനാറുകളും ശില്‍പ്പശാലകളും എന്നിവയിലൂടെയാണ് ഈ സഹകരണം നേടിയെടുക്കുക.

റെയില്‍വേമേഖലയിലെ ഏറ്റവും നൂതനമായ അറിവുകളെയും വികസനത്തെയും കുറിച്ച് ആശയവിനിമയം നടത്തുന്നതിനും പങ്കുവയ്ക്കുന്നതിനും ഈ ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചവര്‍ക്ക് ഒരു വേദി ഒരുക്കിയിട്ടുണ്ട്. സാങ്കേതിക വൈദഗ്ധ്യം, റിപ്പോര്‍ട്ടുകള്‍, സാങ്കേതിക രേഖകള്‍ തുടങ്ങിയ വിനിമയം ചെയ്യുന്നതിനും, പ്രത്യേക സാങ്കേതിക മേഖലകള്‍ കേന്ദ്രീകരിച്ച് പരിശീലനവും സെമിനാറുകളും/ശില്‍പ്പശാലകളും നടത്തുന്നതിനും അറിവുകളുടെ പങ്കുവയ്ക്കലിന് മറ്റ് ആശയവിനിമയം നടത്തുന്നതിനും ഇത് സൗകര്യമൊരുക്കും.